തിങ്കളാഴ്‌ച, ജൂലൈ 28, 2008

എല്ലാം മലയാളം - ബ്ലോഗ് ഈവന്റ് പോസ്റ്റുകള്‍

ബ്ലോഗ് ഈവന്റിനെക്കുറിച്ചറിയാന്‍ ആദ്യം ഇവിടെ വായിക്കുക..

പ്രിയരെ,
ദേ നമ്മുടെ സു ചേച്ചി ആദ്യത്തെ പോസ്റ്റിട്ടു. ഞാന്‍ കാണുന്ന പോസ്റ്റൂകള്‍ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കാം.

1. അങ്ങനെ ഒരു ദിവസം - സു Su

2. വലയിലെ ഞാൻ - deepdowne

തിങ്കളാഴ്‌ച, ജൂലൈ 21, 2008

കണ്ണട - കവിത MP3

ഇതാ കവിതയെ ഇഷ്ടപെടുന്നവര്‍ക്കായി ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിത കൂടി..

കണ്ണട...

മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം..
....................
......................
പൊട്ടിയ താലിച്ചരടുകള്‍ കാണാം, പൊട്ടാ മദ്യക്കുപ്പികള്‍ കാണാം...

പുഴകളെയും പൂക്കളേയും വര്‍ണ്ണിക്കുന്നതിനേക്കാളും കാലികപ്രസക്തമായ ഇത്തരം കവിതകളോടാണെനിക്കിഷ്ടം...

ഞായറാഴ്‌ച, ജൂലൈ 20, 2008

എല്ലാം മലയാളം - ഒരു ബ്ലോഗ് ഈവന്റ്

പ്രിയ ബൂലോകരേ,
കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റിടാന്‍ ആലോചിക്കുന്നു. എന്താന്നല്ലേ വിഷയം? എന്റെ ഒരു ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ‘മലയാളീകരിക്കുക‘. അപ്പോ നിങ്ങളു ചോദിക്കും, പിന്നെ ഇപ്പോഴെന്താ തമിഴിലാണാ എഴുതണേന്ന്, അതല്ല ദേ ഇവിടെത്തന്നെ കണ്ടില്ലേ, നമ്മളിവിടെ മലയാളീ ’കരിക്കുവാ‘, പകുതിയും ഇംഗ്ലീ‍ഷാ, അക്ഷരങ്ങള്‍ മലയാളം ആണെന്നേയുള്ളൂ.

സംഗതി ആലോചിച്ചപ്പോള്‍ ഉഷാറായി. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോ എന്താ സംഭവിച്ചേ?

ഒരു ലാല്‍ സിനിമയില്‍ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കുതിരവട്ടം പപ്പു പറയണ ഡയലോഗില്യേ? ദിപ്പ ശരിയാക്ക്യരാം...ഇതിലെന്തൂട്ടപ്പാ ഇത്ര പണി, ദിപ്പ ശരിയാക്ക്യരാം..

കഥേം കവിതേം മുഴുവന്‍ മലയാളത്തിലെഴുതാന്‍ അത്ര പാടുണ്ടെന്നു തോന്നിയില്ല ( മലയാളത്തില്‍ എഴുതാനെന്നേ പറഞ്ഞുള്ളൂ, കഥയും കവിതയും എന്നു പറഞ്ഞില്യാട്ടോ), പക്ഷേ നീത്യ ജീവിതത്തിലെ പല സംഭവങ്ങളും വിശദീകരിക്കാന്‍ വല്യ പാടാണെന്ന്‍ തുടങ്ങിയപ്പോള്‍ തോന്നി.

എന്താണ് നിങ്ങളുടെ അഭിപ്രായം?

ബ്ലോഗ് ഈവന്റ് എന്ന ഒരു സംഭവത്തെക്കുറിച്ച് വായിച്ചറിയുകയും നമ്മടെ ഇഞ്ചിചേച്ചിയുടെ ആഭിമുഖ്യത്തില്‍ ഒന്ന് വിജയകരമായീ നടക്കുകയും ചെയ്തതാണല്ലോ.

അന്നാപ്പിന്നെ ഇതും അങ്ങിനെ ഒന്നു ശ്രമിച്ചാലോ എന്നായി ചിന്ത, അതിന്റെ പരിണിതഫലമാണീ പോസ്റ്റ്.

വിഷയം: നിങ്ങളുടെ ഒരു ദിവസം / ക്രിയാത്മകമായ ഏതെങ്കിലും വിഷയം
ഒരു ദിവസം എന്നു കൊണ്ടുദ്ദേശിക്കുന്നത്, ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തികളും(പുറത്തു പറയാന്‍ കൊള്ളാവുന്നത് .. ).

നിബന്ധന: എഴുത്ത് പരിപൂര്‍ണ്ണമായി മലയാളത്തിലായിരിക്കണം.
മലയാളം വാക്കു കിട്ടണില്യാന്നു വച്ച് എഴുതാതിരിക്കല്ലേ. പരമാവധി ശ്രമിക്കുക, ബാക്കി നമുക്കെല്ലാവര്‍ക്കും കൂടി നോക്കാന്നേ...

അവസാന തീയ്യതി: കര്‍ക്കിടകം 31, 1183 അഥവാ ഓഗസ്റ്റ് 15, 2008

ഉദ്ദേശം: അറിയാത്ത അഥവാ മറന്നു പോയ മലയാളം വാക്കുകള്‍

ചില വാക്കുകള്‍ നിങ്ങള്‍ എത്ര ആലോചിച്ചാലും അതിന്റെ മലയാളം കിട്ടിയില്ലെന്നു വരും. അത് പ്രത്യേകം നോട്ട് ചെയ്യൂ. നമുക്ക് ഉമേഷ്ജിയെപോലുള്ള വന്‍പുലികളോട് ചോദിച്ചു മനസ്സിലാക്കാം. നിങ്ങള്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം ഇത്രയധികം വാക്കുകള്‍ക്ക് മലയാളം കിട്ടുന്നീല്യല്ലോ എന്നോര്‍ത്ത്.

മലയാളത്തെ മറക്കാന്‍ ഇഷ്ടപെടുന്ന ഒരു കുഞ്ഞും ഈ ബൂലോ‍കത്തില്‍ ഇല്ലെന്നു പറയാം. അപ്പോള്‍ ഇതൊരു രസകരമായ അനുഭവമായിരീക്കും എന്നു വിശ്വസിക്കുന്നു.

ആശയം ഇഷ്ടപെട്ടെങ്കില്‍ സമയവും സൌകര്യമനുസരിച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റിടൂ, കഴിയുമെങ്കില്‍ ലിങ്ക് തരൂ...

ബ്ലോഗില്‍ പോസ്റ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ മെയില്‍ അയച്ചുതന്നാല്‍ മതി. എന്റെ വിലാസം nishad.me@gmail.com
താങ്കളുടെ സുഹൃത്തുക്കളോടും പങ്കെടുക്കാന്‍ പറയുമല്ലോ!
ഒരു കുറിപ്പ്:
ഞാനൊരു ബൂലോകപുലിയല്ല എന്ന കാരണത്താല്‍ ആരും പങ്കെടുക്കാതിരിക്കരുതേ, ആശയം ഇഷ്ടപെട്ടെങ്കില്‍ മാത്രം. എന്റെ ലിങ്ക് പോസ്റ്റില്‍ പ്രസിദ്ധീക്കരിക്കണമെന്നോ, ലിങ്ക് ഇവിടെ കമന്റായി തരണമെന്നോ ഇല്യാട്ടോ. എനിക്കു മനസ്സില്‍ തോന്നിയ ഒരാശയം നിങ്ങളുമായി പങ്കു വച്ചു എന്നുമാത്രം. അല്ലേലും അതിനല്ലേ ഈ ബ്ലോഗ് എന്ന സാധനം?

വ്യാഴാഴ്‌ച, ജൂലൈ 17, 2008

ആപ്പീസിലിരുന്നു ചായ ചൂടാറാതെ കുടിക്കൂ...

ഡെസ്കിലിരുന്ന് തല പുകയ്ക്കുമ്പോഴാണ് ഒരു ചൂടു ചായകുടിച്ചാല്‍ കൊള്ളാമെന്നു തോന്നുക, ചിലര്‍ക്ക് പൂകയ്ക്കാനും, ഞാനാ ടൈപ്പ് അല്ലാട്ടോ. ചായക്കടയിലേയ്ക്ക് (പാന്‍ട്രി) ഒരൂ കിലോമീറ്റര്‍ നടക്കണം, അവിടം വരെ നടന്ന് ചായയൊക്കെ ഉണ്ടാക്കി അതും കൊണ്ട് വന്ന് സീ‍റ്റിലിരുന്നില്യ, ഫോണ്‍ അടിക്കാന്‍ തുടങ്ങി. കപ്പ് വച്ചേച്ച് ഫോണില്‍ സംസാരീച്ച് രണ്ടു മിനിറ്റേ ആയുള്ളൂ. സാദാ ടീ ദേ ഐസ് ടീ ആയി. ഇനിയിതെങ്ങിനെ കുടിക്കും? എന്നാ പറയാനാ? ജീവിക്കാന്‍ സമ്മതിക്കുകേല!

എപ്പോഴെങ്കിലും നിങ്ങളുമീ പ്രശ്നം നേരിട്ടിട്ടുണ്ടായിരിക്കും. ദേ ആ പ്രശ്നം സോള്‍വായീന്നാ ഞാനീ പറഞ്ഞു വരണേ! ദേ ദിതാണ് ആ കടുപിടി അഥവാ Gadget.

ദിദിനെ ദിങ്ങനെ നിങ്ങടെ കമ്പ്യൂട്ടറിന്റെ യു എസ് ബി പോര്‍ട്ടിലേയ്ക്ക് കുത്തിയാല്‍ സംഗതി ക്ലീന്‍. ഇനി പവര്‍ പ്ലഗ്ഗൊന്നും ഒഴിവില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആവേണ്ട കാര്യമൊന്നുമില്യ. അത്യാവശ്യം കാപ്പി ചൂടാക്കാനുള്ള കപ്പാകിറ്റി ലവനുണ്ട്.

അപ്പോ ഇനി എപ്പോഴും ചൂടു ചായതന്നെ കുടിച്ചോളൂട്ടോ!


നമ്മടെ സര്‍ദാര്‍ജി പറഞ്ഞ പോലെ, ഈ ടെക്നോളജീടെ ഒരു പോക്കേ! ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ കിടക്കുന്നവന്‍ വടക്കോട്ടു പോണു, താഴെയിരിക്കണവന്‍ തെക്കോട്ടും പോണൂ!

എക്സ്ട്രാ ഉപയോഗം:

പിന്നൊരു കാര്യം! കാപ്പീം ചായയൊക്കെ ചൂടാക്കി കഴിഞ്ഞ് സംഗതി ഊരി വയ്ക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ ഒരാപ്പീസ് കത്തിക്കാനും ലവനെ ഉപയോഗിക്കാം.(ഞാന്‍ പറഞ്ഞു തന്ന ഐഡിയയാണെന്നു പറഞ്ഞേക്കല്ലേ!)

അപ്പോ ശരീട്ടാ, ഞാന്‍ പോയി ഒരു ചായ കുടിച്ചേച്ചും വരട്ടെ, പിന്നെ കാണാം..

ബുധനാഴ്‌ച, ജൂലൈ 16, 2008

മഴക്കമന്റുകള്‍ - ഒരു തല തിരിഞ്ഞ ചിന്ത

മരയോന്ത്‍(തൂലികാ നാമമാണേ..) ബ്ല്ലോഗില്‍ എഴുതി...

രാത്രിയില്‍ പെയ്യുന്ന മഴയെ നോക്കിയിരിന്നിട്ടുണ്ടോ?, പണ്ട് എല്ലാ മഴക്കാലങ്ങളിലും ഞാന്‍ രാത്രി ഉറങ്ങാതെ മഴയുടെ രൌദ്രമായ സംഗീതവും കേട്ടിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.

കമന്റുകള്‍..

കണ്ടങ്കോരന്‍: ആഹാ എത്ര മനോഹരമായിരിക്കും, എനിക്കു കൊതിയാവുന്നു...

കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു

കാലമാടന്‍: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..

അ...: അടിപൊളി...

കമന്റുകള്‍ വായിച്ചവന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവന്റെ മനസ്സില്‍ നിറയെ മഴ പെയ്ത രാത്രികളായിരുന്നു. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...

----------
ഓടോ: പേരുകള്‍ തികച്ചും സാങ്കല്പികം മാത്രം, ഇനി അഥവാ ആരെങ്കിലും ഈ പേരുകളില്‍ ബ്ലോഗുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതവരല്ല.

തിങ്കളാഴ്‌ച, ജൂലൈ 14, 2008

ബാഗ്ദാദ് - കവിത MP3

ഇതാ ഒരു കവിതകൂടി, കേട്ടുനോക്കൂ, നിങ്ങള്‍ക്കിഷ്ടപ്പെടും, തീര്‍ച്ച...

എനിക്കിഷ്ടമുള്ള വളരേകുറച്ച് കവിതകളെയുള്ളൂ, അതിലൊന്നാണിത്. വരികള്‍ക്കു ചേര്‍ന്ന സംഗീതം. പിന്നെ പാടിയ ആളെക്കുറിച്ചു പറയേണ്ടല്ലോ!

പക്ഷേ ഈ കവിതയും ആരെഴുതിയതെന്നെനിക്കറിയില്യ, ആരെങ്കിലും പറഞ്ഞു തരും എന്നു വിചാരിക്കുന്നു.

ഇതു പറ്റാവുന്നത്ര ഉറക്കെ വച്ചിട്ട് കൂടെ പാടി നോക്കൂ. ദേ ഇനി വരി‍ തെറ്റാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് എഴുതിയെടുത്തിട്ടുണ്ടേ...

-----------------------------------------------------------------------

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു

താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)

ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)

കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)

കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)

ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്

പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം

എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം

കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം

ഇതു ബാഗ്ദാദാണമ്മ..(2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍

വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു

പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)

ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍

പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക

അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും

അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും

തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം

പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)

കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)

എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)

ഇതു ബാഗ്ദാദാണമ്മ..(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം

ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം

ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)

അറബിക്കഥയിലെ ബാഗ്ദാദ്...(4)

ഒരു ഊമക്കുയിലിനെക്കുറിച്ച്...


പ്രിയരെ,
ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്...
നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..
ദേ ഇവിടെ:ഊമക്കുയില്‍ (dumb koel)
-------------------------------------------------------------------------------
ആദ്യമായിട്ടാണു ഞാനൊരു ബ്ലോഗറെക്കുറിച്ച് ഒരു പോസ്റ്റിടുന്നത്। ആ ബ്ലോഗിനൊരു പരസ്യമോ, അല്ലെങ്കില്‍ ഒരു വിമര്‍ശനമോ ഒന്നും എന്റെ ലക്ഷ്യമല്ല, പക്ഷേ അതു കണ്ടപ്പോഴുണ്ടായ എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു അത്ര തന്നെ.


കുയിലിന്റെ പാട്ടിനൊരെതിര്‍ പാട്ട് പാടുക സന്തോഷകരമല്ലേ?

ശനിയാഴ്‌ച, ജൂലൈ 12, 2008

അറിയാതെ വന്നെന്റെ - കവിത MP3

അറിയാതെ വന്നെന്റെ മലര്‍ക്കാവില്‍ ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?

ആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...

നിങ്ങളും ഒന്നു കേട്ടു നോക്കൂ...
രചന: വി ടി കുമാരന്‍
ആലാപനം: വി ടി മുരളി

ബുധനാഴ്‌ച, ജൂലൈ 09, 2008

ഫ്രഞ്ച് അഡിക്ഷന്‍...

എന്നാലും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോടീ, ഞാന്‍ എന്റെ ജീവനായി കൊണ്ടുനടന്നതല്ലേ, അവനെ ഞാന്‍ കൊല്ലും, ഞാനും ചാകും, എല്ലാം നശിച്ചില്ല്ലേ..... ചതിയന്‍ വഞ്ചകന്‍ (ബാക്ഗ്രൌണ്ടില്‍ കരച്ചില്‍, പക്ഷേ നെഞ്ചത്തടിയില്ല..)


ആരാ കരയണേന്നല്ലേ? കരയുന്ന സ്ത്രീരത്നത്തിന്റെ പേര് ലാലി(കഥ ഒറിജിനലാണേലും പേരു മാറ്റി, എനിക്കെന്റെ തടി നോക്കണ്ടേ?). ഇപ്പറഞ്ഞ വനിതാരത്നമാണ് മ്മടെ കഥയിലെ നായിക. വിദ്യ അഭ്യാസ യോഗ്യത പറഞ്ഞാല്‍ എഞ്ചിനീ‍യര്‍, ഒരു പ്രശസ്ത ഐടി കമ്പനിയില്‍ ജോലിക്കു കയറിയിട്ട് എതാണ്ടൊരു 6-8 മാസം. കാണാന്‍ വല്യ തെറ്റില്യ,


ഇനി ശകലം ഫ്ലാഷ് ബാക്ക്, അയ്യോ നിങ്ങളെങ്ങോട്ടാ പോണേ, ഒരാറുമാസം മതീന്നേ..

കോഴിക്കോട്ടുകാരിയായതോണ്ടാണോ എന്തോ കോഴിയോടാണ് ഏറ്റവും വല്യ പ്രിയം। തെറ്റിദ്ധരിക്കല്ലേ സഖാക്കളേ, വെച്ച കോഴിയോടാണേ! പിന്നെ ഇംഗ്ലീ‍ഷ് പാട്ടുകള്‍. ഏറ്റവും വെറുപ്പ് പ്രേമം. ഇത്രേം ചീപ്പ് പരിപാടി വേറെയില്യത്രേ, സമയം കിട്ടുമ്പോഴൊക്കെ സഹമുറിയത്തിമാരെ ഉപദേശിച്ചുക്കൊണ്ടേയിരിക്കും. മക്കളേ നിങ്ങള്‍ വെറുതേ ഓരോരുത്തരുടെ വാക്കു കേട്ടു വഴിയാധാരമാകരുതേ എന്ന്.


അതൊക്കെ പോട്ടെ, നമുക്കു വിഷയത്തിലേയ്ക് വരാം. ഇങ്ങനെ ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കേ, ഒരു ദിവസം അവള്‍ കൂട്ടുകാര്‍കളോടു പറഞ്ഞു. എടീ എന്റെ ആപ്പീ‍സില്‍ ശങ്കര്‍ എന്നൊരു പയ്യന്നുണ്ട്. മറ്റുള്ള അലവലാതി ആമ്പിള്ളേരെപോലെയൊന്നുമല്ല്ല, നല്ല കിടിലന്‍ സ്വഭാവം.


ദിവസങ്ങള്‍ കടന്നു പോയി, ലാലി ഇപ്പോ പറയുന്ന വാചകങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ശങ്കറിലായിരിക്കും. അവന് ഇംഗ്ലീഷ് പാട്ടെന്നു പറഞ്ഞാ പ്രാന്താ, പിന്നെ എന്തും ബ്രാന്‍ഡഡേ ഉപയോഗിക്കൂ, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലീന്നേ ശാപ്പാടടിക്കൂ, സഹമുറിയത്തിമാര്‍ മുറുമുറുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഏയ് ഞങ്ങള്‍ നല്ല ഫ്രണ്ട്സാ....


ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന അവള്‍ പ്രഖ്യാപിച്ചു, ഈ കാബിനു വരുന്നത് എന്തു നഷ്റ്റാ, ആകെ ഇച്ചിരി ദൂരം വരുന്നതിന് 2000 രൂ‍ഫാ, എന്നെ ശങ്കര്‍ കൊണ്ടു വന്നാക്കാം എന്നു പറഞ്ഞിട്ടുണ്ട്. (ഇത്രേം സ്നേഹമുള്ള ഒരു ഫ്രണ്ട് നിങ്ങക്കുണ്ടോടീ എന്നു മനസിലും പറഞ്ഞു).


അങ്ങിനെ ലാലിക്കുട്ടി വര‍വും പോക്കും ബൈക്കിലായി, ലാഭിച്ച രണ്ടായിരത്തിനു പകരമായി 250 രൂ‍പയുടെ സാല്‍വാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നവള്‍ ആയിരങ്ങളുടെ ജീന്‍സീലേയ്ക്കും ടോപ്പിലേയ്ക്ക്കും കുടിയേറി. മണിക്കൂറുകള്‍ കണ്ണാടിക്കു മുന്നില്‍ ചിലവഴിച്ചു. രാത്രി 12 നു ജോലി കഴിഞ്ഞെത്തിയാല്‍ ഉറക്കമില്ലാതെ മൊബലിന്റെ ചേവി കടിച്ചു പറിച്ചു.


അവധിദിവസമായാല്‍ 48 മണിക്കൂറും ഉറങ്ങിയാലും മതിയാവാത്തവള്‍ വെളുപ്പിനേ എണീറ്റൊരുങ്ങുന്നതുകണ്ടമ്പരന്നവരൊടവള്‍ ഒരു ലജ്ജയുമില്ലാതെ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ശങ്കര്‍ എന്നെ പ്രൊപ്പോസ് ചെയ്തു, ഞാനാലോചിച്ചപ്പോ അവനോളം തങ്കപ്പെട്ട എന്നെ ഇത്രേം മനസീലാക്കുന്ന ഒരുത്തനെ എനിക്കു കിട്ടൂല, എന്നാപ്പിന്നെ ഞാനൂം....


ഹലോ, എത്തിയോ, ദാ വരണൂ, അമ്പരന്നു നിന്ന മുഖങ്ങളെ വകവയ്കാതെ അവള്‍ ഫ്ലാറ്റിന്റെ പടികള്‍ ചവിട്ടിക്കുലുക്കിയിറങ്ങി.


അങ്ങിനെ പുതിയ ഒരു പ്രണയജോഡികള്‍ പാറിപ്പറക്കാന്‍ ആരംഭിച്ചു. പ്രണയം മൂത്തു, 12 മണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുന്നത് വെളുപ്പിന് നാലുമണിക്കായി. ചില ദിവസങ്ങളില്‍ ലീ‍വെടുക്കാന്‍ തുടങ്ങി.


ഒരു ദിവസം ലാലിക്കൊരു ഫോണ്‍കാള്‍, ശങ്കറിന്റെ മുന്‍കാമുകിയാത്രെ, അവന്‍ അവളെ ചതിച്ചുപോലും, സൂക്ഷിക്കാന്‍. പിന്നേ അവള്‍ടെ ഒരുപദേശം, ഞാന്‍ വിട്ടിട്ടുവേണമാരിക്കും അവള്‍ക്കു നോക്കാന്‍. ഹും, അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി...


അങ്ങിനെ പറഞ്ഞെങ്കിലും ലാലിക്കൊച്ചിനൊരസസ്ഥത, എന്തിനാ അവള്‍ വിളിച്ചേ? ചുമ്മാ നാളെയൊന്നന്വേഷിച്ചാലോ, ശങ്കറിന്റെ ഫ്രണ്ട്സ് കുറച്ചു പേരുണ്ടല്ലോ അവിടെ..


ദേ കെടക്കണു ചട്ടീം കലോം! ആ അന്വേഷണത്തിന്റെ പരിസമാപ്റ്റിയാണ് നിങ്ങള്‍ ഏറ്റവുമാദ്യം വായിച്ചത്.


അലമുറയിടുന്ന അവളോട് കൂട്ടുകാര്‍ ചോദിച്ചു, എന്നാ പറ്റിയെടീ, കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.


എടീ അവന്‍ ചതിയനാടീ, എന്നെ പറഞ്ഞു പറ്റിക്കുവാരുന്നു..


അവന്റെ വീട് പാലക്കാടല്ല കോഴിക്കോടാ...


അവന്‍ എഞ്ചിനീയറല്ല സാദാ ഡിഗ്രിയാ...


ഒരുത്തി വിളിച്ചില്ലേ അവളേം അവന്‍ ചതിച്ചതാ, അവളു പറയുന്നെ അവന്‍ വേറെ പലരേം...


കൂട്ടുകാര്‍ പറഞ്ഞു അതു സാരല്യ, ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ, ഇനിയെങ്കിലും നിര്‍ത്തിക്കോളൂ അവനുമായിട്ടുള്ള കണക്ഷന്‍.


ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ‍ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ‍..


എന്റെ കാശു മൊത്തം പോയെടീ, ഞാനവനു എത്ര ഷര്‍ട്ടാ എടുത്തു കൊടുത്തത് എന്നറിയാമോ? എന്റെ എ ടി എം കാര്‍ഡുവരെ അവന്റെ കയ്യിലാ...


എന്നാലും സാരമില്യ, ഇപ്പോഴെങ്കിലും അറിഞ്ഞതു നന്നായി, ഇല്ലെങ്കില്‍ ഇച്ചിരി നാളു കഴിഞ്ഞാല്‍ നിങ്ങളെ ആന്റീന്നു വിളിക്കാന്‍ ഇവിടെ ആള്‍ വന്നേനെ!


അവനെ ഞാന്‍ വെറുതേ വിടില്യ, ഞാന്‍ ജോലി രാജി വയ്ക്കുവാ, എനിക്കിവിടെ നിക്കാന്‍ വയ്യാ, ഞാന്‍ പോകുവാ..


കണ്ണീര്‍പ്പുഴ ഒഴുകികൊണ്ടേയിരുന്നു...


ദിവസങ്ങള്‍ കൊഴിഞ്ഞു, അവനെ കാണാനേയില്ലാരുന്നു, ഒരു ദിവസം അവള്‍ ഫോണില്‍ അവനോട് തന്റെ എ ടി എം കാര്‍ഡും വാങ്ങിയ പണവും തിരിച്ചു ചോദിച്ചു. അവന്‍ പറഞ്ഞു, നാളെ പുറത്തേയ്ക്കു വരൂ, തരാം,


അവള്‍ കാര്‍ഡ് മേടിക്കാന്‍ പോയി. അവന്‍ പറഞ്ഞു നീ എന്നെ പിരിയാതിരിക്കാനാണ് ഞാന്‍ ഈ കള്ളമെല്ല്ലാം പറഞ്ഞത്, നീയില്ലാതെ എനിക്കു ജീവിക്കാനാവില്യ, ഇതാ നിന്റെ കാര്‍ഡ്, അതില്‍ ഇപ്പോള്‍ കാശില്ല, പക്ഷേ ഞാനതെപ്പോഴെങ്കിലും തിരിച്ചുതരും, പക്ഷേ ആ പണത്തിലും എത്രയോ വലുതാണെന്റെ സ്നേഹമെന്നു നീ മനസിലാക്കണം!


അവള്‍ മിണ്ടാതെ തിരിഞ്ഞു നടന്നു.


ദിവസങ്ങള്‍ പിന്നേയും പാട്ടും പാടി കടന്നു പോയി,


ഇന്നവള്‍ രാത്രി ഒരു പാടു വൈകിയാണ് വന്നത്, കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ പണി തീരാന്‍ വൈകി എന്നു പറഞ്ഞു, അവളുടെ ഫോണിന് പിന്നേയും ഉറക്കം നഷ്റ്റപെടാന്‍ തുടങ്ങി, ഷിഫ്റ്റുകള്‍ക്കു നീളം കൂടാനും...


സഹമുറിയത്തികള്‍ പരസ്പരം പിറുപിറുത്തു, ഈ ഫ്രഞ്ചിന് ഇത്രേം പവറുണ്ടോ? ഇങ്ങനേം അഡിക്റ്റാവാന്‍?

ബുധനാഴ്‌ച, ജൂലൈ 02, 2008

കളഞ്ഞുപോയ കാഴ്ചകള്‍

ഓട്ടോക്കാരനുമായി ഒന്നു തര്‍ക്കിക്കേണ്ടി വന്നു, സാധാരണ കൊടുക്കുന്നതിനേക്കാള്‍ ഇരുപതു രൂപ കൂടുതല്‍ വേണമത്രെ, പെട്രോളിനു വില കൂടീയെന്ന്. ഈശ്വരാ ഇവിടേം ചെന്നൈ പോലെയായോ‍?

കുറച്ചു നാളുകള്‍ക്കുശേഷം നാട്ടിലെത്തിയതാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഇലകളിലെല്ലാം രാത്രി പെയ്ത മഴയുടെ ബാക്കി. വാതിലടുത്തത്തും മുന്‍പേ അമ്മ വതില്‍ തുറന്നു. ബാഗ് അമ്മേടെ കയ്യില്‍ കൊടുത്തിട്ട് കാലിലെ ചെരുപ്പഴിക്കുന്നതിനിടെ ചോദിച്ചു, ഇന്നലെ രാത്രി നല്ല മഴയാരുന്നോ അമ്മേ? ഏയ് അതിനു മാത്രൊന്നൂല്യ, ഇപ്രാശ്യം മഴയേ ഇല്യാലോ. ഇന്നലെയാ ഇച്ചിരി പെയ്തേക്കണെ.

അമ്മ കട്ടന്‍ ചായയുമായ് വന്നു. അനിയത്തി ഇപ്പോഴും നല്ല ഉറക്കമാണ്, മഴയുടെ ആലസ്യത്തില്‍ വെളുപ്പിനേ മൂടിപ്പുതച്ച് ചൂണ്ടക്കൊളുത്തുമാതിരി കിടന്നുറങ്ങാനുള്ള സുഖം. അമ്പടീ, അങ്ങിനെയിപ്പോ ഉറങ്ങണ്ട. ഞാനൊരു തട്ടു വെച്ചു കൊടുത്തു. പിന്നേ എന്നോടാണോ എന്നു ചോദിക്കും പോലെ മൂളിക്കൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു. ടീ... ഞാന്‍ നീട്ടി വിളിച്ചു.

നീ ഇനി ഉറങ്ങണുണ്ടോ? അമ്മ ചോദിച്ചു, ഓ ഇനി എന്നാ ഒറങ്ങാനാ? നേരം വെളുത്തില്ലേ? ഉറങ്ങുന്നില്ലേല്‍ ഒന്നമ്പലത്തില്‍ പോയേച്ചും വാടാ. എത്ര നാളായി പോയിട്ട്. ഞാന്‍ മൂ‍ളി.

ശരിയാ, എത്ര നാളായി കോതേശ്വരത്തപ്പനെ കണ്ടിട്ട്? പണ്ട് ശനിയാഴ്ചയായാല്‍ അതിരാവിലെ തന്നെ അയല്പക്കത്തെ എല്ലാ അവന്മാരേം കൂട്ടി ഒരു ജാഥയായി ഒറ്റ പോക്കാണ്. അമ്പലക്കുളത്തിലേയ്യ്ക്ക്. എപ്പോഴും വെണ്‍ താമരകള്‍ നിറഞ്ഞുനിന്ന ക്ഷേത്രക്കുളം. പണ്ടത്തെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടിഞ്ഞുപോയങ്കിലും ആഢ്യത്വം നഷ്ടപ്പെടാത്ത കല്‍പ്പടവുകള്‍. ഇപ്പോ വീഴും എന്ന പോലെ കടവിലേയ്ക്ക് ചാഞ്ഞു നിക്കണ ചില്ലത്തെങ്ങ്.

കുളത്തില്‍ ഏഴുകിണറുണ്ട് എന്നു പറഞ്ഞു പേടിപ്പിച്ചതു കാരണം കടവു വിട്ട് ഇറങ്ങാം എല്ലാര്‍ക്കും പേടിയാണ്. എന്നാലും ചിലപ്പോഴൊക്കെ വിടരാന്‍ വെമ്പി നില്‍ക്കുന്ന താമരമൊട്ട് ഞങ്ങളെ ഇച്ചിരി റിസ്ക്കെടുക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്യും. മുട്ടറ്റം വരെ താഴുന്ന ചെളിയില്‍ ഓരോരുത്തരായ് കൈ കോര്‍ത്ത് പിടിച്ച് ആ മൊട്ടിനെ മാസ്ക്സിമം നീ‍ളത്തിലുള്ള തണ്ടുമായി ഒടിച്ചെടുക്കും. അവസാനം പൂക്കള്‍ പങ്കു വെയ്ക്കുല്‍ എന്നും പിണക്കത്തിലേ കലാശിക്കാറുള്ളൂ‍. രണ്ടു ദിവസം ആ പൂക്കള്‍ കുപ്പിയിലെ വെള്ളത്തില്‍ വാടാതെ വിശ്രമിക്കും. തിങ്കളാഴ്ച ഇതുമായി ചെന്നിട്ട് വേണം സ്ക്കൂളില്‍ ആളാവാന്‍. ഓരോരുത്തരും കൊതിയോടെ ആ പൂവിലേക്ക് നോക്കുമ്പോള്‍ നമ്മടെ എയറുപിടുത്തം കൂടാ‍ന്‍ തുടങ്ങും.

അന്നൊക്കെ ക്ഷേത്രത്തില്‍ പോകുന്നതിനേക്കാള്‍ ആവേശം നല്‍കിയിരുന്നത് ആ അമ്പലക്കുളവും താമരയും ആര്‍മാദിച്ചുള്ള ആ കുളിയുമെല്ലാമായിരുന്നു. അതിരാവിലെ പച്ച പുതച്ചപാടത്തിന്റെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാടവരമ്പിലൂ‍ടെ മഞ്ഞുകണങ്ങള്‍ അണിഞ്ഞ് വെട്ടിത്തിളങ്ങി നില്‍ക്കുന്ന പുല്ലില്‍ ചവിട്ടി ബാലന്‍സ് തെറ്റാതെയുള്ള ഒരോട്ടമുണ്ട്. മിക്കപ്പോഴും പുസ്തകലേബലില്‍ കാണുന്ന സൂപ്പര്‍മാന്‍ സ്റ്റൈലില്‍ തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടിയിട്ടുണ്ടാവും.

കടവില്‍ വല്യ ചേട്ടന്മാര്‍ ആരേലുമുണ്ടേല്‍ ഞങ്ങളെ ഇറങ്ങാന്‍ സമ്മതിക്കില്യ. അപ്പോ ഞങ്ങള്‍ നല്ല അച്ചടക്കമുള്ള കുട്ടികളാവും. വെള്ളത്തിന് വേദനിക്കാതിരിക്കാനെന്നപോലെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒറ്റടി വെക്കും. വെള്ളം കലക്കരുതൂട്ട്രാ... പുറകീന്ന് വാണിങ്ങ്. മുകളിലേക്കുയരുന്ന വെള്ളത്തിന്റെ കുളിരില്‍ ഇക്കിളിയെടുത്തുകൊണ്ട് വെള്ളം അരയ്ക്കു മുകളില്‍ എത്തുമ്പോള്‍ ഒറ്റ മുങ്ങല്‍! ഞാനിപ്പോഴുമോര്‍ക്കുന്നു. ഒന്നു മുങ്ങിനിവര്‍ന്നാല്‍ ഏതു വെളുപ്പിനും കുളത്തിലെ വെള്ളത്തിന് ഇളം ചൂടാണ്.

ആദ്യത്തെ മുങ്ങലോടെ മര്യാദയെല്ലാം പമ്പ കടക്കും. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ക്കയറിയ അവസ്ഥയാണ്. നല്ല കണ്ണുനീരുകണക്കേ കിടന്ന വെള്ളം പതുക്കെ നിറം മാറാന്‍ തുടങ്ങും. ഇനി കലങ്ങാല്‍ ഒന്നുമില്ല എന്നാവുമ്പോള്‍ ഞങ്ങള്‍ കരയ്ക്കു കയറും. പതുക്കെ അപ്പുറത്തെ കടവിലേയ്ക്ക്. ദേഹത്തെ ചെളിമുഴ്ഹുവന്‍ കളയണ്ടേ?

ചെറിയ കടവില്‍ മുങ്ങിയതിനുശേഷം ഈറനോടു കൂടി നേരെ അമ്പലത്തിലേയ്ക്ക്. പടികള്‍ കയറുമ്പോള്‍ ഞങ്ങള്‍ പരമാവധി വലത്തോട്ട് നോക്കാറില്യ. കാരണം അവിടം ഇടിഞ്ഞൂപൊളിഞ്ഞതാണെങ്കിലും അതൊരു സര്‍പ്പക്കാവായിരുന്നു. അവിടെ മറിഞ്ഞു കിടന്നിരുന്ന സര്‍പ്പ പ്രതിമകള്‍ കാണുമ്പോള്‍ അമ്മയും അമ്മൂമ്മയും പറഞ്ഞിട്ടുള്ള ഒരുപാടു കഥകള്‍ മനസിലേക്കോടി വരും.

അന്ന് കോതേശ്വരത്തപ്പനേക്കാളും ഞങ്ങളെ ആകര്‍ഷിച്ചിരുന്നത് പ്രസാദമായി ലഭിച്ചിരുന്ന അവില്‍ വിളയച്ചതായിരുന്നു. ഇന്നും അത്രയും രുചികരമായ ഒരു പ്രസാദം എനിക്കു കിട്ടിയിട്ടില്യ. പല വട്ടം ഞാന്‍ അമ്മയോട് അതു പോലെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഒരിക്കലും അമ്മയുണ്ടാക്കിയതിന് ആ പ്രസാദത്തിന്റെ നാലയല്പക്കത്തു നില്‍ക്കാനുള്ള രുചിപോലുമില്ലായിരുന്നു. പരാതി പറയുമ്പോള്‍ അമ്മ പറയും, അതു ഭഗവാന്റെ പ്രസാദമായത് കൊണ്ടാണെന്ന്. ഞാനതു വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്നു.

പഴയ ഓര്‍മ്മകള്‍ മുന്നില്‍തെളിഞ്ഞപ്പോള്‍ ഒന്നു തിരിച്ചു പോകാന്‍ തോന്നി.
അമ്മേ അമ്പലത്തില്‍ പോവാം. കുളത്തില്‍ കുളിച്ചാലോ, ഞാന്‍ ചോദിച്ചു,
വേണ്ട, ഇപ്പോ ആരും അവിടെ കുളിക്കാറില്യ, എല്ലാരും വീട്ടില്‍ കുളിച്ചാ പോണെ. ഉപയോഗിക്കാതെ കിടന്ന് ഇപ്പോ കുളത്തില്‍ നിറയെ ചണ്ടിയും പായലുമൊക്കെ നിറഞ്ഞ് കടവൊന്നുമില്യ.

എന്നാ ശരി, ഇവിടെ കുളിച്ചേക്കാം, കുളികഴിഞ്ഞ് അമ്മ തന്ന വെള്ളമുണ്ട് ഉടുത്തപ്പോള്‍ എന്തോ ഉറയ്ക്കാത്ത പോലെ, പിന്നേം പിന്നേം അഴിച്ചുടുക്കുമ്പോള്‍ മനസ്സിലോര്‍ത്തു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിമാനത്തോടെ മുണ്ടുടുത്ത് സ്കൂളില്‍ പോയവനാ!

അനിയത്തിയോടു പോരുന്നോ എന്നു ചോദിച്കപ്പോള്‍ അവള്‍ കഴിഞ്ഞ ദിവസം പോയതാന്നു പറഞ്ഞു. വണ്ടിയെടുക്കുന്നില്യേടാ, അമ്മ ചോദിച്ചു. അതെന്താ പാടത്തേക്കൂടി പോയാല്‍ പോരേ? പിന്നേ ഇപ്പോ ആരാ പാടത്തുകൂടി നടന്നു പോണെ? എല്ലാരും റോട്ടീക്കൂടെ അല്ലേ പോണെ? പാടത്തുകൂടെ പോകുന്നതിലും മൂന്നിരട്ടിയെങ്കിലും ദൂരമുണ്ട് റോ‍ഡിലൂടെ, പണ്ട് വളരെ അപൂര്‍വ്വമായേ ആ വഴി പോകാറുള്ളൂ, മഴ മൂലം പാടം മുങ്ങി കിടക്കുമ്പോഴും മറ്റും. പണ്ടത്തെ ഓട്ടം മനസില്‍ തെളിഞ്ഞപ്പോള്‍ പാടവരമ്പ് തന്നെ മതിയെന്നു തീരുമാനിച്ചു.

റോഡില്‍ നിന്നും പാടത്തേക്കുള്ള വഴിയേ എത്തിയപ്പോഴേ കണ്ടു, ഇടുങ്ങിയ വഴി വലുതായിരിക്കണു, ആഹാ കൊള്ളാലോ, മുന്നോട്ടു നടന്നപ്പോള്‍ പണ്ട് പച്ച പുതച്ച് കിടന്ന നെല്വയലിന്റെ സ്ഥാനത്തെ കുറേ കുലയ്ക്കാറായ തെങ്ങുകള്‍. ഒറ്റയടി വരമ്പുകളുടെ സ്ഥാനത്ത് കരിങ്കല്പാളികള്‍ അതിര്‍ത്തി തീര്‍ത്തിരിക്കുന്നു. പാടത്ത് അല്ല പറമ്പില്‍ ചുമര്‍പ്പൊക്കം എത്തിനില്‍ക്കുന്ന രണ്ടു വീടുകള്‍. വികസിക്കുന്ന നാടിന്റെ മുഖം! മനസ്സിലോര്‍ത്തു.

കുറച്ചുദൂരെയായി കാണാറുള്ള പഴമയുടെ ആഢ്യത്വവുമായി നിന്നിരുന്ന ഒരു നായര്‍ത്തറവാടിന് കോണ്‍ക്രീറ്റിന്റെ പുതുമ. അവിടുത്തെ മക്കളെല്ലാവരും വിദേശത്താണെന്നമ്മ പറഞ്ഞതോര്‍ത്തു. മഴക്കാലത്ത് അതിസാഹസികമായി ചാടിക്കടന്നിരുന്ന തോടിനു കുറകേ കോണ്‍ക്രീറ്റ് പാലം.
പക്ഷേ പല അവധി ദിനങ്ങളും ഇല്ലിക്കൊമ്പില്‍ തീര്‍ത്ത ചൂണ്ടയുമായി ദിവസം മുഴുവന്‍ ചിലവഴിച്ച തോട്ടില്‍ മീനിന്റെ പൊടി പോലുമില്യ.

തോടിനപ്പുറമുള്ള പാടം വെറും തരിശായി കിടക്കുന്നു. കാലങ്ങളായി കൃഷി ചെയ്യാറില്ലേന്നതിന്റെ തെളിവായി വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍. കൊയ്ത്തു കഴിഞ്ഞ് പാടം ഒഴിഞ്ഞുകിട്ടാനായി എത്ര കാത്തിരിന്നിട്ടുണ്ട്. നാട്ടിലെ കൊച്ചു കൊച്ചു ടെന്‍ഡുല്‍ക്കര്‍മാരും ഐ എം വിജയന്മാരും തകര്‍ത്താടിയ കേളീസ്ഥലം തരിശായിട്ടും ഒഴിഞ്ഞു കിടന്നു.

കുളത്തിനടുത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞതു ശരിയാണെന്നു മനസിലായി. ആഫ്രിക്കന്‍ പായലിനാല്‍ തിങ്ങി നിറഞ്ഞ കുളം, വിജനമായ കുളിക്കടവ്, അല്ലെങ്കില്‍ തന്നെ കടവ് എന്ന് പറയാന്‍ അവിടെ പ്രത്യേകിച്ചൊന്നും തന്നെയില്യ. ആ തെങ്ങ് ഇപ്പോഴും കുളത്തീലേയ്ക്ക് ചാഞ്ഞു നില്പുണ്ട്, തലയില്ലാതെ!

കഴിഞ്ഞ കാലം പിന്നേയും മനസിലൂടെ മിന്നിമറഞ്ഞു. റോഡിലൂടെ പോയാല്‍ മതിയാരുന്നു. എങ്കില്‍ പഴയ കാഴ്ചകളെങ്കിലും മനസ്സില്‍ നിന്നേനെ. ഇനിയീ കുളത്തിനെ വെണ്‍ താമരകള്‍ നിറഞ്ഞുനില്‍ക്കുന്നതായിട്ടെനിക്കോര്‍ക്കാന്‍ കഴിയുമോ? ഈ പാടം ഇനിയും പച്ച പുതക്കുന്നത് സങ്കല്പിക്കാമോ? പാടത്തെ കറുത്ത മണ്ണില്‍ നിന്ന് വീദഗ്ദമായി പിടിച്ച മണ്ണിരയേയും നനയന്‍ ചാത്തനേയും (അങ്ങിനാ പറയുക, അതിന്റെ ശരിക്കും പേരറിയില്യ) സൂക്ഷ്മതയോടു കൂടി ചൂണ്ടയില്‍ കോര്‍ത്ത് ഒരു കൊത്തിനു വേണ്ടി കാത്തിരിക്കാന്‍ പറ്റുമോ?

എല്ലാം നഷ്ടപ്പെട്ടുപോയ കാഴ്ചകളാണെന്ന് ആരെല്ലാമോ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

പടികള്‍ കയറി അമ്പലത്തിലെത്തി, അമ്പലം ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്. പൊളിഞ്ഞുകിടന്ന പഴയ കരിങ്കല്ലും വെട്ടുകല്ലും ചേര്‍ന്നുള്ള ചുറ്റുമതിലിനു പകരം ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍. വഴിപാടിനുള്ള ചീട്ടുമായ് അമ്പലത്തിനകത്തേയ്ക് കയറി. ഭഗവാനെ തൊഴുതു. ഇപ്പോ പ്രസാദം നടയില്‍ നിന്ന് നല്‍കുന്നില്ലാത്രെ. തിടപ്പള്ളിയുടെ മുന്നില്‍ വേറെ ഒരു ശാന്തി കൂടി. പ്രസാദം നല്‍കാന്‍.

പ്രസാദം വാങ്ങി നാണയത്തുട്ടുകള്‍ തട്ടിലേയ്ക്കിട്ട് ആളുകള്‍ പൊയ്ക്കൊണ്ടിരിന്നു. ഞാനും കൈ നീട്ടി, തീര്‍ത്ഥവും ചന്ദനവും പൂവും കിട്ടി. പിന്നേയും കൈ നീട്ടി നില്‍ക്കുന്ന എന്നെ ശാന്തി സൂക്ഷിച്ചു നോക്കി. ഇനിയും ഇവനെന്താ വേണ്ടേ?

എന്തോ മറന്നതുപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എന്റെ നാവില്‍ അന്നത്തെ അവില്‍ വിളയച്ചതിന്റെ സ്വാദ് അപ്പോഴുമുണ്ടയിരുന്നു...