♪♪മറവി തന് മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും... ഓര്‍മ്മകളോടിയെത്തി വിളിച്ചുണര്‍ത്തും...♪♪
ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008
സംവരണവും സാഹചര്യവും
ചുറ്റിലും കണ്ണോടിച്ചു, ബസ്സിനകത്തുള്ള സകല നാരീമണികളും ഇരിക്കുകയാണ്. ഇവിടെയിരുന്നാലോ? അല്ലേല്‍ വേണ്ട വഴിയില്‍ നിന്നാരേലും കയറിയാല്‍ പിന്നെ എണീക്കേണ്ടി വരും. ഞാന്‍ പുറകിലോട്ട് നടന്നു. പിറകിലെ സീറ്റില്‍ ശകലം സ്ഥലമുണ്ട്. ഒന്നു ചിരിച്ചു കാണിച്ചപ്പോള്‍ രണ്ടുപേരുടെ ഇടയില്‍കിട്ടിയ സ്ഥലത്ത് ആസനം ഉറച്ചു ഉറച്ചില്ലാ എന്ന മട്ടിലിരുന്നു. നാലഞ്ച് ഹെയര്‍പിന്നുകളുള്ളതാണ്.
തുടര്‍ച്ചയായ മഴയില്‍ തണുത്തു വിറച്ച കാറ്റ് ശകലം ചൂടിനായി ബസ്സിനകത്തേക്ക് നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്നു. കാറ്റിന്റെ കുളിര്‍തലോടലേറ്റപ്പോള്‍ കൈയ്യിലെ രോമങ്ങളെല്ലാം ഐ ജീനെ കണ്ട പോലീസുകാരെപ്പോലെ അറ്റന്‍ഷനിലായി.
ബസ്സ് രണ്ടാമത്തെ സ്റ്റോപ്പിലെത്തി, മഴയുടെ ആലസ്യം കൊണ്ട് അധികമാരെയും പുറത്തു കാണാനില്യ. രണ്ടു പേര്‍ ആ സ്റ്റോപ്പില്‍ നിന്നു കയറി. പിറകില്‍ കയറിയ ആള്‍ മടക്കിയ കുട വെള്ളം തോരാനായി ചെറുതായൊന്നു കുടഞ്ഞു. ആ തണുപ്പില്‍ പീന്നെയും ഐസ് പോലുള്ള വെള്ളത്തുള്ളികള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ പെട്ടെന്നു കലിപ്പ് തോന്നി. ഇവനൊക്കെ.. അല്ലേല്‍ വേണ്ട പറഞ്ഞിട്ടെന്താ, കൈ കൊണ്ട് മുഖം തുടച്ച് ഒന്നും സംഭവിക്കാത്ത പോലെയിരുന്നു.
മുന്‍പില്‍ കയറിയ തരുണീമണി അപ്പോഴേയ്കും വല്യപ്പന്‍ മാത്രമിരിക്കുന്ന സീറ്റിനടുത്തെത്തി. സ്ത്രീകള്‍ എന്നെഴുതിയ സ്ഥലത്തേയ്ക്കും വല്യപ്പന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കാന്‍ തുടങ്ങി. സ്ഥലം പോരാഞ്ഞിട്ടാണൊ എന്നറിയാതെ വല്യപ്പന്‍ സീറ്റിന്റെ ഒരു മൂലയിലേക്കൊതുങ്ങി. അവള്‍ അപ്പോഴേയ്ക്കും നോട്ടം കണ്ടക്ടറിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു.
ഇതു സ്ത്രീകള്‍ക്കുള്ള സീറ്റല്ലേ? ചോദ്യം വല്യപ്പനോടാണെങ്കിലും ഉന്നം കണ്ടക്ടറിലായിരുന്നു. ഇവള്‍ക്കെന്താ ആ ഒഴിഞ്ഞ സീറ്റിലീരുന്നാല്‍ എന്നു മനസ്സില്‍ പറഞ്ഞെങ്കിലും സ്ത്രീകളുടെ സീറ്റ് മാറിക്കൊടുക്കൂ എന്നാണ് പുറത്ത് വന്നത്. വല്യപ്പന്‍ കേട്ടില്ലാന്നു തോന്നുന്നു, അതോ തന്നോടല്ലെന്നു വിചാരിച്ചിട്ടാണോ എന്തോ, ഒരു പ്രതികരണവുമുണ്ടായില്യ.
ആഹാ അത്രയ്ക്കായോ! ആണുങ്ങളെ സ്തീകള്‍ക്കുള്ള സീറ്റില്‍ നിന്നെഴുന്നേല്പിക്കാന്‍ അവള്‍ കണ്ടക്ടറോടാവശ്യപ്പെട്ടു. പ്രായമായ ആളല്ലേ? കൊച്ചിനടുത്തിരുന്നു കൂടെ? മ്, ഞാനോ, ഇല്ലില്ല, അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റാണ്, മാത്രല്ല വയസനാണെങ്കിലും ആണുങ്ങളുടെയടുത്ത് ഞാനീരിക്കില്ല.
നിവൃത്തിയില്യാതെ കണ്ടക്ടര്‍ പുള്ളിയോടെഴുന്നേല്‍ക്കാനവശ്യപ്പെട്ടു. എന്തിനാണെന്നു മനസിലായില്യെങ്കിലും കണ്ടക്ടര്‍ പറഞ്ഞപ്പോ വല്യപ്പന്‍ എഴുന്നേറ്റു. തറവാട്ടുവക സ്വത്തെന്ന പോലെ അവള്‍ സീറ്റിലേക്കമര്‍ന്നു. സീറ്റിന്റെ നടുക്കായി ഇരുന്ന അവള്‍ ബാഗ് ഇപ്പുറത്തെ സീറ്റിലും വച്ചു, ഇനി ആരെങ്കിലും വന്നിരുന്നാലോ!
ബസ് ഹെയര്‍പിന്നുകള്‍ പിന്നിട്ടു കൊണ്ടിരുന്നു. എനിക്കിറങ്ങാനുള്ള സ്ഥലമായി. ഇനിയുള്ള സ്ഥലത്തേയ്ക്ക് ബസ്സ് ഇല്ല. ട്രിപ്പ് ജീപ്പുകളാണാശ്രയം. ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. എന്തിനാണെന്നറിയാതെ ആ മഹതിയുടെ നേരെ ഒന്നു കണ്ണോടിച്ചു. ഓഹോ ഇവളും എന്റെ സ്റ്റോപ്പില്‍ തന്നെയാണല്ലോ ഇറങ്ങാന്‍ പോകുന്നത്!
ബസ്സില്‍ നിന്നിറങ്ങി ജീപ്പ് പാര്‍ക്കു ചെയ്യുന്നിടത്തേയ്ക്ക് നടന്നു. ഇപ്പൊഴും മഴ വെള്ളിനൂലു പോലെ പെയ്യുന്നുണ്ട്. ജീപ്പ് ഡ്രൈവറ് ആളുകളെ വിളിച്ച് കയറ്റിക്കൊണ്ടിരിക്കുന്നു. ഞാനെത്തുമ്പോള്‍ തന്നെ ജീപ്പ് സാമാന്യം നിറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ മാക്സീമം ആളുകളെ തള്ളിക്കയറ്റിയിട്ടേ പോകൂ. മഴയില്ലെങ്കില്‍ പിറകില്‍ തൂങ്ങാമായിരുന്നു.
ശരീരത്തിന്റെ കുറച്ചുഭാഗം വെളിയിലാണെങ്കിലും പിറകില്‍ കഷ്ടി ഇരിക്കാന്‍ പറ്റി. ആഹാ നമ്മുടെ തരുണീമണിയും ജീപ്പിനു നേര്‍ക്കാണല്ലോ. ഏയ് ആവാന്‍ വഴിയില്യ. സംവരണമില്ലാത്ത ഇതില്‍ എങ്ങിനെ??
ഡ്രൈവര്‍ ഇറങ്ങിവന്ന് പിറകിലെ ഡോര്‍ തുറന്നു, അവള്‍ ഡ്രൈവര്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു, അദ്ദേഹം തിരിച്ചും! ഓഹോ അപ്പോള്‍ ഇവര്‍ പരിചയക്കാരാണല്ലേ? ആണുങ്ങള്‍ മാത്രം തിങ്ങിയിരിക്കുന്ന പുറകിലേയ്ക്ക് അവള്‍ ചിരര്‍പരിചിതയെപ്പോലെ നൂണ്ടു കയറി.
കാലുകളും കൈകളും ജീപ്പിനകത്തും ഉടല്‍ പുറത്തുമായി ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിക്കെതിരേയുള്ള സീറ്റില്‍ രണ്ടാണുങ്ങളുടെ മടിയീലെന്ന പോലെ കൂളായി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍ കമ്പിയില്‍ ബലം പിടിച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ ചിത്രം മനസില്‍ തെളിഞ്ഞു വന്നു, കൂടെ പുച്ഛരസം നിറഞ്ഞ ഒരു പുഞ്ചിരി മുഖത്തും...
----------------------------
ഓടോ: പണ്ട് കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളിലൊന്നില്‍, വനിതാ സീറ്റിലിരുന്നിരുന്ന എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ ദേ ആണുങ്ങളുടെ സീറ്റിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ എഴൂന്നേറ്റാല്‍ ഞാനുമെഴുന്നേല്‍ക്കാം എന്നു പറഞ്ഞതും, പിന്നീടതിന്റെ ഗുട്ടന്‍സ് മനസിലായപ്പോ ക്ലാസ് പോയാലും വേണ്ടില്യാന്നു വച്ച് ചമ്മലു സഹിക്കാനാവാതെ ഇടയ്ക്കുള്ള സ്റ്റോപ്പില്‍ ചാടിയിറങ്ങിയതും ചരിത്രം.
ബുധനാഴ്‌ച, ഓഗസ്റ്റ് 13, 2008
മനസ്സുകള്‍ അടിമകളായ പൂമ്പാറ്റകള്‍
----------------------------------------
അന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു. അവള്‍ കൂട്ടുകാരോടു പറഞ്ഞു, കാബില്‍ ഒരു തെലുങ്കന്‍ ചെക്കന്‍, അവന്‍ മനുഷ്യനെ വെറുതേ കളിയാക്കുവാ. എനിക്കൂ സഹിക്കാന്‍ പറ്റണില്യ.
അവളുടെ സ്വഭാവമറിയാവുന്ന അവര്‍ ചിരിച്ചു, മഹാനഗരത്തില്‍ വന്നിട്ട് രണ്ടുമാസമായെങ്കിലും ഇപ്പോഴും ഒരു നാട്ടിന്‍ പുറത്തുകാരി. ആരെങ്കിലും തമാശപറഞ്ഞാല്‍ പൊട്ടി പൊട്ടിച്ചിരിക്കുകയും കളിയാക്കിയാല്‍ കണ്ണു നിറയുകയും ചെയ്യുന്നവള്‍. ആണ്‍കുട്ടികളോട് കൂട്ടുകൂടുന്നത് നല്ലതല്ല എന്ന് പറഞ്ഞ് സഹമുറിയത്തിമാര്‍ രാത്രികളെ പകലാക്കുമ്പോള്‍ അതില്‍നിന്നെല്ലാം അകന്നു നിന്നവള്‍.
ആ ചെറുക്കന്‍ വെറുതേ വല്ല ഡയലോഗും പറഞ്ഞതാരിക്കും, ഇവള്‍ക്കെന്തോരം വേണമെന്ന്‍ നമുക്കറിഞ്ഞൂടെ.(ഒരു കോറസ് കൂട്ടച്ചിരി). അല്ലാ എന്നെ ശെരിക്കും കളിയാക്കുവാ. ഞാന്‍ വേണ്ടാന്നു പറഞ്ഞിട്ടും കേള്‍ക്കണില്യ. അവള്‍ മുഖം വീര്‍പ്പിച്ചുകൊണ്ട് നൈട്ട് ഷിഫ്റ്റിന്റെ ആലസ്യത്തില്‍ കിടക്കയിലേയ്ക്ക് ചെരിഞ്ഞു.
ദിവസങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒരു ദിവസം കയറി വന്നുടനെ അവള്‍ പറഞ്ഞു, ആ ചെറുക്കനെ കൊണ്ടു തോറ്റു, മനുഷ്യനെ അവന്‍ കളിയാക്കി കൊല്ലും, ആ സമയത്ത് അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. ആ കളിയാക്കല്‍ ആസ്വദിച്ചെന്ന പോലെ.
അടുത്ത ദിവസങ്ങളില്‍ കിലുക്കാമ്പ്പെട്ടിയെപ്പോലെ കിലുങ്ങിക്കൊണ്ടവള്‍ പറഞ്ഞു, ആചെറുക്കന്റെ കാര്യം ബഹുരസാട്ടോ, വെറുതേയിങ്ങനെ കളിയാക്കികൊണ്ടിരിക്കും. മുഖത്തൊരു തിങ്കളുദിച്ചപോലുള്ള പുഞ്ചിരിയുമായവള്‍ ഉറക്കത്തിലേക്കലിഞ്ഞു.
പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ അവന്റെ വിശേഷങ്ങള്‍ മാത്രമായി. ഈ പെണ്ണിനെന്തുപറ്റി? കൂട്ടുകാരികള്‍ അത്ഭുതപ്പെട്ടു. കണ്‍പോളകളെ ഉറക്കം കീഴ്പെടുത്തും വരെ, ശബ്ദം പതറിയില്ലാതാവുന്നതു വരെ അവളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവന്‍ ഇങ്ങനെ പറഞ്ഞു, കണ്ണു തുറന്നാല്‍ പിന്നേയും തുടങ്ങും, ഉണ്ണുമ്പോഴും ടി വി കാണുമ്പോഴെല്ലാം അവളവനെ വര്‍ണിച്ചു കൊണ്ടിരുന്നു.
കളിയാക്കാന്‍ തുടങ്ങിയ കൂട്ടുകാരോടവള്‍ ഒരു ദിവസം പറഞ്ഞു, അയ്യേ! അവനെന്റെ നല്ല ഫ്രണ്ടാ, അല്ലാതെ കണ്ട തെലുങ്കന്‍ ചെക്കനെയുമൊന്നും ഞാന്‍.... ഞാനെ നല്ല തറവാട്ടീ പിറന്നതാ.
കണ്ട തെലുങ്കന്മാരെയൊന്നും വിശ്വസിക്കരുതെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അയ്യോ ഇവന്‍ അങ്ങിനെയൊന്നുമല്ല, എന്നോടല്ലാതെ വേറെ പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്യ. ഞാന്‍ മിണ്ടിയില്ല്ലേല്‍ പാവം വേറെ ആരോടാ സംസാരിക്കുക? കഷ്ടല്ലേ?? മാത്രമല്ല അവനൊരു ഗേള്‍ഫ്രണ്ടുണ്ടല്ലോ, എപ്പഴും വിളിക്കണത് ഞാന്‍ കാണാറുണ്ടല്ലോ!
പിറ്റേ ദിവസം ജോലി കഴിഞ്ഞെത്തിയ അവളുടെ മുഖത്ത് കുഞ്ഞു കാര്‍മേഘങ്ങള്‍, എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവനിന്ന് ലീവായിരുന്നെടീ. എനിക്ക് ഓഫീസില്‍ ഇരിക്കാനെ പറ്റണില്യായിരുന്നു. ഇപ്പോ അവനില്ലാത്ത ഓഫീസ് എനിക്കാലോചിക്കാനേ പറ്റുന്നില്യ. ഇതെത്ര കണ്ടതാണെന്ന മട്ടില്‍ കൂട്ടുകാര്‍ ചിരിച്ചത് അവള്‍ക്ക് മനസിലയില്യ.
ഓഫീസില്‍ ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ പലരും പലതും പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അവര്‍ക്കെന്നെ അറിയാത്തോണ്ടാ, എനിക്കവനെ അറിയാലോ, ഞങ്ങള്‍ നല്ല ഫ്രണ്ട്സ് മാത്രമാണ്. അവനില്ലാതെ അവള്‍ക്കു ഭക്ഷണവും കാപ്പിയുമില്ലാതായി.
അന്നവള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. വന്നുകയറിയ പാടെ അവള്‍ പറഞ്ഞു, എടീ അവനെന്നെ പിന്നേയും പറ്റിച്ചു,അവനു ഗേള്‍ഫ്രണ്ടൊന്നുമില്ല്ലെന്നേ, അവനെന്നെ പറ്റിക്കാന്‍ പറഞ്ഞതാ, അതവന്റെ വെറും ഫ്രണ്ടാ. അവന്‍ ഞാന്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞതാ.
ജോലിയിലെ ഇടവേളകളില്‍ അവള്‍ അവനോട് കൊഞ്ചി, എന്തേലും പറ, ഒരു കഥ പറയൂന്നേ. അവന്‍ പറഞ്ഞു, ഞാന്‍ അത്ര നല്ലവനല്ല, എന്റെ കഥകള്‍ കേട്ടാല്‍ നീയെന്നോടു മിണ്ടുക പോലുമില്യ. ഇല്ലാ അങ്ങിനൊയൊന്നുമില്ലാ, പറയൂന്നേ. ശരി എന്നാല്‍ പറയാം, ഞാന്‍ ഒരു കുട്ടിയെ പ്രേമിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ എല്ലാ ബന്ധവുമുണ്ടായിരുന്നു, എല്ലാം എന്നു പറഞ്ഞാല്‍ അല്ലെങ്കില്‍ വേണ്ട, അതൊന്നും കേള്‍ക്കാനുള്ള പ്രായമായിട്ടില്ല നിനക്ക്.
ഉവ്വ്, ഉവ്വ്, പറയൂന്നേ, പ്ലീസ്...
ഞങ്ങള്‍ പല തവണ ശാരീരികമായും ബന്ധപ്പെട്ടിട്ടുണ്ട്. കുറേ നാള്‍ ശരിക്കും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെയായിരുന്നു. പക്ഷേ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ല എന്നെനിക്കറിയാരുന്നു. അതോണ്ട് ഞാനവളോടു പറഞ്ഞു, വേറെ കല്യാണം കഴിച്ചോളാന്‍. എന്നാലും അവളെ എനിക്കെന്തിഷ്ടമായിരുന്നെന്നോ!. അവന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട് അവളുടെ മനസാര്‍ദ്രമായി.
അന്നവള്‍ വന്നപ്പോള്‍ പറഞ്ഞു, എടീ ഇന്നെനിക്കവനോടുള്ള ഇഷ്ടം ശരിക്കും കൂടി, എന്തു പാവമാടീ അവന്‍. എല്ലാം എന്നോടു പറഞ്ഞു. നല്ല കൂട്ടുകാരന്‍ തന്നെ.
അവന്‍ പറഞ്ഞു, നീയണെന്റെ അടുത്ത ഫ്രണ്ട്, നിന്റടുത്തെനിക്കിപ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുള്ള പോലെ.പിന്നല്ലാതെ, നല്ല ഫ്രണ്ട്സ് എന്നു പറഞ്ഞാ പിന്നെന്താ, നിനക്കെന്തു വേണേലും എന്റടുത്ത് പറയാം.
അന്നു കാന്റീനിലിരിക്കുമ്പോള്‍ ജീന്‍സിലും ടീഷര്‍ട്ടിലും കടന്നു പോയവളുടെ പിന്നാലെ അവന്റെ കണ്ണുകള്‍ പോകുന്നത് കണ്ടപ്പോള്‍ അവള്‍ ചോദിച്ചു, എന്താടാ ഇത്ര നോക്കാന്‍? അതൊന്നും നിന്നോടു പറയാന്‍ പറ്റില്യാ. അപ്പോ നമ്മള്‍ നല്ല ഫ്രണ്ട്സാണ്, എന്തും പറയാന്നു പറഞ്ഞിട്ട്? വേണ്ട എന്നോടു മിണ്ടണ്ട. ഓക്കെ ഞാന്‍ പറയാം, അല്ലാ അത്തൊന്നൂലാ. ആ പോയവളെ കണ്ടാ നല്ല സെക്സിയായിരിക്കുന്നു. സെക്സീന്നു പറഞ്ഞാ?? ‘അവളുടെ നിഷ്കളങ്കമായ‘ ചോദ്യം.
അതൊന്നൂല,
പറയൂന്നെ..
അല്ല അവളുടെ ചിലഭാഗങ്ങള്‍ കണ്ടാല്‍ നന്നായിരിക്കുന്നു. ചില ഭാഗങ്ങള്‍ എന്നു പറഞ്ഞാ?? അവന്‍ കൈ ചൂണ്ടിയപ്പോള്‍ അവളുടെ മുഖം ചുവന്നു. ദേ ഇങ്ങിനെയുള്ള വൃത്തികേടൊന്നും എന്നോടു പറയരുത്. ഓഹോ ഇപ്പോ അങ്ങിനെയായോ? ഞാന്‍ അപ്പോഴേ പറഞ്ഞതാ പറയില്യാന്ന്. അപ്പോ ആരാ പറയാന്‍ പറഞ്ഞേ? മ്മ്മ്, ശരി ശരി.
പിറ്റേ ദിവസം അവനവളുടെ കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡിലേയ്ക്ക് സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോ എന്നാ കണ്ടോ എന്നു പറഞ്ഞവള്‍ അതു ഊരി നല്‍കാന്‍ തുടങ്ങി, അപ്പോള്‍ അവന്‍ പറഞ്ഞൂ, എനിക്കതവിടെക്കിടന്നു കണ്ടാല്‍ മതി! അതാ രസം. പിന്നേയും അവളുടെ മുഖം ചുമന്നു, കള്ള ഗൌരവത്തോടെ പറഞ്ഞു, വൃത്തിക്കെട്ടവന്‍!
അവന്‍ അവളോടവന്റെ ലൈഫ് സ്റ്റോറി പങ്കുവയ്ക്കുവാന്‍ തുടങ്ങി. എ സിയുടെ തണുപ്പ് കൂടിയ ഒരു ദിവസം അവള്‍ പറഞ്ഞു, ഹൊ എന്തൊരു തണുപ്പ്, വാ നമുക്കൊരു കാപ്പി കുടിക്കാം. കാപ്പി കുടിക്കുമ്പോള്‍ അവന്‍ അവളുടെ കയ്യെടുത്തവന്റെ കൈക്കുള്ളില്‍ വച്ചു. ഹായ്, നിന്റെ കൈക്കെന്തു ചൂടാ. പിന്നെ തണൂക്കുമ്പോഴെല്ലാം അവളവന്റെ കൈ തേടാന്‍ തുടങ്ങി.
ഒരു ദിവസം അവള്‍ പറഞ്ഞു, ഞാന്‍ നിന്നെ കെട്ടിയാലോ എന്നാലോചിക്കുവാ. അയ്യോ നിന്നെ ഞാന്‍ അങ്ങിനെയൊന്നുമല്ല കാണുന്നേ, എന്റെ നല്ല ഫ്രണ്ടായിട്ടാ. അയ്യടാ അല്ലേല്‍ ഇപ്പോ കെട്ടും. ഞാന്‍ വെറുതേ തമാശ പറഞ്ഞതാ. പിന്നെ അവര്‍ തമാശയ്ക്ക് കാമുകീകാമുകന്മാരായി. ചോദിച്ച കൂട്ടുകാരികളോടവള്‍ പറഞ്ഞു, ഞങ്ങള്‍ ചുമ്മാ
തമാശയ്ക്കല്ലേ? ഞാന്‍ തമാശ പറയുന്നതാണെന്നവനറിയാം. അല്ലെങ്കിലും ഞാന്‍ ഒരു തെലുങ്കനെ.... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?
ഒരു ശനിയാഴ്ച അവളവനെ വിളിച്ചപ്പോള്‍ അവന്‍ സഭ്യതയുടെ ഒരതിര്‍വരമ്പുമില്ലാതെ സംസാരിച്ചു. അവള്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേ ദിവസം അവല്‍ അവനോട് മിണ്ടിയില്ല. അവളുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അവന്‍ പറഞ്ഞു, ഞാന്‍ ഒരു പാര്‍ട്ടിയിലായിരുന്നു. കുടിച്ചിട്ട് ബോധമുണ്ടായിരുന്നില്യ. അതിനു നീയിത്ര മാത്രം വിഷമിക്കാനെന്താ? ഞാന്‍ നിന്റടുത്തല്ലേ പറഞ്ഞത്? എനിക്കെന്താ പറയാനുള്ള സ്വാതന്ത്ര്യമില്ലേ? അവള്‍ക്കു സമ്മതിക്കാതെ വയ്യാരുന്നു.
അവന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അവന്റെ കൂട്ടുകാര്‍പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ടെന്നും അവന്‍ മാത്രം അതിലൊന്നും പെടാറില്യ എന്നും പറഞ്ഞപ്പോള്‍ അവളവനെ കൂടുതല്‍ വിശ്വസിച്ചു.
അവന്റെ പല മുഖങ്ങള്‍ അവള്‍ക്ക് മനസിലാവാന്‍ തുടങ്ങി, പക്ഷേ എന്നത്തേയും പോലെ അവള്‍ വഴക്കുകളില്‍ പരാജയപ്പെട്ടു. അവനോടവള്‍ക്ക് വാദമുഖങ്ങില്ലായിരുന്നു.
വാക്കുകളിലെ അതിരുകള്‍ ലംഘിക്കപ്പെടുന്നതവള്‍ അറിഞ്ഞു. അവള്‍ പലവട്ടം പിണങ്ങി. ഒരിക്കല്‍ പോലും ഒരു സോറി പറയാന്‍ പോലും അവനവളുടെ അരികിലേയ്ക്ക് ചെന്നില്ല, പക്ഷേ ഒരു ദിവസത്തില്‍ കൂടുതല്‍ അവനോട് മിണ്ടാതിരിക്കാന്‍ അവള്‍ക്കാവ്വില്യായിരുന്നു.
ഒരു ദിവസം അവന്‍ പറഞ്ഞു, നിന്നെ ഞാനൊരു ദിവസം എന്റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടു പോകാം, അവിടെ എന്റെ ഒരു പാട് പഴയ ഫോട്ടോസും കാര്യങ്ങളുമുണ്ട്. അതെല്ലാം കാണണ്ടേ?
അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ...
അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.
ബുധനാഴ്‌ച, ജൂലൈ 09, 2008
ഫ്രഞ്ച് അഡിക്ഷന്‍...
ആരാ കരയണേന്നല്ലേ? കരയുന്ന സ്ത്രീരത്നത്തിന്റെ പേര് ലാലി(കഥ ഒറിജിനലാണേലും പേരു മാറ്റി, എനിക്കെന്റെ തടി നോക്കണ്ടേ?). ഇപ്പറഞ്ഞ വനിതാരത്നമാണ് മ്മടെ കഥയിലെ നായിക. വിദ്യ അഭ്യാസ യോഗ്യത പറഞ്ഞാല്‍ എഞ്ചിനീയര്‍, ഒരു പ്രശസ്ത ഐടി കമ്പനിയില്‍ ജോലിക്കു കയറിയിട്ട് എതാണ്ടൊരു 6-8 മാസം. കാണാന്‍ വല്യ തെറ്റില്യ,
ഇനി ശകലം ഫ്ലാഷ് ബാക്ക്, അയ്യോ നിങ്ങളെങ്ങോട്ടാ പോണേ, ഒരാറുമാസം മതീന്നേ..
കോഴിക്കോട്ടുകാരിയായതോണ്ടാണോ എന്തോ കോഴിയോടാണ് ഏറ്റവും വല്യ പ്രിയം। തെറ്റിദ്ധരിക്കല്ലേ സഖാക്കളേ, വെച്ച കോഴിയോടാണേ! പിന്നെ ഇംഗ്ലീഷ് പാട്ടുകള്‍. ഏറ്റവും വെറുപ്പ് പ്രേമം. ഇത്രേം ചീപ്പ് പരിപാടി വേറെയില്യത്രേ, സമയം കിട്ടുമ്പോഴൊക്കെ സഹമുറിയത്തിമാരെ ഉപദേശിച്ചുക്കൊണ്ടേയിരിക്കും. മക്കളേ നിങ്ങള്‍ വെറുതേ ഓരോരുത്തരുടെ വാക്കു കേട്ടു വഴിയാധാരമാകരുതേ എന്ന്.
അതൊക്കെ പോട്ടെ, നമുക്കു വിഷയത്തിലേയ്ക് വരാം. ഇങ്ങനെ ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കേ, ഒരു ദിവസം അവള്‍ കൂട്ടുകാര്‍കളോടു പറഞ്ഞു. എടീ എന്റെ ആപ്പീസില്‍ ശങ്കര്‍ എന്നൊരു പയ്യന്നുണ്ട്. മറ്റുള്ള അലവലാതി ആമ്പിള്ളേരെപോലെയൊന്നുമല്ല്ല, നല്ല കിടിലന്‍ സ്വഭാവം.
ദിവസങ്ങള്‍ കടന്നു പോയി, ലാലി ഇപ്പോ പറയുന്ന വാചകങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ശങ്കറിലായിരിക്കും. അവന് ഇംഗ്ലീഷ് പാട്ടെന്നു പറഞ്ഞാ പ്രാന്താ, പിന്നെ എന്തും ബ്രാന്‍ഡഡേ ഉപയോഗിക്കൂ, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലീന്നേ ശാപ്പാടടിക്കൂ, സഹമുറിയത്തിമാര്‍ മുറുമുറുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഏയ് ഞങ്ങള്‍ നല്ല ഫ്രണ്ട്സാ....
ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന അവള്‍ പ്രഖ്യാപിച്ചു, ഈ കാബിനു വരുന്നത് എന്തു നഷ്റ്റാ, ആകെ ഇച്ചിരി ദൂരം വരുന്നതിന് 2000 രൂഫാ, എന്നെ ശങ്കര്‍ കൊണ്ടു വന്നാക്കാം എന്നു പറഞ്ഞിട്ടുണ്ട്. (ഇത്രേം സ്നേഹമുള്ള ഒരു ഫ്രണ്ട് നിങ്ങക്കുണ്ടോടീ എന്നു മനസിലും പറഞ്ഞു).
അങ്ങിനെ ലാലിക്കുട്ടി വരവും പോക്കും ബൈക്കിലായി, ലാഭിച്ച രണ്ടായിരത്തിനു പകരമായി 250 രൂപയുടെ സാല്‍വാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നവള്‍ ആയിരങ്ങളുടെ ജീന്‍സീലേയ്ക്കും ടോപ്പിലേയ്ക്ക്കും കുടിയേറി. മണിക്കൂറുകള്‍ കണ്ണാടിക്കു മുന്നില്‍ ചിലവഴിച്ചു. രാത്രി 12 നു ജോലി കഴിഞ്ഞെത്തിയാല്‍ ഉറക്കമില്ലാതെ മൊബലിന്റെ ചേവി കടിച്ചു പറിച്ചു.
അവധിദിവസമായാല്‍ 48 മണിക്കൂറും ഉറങ്ങിയാലും മതിയാവാത്തവള്‍ വെളുപ്പിനേ എണീറ്റൊരുങ്ങുന്നതുകണ്ടമ്പരന്നവരൊടവള്‍ ഒരു ലജ്ജയുമില്ലാതെ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ശങ്കര്‍ എന്നെ പ്രൊപ്പോസ് ചെയ്തു, ഞാനാലോചിച്ചപ്പോ അവനോളം തങ്കപ്പെട്ട എന്നെ ഇത്രേം മനസീലാക്കുന്ന ഒരുത്തനെ എനിക്കു കിട്ടൂല, എന്നാപ്പിന്നെ ഞാനൂം....
ഹലോ, എത്തിയോ, ദാ വരണൂ, അമ്പരന്നു നിന്ന മുഖങ്ങളെ വകവയ്കാതെ അവള്‍ ഫ്ലാറ്റിന്റെ പടികള്‍ ചവിട്ടിക്കുലുക്കിയിറങ്ങി.
അങ്ങിനെ പുതിയ ഒരു പ്രണയജോഡികള്‍ പാറിപ്പറക്കാന്‍ ആരംഭിച്ചു. പ്രണയം മൂത്തു, 12 മണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുന്നത് വെളുപ്പിന് നാലുമണിക്കായി. ചില ദിവസങ്ങളില്‍ ലീവെടുക്കാന്‍ തുടങ്ങി.
ഒരു ദിവസം ലാലിക്കൊരു ഫോണ്‍കാള്‍, ശങ്കറിന്റെ മുന്‍കാമുകിയാത്രെ, അവന്‍ അവളെ ചതിച്ചുപോലും, സൂക്ഷിക്കാന്‍. പിന്നേ അവള്‍ടെ ഒരുപദേശം, ഞാന്‍ വിട്ടിട്ടുവേണമാരിക്കും അവള്‍ക്കു നോക്കാന്‍. ഹും, അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി...
അങ്ങിനെ പറഞ്ഞെങ്കിലും ലാലിക്കൊച്ചിനൊരസസ്ഥത, എന്തിനാ അവള്‍ വിളിച്ചേ? ചുമ്മാ നാളെയൊന്നന്വേഷിച്ചാലോ, ശങ്കറിന്റെ ഫ്രണ്ട്സ് കുറച്ചു പേരുണ്ടല്ലോ അവിടെ..
ദേ കെടക്കണു ചട്ടീം കലോം! ആ അന്വേഷണത്തിന്റെ പരിസമാപ്റ്റിയാണ് നിങ്ങള്‍ ഏറ്റവുമാദ്യം വായിച്ചത്.
അലമുറയിടുന്ന അവളോട് കൂട്ടുകാര്‍ ചോദിച്ചു, എന്നാ പറ്റിയെടീ, കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.
എടീ അവന്‍ ചതിയനാടീ, എന്നെ പറഞ്ഞു പറ്റിക്കുവാരുന്നു..
അവന്റെ വീട് പാലക്കാടല്ല കോഴിക്കോടാ...
അവന്‍ എഞ്ചിനീയറല്ല സാദാ ഡിഗ്രിയാ...
ഒരുത്തി വിളിച്ചില്ലേ അവളേം അവന്‍ ചതിച്ചതാ, അവളു പറയുന്നെ അവന്‍ വേറെ പലരേം...
കൂട്ടുകാര്‍ പറഞ്ഞു അതു സാരല്യ, ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ, ഇനിയെങ്കിലും നിര്‍ത്തിക്കോളൂ അവനുമായിട്ടുള്ള കണക്ഷന്‍.
ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ..
എന്റെ കാശു മൊത്തം പോയെടീ, ഞാനവനു എത്ര ഷര്‍ട്ടാ എടുത്തു കൊടുത്തത് എന്നറിയാമോ? എന്റെ എ ടി എം കാര്‍ഡുവരെ അവന്റെ കയ്യിലാ...
എന്നാലും സാരമില്യ, ഇപ്പോഴെങ്കിലും അറിഞ്ഞതു നന്നായി, ഇല്ലെങ്കില്‍ ഇച്ചിരി നാളു കഴിഞ്ഞാല്‍ നിങ്ങളെ ആന്റീന്നു വിളിക്കാന്‍ ഇവിടെ ആള്‍ വന്നേനെ!
അവനെ ഞാന്‍ വെറുതേ വിടില്യ, ഞാന്‍ ജോലി രാജി വയ്ക്കുവാ, എനിക്കിവിടെ നിക്കാന്‍ വയ്യാ, ഞാന്‍ പോകുവാ..
കണ്ണീര്‍പ്പുഴ ഒഴുകികൊണ്ടേയിരുന്നു...
ദിവസങ്ങള്‍ കൊഴിഞ്ഞു, അവനെ കാണാനേയില്ലാരുന്നു, ഒരു ദിവസം അവള്‍ ഫോണില്‍ അവനോട് തന്റെ എ ടി എം കാര്‍ഡും വാങ്ങിയ പണവും തിരിച്ചു ചോദിച്ചു. അവന്‍ പറഞ്ഞു, നാളെ പുറത്തേയ്ക്കു വരൂ, തരാം,
അവള്‍ കാര്‍ഡ് മേടിക്കാന്‍ പോയി. അവന്‍ പറഞ്ഞു നീ എന്നെ പിരിയാതിരിക്കാനാണ് ഞാന്‍ ഈ കള്ളമെല്ല്ലാം പറഞ്ഞത്, നീയില്ലാതെ എനിക്കു ജീവിക്കാനാവില്യ, ഇതാ നിന്റെ കാര്‍ഡ്, അതില്‍ ഇപ്പോള്‍ കാശില്ല, പക്ഷേ ഞാനതെപ്പോഴെങ്കിലും തിരിച്ചുതരും, പക്ഷേ ആ പണത്തിലും എത്രയോ വലുതാണെന്റെ സ്നേഹമെന്നു നീ മനസിലാക്കണം!
അവള്‍ മിണ്ടാതെ തിരിഞ്ഞു നടന്നു.
ദിവസങ്ങള്‍ പിന്നേയും പാട്ടും പാടി കടന്നു പോയി,
ഇന്നവള്‍ രാത്രി ഒരു പാടു വൈകിയാണ് വന്നത്, കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ പണി തീരാന്‍ വൈകി എന്നു പറഞ്ഞു, അവളുടെ ഫോണിന് പിന്നേയും ഉറക്കം നഷ്റ്റപെടാന്‍ തുടങ്ങി, ഷിഫ്റ്റുകള്‍ക്കു നീളം കൂടാനും...
സഹമുറിയത്തികള്‍ പരസ്പരം പിറുപിറുത്തു, ഈ ഫ്രഞ്ചിന് ഇത്രേം പവറുണ്ടോ? ഇങ്ങനേം അഡിക്റ്റാവാന്‍?
തിങ്കളാഴ്‌ച, ജൂൺ 23, 2008
വിലങ്ങിട്ട കാഴ്ചകള്‍
നീളം പോരാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയുള്ള ഒരു കാക്കിപ്പാന്റ്, ബട്ടനുകള്‍ പൊട്ടിയ തുറന്നിട്ടീരിക്കുന്ന ഷര്‍ട്ട്. കൈത്തണ്ടയില്‍ കറുത്ത ചരട്. സമീപത്തായി പച്ചയും ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക് വള്ളിയില്‍ നെയ്തെടുത്ത സഞ്ചിയില്‍ ഭക്ഷണപാത്രം, ആ ചരടു കെട്ടിയ കൈ ശക്തമായി വിറക്കുന്നു. ഇവനൊക്കെ രാവിലെയേ പൂസായി വന്നു കിടന്നോളും, കഷ്ടം! മനസില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേയ്ക്കോടി.
ആപ്പീസിലെ പതിവുപണികളില്‍ ആ ദൃശ്യം മാഞ്ഞുപോയി. ഇനി വെറുതേ ഇരുന്നാലും...
വൈകീട്ട് ട്രെയിനിറങ്ങി ഒരു തിരക്കുമില്ലാതെ സാവധാനം നടത്ത് പടികളിലെത്തിയപ്പോഴാണതു കണ്ടത്, ദേ ആപുള്ളി അവിടെ തന്നെ കിടക്കണു. ശ്ശെടാ, ഇത്രേം നേരായിട്ടൊന്നു തിരിഞ്ഞൊന്നു കിടക്കാന്‍ പോലും പറ്റാത്ത അത്രേം പൂസ്സാവാന്‍ ഇയാള്‍ ഏതു ബ്രാന്റാണാവോ വീശിയത്?
അയാള്‍ കിടക്കുന്ന സൈഡിലൂടെ ഞാന്‍ പടി കയറാന്‍ തുടങ്ങി, അടുത്തെത്തി വെറുതേ ഒന്നു ശ്രദ്ധിച്ചപ്പോള്‍ എനിക്കൊരു സംശയം, ഏയ് ചുമ്മാ തോന്നിയതാവും, ഒന്നു കൂടെ അടുത്ത് ചെന്നു നോക്കി, സ്ഥാനം മറന്ന ഷര്‍ട്ട്‍ അനാവൃതമാക്കിയ വയറിലേയ്ക്കു നോക്കി, അവിടെ ശ്വാസോച്ഛാസത്തിന്റെ ലക്ഷണം പോലുമില്ല. ഞാനൊന്നു ഞെട്ടി. ആ നോട്ടത്തിലൊരു കാര്യം കൂടി കണ്ടു, തലക്കുപിന്നില്‍ ഉണങ്ങിപിടിച്ച ചോര... എപ്പോഴോ വിറയ്ക്കാന്‍ മറന്നു പോയ കൈ...
അപ്പോള്‍ ഞാന്‍ രാവിലെ കണ്ടത്? എനിക്കു ശേഷം ഇതിലൂടെ കടന്നു പോയ ആയിരങ്ങള്‍ കണ്ടത് അല്ല കാണാതിരുന്നത്???
അവിടെ ഈച്ചകളുടെ എണ്ണം പെരുകി വന്നു, ഞാന്‍ വീണ്ടും പടികയറാന്‍ തുടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ ആ പടിയില്‍ കിടക്കുന്ന രൂപമേയില്ലായിരുന്നു. പകരം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന എന്റെ വീട്ടുകാരുടെ ചിത്രമായിരുന്നു....