വ്യാഴാഴ്‌ച, മേയ് 15, 2008

റിസല്‍റ്റ് വന്നേ...

ഞാന്‍ ഇന്നു രാവിലെ മുതന്‍ ഗൂഗിളിന്റെ മുന്നിലായിരുന്നു, സെര്‍ച്ച് ചെയ്യുന്നത് ഒരേയൊരു വാക്കും, ‘കേരള ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട്’. പക്ഷേ എന്നും എന്നെ നേര്‍വഴിക്കു നയിക്കുന്ന ഗൂഗിള്‍ ഭഗവാന്‍ ഇന്നു പ്രസാദിക്കുന്നില്ല. 2006 ലെ ലിങ്ക് ഒക്കെയാണു വരുന്നത്.

അപ്പോഴാണ് നമ്മടെ കൊണ്ടോട്ടിക്കാരന്‍ ബീരാങ്കുട്ടിക്കാടെ ബ്ലോഗിലെ ലിങ്കുകളെ ഓര്‍ത്തത്, നേരെ അങ്ങോട്ടോടി. അവിടേം ക്ലിക്കി നോക്കി, കിം ഫലം!

പിന്നെ അവസാനം ഞാന്‍ മലയാളിയുടെ സുപ്രഭാതത്തെക്കുറിച്ചോര്‍ത്തത്, ഭാഗ്യം! അവിടെ വാര്‍ത്തയുണ്ട്, റിസല്‍ട്ട് 12 നു വരും എന്ന് പറഞ്ഞിട്ടുണ്ട്. ഹാവൂ അപ്പോ ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നമ്മടെ സിനിമേല്‍ കാണാറുള്ള ലേബര്‍ റൂമിന്റെ പുറത്തെ കാഴ്ചയൊക്കെ ഓര്‍മ്മ വരുന്നത്.

ഹൊ! നമ്മളു പരീക്ഷയെഴുതിയപ്പോ ഇത്രേം ടെന്‍ഷനടിച്ചിട്ടില്ല, എന്തുകൊണ്ടാണ് അമ്മമാരും അച്ഛന്മാരുമൊക്കെ ഇത്രേം ടെന്‍ഷനടിക്കണേന്നിപ്പൊ മനസിലായി, അവസാനം എല്ലാ റോഡും റോമിലേയ്ക്കെന്നു പറഞ്ഞ പോലെ ഞാനുമെത്തി കേരള റിസല്‍ട്സ്.നിക്.ഇന്നിലേക്ക്. അവിടെ ചെന്നപ്പോഴൊ ആടു കിടന്നിടത്ത് പൂട പോലുമില്ലാ എന്ന അവസ്ഥ. മൂന്നു ദിവസം മുമ്പത്തെ പത്താം ക്ലാസ്സുകാരുടെ ഫലത്തിലേയ്ക്കുള്ള ഒരു ലിങ്കു മാത്രം, ദൈവമേ എനിക്കിനി ദിവസം മാറിപ്പോയോ? ഈ ഹയര്‍സെക്കന്‍ഡറീഡെ റിസല്‍റ്റ് ഇന്നു തന്നെയല്ലേ?

ഉടന്‍ വീട്ടിലേയ്ക്കു വിളിച്ചു, എടീ ഇന്ന് തന്നെയാണാ റിസല്‍റ്റ്, അതോ നിനക്കു ഡേറ്റ് മാറിയോ? അനിയത്തി പറഞ്ഞു, പിന്നേ ഡേറ്റ് ഇന്നു തന്നെയാണെന്ന്. ഓകെ എങ്കില്‍ നമുക്കു കാത്തിരിക്കാം എന്നു ഞാനും.

പിന്നത്തെ പരിപാടി F5..F5..F5..F5..F5..F5..F5..F5..F5 എവടെ എത്ര റിഫ്രഷ് ചെയ്തിട്ടും ഒന്നും വരണില്യ. ദൈവമേ പതിനൊന്നു കഴിഞ്ഞല്ലോ! കുറെ നേരത്തെ റിഫ്രഷിനു ശേഷം പേജില്‍ പത്തിനു മുകളിലായി പന്ത്രണ്ടിന്റേം ലിങ്കു വന്നു. ചാടി ക്ലിക്കി. പേജ് കാന്‍ നോട്ട് ബി ഡിസ്പ്ലേയ്ഡ് >> ബാക്ക് >> പിന്നേം ക്ലിക്കി.

ദാ വരണൂ, രജി. ന. പറയൂ.. പറഞ്ഞു.. ക്ലിക്കി.. എക്സ്പ്ലോററിനൊരു വലിച്ചില്, ദാ വന്നു പോയ്, ഗ്രേഡുകളിലൂടെ കണ്ണുകള്‍ ഓടിപ്പാഞ്ഞു പോയ്. കൊള്ളാം നല്ല റിസല്‍റ്റ്. ടെന്‍ഷനിടിച്ചാലും കൊഴപ്പമില്ല. എന്റനിയത്തികൊച്ച് നന്നായി പെര്‍ഫോമന്‍സ് ചെയ്തിട്ടുണ്ട്. ഒരെണ്ണത്തില്‍ മാത്രം A, ബാക്കിയെല്ലാത്തിലും A+.(എന്റെ മാര്‍ക്കുകള്‍ വച്ചു നോക്കുമ്പം ഒന്നുമല്ല, എന്നാലും..)

വിജയങ്ങള്‍ എപ്പോഴും മാധുര്യമുള്ളതാണ്, അതു നമ്മുടെ പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ പ്രത്യേകിച്ചൂം!

വ്യക്തിപരമായ വിജയം ചിലപ്പോ മറ്റുള്ളവരുടെ കണ്ണില്‍ ചെറുതായേക്കാം, പക്ഷേ എനിക്കതു വലുതാണ്, കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്ന് പറഞ്ഞപോലെ....

ഈ ചെന്നെയിലെ ചൂടത്ത്, അതും ആപ്പീസിലിരുന്ന് എങ്ങനാ ഈ സന്തോഷം പ്രകടിപ്പിക്കാ എന്നാലോചിച്ചിട്ടൊരു വഴീം കണ്ടില്യ, എന്നാ പിന്നെ ഈ സന്തോഷം ഒരു പോസ്റ്റാക്കാം എന്നു വിചാരിച്ചു, പോസ്റ്റാവുമ്മോ അങ്കോം കാണാം താളീം ഒടിക്കാം. ഹൊ! എന്റൊരു ബുദ്ധി.(ഡേറ്റും ഓര്‍ക്കാം പിന്നെ ഇടക്കു വായിക്കുവേം ചെയ്യാമല്ലൊ!.. അത്രേ ഒള്ളു കേട്ടാ..)

അപ്പോ ഏട്ടാ ഒറ്റക്ക് ഇവിടെ എന്തൊരു ബോറാണെന്നും പറഞ്ഞും, ബോറഡി മാറ്റാന്‍ അച്ഛനോടും അമ്മയോടും തല്ലും കൂടി നടന്ന് ഈ പണി പറ്റിച്ച എന്റെ പ്രിയപെട്ട ഉണ്ടുവിന് ഏട്ടന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ചെലവൊക്കെ നാട്ടീ വന്നിട്ട്, ഓക്കെ?

തിങ്കളാഴ്‌ച, മേയ് 12, 2008

ബൂലോഗക്ലബ്ബിനെയോര്‍ത്തപ്പോള്‍...

[ബൂലോഗത്തില്‍ പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..]

വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവിടെ വായിക്കൂ...

നമ്മളില്‍ പലരും ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ മനസില്‍ കൊണ്ടൂ നടക്കുന്നവരാണ്... പഴയ കാളവണ്ടിയും ചായപീടികയും തുടങ്ങി പല പല (എല്ലാം) നഷ്ടങ്ങള്‍.. ഒന്നു ചിന്തിച്ചാലറിയാം ഇതില്‍ ഭൂരിഭാഗവും നമ്മുടെ ബാല്യമോ ചെറുപ്പകാലമോ ആയി ബന്ധപ്പെട്ടതാണെന്ന് (കാര്‍ന്നോന്മാര്‍ ക്ഷമിക്കൂ).
എല്ലാവര്‍ക്കും എങ്ങിനെയാണെന്നെനിക്കറിയില്ല, പക്ഷേ എന്നെപോലുള്ള ഒരു സാധരണ ബ്ലോഗര്‍ പിച്ക വച്ചതിവിടെയാണ്, മലയാളം ബ്ലോഗ് എന്നു പറഞ്ഞാല്‍ അല്ലേല്‍ ബൂലോഗം എന്നു പറഞ്ഞാല്‍ അതിവിടെ തുടങ്ങുന്നു എന്നു ഞാന്‍ കരുതിയിരുന്നു. ബൂലോഗക്ലബ്ബില്‍ മെമ്പറല്ലാത്തവന്‍ മലയാളം ബ്ലോഗറല്ല എന്നു വിശ്വസിച്ചിരുന്നു ഞാന്‍.ഇപ്പോഴും ഇന്നു ഞാന്‍ ബ്ലോഗ് തുറക്കുമ്പോല്‍ കാര്യമായി ഒന്നും കാണില്യ എന്നുറപ്പുണ്ടെങ്കിലും ആദ്യം ബൂലോകക്ലബ്ബിലേ വരാറുള്ളൂ. ഇന്നീ ബൂലോഗത്തിലെ ഒരു വിധപ്പെട്ട പുലികളെല്ലാവരും ഒരിക്കല്‍ അങ്ങിനെയായിരുന്നു എന്ന് ഞാന്‍ വിശ്വസ്സിക്കുന്നു.
ഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്‍ക്കതില്‍ ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി മെയില്‍ ഐഡി ഉണ്ടാക്കി പഴയ ഫോര്‍മാറ്റില്‍ പിന്നേം ഒരു ബ്ലോഗ് തുടങ്ങി. എന്തിനാണെന്നോ! സിമ്പ്ലി ഫോര്‍ ബൂലോഗക്ലബ്!
ഒരു പാടു അപേക്ഷ കമന്റുകള്‍ക്ക് ശേഷം ഒരു മെമ്പര്‍ഷിപ്പ് കിട്ടിയപ്പോ എന്തോ പരീക്ഷ പാസായതു പോലെ.... അതിനുമുന്‍പും ശേഷവും ഒരു പാട് പേരിവിടെ അംഗത്വത്തിനായി ശ്രമിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പലരും പല ബ്ലോഗുസോസിയേഷനുകളും മറ്റൂം ഉണ്ടാക്കി അവരവരുടേതായ ലോകം ഉണ്ടാക്കിയപ്പോഴും ഒരു പക്ഷഭേദവുമില്ലാതെ (നാടും, ജോലിയും, ആണും പെണ്ണും, വിവാഹിതനും അവിവാഹിതനും തുടങ്ങി..) എല്ലാവരുടേയുമായി എല്ലാവര്‍ക്കുമായി ഒരേ ഒരു ക്ലബ്ബേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരുടേതെന്നു പറയുമ്പോ പഴയപോലെയല്ല, ഇപ്പോ ഒരുപാടു ബ്ലോഗുകള്‍ ഉണ്ട്, എല്ലാരേം ഉള്‍ക്കൂള്ളാന്‍ ക്ലബ്ബിനു കഴിയില്ലാരിക്കും. പക്ഷേ അതിന്നത്തെ പോലെയെങ്കിലും നിലനിര്‍ത്തണം. ബൂലോഗം പടര്‍ന്നു പന്തലിച്ച് പത്രങ്ങളേയും മറ്റു പ്രസിദ്ധീകരണങ്ങളേയും പിന്തള്ളി വളര്‍ന്നു പന്തലിക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ ഇവിടെ നിന്നു തുടങ്ങി എന്നറിയാന്‍ ഇതുപാകരപ്പെട്ടേക്കും.
അതല്ല പണ്ട് ഞങ്ങള്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ഒരു ക്ല്ലബ്ബുണ്ടായിരുന്നു, എന്നുള്ള നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണോ സുഖകരം?
എന്നും നഷ്റ്റപ്പെട്ടതോര്‍ത്തെല്ലാരും സങ്കടപ്പെട്ടിട്ടല്ലേയുള്ളൂ?
ദേവേട്ടന്‍ എന്തുകൊണ്ട് ഇഅങ്ങനെയൊരു തീരുമാനമെടുത്തൂ എന്നെല്ലാര്‍ക്കുമറിയാം. സ്രഷ്ടാവ്വിന് പോലും നിയന്ത്രണം നഷ്റ്റപെട്ടുപോകുമ്പോള്‍ സംഹാരമല്ലാതെ വേറെ വഴിയില്ല എന്ന തോന്നല്‍.

ദേവേട്ടാ, ഈ ക്ലബ്ബ് തുടങ്ങിയ ആളെന്ന നിലയില്‍ ബ്ലോഗ്ഗറില്‍ നിന്ന് ഇതിന്റെ അഡ്മിന്‍ കിട്ടാന്‍ ഒരു വഴിയുമില്ലേ? അഡ്മിന്‍ കിട്ടിയാല്‍ മോഡറേറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ആരെയെങ്കിലൂം നമുക്കിത് ഏല്പിച്ചു കൂടെ? ഇനിപുതിയ പോസ്റ്റുകള്‍ വേണ്ട, പരസ്യസ്ഥലവുമാക്കേണ്ട.. എന്നാലും ചുമ്മാ, ഡിലീറ്റാമെന്നു പറഞ്ഞപ്പോ...

ഇതാരേം കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ അല്ല്ല. എന്നെപ്പോലുള്ള കുറച്ച് ബ്ലോഗന്മാരെങ്കിലും ഇങ്ങിനെ ചിന്തിക്കണുണ്ടാവില്യേ എന്നു തോന്നി, അതോണ്ട് മാത്രം.

ഇനി അങ്ങിനെയല്ല ക്ലബ്ബ് ഡിലീറ്റുകയാണ് വേണ്ടത് എന്നാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ... എന്തായാലും നല്ലതിനാവണം, അത്രന്നെ....

ബുധനാഴ്‌ച, മേയ് 07, 2008

എന്തേ ഈ സ്വപ്നങ്ങളെല്ലാം ഇങ്ങനെ?

നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും ചിന്തകളുമാണ് സ്വപ്നത്തില്‍ വരുന്നതെന്നാണല്ലോ! പക്ഷേ ഞാന്‍ സ്വപ്നം കണ്ട് വരുമ്പോ...

നല്ല സ്പീഡില്‍ കാറോടിച്ചോണ്ടിരിക്കുമ്പോള്‍ ആ വണ്ടീടെ സ്റ്റിയറിംഗ് കാണാനില്യ, മിനിമം ബ്രേക്കെങ്കിലും കാണണ്ടേ??? അതും ഇണ്ടാവില്യ...

ഞാന്‍ നായകനായുള്ള സിനിമ നടന്നോണ്ടിരിക്കുമ്പോള്‍ വില്ലന്‍ വന്ന് ഒരുളുപ്പുമില്ലാതെ നായകനെ ഇടിച്ചിട്ടേച്ച് നായികേനേം കൊണ്ടു പോണൂ...
ഇതൊക്കെ പോട്ടേ, സര്‍ക്കാരു ബസ്സില്‍ കേറി ചുമ്മാ ഒരു യാത്ര പോകാന്നു വച്ചാ ടിക്കറ്റെടുക്കാന്‍ നേരത്ത് പേഴ്സ് പോയിട്ട് പോക്കറ്റ് പോലും കാണില്യ.

ദേ ഇപ്പറഞ്ഞതൊക്കെ വെറും സാമ്പിളാ, ഇനീം എന്തോരാ...

ഇങ്ങനെയാണെങ്കില്‍ സ്വപ്നം കാണല്‍ നിര്‍ത്തേണ്ടിവരുമെന്നാ തോന്നണെ... ഈ സ്വപ്നങ്ങള്‍ക്ക് അതിന്റെ പ്രൊഡ്യൂസറോടു ഇത്തിരിയെങ്കിലും പരിഗണന വേണ്ടേ? ഇതു ചുമ്മാ കയ്യിലിരിക്കണ കാശും മുടക്കി കടിക്കണ പട്ടീനെ വാങ്ങീന്നു പറയണപോലെയാ... അല്ലേ?
സ്വപ്നത്തിലെങ്കിലുമൊന്നു ആര്‍മാദിക്കാന്നു വച്ചാ സമ്മതിക്കൂലാ, പിന്നെ ദേ ഈ സ്വപ്നം മാത്രം അത്രേം പ്രശ്നക്കാരനല്ലാ കേട്ടോ, ഇടക്ക് കട്ടിലേന്ന് നേരെ താഴെ വീഴും, പക്ഷെ ഇതുവരെ ഒരു പരിക്കും പറ്റിയിട്ടില്യാ, കാരണം ഇതുവരെ വീഴണ കുഴീടെ ആഴം കണ്ടുപിടിക്കാണ്‍ പറ്റിയിട്ടില്യ, അങ്ങ്ട് വീണുകൊണ്ടേയിരിക്കും... താഴോട്ട്.....

ചൊവ്വാഴ്ച, മേയ് 06, 2008

ഒരു വര്‍ഷത്തിനുശേഷം...

ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ പിന്നെയും കുത്തിക്കുറിക്കാന്‍ തുടങ്ങുന്നു.. ഇതിത്രേം വല്യ കാര്യായിട്ടു പറയാന്‍ ഇവന്‍ ആരുവാ എന്നാണല്ലേ? ആരുമല്ല, പക്ഷേ പല തവണ ക്രിയേറ്റ് പോസ്റ്റ് എന്നു ക്ലിക്കിയതിനു ശേഷം മാ‍നത്തേയ്ക്കു നോക്കിയിരിക്കും, പിന്നെ അടച്ചേച്ച് എഴുന്നേറ്റു പോകും...
ഞാനിങ്ങനെയായതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഈ ബൂലോഗത്തീലെ പുലികള്‍ക്കാണ്... തെളിച്ചു പറഞ്ഞാല്‍ കൊല്ലക്കടയില്‍ സുചി വിക്കാന്‍ ശ്രമിക്കുന്നവന്റെ ആവസ്ഥ.. അതന്നെ...

പക്ഷേ ഇപ്പൊ തോന്നുന്നു, എന്റെ ബ്ലോഗ്, ഇഷ്ടമുള്ളവന്‍ വായിക്കട്ടേ, വായിക്കാതിരിക്കട്ടെ, എനിക്കെന്തു ചേതം! അത്രന്നെ!

എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നുണ്ട്, നടക്കുമോ ആവോ! എഴുതാത്തപ്പോള്‍ ഒരു പാടുണ്ടെന്നു തോന്നും, എഴുതാന്നു വച്ചാലോ, തല കൊയ്ത്തു കഴിഞ്ഞ പാടം പോലെയാവും...

എന്നാലും ഇങ്ങനേലും രണ്ടു വരി എഴുതാന്‍ സാധിച്ചൂലോ..!