ഞായറാഴ്‌ച, ജൂലൈ 20, 2008

എല്ലാം മലയാളം - ഒരു ബ്ലോഗ് ഈവന്റ്

പ്രിയ ബൂലോകരേ,
കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റിടാന്‍ ആലോചിക്കുന്നു. എന്താന്നല്ലേ വിഷയം? എന്റെ ഒരു ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ‘മലയാളീകരിക്കുക‘. അപ്പോ നിങ്ങളു ചോദിക്കും, പിന്നെ ഇപ്പോഴെന്താ തമിഴിലാണാ എഴുതണേന്ന്, അതല്ല ദേ ഇവിടെത്തന്നെ കണ്ടില്ലേ, നമ്മളിവിടെ മലയാളീ ’കരിക്കുവാ‘, പകുതിയും ഇംഗ്ലീ‍ഷാ, അക്ഷരങ്ങള്‍ മലയാളം ആണെന്നേയുള്ളൂ.

സംഗതി ആലോചിച്ചപ്പോള്‍ ഉഷാറായി. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോ എന്താ സംഭവിച്ചേ?

ഒരു ലാല്‍ സിനിമയില്‍ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കുതിരവട്ടം പപ്പു പറയണ ഡയലോഗില്യേ? ദിപ്പ ശരിയാക്ക്യരാം...ഇതിലെന്തൂട്ടപ്പാ ഇത്ര പണി, ദിപ്പ ശരിയാക്ക്യരാം..

കഥേം കവിതേം മുഴുവന്‍ മലയാളത്തിലെഴുതാന്‍ അത്ര പാടുണ്ടെന്നു തോന്നിയില്ല ( മലയാളത്തില്‍ എഴുതാനെന്നേ പറഞ്ഞുള്ളൂ, കഥയും കവിതയും എന്നു പറഞ്ഞില്യാട്ടോ), പക്ഷേ നീത്യ ജീവിതത്തിലെ പല സംഭവങ്ങളും വിശദീകരിക്കാന്‍ വല്യ പാടാണെന്ന്‍ തുടങ്ങിയപ്പോള്‍ തോന്നി.

എന്താണ് നിങ്ങളുടെ അഭിപ്രായം?

ബ്ലോഗ് ഈവന്റ് എന്ന ഒരു സംഭവത്തെക്കുറിച്ച് വായിച്ചറിയുകയും നമ്മടെ ഇഞ്ചിചേച്ചിയുടെ ആഭിമുഖ്യത്തില്‍ ഒന്ന് വിജയകരമായീ നടക്കുകയും ചെയ്തതാണല്ലോ.

അന്നാപ്പിന്നെ ഇതും അങ്ങിനെ ഒന്നു ശ്രമിച്ചാലോ എന്നായി ചിന്ത, അതിന്റെ പരിണിതഫലമാണീ പോസ്റ്റ്.

വിഷയം: നിങ്ങളുടെ ഒരു ദിവസം / ക്രിയാത്മകമായ ഏതെങ്കിലും വിഷയം
ഒരു ദിവസം എന്നു കൊണ്ടുദ്ദേശിക്കുന്നത്, ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തികളും(പുറത്തു പറയാന്‍ കൊള്ളാവുന്നത് .. ).

നിബന്ധന: എഴുത്ത് പരിപൂര്‍ണ്ണമായി മലയാളത്തിലായിരിക്കണം.
മലയാളം വാക്കു കിട്ടണില്യാന്നു വച്ച് എഴുതാതിരിക്കല്ലേ. പരമാവധി ശ്രമിക്കുക, ബാക്കി നമുക്കെല്ലാവര്‍ക്കും കൂടി നോക്കാന്നേ...

അവസാന തീയ്യതി: കര്‍ക്കിടകം 31, 1183 അഥവാ ഓഗസ്റ്റ് 15, 2008

ഉദ്ദേശം: അറിയാത്ത അഥവാ മറന്നു പോയ മലയാളം വാക്കുകള്‍

ചില വാക്കുകള്‍ നിങ്ങള്‍ എത്ര ആലോചിച്ചാലും അതിന്റെ മലയാളം കിട്ടിയില്ലെന്നു വരും. അത് പ്രത്യേകം നോട്ട് ചെയ്യൂ. നമുക്ക് ഉമേഷ്ജിയെപോലുള്ള വന്‍പുലികളോട് ചോദിച്ചു മനസ്സിലാക്കാം. നിങ്ങള്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം ഇത്രയധികം വാക്കുകള്‍ക്ക് മലയാളം കിട്ടുന്നീല്യല്ലോ എന്നോര്‍ത്ത്.

മലയാളത്തെ മറക്കാന്‍ ഇഷ്ടപെടുന്ന ഒരു കുഞ്ഞും ഈ ബൂലോ‍കത്തില്‍ ഇല്ലെന്നു പറയാം. അപ്പോള്‍ ഇതൊരു രസകരമായ അനുഭവമായിരീക്കും എന്നു വിശ്വസിക്കുന്നു.

ആശയം ഇഷ്ടപെട്ടെങ്കില്‍ സമയവും സൌകര്യമനുസരിച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റിടൂ, കഴിയുമെങ്കില്‍ ലിങ്ക് തരൂ...

ബ്ലോഗില്‍ പോസ്റ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ മെയില്‍ അയച്ചുതന്നാല്‍ മതി. എന്റെ വിലാസം nishad.me@gmail.com
താങ്കളുടെ സുഹൃത്തുക്കളോടും പങ്കെടുക്കാന്‍ പറയുമല്ലോ!
ഒരു കുറിപ്പ്:
ഞാനൊരു ബൂലോകപുലിയല്ല എന്ന കാരണത്താല്‍ ആരും പങ്കെടുക്കാതിരിക്കരുതേ, ആശയം ഇഷ്ടപെട്ടെങ്കില്‍ മാത്രം. എന്റെ ലിങ്ക് പോസ്റ്റില്‍ പ്രസിദ്ധീക്കരിക്കണമെന്നോ, ലിങ്ക് ഇവിടെ കമന്റായി തരണമെന്നോ ഇല്യാട്ടോ. എനിക്കു മനസ്സില്‍ തോന്നിയ ഒരാശയം നിങ്ങളുമായി പങ്കു വച്ചു എന്നുമാത്രം. അല്ലേലും അതിനല്ലേ ഈ ബ്ലോഗ് എന്ന സാധനം?

28 അഭിപ്രായങ്ങൾ:

 1. വിഷയം: നിങ്ങളുടെ ഒരു ദിവസം

  നിബന്ധന: എഴുത്ത് പരിപൂര്‍ണ്ണമായി മലയാളത്തിലായിരിക്കണം.

  അവസാന തീയ്യതി: കര്‍ക്കിടകം 31, 1183 അഥവാ ഓഗസ്റ്റ് 15, 2008

  ഉദ്ദേശം: അറിയാത്ത അഥവാ മറന്നു പോയ മലയാളം വാക്കുകള്‍

  മലയാളത്തെ മറക്കാന്‍ ഇഷ്ടപെടുന്ന ഒരു കുഞ്ഞും ഈ ബൂലോ‍കത്തില്‍ ഇല്ലെന്നു പറയാം. അപ്പോള്‍ ഇതൊരു രസകരമായ അനുഭവമായിരീക്കും എന്നു വിശ്വസിക്കുന്നു.

  ആശയം ഇഷ്ടപെട്ടെങ്കില്‍ സമയവും സൌകര്യമനുസരിച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റിടൂ, കഴിയുമെങ്കില്‍ ലിങ്ക് തരൂ...

  മറുപടിഇല്ലാതാക്കൂ
 2. നല്ല സം‌രംഭം നിഷാദേ. സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും ചെയ്യാം.

  വിഷയം ഒരല്പ്പം കൂടി പൊതുപ്രസക്തിയുള്ളതാക്കിക്കൂടെ?

  മറുപടിഇല്ലാതാക്കൂ
 3. എനിക്കിഷ്ടായി.. വിഷയം മാറ്റിയാല്‍ കൂടൂതല്‍ നല്ലത്. അല്ലെങ്കിലും ഒക്കെ..

  മറുപടിഇല്ലാതാക്കൂ
 4. നല്ല ആശയം. സമയം കിട്ടുമോ എന്ന് നോക്കട്ടെ. ഞാനും ഒന്നു ശ്രമിക്കാം. പക്ഷേഎന്താ സംഭവിക്കാന്‍ പോകുന്നത് എന്ന് അനിക്കറിയാം..ഹി ഹി ഹി ഹി ഹി...സുഖം തന്നെ അല്ലേ?

  മറുപടിഇല്ലാതാക്കൂ
 5. എല്ലാര്‍ക്കും എളുപ്പവും എന്നാല്‍ ഒരു പാടു കാര്യങ്ങള്‍ വരുന്ന ഒരു വിഷയമായിക്കോട്ടേ എന്നു കരുതി.
  വല്ല കടുകട്ടി വിഷയമൊക്കെ കിട്ടിയാ എന്നെപ്പോലുള്ള മറ്റു ബ്ലോഗര്‍മാരും വെള്ളം കുടിക്കത്തേയുള്ളൂ..

  ഇതാവുമ്പോ ആപ്പീസും വീടും യാത്രയും എല്ലാം പെടുമല്ലോ എന്നു വിചാരിച്ചു..

  ഏതു നല്ല വിഷയവും സ്വാഗതം.. എനിക്കങ്ങനെ വല്യ അഹങ്കാരമൊന്നുമില്ലെന്നേ....

  മറുപടിഇല്ലാതാക്കൂ
 6. നിഷാദേ,
  നല്ല ആശയം.
  നമുക്ക്‌
  ചെയ്‌തുനോക്കാം.

  മറുപടിഇല്ലാതാക്കൂ
 7. നല്ല പരിപാടി. ഞാനെഴുതുന്നുണ്ടേ. കുറച്ച് തിരക്കുണ്ട്. അതുകഴിഞ്ഞെഴുതും. :)

  മറുപടിഇല്ലാതാക്കൂ
 8. നിഷാദേ..പറഞ്ഞ രീതിയില്‍, ബൂലോക പുലി പോയിട്ട് അതിന്റെ പൂടയെന്നവകാശപ്പെടാന്‍ പോലും കഴിവില്ലാത്ത ഞാനൊക്കെ അതിനൊരുങ്ങണൊ..? ഒരുങ്ങിയേക്കാം അല്ലെ.

  നൊണ പറയാന്‍ പറ്റൊ?
  പ്രിയത്തില്‍ ഒഎബി.

  മറുപടിഇല്ലാതാക്കൂ
 9. ധൈര്യായിട്ട് പറ ഒഎബി മാഷേ, എന്തു പറയണു എന്നല്ല, എങ്ങനെ പറയണൂ എന്നതാ കാര്യം.പിന്നേ, ഈ പ്രിയത്തില്‍ എന്നത് വീട്ടുപേരാണാ?

  ഹരിച്ചേട്ടാ നന്ദി, എന്താ ശ്രീ? കൊള്ളാമെന്നു മാത്രം? പങ്കെടുക്കില്ലേ? ഡാലിചേച്ചീ, സു ചേച്ചീ, വേഗാവട്ടെ :)

  സുഖം തന്നെ പ്രശാന്ത് ഭായ്, എന്തര് കൊറിയന്‍ വിശേഷംസ്?

  മറുപടിഇല്ലാതാക്കൂ
 10. ഒരു കൈ നോക്കിയാലോ?
  നിഷാദ് പുലിയല്ല ശരി തന്നെ.
  പക്ഷെ ഞാന്‍ ഒരെലി പോലുമല്ലല്ലോ!

  മറുപടിഇല്ലാതാക്കൂ
 11. സമ്മാനം വല്ലതുമുണ്ടോ!!!

  ഞാനുമുണ്ട്.....എഴുതി നോക്കട്ടെ.....എനിക്ക് മലയാളം അറിയാമോ എന്നും അറിയാമല്ലോ....

  സസ്നേഹം,

  ശിവ.

  മറുപടിഇല്ലാതാക്കൂ
 12. നിഷാദ് മാഷെ ഒരു ശ്രമം നടത്തി നോക്കട്ടേ

  മറുപടിഇല്ലാതാക്കൂ
 13. അലാം കേട്ടു ചാടി എഴുന്നേറ്റു റ്റൂത്ത്‌ പേസ്റ്റ്‌ എടുത്തു ബ്രഷു ചെയ്തു ,ബ്രേക്‌ ഫാസ്റ്റ്‌ ഉണ്ടാക്കി ...അയ്യൊ ഒരു ദിവസം പച്ചമലയാളത്തില്‍ ജീവിക്കാന്‍ പ്രയാസം തന്നെ.

  വളരെ ബിസി ആണു.എങ്കിലും ഇതു വളരെ ചാല്ലെജിംഗ്‌ ആയി ഫീല്‍ ചെയ്യുന്നതിനാല്‍ ഈ ഒപ്പൊര്‍ചുനിറ്റി മിസ്സ്‌ ചെയ്യാതിരിക്കാന്‍ റ്റ്രൈ ചെയ്യാം നിഷാദെ ;)

  മറുപടിഇല്ലാതാക്കൂ
 14. നല്ല ആശയം തന്നെ. ശ്രമിക്കാം...

  മറുപടിഇല്ലാതാക്കൂ
 15. മലയാളത്തെ സ്നേഹിയ്ക്കാന്‍ മലയാളികള്‍ക്കാവട്ടെ..

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 16. ശിവാ, സമ്മാനം അല്ല, മര്യാദയ്ക്കു മലയാളം എഴുതിയില്ലേല്‍ തമ്മാനം തരും, ഹി ഹി.
  പ്രിയപ്പെട്ട പ്രിയംവദ, കമന്റ് കണ്ടപ്പോ നിബന്ധന നേരേ തിരിഞ്ഞു പോയോ എന്നൊരു തംശയം.

  തറവാടീ, നരീക്കുന്നന്‍, ബഷീര്‍ സ്വാഗതം....

  മറുപടിഇല്ലാതാക്കൂ
 17. ഈ ആശയം കൊള്ളാലോ മാഷേ...ഇംഗ്ലീഷ് ഇടയ്ക്ക് വന്നാല്‍ ചമ്മി പോകും അല്ലെ?

  മറുപടിഇല്ലാതാക്കൂ
 18. road roller koody malayalathilakkamayirunnu... malayalathil sarikkum alojichu..ayyayyo vayye,,njann enjoy cheytholaam

  മറുപടിഇല്ലാതാക്കൂ
 19. ദാപ്പോ നന്നായെ... നിഷാദ് പുലിയല്ല, പുപുലി അല്ലെ.....
  ഞാനും ഒന്നു ട്രൈ ചെയ്യാം... സോറി ശ്രമിക്കാം... കഷ്മിക്കണം...
  ഇതു കുറച്ചു കഷ്ടം തന്നെയാണുട്ടോ മാഷേ....
  എന്നെകൊണ്ട് പറ്റോ????

  മറുപടിഇല്ലാതാക്കൂ
 20. ആഹാ, ഇതു കൊള്ളാല്ലോ പരിപാടി.

  മറുപടിഇല്ലാതാക്കൂ
 21. ഞാൻ എന്റെ വക ഒരു സംഗതി ഇട്ടു കഴിഞ്ഞു. ദേ :)
  ബുലോഗസംഭവത്തിന്‌ എന്റെ ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 22. ഞാനും ശ്രമിക്കട്ടെ മാഷെ
  മെയിൽ അയക്കാം പോസ്റ്റുന്ന ജോലിയൊക്കെ മാഷ് ചെയ്താൽ മതി

  മറുപടിഇല്ലാതാക്കൂ
 23. കൊള്ളാം. ഒന്നെഴുതിനോക്കട്ടെ നിഷാദെ... :)

  മറുപടിഇല്ലാതാക്കൂ
 24. ഇദംപ്രഥമമായി .... ഇദംപ്രഥമമായി ....?? ഇദംപ്രഥമമായി ....??? ദൈവങ്ങളേ.....!!!ഇദംപ്രഥമമായി ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ! എനിയ്ക്ക് ആംഗലേയം അറിയില്ല. ഞാന്‍ മലയാളത്തിലാണു ജീവിയ്ക്കുന്നതും ചിന്തിയ്ക്കുന്നതും എന്തിനേറെ അനങ്ങുന്നതു പോലും! പിന്നെ എഴുതാനാണോ ബുദ്ധിമുട്ട്? എഴുതും ഞാനും..

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു