ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008

സംവരണവും സാഹചര്യവും

സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ബസ്സിലേയ്ക്ക് ചാടിക്കയറി. വല്യ തിരക്കില്ല. ഒരു സീറ്റില്‍ ഒരു വല്യപ്പന്‍ മാത്രേയുള്ളൂ. സീറ്റിനടുത്തത്തെത്തിയപ്പോള്‍ കണ്ടു, സ്ത്രീകള്‍ക്കു മാത്രം!

ചുറ്റിലും കണ്ണോടിച്ചു, ബസ്സിനകത്തുള്ള സകല നാരീ‍മണികളും ഇരിക്കുകയാണ്. ഇവിടെയിരുന്നാലോ? അല്ലേല്‍ വേണ്ട വഴിയില്‍ നിന്നാരേലും കയറിയാല്‍ പിന്നെ എണീക്കേണ്ടി വരും. ഞാന്‍ പുറകിലോട്ട് നടന്നു. പിറകിലെ സീറ്റില്‍ ശകലം സ്ഥലമുണ്ട്. ഒന്നു ചിരിച്ചു കാണിച്ചപ്പോള്‍ രണ്ടുപേരുടെ ഇടയില്‍കിട്ടിയ സ്ഥലത്ത് ആസനം ഉറച്ചു ഉറച്ചില്ലാ എന്ന മട്ടിലിരുന്നു. നാലഞ്ച് ഹെയര്‍പിന്നുകളുള്ളതാണ്.

തുടര്‍ച്ചയായ മഴയില്‍ തണുത്തു വിറച്ച കാറ്റ് ശകലം ചൂടിനായി ബസ്സിനകത്തേക്ക് നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്നു. കാറ്റിന്റെ കുളിര്‍തലോടലേറ്റപ്പോള്‍ കൈയ്യിലെ രോമങ്ങളെല്ലാം ഐ ജീനെ കണ്ട പോലീസുകാരെപ്പോലെ അറ്റന്‍ഷനിലായി.

ബസ്സ് രണ്ടാമത്തെ സ്റ്റോപ്പിലെത്തി, മഴയുടെ ആലസ്യം കൊണ്ട് അധികമാരെയും പുറത്തു കാണാനില്യ. രണ്ടു പേര്‍ ആ സ്റ്റോപ്പില്‍ നിന്നു കയറി. പിറകില്‍ കയറിയ ആള്‍ മടക്കിയ കുട വെള്ളം തോരാനായി ചെറുതായൊന്നു കുടഞ്ഞു. ആ തണുപ്പില്‍ പീന്നെയും ഐസ് പോലുള്ള വെള്ളത്തുള്ളികള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ പെട്ടെന്നു കലിപ്പ് തോന്നി. ഇവനൊക്കെ.. അല്ലേല്‍ വേണ്ട പറഞ്ഞിട്ടെന്താ, കൈ കൊണ്ട് മുഖം തുടച്ച് ഒന്നും സംഭവിക്കാത്ത പോ‍ലെയിരുന്നു.

മുന്‍പില്‍ കയറിയ തരുണീമണി അപ്പോഴേയ്കും വല്യപ്പന്‍ മാത്രമിരിക്കുന്ന സീറ്റിനടുത്തെത്തി. സ്ത്രീകള്‍ എന്നെഴുതിയ സ്ഥലത്തേയ്ക്കും വല്യപ്പന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കാന്‍ തുടങ്ങി. സ്ഥലം പോരാഞ്ഞിട്ടാണൊ എന്നറിയാതെ വല്യപ്പന്‍ സീറ്റിന്റെ ഒരു മൂലയിലേക്കൊതുങ്ങി. അവള്‍ അപ്പോഴേയ്ക്കും നോട്ടം കണ്ടക്ടറിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു.

ഇതു സ്ത്രീകള്‍ക്കുള്ള സീറ്റല്ലേ? ചോദ്യം വല്യപ്പനോടാണെങ്കിലും ഉന്നം കണ്ടക്ടറിലായിരുന്നു. ഇവള്‍ക്കെന്താ ആ ഒഴിഞ്ഞ സീറ്റിലീരുന്നാല്‍ എന്നു മനസ്സില്‍ പറഞ്ഞെങ്കിലും സ്ത്രീകളുടെ സീറ്റ് മാറിക്കൊടുക്കൂ എന്നാണ് പുറത്ത് വന്നത്. വല്യപ്പന്‍ കേട്ടില്ലാന്നു തോന്നുന്നു, അതോ തന്നോടല്ലെന്നു വിചാരിച്ചിട്ടാണോ എന്തോ, ഒരു പ്രതികരണവുമുണ്ടായില്യ.

ആഹാ അത്രയ്ക്കായോ! ആണുങ്ങളെ സ്തീകള്‍ക്കുള്ള സീറ്റില്‍ നിന്നെഴുന്നേല്പിക്കാന്‍ അവള്‍ കണ്ടക്ടറോ‍ടാവശ്യപ്പെട്ടു. പ്രായമായ ആളല്ലേ? കൊച്ചിനടുത്തിരുന്നു കൂടെ? മ്, ഞാനോ, ഇല്ലില്ല, അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റാണ്, മാത്രല്ല വയസനാണെങ്കിലും ആണുങ്ങളുടെയടുത്ത് ഞാനീരിക്കില്ല.

നിവൃത്തിയില്യാതെ കണ്ടക്ടര്‍ പുള്ളിയോടെഴുന്നേല്‍ക്കാനവശ്യപ്പെട്ടു. എന്തിനാണെന്നു മനസിലായില്യെങ്കിലും കണ്ടക്ടര്‍ പറഞ്ഞപ്പോ വല്യപ്പന്‍ എഴുന്നേറ്റു. തറവാട്ടുവക സ്വത്തെന്ന പോലെ അവള്‍ സീറ്റിലേക്കമര്‍ന്നു. സീറ്റിന്റെ നടുക്കായി ഇരുന്ന അവള്‍ ബാഗ് ഇപ്പുറത്തെ സീറ്റിലും വച്ചു, ഇനി ആരെങ്കിലും വന്നിരുന്നാലോ!

ബസ് ഹെയര്‍പിന്നുകള്‍ പിന്നിട്ടു കൊണ്ടിരുന്നു. എനിക്കിറങ്ങാനുള്ള സ്ഥലമായി. ഇനിയുള്ള സ്ഥലത്തേയ്ക്ക് ബസ്സ് ഇല്ല. ട്രിപ്പ് ജീപ്പുകളാണാശ്രയം. ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. എന്തിനാണെന്നറിയാതെ ആ മഹതിയുടെ നേരെ ഒന്നു കണ്ണോടിച്ചു. ഓഹോ ഇവളും എന്റെ സ്റ്റോപ്പില്‍ തന്നെയാണല്ലോ ഇറങ്ങാന്‍ പോകുന്നത്!

ബസ്സില്‍ നിന്നിറങ്ങി ജീപ്പ് പാര്‍ക്കു ചെയ്യുന്നിടത്തേയ്ക്ക് നടന്നു. ഇപ്പൊഴും മഴ വെള്ളിനൂലു പോലെ പെയ്യുന്നുണ്ട്. ജീപ്പ് ഡ്രൈവറ് ആളുകളെ വിളിച്ച് കയറ്റിക്കൊണ്ടിരിക്കുന്നു. ഞാനെത്തുമ്പോള്‍ തന്നെ ജീപ്പ് സാമാന്യം നിറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ മാക്സീമം ആളുകളെ തള്ളിക്കയറ്റിയിട്ടേ പോകൂ. മഴയില്ലെങ്കില്‍ പിറകില്‍ തൂങ്ങാമായിരുന്നു.

ശരീരത്തിന്റെ കുറച്ചുഭാഗം വെളിയിലാണെങ്കിലും പിറകില്‍ കഷ്ടി ഇരിക്കാന്‍ പറ്റി. ആഹാ നമ്മുടെ തരുണീമണിയും ജീപ്പിനു നേര്‍ക്കാണല്ലോ. ഏയ് ആവാന്‍ വഴിയില്യ. സംവരണമില്ലാത്ത ഇതില്‍ എങ്ങിനെ??

ഡ്രൈവര്‍ ഇറങ്ങിവന്ന് പിറകിലെ ഡോര്‍ തുറന്നു, അവള്‍ ഡ്രൈവര്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു, അദ്ദേഹം തിരിച്ചും! ഓഹോ അപ്പോള്‍ ഇവര്‍ പരിചയക്കാരാണല്ലേ? ആണുങ്ങള്‍ മാത്രം തിങ്ങിയിരിക്കുന്ന പുറകിലേയ്ക്ക് അവള്‍ ചിരര്‍പരിചിതയെപ്പോലെ നൂണ്ടു കയറി.

കാലുകളും കൈകളും ജീപ്പിനകത്തും ഉടല്‍ പുറത്തുമായി ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിക്കെതിരേയുള്ള സീറ്റില്‍ രണ്ടാണുങ്ങളുടെ മടിയീലെന്ന പോലെ കൂളായി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍ കമ്പിയില്‍ ബലം പിടിച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ ചിത്രം മനസില്‍ തെളിഞ്ഞു വന്നു, കൂടെ പുച്ഛരസം നിറഞ്ഞ ഒരു പുഞ്ചിരി മുഖത്തും...

----------------------------
ഓടോ: പണ്ട് കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളിലൊന്നില്‍, വനിതാ സീറ്റിലിരുന്നിരുന്ന എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ ദേ ആണുങ്ങളുടെ സീറ്റിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ എഴൂന്നേറ്റാല്‍ ഞാനുമെഴുന്നേല്‍ക്കാം എന്നു പറഞ്ഞതും, പിന്നീടതിന്റെ ഗുട്ടന്‍സ് മനസിലായപ്പോ ക്ലാസ് പോയാലും വേണ്ടില്യാന്നു വച്ച് ചമ്മലു സഹിക്കാനാവാതെ ഇടയ്ക്കുള്ള സ്റ്റോപ്പില്‍ ചാടിയിറങ്ങിയതും ചരിത്രം.

5 അഭിപ്രായങ്ങൾ:

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...