ശനിയാഴ്‌ച, നവംബർ 25, 2006

അംബിയുടെ മറുപടി - Ramayana Bridge

എന്റെ മുന്‍ പോസ്റ്റിന്നു വന്ന മറു മൊഴിയാണിത്.. പക്ഷേ ഇത് ഒരു പോസ്റ്റാക്കേണ്ടത് എന്റെ ഉത്തരവാദിത്ത്വമാണെന്നെനിക്കു തോന്നുന്നു...
അന്ധകാരത്തെ മാറ്റി വെളിച്ചം തരുന്നതാണ് യതാര്‍ഥ അറിവ്... എനിക്കു പിടിവാശികളില്ല..ഇത്രയും അറിയാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥത മാത്രം...

ഇത്രയും ആഴമുള്ള മറുപടി തന്ന അംബിക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാനിത് പ്രസിദ്ധീകരിക്കുന്നു...

അംബി പറയുന്നു....
ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമുള്ളത് ആദ്യമായികിട്ടുന്ന അറിവാണെന്ന് തോന്നുന്നില്ല.
അങ്ങ് കാണിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡഡ് ഈ- എഴുത്തുകളായി കാണുന്നുണ്ട്.
ശരിയ്ക്കും പറയുകയാണെങ്കില്‍ പാക് കടലിടുക്കില്‍ സ്വാഭാവികമായോ അല്ലാതേയോ ചെറു ചെറു ദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്ന ഒരു പാലം പണ്ടു മുതലേ കണ്ടിട്ടുണ്ട്..പണ്ട് മുതലേ എല്ലാവര്‍ക്കും അറിയാവുന്നതാണിത്
(മദ്രാസ് പ്രസിഡന്‍സിയിലെ Robert Palk,(1755-1763 എന്ന ഗവര്‍ണര്‍ ജനറലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ കടല്ലിടുക്കിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.).
.ആ ദ്വീപുകളില് രാമേശ്വരം ദ്വീപു മുതല്‍ ആ ദ്വീപിന്റെ മുനമ്പായ ധനുഷ്കോടി വരെ ഭാരതത്തില്‍ ഉള്ളവര്‍ക്ക് പ്രാപ്യമാണ് താനും.രാമേശ്വരം വരെ നാം പാമ്പന്‍ പാലം എന്ന പേരില്‍ റോഡ് ഗതാഗതവും ഉണ്ടാക്കിയിട്ടുണ്ട്.

അവിടുന്നങ്ങോട്ട് ശ്രീലങ്ക വരെ ചെറുചെറു ദ്വീപുകളും ആഴം കുറഞ്ഞ സമുദ്രഭാഗവും പവിഴപ്പുറ്റുകളും ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗത്തിനേയാണ് നാം രാമന്റെ പാലമെന്നോ ആഡംസ് പാലമെന്നോ ഒക്കെ പറയുന്നത്.
ഈ പാലം മനുഷ്യനിര്‍മ്മിതമായാലും അല്ലെങ്കിലും ഭാരതത്തിലേയും ശ്രീലങ്കയിലേയും ജീവിതത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ മത്സ്യബന്ധനം, കാലാവസ്ഥ, വേലിയേറ്റവും വേലിയിറക്കവും വഴിയുണ്ടാകുന്ന സമുദ്രത്തിലേയും കരയിലേയും വ്യതിയാനങ്ങള്‍ ഇതിനെയൊക്കെ ഈ കടലിടുക്കിലെ പാലം പോലെയുള്ള ആഴം കുറഞ്ഞ ഭാഗം സ്വാധീനിയ്ക്കുന്നു.

വികിപീഡിയയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഭാരതീദാസന്‍ സര്‍വകലാശാല ഈ കടലിടുക്കിന് ഏതാണ്ട് 3500 വര്‍ഷത്തെ പഴക്കമെ കാണുന്നുള്ളൂ.അതിനും മുന്നേ ഉള്ളതാണെന്നും അല്ല ഇതു സ്വാഭാവികമായ ആഴം കുറഞ്ഞ കടലിടുക്കാണെന്നുമൊക്കെ വാദങ്ങളുണ്ട്.

ഇതിന് നാസയാണോ ആഡംസ് പാലം എന്നു പേരുകൊടുത്തതെന്ന് നാം ഒന്നുകൂടി ആലോചിയ്ക്കേണ്ടതുണ്ട്.എന്റെ പ്രാഥമിക പഠനകാലം മുതല്‍ക്കേ ഈ ആഡംസ് പാലത്തിനേപറ്റി കേള്‍ക്കുന്നതാണ്.

ഇതിഹാസങ്ങള്‍ക്കും മറ്റും ചരിത്രപരമായ തെളിവുകണ്ടുപിടിയ്ക്കുന്നത് നല്ലതു തന്നെ.പക്ഷേ കിട്ടുന്ന വിവരങ്ങള്‍ ആദ്യം ശരിയാണൊ എന്നു നാം പരിശോധിയ്ക്കേണ്ടതുണ്ട്. മറ്റൊന്ന് ഭാരതീയ ഇതിഹാസങ്ങളോടും ചിന്താരീതിയോടുമൊക്കെ നാം സമരസപ്പെടേണ്ടത് അതിനെ ശരിയായി മനസ്സിലാക്കുക എന്ന ഒരൊറ്റ കാര്യം ചെയ്തുകൊണ്ട് മാത്രമാണ്.പതിനേഴു ലക്ഷം കൊല്ലം മുന്‍പ് നടന്നതെന്നു പറയപ്പെടുന്ന ഒന്നല്ല രാമായണത്തിന്റെ സാംഗത്യം.അതു പ്രേതകഥകള്‍ പറയുന്ന പോലെ പറയാനുള്ള ഒന്നുമല്ല (എന്റെ അഭിപ്രായം.)

ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നതൊക്കെ മനസ്സിലാക്കുന്നത് അതിന്റേതായ ഒരു രീതിശാസ്ത്രമുപയോഗിച്ചു വേണം.ആ രീതിശാസ്ത്രം പഠിയ്ക്കേണ്ടത് ഒരു സദ്ഗുരുവിന്റടുത്തുനിന്നും വേണം താനും..അത് ഏതു മതക്കാരനായാലും കുഴപ്പമില്ല.മനുഷ്യന്‍ പോലുമാകണമെന്നില്ല.

അല്ലാതെ പണ്ട് രാമനെന്ന ഒരു രാജകുമാരന്‍ രാവണനെന്ന ഒരു തെമ്മാടിയെ തന്റെ പെണ്ണുമ്പിള്ളയെ തട്ടിക്കൊണ്ടുപോയ ദേഷ്യത്തിന് ചെന്ന് കൊന്ന് കൊലവിളിച്ചതാണീ രാമകഥ എന്നു പറഞ്ഞിരുന്നാലെന്തു ചെയ്യാന്‍?

ഗൂഗിളിലോ,.വിക്കിപീഡിയയിലോ Palk Strait, Rama's Bridge, എന്നുള്ള താക്കോല്‍ വാക്കുകളുപയോഗിച്ച് പരതിയാല്‍ ഇതിനേപ്പറ്റിയുള്‍ല പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിയ്ക്കും.
സമയം കിട്ടുമ്പോള്‍ രാമേശ്വരം വരെ പോയി മഹാദേവനെ തൊഴുത്, സമുദ്രത്തിന്റെ തീരത്ത് വച്ച് സകല മറകളും കളയുന്ന ആചാരമായി മനസ്സൊന്ന് മുണ്ഡനം ചെയ്താല്‍ അത്രയുമായി...നേരിട്ട് കാണുകയും ചെയ്യാം
അതിനല്ലാതെയെന്തിനാണൊരു രാമായണം?

പിന്നെ ഇതിന്റെയൊരു പാരിസ്ഥിതിക വശമുണ്ട്..നേരത്തേ പറഞ്ഞതുപോലെ ഈ രാമ-വാനരപ്പാലം (പേരിന്റെ പേരിലൊരു വഴക്കു വേണ്ടാ) ഇടിച്ചു നിരത്തി ഒരു കപ്പല്‍ച്ചാല് പാക് കടലിടുക്കില്‍ക്കൂടെയുണ്ടാക്കാന്‍ ഒരു പരിപാടി ഉത്ഘാടം ചെയ്തു കഴിഞ്ഞു. സേതുസമുദ്രം കപ്പല്‍ ചാനല്‍ പ്രൊജക്റ്റ്..
അത് കേരളം തമിഴ്നാട് ഉള്‍പ്പേടെയുള്ള തീരദേശത്ത് വമ്പന്‍ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. സുനാമി പോലുള്ള വലിയ സമുദ്രക്കെടുതികളില്‍ നിന്ന് കേരളം ഉള്‍പ്പേടെയുള്ള തീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായ ആഴം കുറഞ്ഞ ഈ പാലമാണത്രേ.
തൂത്തുക്കുടി മുഖ്യമായും മറ്റു ചെറു തുറമുഖങ്ങളുടേയും വളര്‍ച്ച ലക്ഷ്യമിട്ടുണ്ടാക്കുന്ന ഈ കപ്പല്‍ ചാനല്‍ വന്നാല്‍(പണി തുടങ്ങി എന്നു തോന്നുന്നു?) ഹോങ്ങ് കോങ്ങിലും മറ്റുമടുക്കുന്ന കപ്പലുകളൊക്കെ തൂത്തുക്കുടിയിലടുക്കുമെന്നും ഭാരതത്തിന് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാകുന്നതെന്നും പറയപ്പെടുന്നു.
പക്ഷേ ഇത് തീരദേശത്തെ വളരേയേറെ പാരിസ്ഥിതികമായി ബാധിയ്ക്കുമെന്ന് ലോകത്തെ വലിയ ശാസ്ത്രജ്ഞന്മാര്‍ വളരെയേറെപ്പേര്‍ മുന്നറിയിപ്പ് തരുന്നുമുണ്ട്.
സത്യമ്പറഞ്ഞാല്‍ ആരെ വിശ്വസിയ്ക്കണമെന്നറിയില്ല. ശാസ്ത്രജ്ഞന്മാര് പറഞ്ഞതാണ് കാര്യമെന്നൊക്കെ വിശ്വസിച്ചിരിയ്ക്കുമ്പോഴായിരിയ്ക്കും ഭാരതത്തിന്റെ വികസനം തടയാനായി സീ ഐ എ കാശു കൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് അറിയുന്നത്.:)
പക്ഷേ ഒരു നല്ലകാര്യവും ഈ രാഷ്ട്രീയക്കാര് ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ട് എനിയ്ക്കീ ശാസ്ത്രജ്ഞര്‍ പറയുന്നത് വിശ്വസിയ്ക്കാനാണിഷ്ടം.കാരണം പട്ടിണിയോ വിദ്യാഭ്യാസമില്ലായ്മയോ ഒന്നും മാറ്റാനില്ലാത്ത തിടുക്കമായിരുന്നു അവര്‍ക്കീ സേതു സമുദ്രം പ്രൊജെക്റ്റ് നടപ്പിലാക്കാനുണ്ടായിരുന്നത്.(പുതിയ സേതുസമുദ്രം പ്രൊജെക്റ്റ്..എന്നു വായിയ്ക്കണം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നൂറ്റമ്പത് കൊല്ലത്തോളമായി..ബ്രട്ടീഷുകാരാണീ വിദ്യ ആദ്യം പറഞ്ഞു തുടങ്ങിയത്..)
ഗൂഗിള്‍ വിക്കിപീഡിയ താക്കോല്‍ വാക്കുകള്‍-Sethusamudram Shipping Canal Project

വ്യാഴാഴ്‌ച, നവംബർ 09, 2006

രാമായണ സേതു (Ramayana Bridge)


ഇന്ത്യയും ശ്രീലങ്കയേയും ബന്ധിപ്പിച്ചുകൊണ്ട് ശ്രീരാമന്‍ പണിയിച്ച പാലത്തേക്കുറിച്ച് ഓരൊ ഭാരതീയനും വളരേ വ്യക്തമായി അറിയാവുന്നതാണല്ലോ. ശ്രീരാമസേനയ്ക്ക് സീതാദേവിയെ മോചിപ്പിക്കുന്നതിനായി ലങ്കയിലേയ്ക്ക് പോകുന്നതിനായി പണി കഴിപ്പിച്ച പാലം, അതെല്ലാം വെറും കെട്ടുകഥയാണെന്നു പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി നാസ തങ്ങളുടെ ഉപഗ്രഹങ്ങളുപയോഗിച്ച് ആ പാലത്തിന്റെ വളരേ വ്യക്തമായ ചിത്രങ്ങളെടുത്തു. ഭാരതീയ പുരാണങ്ങളൊന്നും സങ്കല്പങ്ങളല്ല, യഥാര്‍ഥങ്ങളാണെന്നുള്ളതിന് വളരേ ശക്തമായ ഒരു തെളിവു കൂടി.അടുത്ത കാലത്തായി കണ്ടുപിടിക്കപ്പെട്ട ആ മഹാ സേതുവിനെ നാസ ആദമിന്റെ പാലം (Adam's Bridge) എന്നു നാമകരണം ചെയ്തു. 30 കിലോമീറ്റര്‍ നീളം വരുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആ സേതു നിഗൂഢങ്ങളായ ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു.ആ പാലത്തിന്റെ പ്രത്യേകരീതിയിലുള്ള വളവും കാലഘട്ടവും അപഗ്രഥിക്കുമ്പോള്‍ ശാസ്ത്രലോകം ഉറപ്പിക്കുന്നു. ഇതു മനുഷ്യ നിര്‍മ്മിതം തന്നെ!.1750000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രീലങ്കയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞരും ഐതിഹ്യവും ഒരേ പോലെ ശരി വയ്ക്കുന്നു, പാലത്തിന്റെ പ്രായവും ഏകദേശം അതുതന്നെ. ഇതെല്ലാം പണ്ട് ത്രേതായുഗത്തില്‍(1700000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) നടന്നു എന്നു പറയുന്ന രാമായണം കേവലം ഒരു ഐതിഹ്യം മാത്രമല്ല എന്നു തെളിയിക്കുന്നു. ഈ ഐതിഹാസികമായ ചരിത്രത്തില്‍ രാമേശ്വരത്തു നിന്നും ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തെക്കുറിച്ച് വളരേ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് വളരേ ഉപകാരപ്രദമാണോ എന്നതല്ല, ഇന്ത്യന്‍ മിത്തുകളുടെ ചരിത്രം അന്വേഷിക്കുന്ന അദ്ധ്യാമികതയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ജനങ്ങള്‍ക്ക് വളരേ വിലപ്പെട്ടതാണ്.


ഇത്രയും ഇന്ത്യന്‍ ചരിത്രവും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ മഹാ സേതുവിന് നാസ നല്‍കിയ പേര്, ‘ആദമിന്റെ പാലം’... ഇത് കേട്ടിട്ടും ഒരു ഭാരതീയ ശാസ്ത്രജ്ഞനോ ഒരു നേതാവോ (അറിഞ്ഞോ ആവോ!) ഇതിനെതിരേ പ്രതികരിച്ചു കണ്ടില്ല. ഈ സത്യം സത്യമായി നില നില്‍ക്കുന്നിടത്തോളം ഇതിനെതിരേ പ്രതികരിക്കേണ്ടത് ഭാരതീയനെന്ന രീതിയില്‍ നാമോരുത്തരുടേയും കടമയല്ലേ? പ്രതികരിക്കുന്നതിലുപരി ഈ സത്യം ലോകമെങ്ങും പ്രചരിക്കണം.
എന്തുകൊണ്ട് നമുക്കതിനെ ഭാരതീയമായ ഒരു പേര്‍ വിളിച്ചുകൂടാ?


Copy Rigt: NASA

തിങ്കളാഴ്‌ച, നവംബർ 06, 2006

അമേരിക്കയെ കാത്തിരിക്കുന്നത്...

നിങ്ങള്‍ക്കെന്നെ കൊല്ലാം, പക്ഷേ തോല്പിക്കാനാകില്ല!
സദാം ഹുസൈനെതിരെയുള്ള വിധി നാമെല്ലാവരും പ്രതീക്ഷിച്ചതു തന്നെ, കാരണം ബുഷിന്റെ വാലാട്ടിപ്പട്ടികളായ ജഡ്ജിയും ഉദ്യോഗസ്ഥരും..ബുഷ് നിയമിച്ച ഭരണകൂടം.പിന്നെയെന്തെല്ലാം?

അല്ലെങ്കില്‍ തന്നെ 2002 ല്‍ ഒരു കാരണവുമില്ലാതെ ഐക്യരാഷ്ട്രസഭയേക്കാള്‍ വളര്‍ന്നു വന്ന അഹങ്കാരത്തിന്റെ മൂര്‍ത്തീരൂപമായ അമേരിക്യന്‍ ഐക്യനാടുകള്‍ എന്തിണായിരുന്നു ഇറാഖിനെ ആക്രമിച്ചത്? മാരകമായ ആയുധശേഖരങ്ങളുള്ള ഇറാഖ് ലോകസമാധാനത്തിനു ഭീഷണിയാണെന്ന കാരണത്താലോ? സ്വന്തം എണ്ണപ്പാടത്തെ എണ്ണ ചോര്‍ത്തിയ കുവൈറ്റിനെ ആക്രമിച്ചതിനോ? എങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടേയും ഗതി ഇതായിരിക്കുമോ?

ഏതൊരാത്മാഭിമാനമുള്ള ഒരു ഭരണാധികാരിയും ചെയ്യുന്നതേ സദാമും ചെയ്തുള്ളൂ. ഇറാഖിജനതയെ അരുംകൊല ചെയ്തുവെന്നവകാശപ്പെടുന്ന ബുഷ് ഭരണകുടം യഥാര്‍ഥത്തില്‍ സദാം ഇറാഖിനു വേണ്ടി എന്തു ചെയ്തോ അതിനെയെല്ലാം മറച്ചു വയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു? ലോകസമാധാനത്തിനെന്ന പേരില്‍ അമേരിക്ക കൂട്ടക്കൊല ചെയ്ത 10 ലക്ഷത്തോളം ജീവന് ആര് കേസെടുക്കും? ഏതു ജഡ്ജി വിധി പ്രസ്താവിക്കും? ആധുനിക ഇറാഖിന്റെ ശില്പി എന്നറിയപ്പെടുന്ന സദാമിനെ സ്വന്തം മാധ്യമങ്ങളുപയോഗിച്ച് അമേരിക്ക പ്രതിച്ചായ തകര്‍ക്കുകയായിരുന്നില്ലേ?

സദാമിന്റെ കാലത്തുണ്ടായ വന്‍ സാമൂഹ്യമാറ്റത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ച്തുമൂലം സായിപ്പിന് ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണശക്തിയില്‍ ആധിപത്യം കുറഞ്ഞുതുടങ്ങിയപ്പോള്‍ ആ രാജ്യത്തെ പട്ടിണിയാണ് മാറിയത്. ആ എണ്ണപ്പണം ഉപയോഗിച്ചത് ആശുപത്രികളും സ്ക്കൂളുകളും പണിയാനായിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ സദാം ഉന്നത തലം വരെ സൌജന്യ വിദ്യാഭ്യാസവും ഏര്‍പ്പെടുത്തി.അറബ് ലോകത്തെ ഏറ്റവും സാക്ഷരസമൂഹമാക്കി ഇറാഖിനെ മാറ്റിയ സദാം സ്ത്രീകള്‍ക്ക് ഉന്നത ഉദ്യോഗങ്ങളിലും മറ്റും ജോലി നല്‍കുകയും ചെയ്തു. ആധുനികതയെയും ശാസ്ത്രത്തേയും കൂട്ടിയിണക്കി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ച സദാം പരസ്പരം ചോരകുടിച്ചുകൊണ്ടിരുന്ന ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തു.

അമേരിക്ക പരിശീലിപ്പിച്ച ന്യായാധിപരും, പിന്നെ അമേരിക്കന്‍ പൌരന്മാര്‍ നികുതിയായി നല്‍കിയ 750 ദശലക്ഷം ഡോളറുമാണ് ഈ വിചാരണ നാടകത്തിനായി ഉപയോഗിച്ചത്.ബുഷ് ഭരണകൂടം ചതിയിലുടെയും ഒടുങ്ങാത്ത നരഹത്യയിലൂടെയും നേടിയെടുത്തെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങിനെയൊരു നാടകം.ന്യായം എന്ന വാക്കുച്ചരിച്ച ന്യായാധിപരെ മാറ്റിയും, പ്രതിക്കു വേണ്ടി വാദിച്ച വക്കീലന്മാരെ വധിച്ച്ചും അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ടിരുന്നു.ജപ്പാനില്‍ അണുബോംബിട്ട് ലക്ഷങ്ങളെ വധിച്ച അമേരിക്ക, ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുക്കൊണ്ട് സാമ്രാജ്യത്ത അധിനിവേശത്തിന്റെ ശംഖൊലിമുഴക്കുന്ന ഈ കാപാലികര്‍ക്ക് ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?

ഉന്നം സദാം മാത്രമോ?


ജീവിച്ചിരിക്കുന്ന സദാമിനേക്കാള്‍ ആയിരം മടങ്ങ് ശക്തനായിരിക്കും തൂക്കിലേറ്റപ്പെട്ട സദാം എന്ന് കാലമവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കും.ആയുധ ശക്തികൊണ്ടോ സാമ്പത്തിക ശേഷികൊണ്ടോ ഈ ജനരോഷത്തെ തടയിടാന്‍ ഒരു പൈശാചിക ശക്തിക്കുമാകില്ല.

ഈ വിധി ക്രൂരമാണ്..പൈശാചികമാണ്...നീതിയേയും നിയമത്തേയും കാറ്റില്‍പ്പറത്തുന്നതാണ്....യഥാര്‍ഥത്തില്‍ അറബ് അധിനിവേശത്തിന് കാത്തിരുന്ന അമേരിക്കയുടെ കയ്യില്‍ കിട്ടിയ വടിയായിരുന്നു സദാമിന്റെ കുവൈറ്റ് ആക്രമണം എന്ന സാഹസം.ഒരര്‍ത്ഥത്തില്‍ അമേരിക്കതന്നെയാണ് ആ യുദ്ധത്തിനും കാരണക്കാര്‍. കുവൈറ്റില്‍ ഇടപെട്ട അമേരിക്ക അന്നുമുതല്‍ ഗള്‍ഫ് ലോകത്തിന്റെ തന്നെ നിയന്ത്രണം ഏറ്റേടുക്കുകയായിരുന്നു.അധിനിവേശത്തിനു ശേഷവും ഒരു വിനാശകാരിയായ ആയുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അക്രമികള്‍ക്കായില്ല.. പരിഹാസ്യരായ ബുഷിനേയും കൂട്ടരേയും കാത്തിരിക്കുന്നത് മറ്റൊരു വിയറ്റ്നാം ആണ്.

സ്വന്തം നാടിനും നേതാവിനും വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ പ്രതികാരം തുടരുമ്പോള്‍ അവിടേയും പൊലിയുന്നത് ആയിരങ്ങളായിരിക്കും.അതിന് അമേരിക്കനെന്നോ ബ്രിട്ടീഷ് എന്നോ ഉള്ള വത്യാസമുണ്ടാവില്ല...

കത്തുന്ന പ്രധിഷേധം

അവലംബം: ദേശാഭിമാനി ദിനപ്പത്രം

വെള്ളിയാഴ്‌ച, നവംബർ 03, 2006

ഒരു കഥയും മണ്ട പോയ തെങ്ങും....

ഒരു കഥാകാരന്റെ പ്രസവ വേദനയെക്കുറിച്ചുകേട്ടിട്ടുണ്ടോ? ... ഞാന്‍ കുറച്ചു നാള്‍ മുന്‍പു കേട്ടതാ..പക്ഷേ ഇത് അതിനൊക്കെ മുന്‍പാ...

കാലചക്രത്തിന്റെ ഗിയറു നേരേ റിവേഴ്സിലങ്ട് ഇടാ..ന്നട്ടങ്ട് കുറേ പോയിക്കഴിയുമ്പോ ഒരു സഡന്‍ ബ്രേക്ക്...

അപ്പോള്‍ എനിക്കു വയസ്സ് 14, പഠനം ഒമ്പതാം ക്ലാസ്സ്...

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവെന്ന് പറയുന്നതു പോലെ ക്ലാസ്സില്‍ ലെങ്ങനയോ പഷ്ട്..അതിന്റെ ഒടുക്കത്തെ അഹങ്കാരം..(ദേ ചുമ്മാ പറയാതെ..ഇപ്പഴും കൊറവില്യാന്നല്ലേ?)ഭയങ്കര ബുജിയാന്നാ വെപ്പ്(സ്വയം)...അന്നേ ഒരു ബുള്‍ഗാന്‍ വേണ്ടതായിരുന്നു..എന്നാ പറയാനാ..ദിപ്പളാ ഒത്തത്

അപ്പോഴാണ് കഥ എഴുതിയാല്‍ ബുജിയുടെ ഡെപ്ത് കൂടും എന്ന ഒരു തോന്നല്‍, ആലൊചിച്ചപ്പോല്‍ സംഗതി ശരിയാ.. എന്നാ ഒരെണ്ണം ഒപ്പിച്ചേക്കാം എന്നു തീരുമാനിച്ചു...
വീട്ടിലിരുന്നെഴുതിയാല്‍ ശരിയാവില്ല...കൊറച്ചു സീനറിയും ഏകാന്തതയും ഇല്ലെങ്കില്‍ കഥ വരില്യാത്രെ...(ഞാന്‍ പറഞ്ഞതല്ല കേട്ടോ..വല്യ വല്യ ആള്‍ക്കാര്‍ പറഞ്ഞതാ...) അതുകൊണ്ട് ഉദ്യമം ഒരു ശനിയാഴ്ചത്തേയ്ക്കു മാറ്റി വച്ചു....
ശനിയായി...രാവിലെത്തെന്നെ എല്ലാ അലമ്പന്മാരും (മ്മടെ കൂട്ടുകാരന്നെ...) വീടിന്റെ മുമ്പില്ണ്ട്...പാടത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറാന്‍ പോകുന്നു...എല്ലാ താരങ്ങളുമുണ്ട്..ഞാനാണെങ്കില്‍ ‘ഒടുക്കത്തെ’ കളിക്കാരന്‍...പിള്ളേരുടെയിടയില്‍ ഫയങ്കര അഭിപ്രായല്ലേ! നന്നായിട്ട് രണ്ട് പന്തെറിയാന്നു വച്ചാല്‍ അവരു പറയും മാങ്ങണ്ടിയേറാന്ന്..അതോണ്ട് ആ പരിപാടിയില്ല...പിന്നെ ബാറ്റിംഗ്...നമ്മടെ ധോണി തോറ്റു പോകും, അതുപോലല്ലേ വീശ്..പക്ഷേ എന്തു ചെയ്യാനാ ഒന്നുകില്‍ പന്ത് എത്തണേനു മുന്‍പ്...അല്ലേല്‍ അത് പോയിക്കഴിഞ്ഞ്... പിന്നെ ശിങ്കം ലോട്ടറീടെ കാര്യം പറഞ്ഞ പോലെ വല്ലപ്പോഴും പത്ത് രൂഫാ..സോറി ഒറ്റ അടിയാ..മിക്കവാറും വല്ലവന്റേം കയ്യില്‍...അല്ലേല്‍ ഒറപ്പായിട്ടും ഫോറാ... പക്ഷേ നമ്മടെ പ്രധാനപ്പെട്ട റോളെന്താണെന്നു വച്ചാ (ഇനിയും ഇവനു റോളോ എനല്ലേ..വരട്ടേ പറയാം..) ടീമിടുമ്പോള്‍ എണ്ണം തുല്യമായില്ലേല്‍ വേറൊരുത്തന്‍ പുറത്താവും, അതോണ്ട് ഫുട്ബാളില്‍ പോസ്റ്റിനുള്ള പ്രാധാന്യത്തോടെ എന്നെ ടീമിലെടുക്കും..ഇതാ പതിവ്...
നാലാം ക്ലാസ്സുകാര് പില്ലേര് വരെ നമ്മളെ കളിയാക്കാന്‍ തുടങ്ങിയതുകൊണ്ട് ഞാന്‍ അവരൊടു പറഞ്ഞു..എനിക്കൊരുപാട് പഠിക്കാനുണ്ട്..മക്കള് വിട്ടോ ഞാനില്ല...(അവരൊന്നും പറയാഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി..ഇന്ന് ആള്‍ക്ഷാമമില്ല...) ഇനിയെന്താ പരിപാടി എന്നാലോചിച്ച് ഞാനിരിപ്പായി, പെങ്കൊച്ചുങ്ങള്‍ അപ്പുറത്ത് മേടാസ് കളിക്കുന്നു...കൂടിയാലോ..ഛേ! മോശം..ഇത്രേം വല്യ ചെക്കന്‍..(കഥയെഴുത്ത് പരിപാടി മെമ്മറിയിലേയില്ല...മൊഫൈലുണ്ടായിരുന്നെങ്കില്‍ ഒരു റിമൈന്റര്‍ സെറ്റു ചെയ്യാമായിരുന്നു..) തത്ക്കാലം ശ്രദ്ധ കിഴക്കാപ്രത്തെ മൂവാണ്ടന്‍ മാവിലേയ്ക്കായി...
മാവേല്‍ക്കേറാന്‍ ഭയങ്കര ധൈര്യമായതുകൊണ്ട് തല്‍ക്കാലം കല്ലു തന്നെ ശരണം... ആദ്യത്തെ രണ്ടേറും ഇന്ത്യന്‍ ക്രിക്കറ്റ് ടീ‍മിന്റെ ഫീല്‍ഡിംഗ് പോലെയായിപ്പോയതുകൊണ്ട്...മാങ്ങയുടെ നാലയലത്ത് എത്തണില്ല...മൂന്നാമത്തെ കല്ല് ഫോക്കസ് ചെയ്തോണ്ടിരുന്നപ്പഴാ ബേക്കീന്നൊരലര്‍ച്ച..ടാ....
ഉന്നം വച്ച കല്ല് ഏതിലേപ്പോയീന്നു കണ്ടില്ല...നമ്മടെ കാര്‍ന്നോരാ...രാവിലെത്തെന്നെ ശകലം ഫോമിലാണെന്നാ തോന്നണെ... എടാ .....ന്റെ മോനേ..(എന്താ ചെയ്യാ സ്വയം വിശേഷണം....) നിനക്ക് വേറേ ഒരു പണീം കിട്ടില്യേടാ ? വല്ലപ്പോഴും ഒരു മൊടക്കു കിട്ട്യാല് ഇങ്ങനെ നടന്നോണം..ഒരു പണീം എടുക്കാണ്ട്..നീയെന്താ കണ്ണമ്പിള്ളീലെയാണോ..അതോ നിന്റച്ചനെന്താ കലക്ടറാണോ?(കണ്ണമ്പിള്ളീന്നു പറഞ്ഞാല്‍ നാട്ടിലെ ഭയങ്കര കാശുകാരാത്രേ..) ഞാന്‍ തലകുനിച്ചുനിന്നു കേട്ടു... വായ്ത്താരി പിന്നേയും തുടര്‍ന്നു...നിനക്കെന്താ ആ പശുവിനെക്കൊണ്ടൊന്നു തീറ്റിയാല്...ഇച്ചിരി പച്ച പുല്ല് ചെന്നാല്‍ അത്രേം പാലു കൂടും..എന്നും മോന്തണതല്ലേ? (എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് ഇരു കാലികളേക്കാല്‍ നാല്‍ക്കാലികളോടാണോ മ്മ്ടെ ഡാഡിക്കു പ്രിയം എന്ന്...)
ഒന്നും മിണ്ടാതെ തൊഴുത്തിലേയ്ക്ക്....കയറഴിക്കാന്‍ കുനിഞ്ഞപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ മിനി(പശു തന്നെയാണു കേട്ടോ..അമ്മ ഇട്ട പേരാ..അമ്മ ഏത് ഏരിയേല്‍ നിന്നു വിളിച്ചാലും അപ്പോള്‍ വിളി കേള്‍ക്കും..) തലയും കൊണ്ടു വന്നു..കലിപ്പ് മിണ്ടാ പ്രാണികളോടല്ലേ തീര്‍ക്കാന്‍ പറ്റൂ... അതിന്റെ തലയ്ക്കിട്ട് ഒരു തട്ട് വച്ചു കോടുത്തു..എന്നിട്ടും അത് പിന്നെയും തല ചേര്‍ത്ത് വന്നപ്പോല്‍ ആകെ വിഷമമായി..സാരല്യാട്ടോ.വെറുതേയല്ലേ....
അങ്ങിനെ മിനിയേം കൊണ്ട് താഴത്തെ പറമ്പിലേയ്ക്ക്..പിറകീന്ന് അച്ഛന്റെ വാണിംഗ്...അപ്രത്തെ പറമ്പില് വാഴേം പച്ചക്കറീം ഒള്ളതാട്ടോ...അതെങ്ങാനും കടിച്ചാ...! കേള്‍ക്കാത്ത ഭാവത്തില്‍ പറമ്പിലേയ്ക്ക്....കയറിന്റെ തുമ്പും പിടിച്ച് പുല്ലിലിരുന്നു...ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ തോന്നാതിരുന്ന സമയത്തെ പ്രാകിക്കൊണ്ട്.....
പെട്ടെന്നാണ് തലയില്‍ ബള്‍ബ് കത്തിയത്..ദൈവമേ കഥ....ഇതിലും പറ്റിയ അവസരം ഇനി എപ്പ കിട്ടാനാ...ഞാന്‍ ചാടിയെഴുന്നേറ്റു....നോക്കുമ്പോള്‍ മിനി നല്ല മര്യാദക്കാരിയായി പുല്ലു മാത്രം തിന്നുന്നു..വാഴയിലേയ്ക്ക് നോക്കുന്നേയില്ല...നോക്കാന്‍ തോന്നല്ലേ എന്നു വിചാരിച്ചുകോണ്ട് നേരേ വീട്ടിലേയ്ക്കോടി.. അടുക്കള വഴികേറി റഫ് ബുക്കും പേനയുമെടുത്ത് തിരിച്ചോടി... അപ്പോഴേയ്ക്കും രണ്ട് വാഴ തൈ ഫിനിഷ്ട്....ഈശ്വരാ.....ചുറ്റും നോക്കി..ഭാഗ്യം ആരും കണ്ടില്ല...പിടിച്ചു വലിച്ച് പിന്നെയും പഴയ സ്ഥലത്താക്കി അപ്പുറത്തെ തെങ്ങിന്‍ ചോട്ടിലിരുന്നു...
ആദ്യത്തെ കഥയാണ്, എന്താ എഴുതേണ്ടത്, ആകെ മുന്‍പരിചയം ഏഴാം ക്ലാസ്സിലെ സ്നേഹസനയിലെ കോപ്പിയടി കഥയാണ്, ഇതൊക്കെ ഭയങ്കര ഈസിയല്ലെ എന്നായിരുന്ന് വിചാ‍രം... വായിച്ച പല കഥകളും ഓര്‍ക്കാന്‍ തുടങ്ങി... അപ്പോളാ മനസ്സിലായത്..വല്യ കാര്യായിട്ടുള്ള കഥകളൊന്നും വായിക്കാറില്ലല്ലോ എന്ന്, അങ്നിനെ ഗഹനമായ ആലൊചന തുടങ്ങി..ആകെ ഒരു അസ്വസ്ഥത..ഈ കഥയെഴുത്ത് എന്നു പറഞ്ഞാല്‍ ഇത്ര കഷ്ടപ്പാടാണെന്നാരറിഞ്ഞു? എന്തു കുന്തായാലും ഒരെണ്ണം എഴുതിയിട്ടേയുള്ളൂ....ഗഹനമായ ആലോചനകള്‍..(പശുവിന്റെ കാര്യം മറന്നു പോയി..) പല പല ആശയങ്ങള്‍...പക്ഷേ ഒന്നു കൂടി ചിന്തിക്കുമ്പോല്‍ ഇത് ആ കഥയല്ലേ?? ഛേ! വേണ്ട...സമയം കടന്നു പോയി...ഒരു ആശയം പോലും കിട്ടാതെ ചിന്താ നിമഗ്നനായി ഞാനിരുന്നു...
പെട്ടെന്ന് ഒരു മിന്നല്‍ പോലെ..ഞെട്ടിയുണര്‍ന്ന് മുകളിലേയ്ക്ക് തോന്നി...ആഹാ എത്ര മനോഹരമായ കാഴ്ച്ച! ഇടിവെട്ടി മണ്ട പോയ ഒരു തെങ്ങ്.. ഒരു മിന്നല്‍ കൂടി..ഇപ്പോള്‍ മനസിലായി..മിന്നല്‍ പിറകിലാണ്...തിരിഞ്ഞപ്പോള്‍ അടുത്ത വീശലിന് തയ്യാറെടുത്തുകൊണ്ട് മുഴുത്ത നീരോലിവടിയുമായി അച്ഛന്‍..കരഞ്ഞുകൊണ്ട് പശുവിനെ നോക്കി..കാണാനില്ല! ഞാന്‍ ഓടി..നോക്കുമ്പോളതാ..പശുവിനെ അപ്പുറത്തെ പറമ്പിലെ തെങ്ങില്‍ കെട്ടിയിരിക്കുന്നു...ഇതെങ്ങനെയെന്നു ചിന്തിക്കുമ്പോഴേക്കും ചീത്തവിളിയുടെ ബഹളവുമായി അപ്പുറത്തെ പറമ്പുകാരന്‍ മാണിക്ക്യപാപ്പന്‍. അപ്പോളാണ് കാര്യങ്ങള്‍ വ്യക്തമായത്, പുള്ളീടെ പച്ചക്കറിയുടെ നല്ലൊരുഭാഗം മിനിയുടെ വയറ്റിലായിക്കഴിഞ്ഞിരുന്നു...
പിന്നത്തെ പൂരം പറയേണ്ടല്ലോ...ബഹളമെല്ലാം തീര്‍ന്നപ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കിടന്ന പുസ്തകമേടുത്തു..പതുക്കെ താളുകള്‍ മറിച്ചു...ആ താളുകള്‍ ശൂന്യമായിരുന്നു..മണ്ട പോയതെങ്ങുപോലെ...
ഞാനതില്‍ക്കുറിച്ചു.....
ഒരു കഥാകാരന്റെ അന്ത്യം.......