പ്രിയ ബൂലോകരേ,
കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റിടാന്‍ ആലോചിക്കുന്നു. എന്താന്നല്ലേ വിഷയം? എന്റെ ഒരു ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ‘മലയാളീകരിക്കുക‘. അപ്പോ നിങ്ങളു ചോദിക്കും, പിന്നെ ഇപ്പോഴെന്താ തമിഴിലാണാ എഴുതണേന്ന്, അതല്ല ദേ ഇവിടെത്തന്നെ കണ്ടില്ലേ, നമ്മളിവിടെ മലയാളീ ’കരിക്കുവാ‘, പകുതിയും ഇംഗ്ലീഷാ, അക്ഷരങ്ങള്‍ മലയാളം ആണെന്നേയുള്ളൂ.
സംഗതി ആലോചിച്ചപ്പോള്‍ ഉഷാറായി. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോ എന്താ സംഭവിച്ചേ?
ഒരു ലാല്‍ സിനിമയില്‍ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കുതിരവട്ടം പപ്പു പറയണ ഡയലോഗില്യേ? ദിപ്പ ശരിയാക്ക്യരാം...ഇതിലെന്തൂട്ടപ്പാ ഇത്ര പണി, ദിപ്പ ശരിയാക്ക്യരാം..
കഥേം കവിതേം മുഴുവന്‍ മലയാളത്തിലെഴുതാന്‍ അത്ര പാടുണ്ടെന്നു തോന്നിയില്ല ( മലയാളത്തില്‍ എഴുതാനെന്നേ പറഞ്ഞുള്ളൂ, കഥയും കവിതയും എന്നു പറഞ്ഞില്യാട്ടോ), പക്ഷേ നീത്യ ജീവിതത്തിലെ പല സംഭവങ്ങളും വിശദീകരിക്കാന്‍ വല്യ പാടാണെന്ന്‍ തുടങ്ങിയപ്പോള്‍ തോന്നി.
എന്താണ് നിങ്ങളുടെ അഭിപ്രായം?
ബ്ലോഗ് ഈവന്റ് എന്ന ഒരു സംഭവത്തെക്കുറിച്ച് വായിച്ചറിയുകയും നമ്മടെ ഇഞ്ചിചേച്ചിയുടെ ആഭിമുഖ്യത്തില്‍ ഒന്ന് വിജയകരമായീ നടക്കുകയും ചെയ്തതാണല്ലോ.
അന്നാപ്പിന്നെ ഇതും അങ്ങിനെ ഒന്നു ശ്രമിച്ചാലോ എന്നായി ചിന്ത, അതിന്റെ പരിണിതഫലമാണീ പോസ്റ്റ്.
വിഷയം: നിങ്ങളുടെ ഒരു ദിവസം / ക്രിയാത്മകമായ ഏതെങ്കിലും വിഷയം
ഒരു ദിവസം എന്നു കൊണ്ടുദ്ദേശിക്കുന്നത്, ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തികളും(പുറത്തു പറയാന്‍ കൊള്ളാവുന്നത് .. ).
നിബന്ധന: എഴുത്ത് പരിപൂര്‍ണ്ണമായി മലയാളത്തിലായിരിക്കണം.
മലയാളം വാക്കു കിട്ടണില്യാന്നു വച്ച് എഴുതാതിരിക്കല്ലേ. പരമാവധി ശ്രമിക്കുക, ബാക്കി നമുക്കെല്ലാവര്‍ക്കും കൂടി നോക്കാന്നേ...
അവസാന തീയ്യതി: കര്‍ക്കിടകം 31, 1183 അഥവാ ഓഗസ്റ്റ് 15, 2008
ഉദ്ദേശം: അറിയാത്ത അഥവാ മറന്നു പോയ മലയാളം വാക്കുകള്‍
ചില വാക്കുകള്‍ നിങ്ങള്‍ എത്ര ആലോചിച്ചാലും അതിന്റെ മലയാളം കിട്ടിയില്ലെന്നു വരും. അത് പ്രത്യേകം നോട്ട് ചെയ്യൂ. നമുക്ക് ഉമേഷ്ജിയെപോലുള്ള വന്‍പുലികളോട് ചോദിച്ചു മനസ്സിലാക്കാം. നിങ്ങള്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം ഇത്രയധികം വാക്കുകള്‍ക്ക് മലയാളം കിട്ടുന്നീല്യല്ലോ എന്നോര്‍ത്ത്.
മലയാളത്തെ മറക്കാന്‍ ഇഷ്ടപെടുന്ന ഒരു കുഞ്ഞും ഈ ബൂലോകത്തില്‍ ഇല്ലെന്നു പറയാം. അപ്പോള്‍ ഇതൊരു രസകരമായ അനുഭവമായിരീക്കും എന്നു വിശ്വസിക്കുന്നു.
ആശയം ഇഷ്ടപെട്ടെങ്കില്‍ സമയവും സൌകര്യമനുസരിച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റിടൂ, കഴിയുമെങ്കില്‍ ലിങ്ക് തരൂ...
ബ്ലോഗില്‍ പോസ്റ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ മെയില്‍ അയച്ചുതന്നാല്‍ മതി. എന്റെ വിലാസം nishad.me@gmail.com
താങ്കളുടെ സുഹൃത്തുക്കളോടും പങ്കെടുക്കാന്‍ പറയുമല്ലോ!
ഒരു കുറിപ്പ്:
ഞാനൊരു ബൂലോകപുലിയല്ല എന്ന കാരണത്താല്‍ ആരും പങ്കെടുക്കാതിരിക്കരുതേ, ആശയം ഇഷ്ടപെട്ടെങ്കില്‍ മാത്രം. എന്റെ ലിങ്ക് പോസ്റ്റില്‍ പ്രസിദ്ധീക്കരിക്കണമെന്നോ, ലിങ്ക് ഇവിടെ കമന്റായി തരണമെന്നോ ഇല്യാട്ടോ. എനിക്കു മനസ്സില്‍ തോന്നിയ ഒരാശയം നിങ്ങളുമായി പങ്കു വച്ചു എന്നുമാത്രം. അല്ലേലും അതിനല്ലേ ഈ ബ്ലോഗ് എന്ന സാധനം?