ബുധനാഴ്‌ച, ഡിസംബർ 06, 2006

ശ്ശോ! കഷ്ടമായിപ്പോയി!

സാര്‍, ആ പ്രോജക്റ്റ് നമുക്ക് കിട്ടിയില്യ, എന്താ സംഭവിച്ചതെന്നറിയില്യ... എന്താ ശശികലേ ഇതു? ഇത്ര ഉത്തരവാദിത്ത്വമുള്ള നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്താ ചെയ്യാ? .മേലില്‍ ആവര്‍ത്തിക്കരുത്...മ്ഇന്റര്‍കോമെടുത്ത് കുത്തി... സരിതേ താനവിടെ എന്തെടുക്കുവാ? കുറേ നേരമായല്ലോ ആ മെയിലുകള്‍ക്കെല്ലാം മറുപടി അയയ്ക്കാന്‍ പറഞ്ഞിട്ട്? എന്തായി? എന്റെ ഡ്രൈവറോടൊന്നു വരാന്‍ പറയൂ...


ആ ശശീ, ബെന്‍സിനെന്താ പറ്റീന്ന് പറഞ്ഞത്? ഉടനെ കൊണ്ടുപോയി ശരിയാക്കണം കേട്ടോ? തത്ക്കാലം ആ സ്കോഡ മതി ഇന്ന്.


സരിതേ നാളെയല്ലേ യു എസിലെ ക്ലൈന്റ്സ് എത്തുന്നത്? എല്ലാം റെഡിയല്ലേ? ആ എച്ച് ആര്‍ മാനേജരോടൊന്നു വരാന്‍ പറയൂ...


ആ മി. ദീപക്, കൊച്ചിയിലേയ്ക്ക് ഒരു 500 പേരെ വേണമെന്നു പറഞ്ഞിട്ടെന്തായി?? വേണ്ട എനിക്കൊന്നും കേള്‍ക്കണ്ട! പുതിയ പ്രോജക്റ്റിന് ആളെ തികയില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ? ഏതു കമ്പനിയുടേതിനേക്കാളും നല്ല ഓഫര്‍ കൊടുക്കൂ...ഓകെ


ഫോണ്‍ ബെല്‍....യാ...അതേ, ഇല്യ.. സോറി മേനോന്‍, ഇനിക്കു വരാന്‍ കഴിയാത്തതില്‍ വളരേ ഖേദമുണ്ട്, പക്ഷേ ഈ തിരക്ക്... അടുത്ത തവണയാവട്ടെ.മാത്രമല്ല ഒരു വേള്‍ഡ് ടൂര്‍ കഴിഞ്ഞതല്ലേയുള്ളൂ....നിങ്ങള്‍ പോയി വരൂ....


ഫോണുകള്‍......മെയിലുകള്‍..തിരക്ക്....പിന്നേം പിന്നേം ഈ നശിച്ച തിരക്ക്....ഈ തിരക്കൊന്നു തീര്‍ന്നെങ്കില്‍....


ആരോ തോളില്‍ തട്ടുന്നതു പോലെ...


ഹെയ് ആരാണീ തിരക്കിന്റെയിടയില്‍ പിന്നില്‍ നിന്ന് ശല്യപ്പെടുത്തുന്നത്? മുഴുത്ത ഒരു ചീത്തയുമായി പിറകിലോട്ട് തിരിഞ്ഞു...
യ്യോ! ഇതു സുരേഷ് അല്ലേ..എന്റെ പഴയ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്...


[ഇത്രയും മലയാളത്തില്‍ പറഞ്ഞ സ്ഥിതിയ്ക്ക് സുരേഷിന്റെ മറുപടിയും മലയാളത്തില്‍...]നിങ്ങളെന്താ ഈ കാട്ടുന്നത്, എന്തു ധൈര്യത്തിലാണ് നിങ്ങള്‍ സിസ്റ്റത്തിനു മുന്‍പിലിരുന്നുറങ്ങുന്നത്?? എത്ര നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു... ഇങ്ങിനെയാണെങ്കില്‍ വേറെ പണി അന്വേഷിക്കുന്നതായിരിക്കും നല്ലത്...ഡയലോഗുകള്‍ തുടരുകയായിരുന്നു...$%^$%^$&^$#%^#^.....


അപ്പോള്‍ എന്റെ തിരക്ക്....ഞാന്‍ എവിടെ...ബോധത്തിന്റെ വോള്‍ട്ടേജ് ലെവല്‍ പതുക്കെ കൂടി വരികയായിരുന്നു....അടുക്കള സാധനങ്ങളുടെ ഗുണ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്ന മദാമ്മയുടെ ചാറ്റ് വിന്റോയില്‍ കുറേ ഹലോ..പൂയ് എന്നൊക്കെ...


ഞാന്‍ കണ്ണു തിരുമിക്കൊണ്ട് മോണിറ്ററിന്റെ മൂലയിലോട്ടു നോക്കി... രാവിലെ നാലുമണി...ഹോ വെളുപ്പിനെയാണല്ലോ! ദൈവമേ വെളുപ്പിനേ കണ്ട സ്വപ്നം ഫലിക്കുമെന്നാ....
മദാമ്മയോടു സോറി പറയുമ്പോഴും പെട്ടെന്നു തീര്‍ന്ന തിരക്കായിരുന്നു മനസ്സില്‍.. അവനു വന്ന് വിളിക്കാന്‍ കണ്ട നേരം... ശ്ശൊ! കഷ്ടമായിപ്പോയി....

ശനിയാഴ്‌ച, ഡിസംബർ 02, 2006

ഞാനും മാഷായി...

ഈശ്വരാ , ഇന്ന് നേരം വൈകിയെന്നാ തോന്നുന്നത്! ഞാന്‍ വാച്ചിലേയ്ക്ക് നോക്കി, എട്ടരയാകുന്നു, ഞാന്‍ എന്റെ വാഹനം അടുത്ത ഗിയറിലേക്കിട്ടു(..റാലി സൈക്കിള്‍..എണീറ്റു നിന്നു ചവിട്ടാന്‍ തുടങ്ങീന്നു സാരം..). തുറക്കുന്നതിനു മുന്‍പല്ലെങ്കിലും തുറക്കുമ്പോഴേയ്ക്കും അവിടെയെത്തിയില്ലേല്‍ ഭയങ്കര മനപ്രയാസമാ..എവിടേയ്ക്കെന്നല്ലേ പറയാം..തെരക്കു കൂട്ടാതെ...

സി ഡിറ്റിലേയ്ക്ക്...തിരോന്തരത്തുള്ള ഇമ്മിണി വല്യ സി ഡിറ്റല്ല, എന്നാലും തരക്കേടില്യാത്ത ചാലക്കുടിക്കാരുടെ സ്വന്തം സി-ഡിറ്റ്. കാല്‍ നൂറ്റാണ്ടു കാലമായി ചാലക്കുടിക്കാരുടെ ഐടി വിദ്യാഭ്യാസത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു പ്രുന്ന സ്ഥാപനം. ഈയുള്ളവന്‍ ഇന്നവിടുത്തെ സ്റ്റാഫാണ് ( വല്യ മാഷാന്നാ ഭാവം..പക്ഷേ വെറും ട്രെയിനി...) മൊത്തം പതിമൂന്നു പേരില്‍ പതിമൂന്നാമന്‍..അല്ലേല്‍ ഈ തലയ്ക്കേന്ന് ഒന്നാമന്‍. അതി രാവിലെ തുറക്കുമ്പോഴേ ഞാനവിട ഹാജരായിരിക്കും, പിന്നെ വൈകുന്നേരം പൂട്ടിച്ചിട്ടേ (താത്കാലികം) പുറത്തിറങ്ങൂ. അന്ന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഭയങ്കര ആവേശം, പക്ഷേ കൊടുക്കാന്‍ കാശ്, വീട്ടീ ചോദിക്കുന്ന കാര്യമേ ആലോചിക്കണ്ട..പിന്നെന്താ വഴി??

മുന്‍പ് അവിടെ പഠിപ്പിച്ചിരുന്ന ഉണ്ണ്യേട്ടനാണ് സി-ഡിറ്റ് സജസ്റ്റ് ചെയ്തത്. അവിടെ ചെന്ന് ഏറ്റവും ഫീസ് കുറഞ്ഞ കോഴ്സിന് ചേര്‍ന്നു. 1800 രൂപ, ഹൊ! എവിടുന്നുണ്ടാവാന്‍, ഒരു 200 എങ്ങിനെയോ സംഘടിപ്പിച്ചു കൊടുത്തു പഠനം തുടങ്ങി. ഉണ്യേട്ടന്റെ റെക്കമന്റേഷന്‍ കാരണം ശകലം ശ്രദ്ധ അവിടുന്നു കൂടുതല്‍ കിട്ടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി ഫീസില്ല, റാണി മാഡം കുറേ പ്രാവശ്യം ചോദിച്ചു, പക്ഷേ അവര്‍ക്കു ചൂടാവാന്‍ പറ്റണില്യ..എന്താ കാര്യം, നമ്മള് എല്ലാവരുമായിട്ടും ഒടുക്കത്തെ കമ്പനി...പ്രശ്നം അങ്ങിനെ ഡയറക്ക്ടറുടെ മുന്‍പിലെത്തി..(ഒന്നല്ല രണ്ട് ഡയറക്റ്റര്‍മാരാ...അതിപ്പോ പറഞ്ഞാ ശരിയാവില്യ, വേറെ കൊറേ പോസ്റ്റിനുള്ളതുണ്ട്)..

അവര്‍ ഫീസ് കിട്ടേണ്ട സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചു, ഞാന്‍ വളരേ ശ്രദ്ധയോടു കൂടി നിന്നു കേട്ടു, ഞാനൊന്നും പറയാതായപ്പോ അവര്‍ക്കു കാര്യം മനസിലായി (ഞാന്‍ മിണ്ടാതിരിക്കുന്നത് വളരേ അപൂര്‍വ്വമാണെന്ന് അവരും മനസിലാക്കിയിരിക്കുന്നു..) അങ്ങിനെ ഫീസ് തിരിച്ച് പിടിക്കാനുള്ള വിദ്യയായിടോ അതോ ഞാന്‍ ഭയങ്കര ബുദ്ധിമാനാണെന്നു ( ശ്ശോ! ഈ ഞാന്‍..എന്നെ സമ്മതിക്കണം) അന്നേ അവറ്ക്കു മനസിലായിട്ടോ എന്നറിയില്ല, അവരു പറഞ്ഞു, താനിപ്പോ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ചില്യേ... ഇനി ഇവിടെ ട്രയിനിയായിക്കോളൂ... അറിയാവുന്നത് ഇവിടെയുള്ളവര്‍ക്ക പറഞ്ഞുകൊടുക്കൂ..ബാക്കിയുള്ള സമയം എന്താന്നു വച്ചാ പഠിച്ചോളൂ..ഫീസൊന്നും വേണ്ട... ഈശ്വരാ... ആ വാക്കിനെ ഞാനിന്നും നന്ദിയോടെ.. വെറും നന്ദിയോടെ എനു പറഞ്ഞൊതുക്കാനാവില്യ..എങ്കിലും..കാരണം ഇന്നു ഞാന്‍ എന്തെങ്കിലുമാണെങ്കില്‍ (ഒന്നുമല്ല എന്നെനിക്കറിയാം..എന്നാലും) അതിന് ഞാനാ വാക്കുകളോട് കടപ്പെട്ടിരിക്കുന്നു...

ആ വാക്കുകള്‍ കേട്ടപ്പോഴുണ്ടായ സന്തോഷത്തെ ഞാന്‍ എന്തിനോടാ ഉപമിക്കുക..ഉപമ പോലുല്‍ കിട്ടണില്യ..അതു ഞാന്‍ നിങ്ങള്‍ക്കു വിടുന്നു... അങ്ങിനെ ആ സുദിനമാണിന്ന് ‍... ലാബിലേയ്ക്കു ചെന്നപ്പോല്‍ ആകെ ഒരു പ്രത്യേകത... ഇനിക്കു സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യാവുന്ന അമ്പതോളം കമ്പ്യൂടറുകള്‍..എന്താ പറയാ...മ്മടെ മണിച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ എലി പുന്നെല്ലു കണ്ട പോലെ...അന്നത്തെ സ്റ്റാഫ് മീറ്റിംഗില്‍ നമ്മുടെ പദവി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അത്ര ദിവസം നമ്മളെ മൈന്റു ചെയ്യാതിരുന്ന ടീച്ചര്‍മാരും അടുത്തു വന്ന് പരിചയപ്പെട്ടു. ഞാന്‍ പതിമൂന്നാമന്‍..ബാക്കി 12 ല്‍ പത്തും പെണ്‍ പ്രജകള്‍..ഹൊ!

രാവിലത്തെ സന്തോഷമൊക്കെ കഴിഞ്ഞപ്പോള്‍ ആകെ ഒരു ടെന്‍ഷന്‍, ദൈവമേ! ലൈഫിലെ ആദ്യത്തെ ജോലിയാ... തുടക്കം കൊളമാവാതെ നോക്കണമല്ലോ!ലാബീ കേറാന്‍ ഒരു വൈക്ലബ്യം...നേരെ റാണി മാഡത്തിന്റെ ക്യാബിനിലേയ്ക്കു ചെന്നു... മൂലയ്ക്കുള്ള സീറ്റിലിരുന്നു...ഇത്തിരി കഴിഞ്ഞപ്പോള്‍ മാഡം വന്നു വിളിച്ചു...ദേ ഇത് ലീന.. പുതിയ സ്റ്റുഡന്റാ... എന്നിട്ട് ലീനയോട് ഇതു .... സാര്‍, ഈ സാറാണ് കുട്ടിയ്ക്ക് ക്ലാസ് എടുക്കുന്നത് ( സാറ്...യ്യോ! ഞാനോ! എന്തൊ എനിക്കാകെയൊരു കുളിര്...). കുട്ടി ലാബിലേയ്ക്ക് പൊയ്ക്കോളൂ...മാഡം പറഞ്ഞു...സാറ് വിളിയുടെ ഷോക്കില്‍ നില്‍ക്കുന്ന എന്നോട് ചോദിച്ചു, എന്താ സാറേ..... ക്ലാസ്സെടുക്കുന്നില്യേ? മ്..കുടിക്കാനുള്ള വെള്ളം എവിടെയാ ഇരിക്കുന്നത്? എന്റെ മറുചോദ്യം... ശബ്ദം പതറിയിട്ടുണ്ടോന്നൊരു സംശയം....

വെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും മതിയാകുന്നില്യ... ഒന്നു മുഖം കഴുകിയേക്കാം... ഈ ടെന്‍ഷന്‍ കൂടി ഒന്നു കഴുകിക്കളയാന്‍ പറ്റിയെങ്കില്‍... ഞാന്‍ കണ്ണാടിയില്‍ നോക്കി. ഏയ് പ്രശ്നമൊന്നുമില്ല... അല്ലാ എന്തിനാ ഇത്ര പേടിയ്ക്കുന്നത്... ഏയ് സ്റ്റുഡന്റ് കാത്തിരിക്കുന്നു..പിന്നില്‍ ജൂലി മിസ്.. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.. പേടീണ്ടൊ? ഏയ് എനിക്കോ? എന്നാ ചെല്ലൂ...

ലാബിലേയ്ക്ക് ചെല്ലുമ്പോള്‍ ഇനിയും ഉണര്‍ത്താത്ത ഒരു പഴയ ബ്ലാക് & വൈറ്റ് സിസ്റ്റത്തിനു മുന്‍പില്‍ ലീന.. എന്റെ ആദ്യത്തെ വിദ്യാര്‍ത്ഥിനി എനിക്കായി കാത്തിരിക്കുകയായിരുന്നു....എന്റെ നെഞ്ചപ്പോഴും അതിദ്രുതമിടിച്ചു കൊണ്ടിരുന്നു....

വെള്ളപളുങ്കൊത്ത വിദഗ്ദരൂപീ, കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലേ തിരകള്‍ തള്ളിവരും കണക്കെന്നുള്ളത്തില്‍ വന്നു വിളയാടീടുക സരസ്വതീ നീ....