ബുധനാഴ്‌ച, ഓഗസ്റ്റ് 13, 2008

മനസ്സുകള്‍ അടിമകളായ പൂമ്പാറ്റകള്‍

ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്....
----------------------------------------

അന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു. അവള്‍ കൂട്ടുകാരോടു പറഞ്ഞു, കാബില്‍ ഒരു തെലുങ്കന്‍ ചെക്കന്‍, അവന്‍ മനുഷ്യനെ വെറുതേ കളിയാക്കുവാ. എനിക്കൂ സഹിക്കാന്‍ പറ്റണില്യ.

അവളുടെ സ്വഭാവമറിയാവുന്ന അവര്‍ ചിരിച്ചു, മഹാനഗരത്തില്‍ വന്നിട്ട് രണ്ടുമാസമായെങ്കിലും ഇപ്പോഴും ഒരു നാട്ടിന്‍ പുറത്തുകാരി. ആരെങ്കിലും തമാശപറഞ്ഞാല്‍ പൊട്ടി പൊട്ടിച്ചിരിക്കുകയും കളിയാക്കിയാല്‍ കണ്ണു നിറയുകയും ചെയ്യുന്നവള്‍. ആണ്‍കുട്ടികളോട് കൂട്ടുകൂടുന്നത് നല്ലതല്ല എന്ന് പറഞ്ഞ് സഹമുറിയത്തിമാര്‍ രാത്രികളെ പകലാക്കുമ്പോള്‍ അതില്‍നിന്നെല്ലാം അകന്നു നിന്നവള്‍.

ആ ചെറുക്കന്‍ വെറുതേ വല്ല ഡയലോഗും പറഞ്ഞതാരിക്കും, ഇവള്‍ക്കെന്തോരം വേണമെന്ന്‍ നമുക്കറിഞ്ഞൂടെ.(ഒരു കോറസ് കൂട്ടച്ചിരി). അല്ലാ എന്നെ ശെരിക്കും കളിയാക്കുവാ. ഞാന്‍ വേണ്ടാന്നു പറഞ്ഞിട്ടും കേള്‍ക്കണില്യ. അവള്‍ മുഖം വീര്‍പ്പിച്ചുകൊണ്ട് നൈട്ട് ഷിഫ്റ്റിന്റെ ആലസ്യത്തില്‍ കിടക്കയിലേയ്ക്ക് ചെരിഞ്ഞു.

ദിവസങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒരു ദിവസം കയറി വന്നുടനെ അവള്‍ പറഞ്ഞു, ആ ചെറുക്കനെ കൊണ്ടു തോറ്റു, മനുഷ്യനെ അവന്‍ കളിയാക്കി കൊല്ലും, ആ സമയത്ത് അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. ആ കളിയാക്കല്‍ ആസ്വദിച്ചെന്ന പോലെ.

അടുത്ത ദിവസങ്ങളില്‍ കിലുക്കാമ്പ്പെട്ടിയെപ്പോലെ കിലുങ്ങിക്കൊണ്ടവള്‍‍ പറഞ്ഞു, ആചെറുക്കന്റെ കാര്യം ബഹുരസാട്ടോ, വെറുതേയിങ്ങനെ കളിയാക്കികൊണ്ടിരിക്കും. മുഖത്തൊരു തിങ്കളുദിച്ചപോലുള്ള പുഞ്ചിരിയുമായവള്‍ ഉറക്കത്തിലേക്കലിഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ അവന്റെ വിശേഷങ്ങള്‍ മാത്രമായി. ഈ പെണ്ണിനെന്തുപറ്റി? കൂട്ടുകാരികള്‍ അത്ഭുതപ്പെട്ടു. കണ്‍പോളകളെ ഉറക്കം കീഴ്പെടുത്തും വരെ, ശബ്ദം പതറിയില്ലാതാവുന്നതു വരെ അവളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവന്‍ ഇങ്ങനെ പറഞ്ഞു, കണ്ണു തുറന്നാല്‍ പിന്നേയും തുടങ്ങും, ഉണ്ണുമ്പോഴും ടി വി കാണുമ്പോഴെല്ലാം അവളവനെ വര്‍ണിച്ചു കൊണ്ടിരുന്നു.

കളിയാക്കാന്‍ തുടങ്ങിയ കൂട്ടുകാരോടവള്‍ ഒരു ദിവസം പറഞ്ഞു, അയ്യേ! അവനെന്റെ നല്ല ഫ്രണ്ടാ, അല്ലാതെ കണ്ട തെലുങ്കന്‍ ചെക്കനെയുമൊന്നും ഞാന്‍.... ഞാനെ നല്ല തറവാട്ടീ പിറന്നതാ.

കണ്ട തെലുങ്കന്മാരെയൊന്നും വിശ്വസിക്കരുതെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അയ്യോ ഇവന്‍ അങ്ങിനെയൊന്നുമല്ല, എന്നോടല്ലാതെ വേറെ പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്യ. ഞാന്‍ മിണ്ടിയില്ല്ലേല്‍ പാവം വേറെ ആരോടാ സംസാരിക്കുക? കഷ്ടല്ലേ?? മാത്രമല്ല അവനൊരു ഗേള്‍ഫ്രണ്ടുണ്ടല്ലോ, എപ്പഴും വിളിക്കണത് ഞാന്‍ കാണാറുണ്ടല്ലോ!

പിറ്റേ ദിവസം ജോലി കഴിഞ്ഞെത്തിയ അവളുടെ മുഖത്ത് കുഞ്ഞു കാര്‍മേഘങ്ങള്‍, എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവനിന്ന് ലീവായിരുന്നെടീ. എനിക്ക് ഓഫീസില്‍ ഇരിക്കാനെ പറ്റണില്യായിരുന്നു. ഇപ്പോ അവനില്ലാത്ത ഓഫീസ് എനിക്കാലോചിക്കാനേ പറ്റുന്നില്യ. ഇതെത്ര കണ്ടതാണെന്ന മട്ടില്‍ കൂട്ടുകാര്‍ ചിരിച്ചത് അവള്‍ക്ക് മനസിലയില്യ.

ഓഫീസില്‍ ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ പലരും പലതും പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അവര്‍ക്കെന്നെ അറിയാത്തോണ്ടാ, എനിക്കവനെ അറിയാലോ, ഞങ്ങള്‍ നല്ല ഫ്രണ്ട്സ് മാത്രമാണ്. അവനില്ലാതെ അവള്‍ക്കു ഭക്ഷണവും കാപ്പിയുമില്ലാതായി.

അന്നവള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. വന്നുകയറിയ പാടെ അവള്‍ പറഞ്ഞു, എടീ അവനെന്നെ പിന്നേയും പറ്റിച്ചു,അവനു ഗേള്‍ഫ്രണ്ടൊന്നുമില്ല്ലെന്നേ, അവനെന്നെ പറ്റിക്കാന്‍ പറഞ്ഞതാ, അതവന്റെ വെറും ഫ്രണ്ടാ. അവന്‍ ഞാന്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞതാ.

ജോലിയിലെ ഇടവേളകളില്‍ അവള്‍ അവനോട് കൊഞ്ചി, എന്തേലും പറ, ഒരു കഥ പറയൂന്നേ. അവന്‍ പറഞ്ഞു, ഞാന്‍ അത്ര നല്ലവനല്ല, എന്റെ കഥകള്‍ കേട്ടാല്‍ നീയെന്നോടു മിണ്ടുക പോലുമില്യ. ഇല്ലാ അങ്ങിനൊയൊന്നുമില്ലാ, പറയൂന്നേ. ശരി എന്നാല്‍ പറയാം, ഞാന്‍ ഒരു കുട്ടിയെ പ്രേമിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ എല്ലാ ബന്ധവുമുണ്ടായിരുന്നു, എല്ലാം എന്നു പറഞ്ഞാല്‍ അല്ലെങ്കില്‍ വേണ്ട, അതൊന്നും കേള്‍ക്കാനുള്ള പ്രായമായിട്ടില്ല നിനക്ക്.

ഉവ്വ്, ഉവ്വ്, പറയൂന്നേ, പ്ലീസ്...

ഞങ്ങള്‍ പല തവണ ശാരീരികമായും ബന്ധപ്പെട്ടിട്ടുണ്ട്. കുറേ നാള്‍ ശരിക്കും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെയായിരുന്നു. പക്ഷേ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ല എന്നെനിക്കറിയാരുന്നു. അതോണ്ട് ഞാനവളോടു പറഞ്ഞു, വേറെ കല്യാണം കഴിച്ചോളാന്‍. എന്നാലും അവളെ എനിക്കെന്തിഷ്ടമായിരുന്നെന്നോ!. അവന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട് അവളുടെ മനസാര്‍ദ്രമായി.

അന്നവള്‍ വന്നപ്പോള്‍ പറഞ്ഞു, എടീ ഇന്നെനിക്കവനോടുള്ള ഇഷ്ടം ശരിക്കും കൂടി, എന്തു പാവമാടീ അവന്‍. എല്ലാം എന്നോടു പറഞ്ഞു. നല്ല കൂട്ടുകാരന്‍ തന്നെ.

അവന്‍ പറഞ്ഞു, നീയണെന്റെ അടുത്ത ഫ്രണ്ട്, നിന്റടുത്തെനിക്കിപ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുള്ള പോലെ.പിന്നല്ലാതെ, നല്ല ഫ്രണ്ട്സ് എന്നു പറഞ്ഞാ പിന്നെന്താ, നിനക്കെന്തു വേണേലും എന്റടുത്ത് പറയാം.

അന്നു കാന്റീനിലിരിക്കുമ്പോള്‍ ജീന്‍സിലും ടീഷര്‍ട്ടിലും കടന്നു പോയവളുടെ പിന്നാലെ അവന്റെ കണ്ണുകള്‍ പോകുന്നത് കണ്ടപ്പോള്‍ അവള്‍ ചോദിച്ചു, എന്താടാ ഇത്ര നോക്കാന്‍? അതൊന്നും നിന്നോടു പറയാന്‍ പറ്റില്യാ. അപ്പോ നമ്മള്‍ നല്ല ഫ്രണ്ട്സാണ്, എന്തും പറയാന്നു പറഞ്ഞിട്ട്? വേണ്ട എന്നോടു മിണ്ടണ്ട. ഓക്കെ ഞാന്‍ പറയാം, അല്ലാ അത്തൊന്നൂലാ. ആ പോയവളെ കണ്ടാ നല്ല സെക്സിയായിരിക്കുന്നു. സെക്സീന്നു പറഞ്ഞാ?? ‘അവളുടെ നിഷ്കളങ്കമായ‘ ചോദ്യം.

അതൊന്നൂല,

പറയൂന്നെ..

അല്ല അവളുടെ ചിലഭാഗങ്ങള്‍ കണ്ടാല്‍ നന്നായിരിക്കുന്നു. ചില ഭാഗങ്ങള്‍ എന്നു പറഞ്ഞാ?? അവന്‍ കൈ ചൂണ്ടിയപ്പോള്‍ അവളുടെ മുഖം ചുവന്നു. ദേ ഇങ്ങിനെയുള്ള വൃത്തികേടൊന്നും എന്നോടു പറയരുത്. ഓഹോ ഇപ്പോ അങ്ങിനെയായോ? ഞാന്‍ അപ്പോഴേ പറഞ്ഞതാ പറയില്യാന്ന്. അപ്പോ ആരാ പറയാന്‍ പറഞ്ഞേ? മ്മ്മ്, ശരി ശരി.

പിറ്റേ ദിവസം അവനവളുടെ കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡിലേയ്ക്ക് സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോ എന്നാ കണ്ടോ എന്നു പറഞ്ഞവള്‍ അതു ഊരി നല്‍കാന്‍ തുടങ്ങി, അപ്പോള്‍ അവന്‍ പറഞ്ഞൂ, എനിക്കതവിടെക്കിടന്നു കണ്ടാല്‍ മതി! അതാ രസം. പിന്നേയും അവളുടെ മുഖം ചുമന്നു, കള്ള ഗൌരവത്തോടെ പറഞ്ഞു, വൃത്തിക്കെട്ടവന്‍!

അവന്‍ അവളോടവന്റെ ലൈഫ് സ്റ്റോറി പങ്കുവയ്ക്കുവാന്‍ തുടങ്ങി. എ സിയുടെ തണുപ്പ് കൂടിയ ഒരു ദിവസം അവള്‍ പറഞ്ഞു, ഹൊ എന്തൊരു തണുപ്പ്, വാ നമുക്കൊരു കാപ്പി കുടിക്കാം. കാപ്പി കുടിക്കുമ്പോള്‍ അവന്‍ അവളുടെ കയ്യെടുത്തവന്റെ കൈക്കുള്ളില്‍ വച്ചു. ഹായ്, നിന്റെ കൈക്കെന്തു ചൂടാ. പിന്നെ തണൂക്കുമ്പോഴെല്ലാം അവളവന്റെ കൈ തേടാന്‍ തുടങ്ങി.

ഒരു ദിവസം അവള്‍ പറഞ്ഞു, ഞാന്‍ നിന്നെ കെട്ടിയാലോ എന്നാലോചിക്കുവാ. അയ്യോ നിന്നെ ഞാന്‍ അങ്ങിനെയൊന്നുമല്ല കാണുന്നേ, എന്റെ നല്ല ഫ്രണ്ടായിട്ടാ. അയ്യടാ അല്ലേല്‍ ഇപ്പോ കെട്ടും. ഞാന്‍ വെറുതേ തമാശ പറഞ്ഞതാ. പിന്നെ അവര്‍ തമാശയ്ക്ക് കാമുകീകാമുകന്മാരായി. ചോദിച്ച കൂട്ടുകാരികളോടവള്‍ പറഞ്ഞു, ഞങ്ങള്‍ ചുമ്മാ
തമാശയ്ക്കല്ലേ? ഞാന്‍ തമാശ പറയുന്നതാണെന്നവനറിയാം. അല്ലെങ്കിലും ഞാന്‍ ഒരു തെലുങ്കനെ.... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?

ഒരു ശനിയാഴ്ച അവളവനെ വിളിച്ചപ്പോള്‍ അവന്‍ സഭ്യതയുടെ ഒരതിര്‍വരമ്പുമില്ലാതെ സംസാരിച്ചു. അവള്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേ ദിവസം അവല്‍ അവനോട് മിണ്ടിയില്ല. അവളുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അവന്‍ പറഞ്ഞു, ഞാന്‍ ഒരു പാര്‍ട്ടിയിലായിരുന്നു. കുടിച്ചിട്ട് ബോധമുണ്ടായിരുന്നില്യ. അതിനു നീ‍യിത്ര മാത്രം വിഷമിക്കാനെന്താ? ഞാന്‍ നിന്റടുത്തല്ലേ പറഞ്ഞത്? എനിക്കെന്താ പറയാനുള്ള സ്വാതന്ത്ര്യമില്ലേ? അവള്‍ക്കു സമ്മതിക്കാതെ വയ്യാരുന്നു.

അവന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അവന്റെ കൂട്ടുകാര്‍പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ടെന്നും അവന്‍ മാത്രം അതിലൊന്നും പെടാറില്യ എന്നും പറഞ്ഞപ്പോള്‍ അവളവനെ കൂടുതല്‍ വിശ്വസിച്ചു.

അവന്റെ പല മുഖങ്ങള്‍ അവള്‍ക്ക് മനസിലാവാന്‍ തുടങ്ങി, പക്ഷേ എന്നത്തേയും പോലെ അവള്‍ വഴക്കുകളില്‍ പരാജയപ്പെട്ടു. അവനോടവള്‍ക്ക് വാദമുഖങ്ങില്ലായിരുന്നു.

വാക്കുകളിലെ അതിരുകള്‍ ലംഘിക്കപ്പെടുന്നതവള്‍ അറിഞ്ഞു. അവള്‍ പലവട്ടം പിണങ്ങി. ഒരിക്കല്‍ പോലും ഒരു സോറി പറയാന്‍ പോലും അവനവളുടെ അരികിലേയ്ക്ക് ചെന്നില്ല, പക്ഷേ ഒരു ദിവസത്തില്‍ കൂടുതല്‍ അവനോട് മിണ്ടാതിരിക്കാന്‍ അവള്‍ക്കാവ്വില്യായിരുന്നു.

ഒരു ദിവസം അവന്‍ പറഞ്ഞു, നിന്നെ ഞാനൊരു ദിവസം എന്റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടു പോകാം, അവിടെ എന്റെ ഒരു പാട് പഴയ ഫോട്ടോസും കാര്യങ്ങളുമുണ്ട്. അതെല്ലാം കാണണ്ടേ?

അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ...

അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.

7 അഭിപ്രായങ്ങൾ:

  1. ഇതൊരു കഥയാണോ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്യ. പക്ഷേ ആ വരികള്‍ക്കിടയില്‍ എന്റെ സങ്കടമുണ്ട്, നിരാശയുണ്ട്, നിസഹായാവസ്ഥയുണ്ട്.

    പക്ഷേ അതെങ്ങിനെയെന്നു നിങ്ങളോടു സംവദിക്കാനെനിക്കു കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

    പക്ഷേ ഒരു കാര്യം, ഇതു പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്, സത്യം!

    ഞാന്‍ വെറുമൊരു സാക്ഷി....

    മറുപടിഇല്ലാതാക്കൂ
  2. നിഷാദ്...

    അഭിപ്രായം ഒന്നും പറയാന്‍ തോന്നുന്നില്ല. പക്ഷേ എഴുത്തില്‍ നിന്ന് കാര്യമെല്ലാം മനസ്സിലാകുന്നു. ആളുകളെ മനസ്സിലാക്കി കൂട്ടു കൂടാന്‍ കഴിയില്ലെങ്കില്‍ അത് ഏതൊരാളുടേയും പരാ‍ജയമാണ്. പക്ഷേ, അറിഞ്ഞു കൊണ്ടു തന്നെ ആപത്തിലേയ്ക്ക് ചാടുന്നതിനെ തടയാന്‍ നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ലേ?

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം കൊള്ളാം,എഴുത്തും കൊള്ളാം.

    ഇനി വരുന്ന ‘അവന്‍‘മാര്‍ക്ക് ഇത് ഒരു വേദപുസ്തകമാക്കാം, ‘അവള്‘‍മാര്‍ക്കും.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  4. നിഷാദ് ജീ,

    ശ്രീയുടെ കമന്റു കണ്ടപ്പോള്‍ ഇത് കഥയല്ലന്നും തോന്നി, എന്നാല്‍ ഈ കഥയില്‍ കഥാനായികയുടെ അനുഭവങ്ങള്‍ പങ്കുവക്കുന്നത് ഒരു പെണ്ണും. ആകെയൊരു ആശയക്കുഴപ്പം. ഇനി ഇത് കഥയാണെങ്കില്‍ കൊള്ളാം, വല നെയ്യുന്നതും എങ്ങിനെ ഇരയെപ്പിടിക്കാമെന്നുള്ളതും വളരെ ഭംഗിയായി കാണിച്ചുതരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. നന്ദി ശ്രീ, വളരെ പ്രസക്തമായ ചോദ്യം.

    സുല്‍, അതു കൊണ്ടു കൂടിയാണ് ഞാനിവിടെ പോസ്റ്റിയത്.

    കുഞ്ഞന്‍ ചേട്ടാ, പകുതി കഥയാണ്, പകുതി കഥയല്ല. പിന്നെ കഥ പറയുന്നത് പെണ്ണാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ല, വരികള്‍ക്കിടയില്‍ വായിച്ചതാണെങ്കില്‍ പെണ്‍പിള്ളേര്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റില്‍ ഇവനെങ്ങിനെ എന്ന ചോദ്യം വരരുതല്ലോ..

    മറുപടിഇല്ലാതാക്കൂ
  6. നിഷാദ്..സത്യസന്ധമായ അവതരണം..അതെ ഞാനാ തെലുങ്കന്‍ ചെക്കനായി കുറച്ചു നേരത്തേക്കു മാറി.. അല്ല എന്റെ വാക്കുകള്‍ എന്റെ പ്രവര്‍ത്തികള്‍ എല്ലാത്തിലും സാമ്യം എന്തിനു, ഐടി മേഘലയിലെ ചെല്ലക്കിളി പോലും..
    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. നല്ല വല നെയ്ത്തുകാരനാണ്‍ കക്ഷി അല്ലെ....
    ആറ്ക്കും ഒന്നിനും ഒരു പേടിയില്ലാതായിരിക്കുന്നു. അറിഞ്ഞു കൊണ്ട് തന്നെ ആസ്വദിക്കാന്‍ തയ്യാറാവുന്നവറ് കൂടുതലായിക്കൊണ്ടിരിക്കുന്നു. നമുക്ക് രക്ഷക്കായി തേടാം പടച്ചവ്നോട്.

    (എന്റെ രണ്ട് മക്കള്‍ ബാങ്കളൂരിലാണേ...)

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...