വെള്ളിയാഴ്‌ച, ജൂൺ 13, 2008

ഞാനും ഒരു ബോബ് ഭീഷണിയും!

ഈ മാസം വരുമ്പോ ഉറപ്പായിട്ടും ഗുരുവായൂര്‍ക്ക് പോകണം കേട്ടോ ഏട്ടാ! കുറച്ചു ദിവസായിട്ട് അനിയത്തിക്ക് ഇതേ പറയാനുള്ളൂ. ആകെ രണ്ടു ദിവസമേ ലീവുള്ളൂ, എന്നാലും പോ‍യേക്കാം, ഗുരുവായൂരപ്പനല്ലേ, ഇഷ്ടനെ കാണുന്നത് നമുക്കും സന്തോഷമുള്ള കാര്യം തന്നെ, എന്താന്നു വച്ചാ നമ്മളെ മനസിലാക്കണ ഭഗവാനാണല്ലോ! പിന്നെ നമ്മളെ പോലെ തന്നെ ശകലം കള്ളത്തരമൊക്കെ കള്ളക്കണ്ണന്റെ കയ്യിലും ഉണ്ടു താനും.

ദേ പിന്നേം ഒരു കാരണം, ഇന്ന് സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശമറ്റുകൊണ്ടിരിക്കണ നമ്മടെ മലയാളിപെണ്‍കൊടിമാരെ ദാവണി അഥവാ ഹാഫ് സാരിയില്‍ കാണാന്‍ കഴിയണ അപൂ‍ര്‍വ്വം ഇടങ്ങളിലൊന്നാണല്ലോ ഗുരുവായൂര്‍. അപ്പോ തീരുമാനിച്ചു, ചലോ ഗുരുവായൂര്‍!

വെള്ളിയാഴ്ച്ച ആപ്പീസില്‍ നിന്നിറങ്ങുമ്പോഴേ ശകലം വൈകി, ഇനി വീട്ടില്‍ ചെന്ന് ബാഗുമെടുത്ത് വേണം ഇറങ്ങാന്‍, ബസിനു പോയാല്‍ ഇന്നെങ്ങും സ്റ്റേഷനില്‍ എത്തുകേല എനു തോന്നിയതിനാല്‍ ലോക്കല്‍ സ്റ്റേഷനിലേക്കോടി, അവിടെ നീണ്ട വരി, അതാണെങ്കി സിഗ്നല്‍ കിട്ടാതെ കിടക്കണ തീവണ്ടി കണക്കെ കിടക്കുവാ, ഒരനക്കോമില്ല്യ.

10-15 മിനിറ്റ് ഇടവിട്ടുള്ള ട്രെയിന്‍ ഒരെണ്ണം പോയി, സാരല്യ അടുത്തത് വരുമ്പോഴേക്കും ടിക്കറ്റ് കിട്ടും, ശുഭാപ്തിവിശ്വാസത്തോടെ ഇടത്തേക്കാലില്‍ നിന്ന് ശരീരഭാരം വലത്തേക്കാലിലേയ്ക്ക് മാറ്റീക്കൊടുത്തു.
അതാ അടുത്ത ട്രെയിനും പോണു, ഭാഗ്യം ഒറ്റ മനുഷ്യന്‍ പോലും അതില്‍ കേറിയില്യ, എങ്ങിനെ കേറാനാ എല്ലാ അണ്ണന്മാരും അണ്ണികളുമൊക്കെ ക്യൂവെന്ന ചാന്നലയില്‍ കിടന്നോണ്ട് ഒന്നു വാച്ചിലേയ്ക്ക് നോക്കും, പിന്നെ ഒരു നെടുവീര്‍പ്പ്...

ദൈവമേ ഇങ്ങനെ പോയാല്‍ ടാക്സി പിടിച്ചാലും ട്രെയിന്‍ കിട്ടുമെന്നു തോന്നണില്ല്യ, എന്താ ഈ വരി അനങ്ങാത്തതെന്നറിയാന്‍ വല്ലാത്ത ആകാംക്ഷ, വരീന്നു പോയാല്‍ തിരിച്ചു വരാന്‍ പറ്റിയില്ലേലോ! ഒന്നു വെറുതേ പുറകിലോട്ട് നോക്കി, ഈശ്വരാ ഇതു ഇടുക്കി തൊടുപുഴ റോഡുപോ‍ലെ വളഞ്ഞ് പുളഞ്ഞ് കിടക്കുവാ(റോഡിനെക്കുറിച്ച് വല്ല സംശയവുമുണ്ടേല്‍ മരമാക്രിചേട്ടായിയോട് ചോദിച്ചാ മതി). വരീന്നിറങ്ങിപോയിട്ടു വരാന്നു വച്ചാ എങ്ങനാ ഈ പുറകില്‍ നിക്കണ അണ്ണനോടു പറയുക? മാസം നാലായി മദിരാശിനഗരത്തിലെങ്കിലും ഇപ്പോഴും മുന്‍പു കണ്ട തമിഴ് സിനീമയിലെ ഡയലോഗ് തന്നെയല്ലേ നമ്മടെ കയ്യിലുള്ളൂ. അവസാനം തേന്മാവിന്‍ കൊമ്പത്തിലെ ലാലേട്ടനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അണ്ണാ ഞാന്‍ അങ്കെ... (ബാക്കി ആക്ഷന്‍) ... ഇപ്പോ വരാം... വരാം.. ഇഷ്ടന്‍ തല കുലുക്കി, ഹാവൂ, ഞാന്‍ ക്യൂവിന്റെ മുന്നിലെത്തി അകത്തോട്ട് നോക്കി, രണ്ടണ്ണന്മാര്‍ ഒരു പ്രിന്ററും തുറന്നിട്ടോണ്ട് മാലപോലെ പേപ്പറും വലിച്ചിട്ട് കലാപരിപാടി നടത്തുവാ, പ്രിന്ററാണേല്‍ അനുസരിക്കണില്യ.

എന്റെ ടെന്‍ഷന്‍ കൂടി, നിയമം തെറ്റിച്ചാ‍ലോ, അടുത്ത ട്രെയിന്‍ ഇപ്പോ വരും, ഇതു വരെ ചെക്കിങ്ങ് ഇണ്ടായിട്ടില്യ, ആ ധൈര്യത്തില്‍ കയറിയാലോ എന്നാലോചിച്ചു, എന്നാലും ഒരു സുഖമില്യായ്മ. അതാ പുള്ളി ഓരോ ടിക്കറ്റ് കൊടുത്ത് തുടങ്ങി, നോക്കുമ്പോ സംഗതി മാനുവലാ, ഒരെണ്ണം പ്രിന്റെടുത്ത് കീറിയെടുക്കുക, എന്നിട്ടടുത്തത് വെക്കുക.

ഇനീപ്പോ പണ്ട് കോളേജില്‍ പഠിച്ചപ്പോഴത്തെ (കോളേജീന്നല്ല) വിദ്യ പ്രയോഗിക്കുക തന്നെ, അണ്ണാ ഒരു പാര്‍ക്ക്! വളരേ ദയനീയമായ മുഖഭാവത്തോടു കൂടി ക്യൂവിന്റെ മുന്നിലുള്ള അണ്ണന്റെ കാലില്‍ വീണു, ബാക്കില്‍ നിക്കുന്നവന്‍ കലിപ്പില് എന്താ പറയണുണ്ട്(പിന്നേ ഇതേ നമ്പറുപയോഗിച്ച് എത്ര സിനിമയാ വരീ നിക്കാതെയും സമയം കളയാതെയും കണ്ടിട്ടുള്ളത്!), ഭാഗ്യം, മനസില്ലാ മനസ്സോടെ പുള്ളി കാശുമേടിച്ചു. ടിക്കറ്റ് കയ്യില്‍ എത്തിയപ്പോഴേക്കും ട്രയിനെത്തി, ഒരു കണക്കില്‍ ഓടിക്കയറി.
ലോക്കല്‍ സ്റ്റേഷനിലിറങ്ങി ഓടിപ്പാഞ്ഞ് സെന്‍ട്രലില്‍ എത്തി, ഹാവൂ ഇനി ഒരു മിനിറ്റ് കൂടിയുണ്ട്, വിശപ്പോണ്ടാണെന്ന് തോന്നണു, വയറ്റീന്നോരു ചൂളം വിളി, ട്രെയിനില്‍ ഒന്നും കിട്ടാന്‍ വഴിയില്ല, എന്തേലും ജങ്ക്സ് മേടിച്ച് വയ്ക്കാം.

നമ്മടെ സീറ്റിലേയ്ക്ക് നടക്കുമ്പോള്‍ ഒരു പരിചയക്കാരനെ കണ്ടു, പുള്ളിയുടെ മുഖത്ത് ലോക്കല്‍ സ്റ്റേഷനില്‍ വച്ചെന്റെ മുഖത്തുണ്ടായിരുന്ന സെയിം ഭാവം, ടെന്‍ഷന്‍! ട്രെയിന്‍ പോയില്ലല്ലോ! പിന്നെ ഇയ്യാളെന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കണേ? ചോദിക്കാന്‍ തുടങ്ങണേനു മുന്‍പുതന്നെ ഉത്തരം കിട്ടി. ട്രെയിനിനു ബോബ് ഭീഷണിയുണ്ടത്രേ! ആരോ പുള്ളിയോടു പറഞ്ഞതാ. അതു കേട്ടതില്‍ പിന്നെ പുള്ളി കയ്യാലപ്പുറത്തെ തേങ്ങ പോലെ നിക്കുവാ, നിക്കണാ പോണാ!
ഞാന്‍ ചിരിച്ചു, ഹേയ് ചുമ്മാ ആരേലും പറ്റിക്കാന്‍ പറഞ്ഞതാവും, ഈ ആലപ്പുഴക്ക് പോണ ട്രെയിനൊക്കെ ആരു ബോബ് വയ്ക്കാന്‍, വേറെ എത്ര നല്ല വണ്ടികള് കിടക്കണു.

ട്രെയിന്‍ എടുക്കേണ്ട സമയം കഴിഞ്ഞു, എന്നിട്ടൊരനക്കവും ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു കുഞ്ഞി ടെന്‍ഷന്‍, എന്തായാലും സീറ്റ് പിടിക്കാം. സീറ്റിലിരിക്കുമ്പോള്‍ കുറെ കാക്കി ചേട്ടന്മാര്‍ വരുന്നു, കണ്ടിട്ട് ഒരു ലോക്കല്‍ ലുക്കില്യ, അരയില്‍ റിവോള്‍വര്‍, നല്ല സ്റ്റൈലായിട്ട് യൂണിഫോം ധരിച്ചിരിക്കണു, അവര്‍ ഓരോ ബാഗുകളും ആളുകളേയും കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്തോണ്ടാ വരുന്നത്. എന്നെയുമൊന്ന് സൂക്ഷിച്ച് നോക്കി, ഹോ ആ ഊശാന്താടി കളഞ്ഞത് നന്നായി.

ഇപ്പോ എനിക്കും ഒരു ടെന്‍ഷനില്ലേ എന്നോരു സംശയം, ഞാന്‍ എന്നോടു ചോദിച്ചു, ഉണ്ടോ? മറുപടി വന്നു, ആരൊടും പറയണ്ട, ഉണ്ട്! ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ വെറുതേ ചുറ്റും നോക്കി, തൊട്ടടുത്തുള്ളത് ഒരു ചേട്ടനും ചേച്ചീം പിന്നെ പാവക്കുട്ടി പോലെയിരിക്കണ ഒരു സുന്ദരി വാവേം. വാവയെന്നെ ഇടംകണ്ണിട്ട് നോക്കി, ഞാന്‍ ചിരിച്ചു, യ്യൊ! കൊച്ച് പേടിച്ച് പോയെന്നാ തോന്നണെ!

അവിടെയിരിക്കുന്നവരെ കണ്ടിട്ട് അവരാരും ഈ സംഗതിയൊന്നും അറിഞ്ഞ മട്ടില്യ. ഇത്രേം സമയായിട്ടും ട്രെയിന്‍ എടുക്കുന്നുമില്യ. പോണ്ടാന്ന് വച്ചാലോ! ഞാന്‍ ഒന്നു കൂടി എന്നോടു തന്നെ ചോദിച്ചു, ഹേയ് അതൊന്നും വേണ്ടാ ഒന്നുമില്ലേല്‍ നീയൊരു ആണല്ലേ?, ഓകെ എന്നാ ശരി, പോയേക്കാം, ഈ ബോംബിന് ആണ് പെണ്ണ് എന്നൊക്കെയുണ്ടാവോ ആവോ!
ട്രാഫിക് ജാമില്‍ പെട്ട വണ്ടി പോലെ ട്രെയിന്‍ മെല്ലെ അനങ്ങാന്‍ തുടങ്ങി.

ഇച്ചിരി വെള്ളം കുടിച്ചേക്കാം, ഓട്ടത്തിനിടയില്‍ മേടിച്ച വെള്ളക്കുപ്പി എടുത്തു, തുറക്കാന്‍ ശ്രമിച്ചപ്പോഴല്ലേ രസം, അടപ്പ് തുറക്കണില്യ, ശകലം ബലം കൊടുത്തപ്പോള്‍ ദേ വെള്ളം സൈഡിലൂടെ ചീറ്റണു, സീറ്റീലെല്ലാം വെള്ളം, പക്ഷേ അപ്പോഴും കുപ്പി തുറന്നില്യ. ഞാന്‍ കുപ്പിയുമായിട്ടിരുന്ന് പയറ്റുന്ന കണ്ടിട്ട് അപ്പുറത്തിരിക്കണ ചേട്ടന്റെ മുഖത്ത് പുച്ഛം, ഞാനെത്ര കുപ്പി കണ്ടതാണെന്ന ഭാവം, ചേച്ചിയുടെ മുഖത്തെ സഹതാപതരംഗം, പാവം ഞാന്‍! എന്നാ പിന്നെ ഇതു തുറന്നിട്ടുതന്നെ കാര്യം, അവസാനം പല്ലുവേണ്ടി വന്നു കാര്യം സാധിക്കാന്‍. കുറച്ച് ലെയ്സും ബിസ്ക്കറ്റും കൂടി, അത്താഴം ഉഷാര്‍.

ഫോണെടുത്തു, ആദ്യം വീട്ടിലോട്ടും പിന്നെ സോള്‍മേറ്റ്സിനേം വിളിച്ചു, ഇനിയെങ്ങാനും വിളിക്കാന്‍ പറ്റാതെ വന്നാലോ... പിന്നെ ഫോണ്‍ബുക്കില്‍ പരതാന്‍ തുടങ്ങി, ഇനി ആരും പരാതി പറയരുത്.
അടുത്തിരിക്കുന്നവര്‍ കിടക്കാനുള്ള വട്ടം കൂട്ടിത്തുടങ്ങി. ഒരു കാക്കിക്കാരന്‍ കൂടി നിരീക്ഷിച്ച് കടന്നു പോയി. അതു ശരി, ചേട്ടന്മാര്‍ അപ്പോ ഇവിടെ തന്നെയുണ്ടല്ലേ!

കിടക്കുന്നതിനു മുന്‍പൊന്നു പാടിയേക്കാം. [മൂത്രമൊഴിക്കാന്‍ പോണം എന്നു പറയാനുള്ള മടികാരണം പകരമുപയോഗിക്കാന്‍ പറ്റിയ വാക്ക്. എവിടുന്നോ കേട്ട് പഠിച്ചതാ, ഇപ്പോ ശീലമായിപ്പോയി. :)] തിരിച്ച് വന്നപ്പോഴേയ്ക്കും ലോവറും മിഡിലും ഫില്ലായിക്കഴിഞ്ഞു. നമ്മള്‍ അപ്പറാണ്, ചെരുപ്പിനെ ലോവറിന്റെ അടിയിലേയ്ക്ക് തള്ളി ഞാന്‍ മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി.

മുകളിലെത്തിയതേ അപ്പര്‍ ബെര്‍ത്തില്‍ എന്നെ എന്നും ശല്യപ്പെടുത്തുന്ന ടീംസ് ഇന്നും അവിടെയിരുന്ന് എന്നെ നോക്കി ചിരിക്കണു, ആരാണെന്നല്ലേ? റെയില്‍വേയുടെ സ്വന്തം തലയിണ, വിരി, പുതപ്പ് ...അപ്പര്‍ ബെര്‍ത്തില്‍ എങ്ങിനെ ആ വിരി വിരിക്കും എന്നതിനെക്കുറിച്ച് ഒരൂ ഗവേഷണം നടത്തണം എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. കാരണം ഞാന്‍ എന്നും തോല്‍ക്കുന്ന ഒരു സംഗതിയാണത്, ആദ്യം തലയിണയും പുതപ്പുമെല്ലാം ഒരു മൂലയ്ക്ക് വച്ചു വിരി കയ്യിലെടുത്തു, ഇനിയാണഭ്യാസം. ഇരിക്കുന്നിടത്തു നിന്നു തുടങ്ങണം. ഒരു സ്ഥലത്ത് വിരിച്ച് അടുത്ത സ്ഥലത്ത് നോക്കുമ്പോള്‍ പഴയ സ്ഥലം തഥൈവ! അപ്പോ വലത്തേ അപ്പറില്‍ നിന്നൊരു കമന്റ്. ഈ സാധനം വിരിച്ച് കിടക്കുകാന്നു പറയണതത്ര എളുപ്പമല്ല അല്ലേ? ഒരു പാവം ചേട്ടന്‍ കുറേ ശ്രമിച്ച് ആകെ കൊഴഞ്ഞിരിക്കുവാ! ഞാന്‍ പറഞ്ഞു, (അതു ശരി, അപ്പോ എനിക്ക് മാത്രല്ല ഈ പ്രശ്നമുള്ലത്) ഹേയ് അത്ര പ്രശ്നമൊന്നുമില്യ എന്നും പറഞ്ഞോണ്ട് ആദ്യം പുതപ്പ് മടക്കി മൂലയ്ക്ക് വച്ച് അതിന്റെ മേളില്‍ തലയിണ വച്ച് ഒരു വിരി മേലെ വിരിച്ചെന്നും വരുത്തി ഒറ്റ കിടപ്പ്.

പിന്നേ സ്ലീപ്പറില്‍ പുതയ്ക്കാന്‍ ഒരു കോപ്പുമില്യാതെ ഇത്രേം യാത്ര ചെയ്ത എന്നോടാ കളി, ഈ എ.സി കോച്ചൊക്കെ എന്നാ ഒണ്ടായേ?

എല്ലാരും കിടന്നു, താഴെ വാവയുടെ ചില ചിണുങ്ങല്‍ കേള്‍ക്കാം. ചെറിയ വെളിച്ചം മാത്രമേ ഉള്ളൂ, ഉറക്കം വരുന്നില്യ. ഈ ഓര്‍മ്മയുടെ ഒരു കാര്യം ഓര്‍ക്കണ്ടാന്നു വച്ചാ അതു മാത്രേ ഓര്‍ക്കൂ. ബോബ് പിന്നേം പിന്നേം തെളിഞ്ഞു വന്നു.

എത്ര വലുതാരിക്കും, എവിടെയാരിക്കും. എവിടാരിക്കും പൊട്ടുക? എവിടെ പൊട്ടിയാലും ബാക്കി ബോഗികളും മറിയും. മറിയുമ്പോള്‍ എന്തു ചെയ്യണം? ഞാന്‍ സൈഡിലുള്ള കമ്പിയില്‍ മുറുകെ പിടിച്ചു നോക്കി, പിടുത്തം വിടാതിരുന്നാല്‍ വല്യ പരിക്ക് പറ്റില്യാരിക്കും. വല്ല പാലത്തിലാണെങ്കിലോ, ഞാന്‍ ഡോറിലേയ്ക്കുള്ള അകലം നോക്കി, ഹൊ! നീന്തല്‍ പഠിച്ചത് നന്നായി, വെള്ളത്തിനടിയിലൂടെ നീന്തി വാതില്‍ തുറന്ന് മുകളിലേയ്ക്ക് നീന്തുക. ഈസി, അപ്പോ എന്റെ ബാഗ്, അതെടുക്കാം പറ്റുമോ ആവോ!
ആലോചനകള്‍ ടെന്‍ഷന്‍ കൂട്ടുന്നതേയുള്ളൂ, ഉറക്കം വരുന്നില്യ, പാട്ട് കേട്ടാലോ, പക്ഷേ ഇയര്‍ഫോണ്‍ വച്ചാല്‍ പിന്നെ വേറെ ഒരു വക കേള്‍ക്കില്യ, അതു വേണ്ട, ലൌഡ് സ്പീക്കര്‍ മതി, വല്ലതും സംഭവിച്ചാ എങ്ങിനെ കേള്‍ക്കും?

നല്ല കുറച്ച് പഴയ മലയാളം പാട്ടുകള്‍ സെലക്ട് ചെയ്തു. പാടുന്നത് വേറെ പാട്ടാണെങ്കിലും മനസില്‍ വരുന്നത് വേറെയൊരു പാട്ടായിരുന്നു.

‘ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ? സ്വപ്നങ്ങളുണ്ടോ........ കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ..’

അങ്ങിനെ പാട്ടില്‍ മുഴുകിയിര്‍ക്കുമ്പോള്‍ ഒരു അലമ്പ് തമിഴ് ആക്സന്റ്, xcuse me sir, Please stop your radio, its disturbing others... ടിടിആര്‍, അയാള്‍ക്ക് മലയാളം പാട്ട് കേട്ടതിനെ ചൊരുക്കാണെന്നു തോന്നണു, വല്ല ഇന്ത നട പോതുമായോ മല്‍ഗോവാ മാമ്പഴവുമായിരുന്നേല്‍ അഡ്ജസ്റ്റ് ചെയ്തേനെ.
അങ്ങിനെ പാട്ടും നിന്നു, ഇനിയിപ്പോ എന്താ വരുന്നോടത്ത് വച്ച് കാണാം. അല്ലേലും ഗുരുവായൂരപ്പനെ കാണാനല്ലേ പോണെ? പുള്ളി വേണേല്‍ നോക്കിക്കോളും.കൃഷ്ണാ, ഗുരുവായൂരപ്പാ നിന്നെ വന്നു കാണണേല്‍ മര്യാദയ്ക്ക് സേഫായിട്ടെന്നെ വീട്ടിലെത്തിച്ചോണം കേട്ടോ, അല്ലേലുണ്ടല്ലൊ!

ഗുരുവായൂരപ്പനെ ഭീഷണിപ്പെടുത്തി റിസ്ക്കെല്ലാം പുള്ളീനെ ഏല്പിച്ച് ഞാന്‍ അടുത്ത വിരിയെടുത്ത് തലയിലൂടെ മൂടി. നാളെയും രാവിലെ ചിരിച്ചോണ്ട് നിക്കണ ഭാസ്ക്കരേട്ടനെ കണികാണിക്കണേ ഭഗവാനേ, കൃഷ്ണാ ഗുരുവായൂരപ്പാ............

7 അഭിപ്രായങ്ങൾ:

  1. ഒരു ബോബ് ഭീഷണിയെപ്പറ്റി...

    കഴിഞ്ഞ മാസത്തെ ഗുരുവായൂര്‍ യാത്രയെപ്പറ്റി എഴുതാന്‍ തുടങ്ങിയതാ, പക്ഷെ പറഞ്ഞു തുടങ്ങിയപ്പോ അവിടേക്കെത്തിയില്ല. അതിനി അടുത്ത പോസ്റ്റിലാവാം.

    മറുപടിഇല്ലാതാക്കൂ
  2. ഒരു യാത്രാ വിവരണം എഴുതി നോക്കിയതാ!

    പാളിപ്പോയോ എന്നൊരു തംശയം!

    മറുപടിഇല്ലാതാക്കൂ
  3. എഴുത്ത് രസകരമായിട്ടുണ്ട്. എന്നിട്ടെന്തു പറ്റി?

    മറുപടിഇല്ലാതാക്കൂ
  4. “നമ്മടെ മലയാളിപെണ്‍കൊടിമാരെ ദാവണി അഥവാ ഹാഫ് സാരിയില്‍ കാണാന്‍ കഴിയണ അപൂ‍ര്‍വ്വം ഇടങ്ങളിലൊന്നാണല്ലോ ഗുരുവായൂര്‍.“

    അപ്പഴതാ കാര്യം അല്ലെ? ദുഷ്ടാ‍ ഭക്തിയൊന്നുമില്ല അല്ലെ??

    നല്ല എഴുത്ത്, നിസ് തുടരൂ :)

    മറുപടിഇല്ലാതാക്കൂ
  5. ഹൊ! സമാധാനമായി. രണ്ടു പേരെങ്കിലും ഒരു വാക്ക് പറഞ്ഞല്ലോ. നന്ദി.
    എനിക്കൊരുപാട് കമന്റ് കാണാത്ത വിഷമം കൊണ്ടൊന്നുമല്ല(നമ്മളല്‍തിനു മാത്രം ആയിട്ടില്യ), പക്ഷേ ഇവിടെയിട്ട ഈ സാധനം നല്ലതാണാ ചീത്തയാണോ എന്ന ഒരഭിപ്രായം അറിയാന്‍ വേണ്ടിയാരുന്നു..

    ശ്രീ, വായിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ എന്തേലും വേണ്ടേ? :) പിന്നെ ബോബ് പൊട്ടിയില്ല എന്നുള്ളതിന് ഈ പോസ്റ്റ് തന്നെ തെളിവ്.

    നന്ദു ചേട്ടോയ് (തല കണ്ടിട്ട് വിളിച്ചതാണേ..) റൊമ്പ താങ്ക്സ്, ഇങ്ങനെ ആരേലും പറഞ്ഞാലല്ലേ ഇനിയും എന്തേലും സാഹസം കാണിക്കാന്‍ പറ്റൂ..

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍ജൂൺ 23, 2008 11:31 PM

    Sreeman Nis Nannayittundu yathra vivaranam athu ezhuthi theerkkayirunnille....

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...