ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വെറുതേ ഒരു ഭാര്യ - ഓരോ കുടുംബത്തിനും വേണ്ടി

കഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ വീട്ടിലേക്കിറങ്ങുന്നില്യേ എന്ന് സുഹൃത്ത് ചോദിച്ചപ്പോഴേ പറഞ്ഞു, പിന്നില്ലാതെ, വൈകീട്ടാവുമ്പോഴേക്കും എത്താം. മറ്റു കൂട്ടുകാരെ കണ്ടത്തിനുശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍! പുറപ്പെട്ടോ എന്നന്വേഷണം, ദേ ഞാന്‍ ഇപ്പോ എത്തും. വേണ്ട നേരെ സംഗം തിയ്യേറ്ററിലേക്കു പോരെ, നമുക്കൊരു പടം കാണാം.

ഏതു പടം? ‘വെറുതേ ഒരു ഭാര്യ’. അയ്യോ വേണ്ട മാഷേ, ഈ ഫാമിലി സെന്റീ ഞങ്ങള് ബാച്ചീസിന് ശരീയാവൂല, നിങ്ങളു കെട്ട്യോളേം കൂട്ടി പൊയ്ക്കോ. ടിക്കറ്റ് മൂന്നെണ്ണം എടുത്തു പോയി, വരാതെ പറ്റില്യെന്നായി. ശ്ശെടാ സമ്മതിക്കൂല, എന്നാപ്പിന്നെ നേരെ സംഗത്തിലേയ്ക്ക്.

സിനിമ കണ്ടു, തിയ്യേറ്ററില്‍ പ്രതീക്ഷിച്ചതിലും അധികം ആള്‍ക്കാര്‍. ഭൂരിഭാഗവും കുടുംബത്തോടൊപ്പവും. മനസില്ലാ മനസ്സോടെയാണ് ചിത്രം കണ്ടതെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു വരി എഴുതണം എന്നു തോന്നി. നിരൂപണമൊന്നുമല്ലാട്ടോ!

ഒരു സാധാരണ മലയാളകുടുംബത്തിന്റെ നേര്‍ച്ചിത്രം, ഒരു സിനിമയെന്നതിലുപരി ജീവിതത്തോട് വളരേ അടുത്തു നില്‍ക്കുന്ന ചിത്രം. പലവീ‍ടുകളിലും പ്രശ്നങ്ങള്‍ എവിടെ തുടങ്ങുന്നു എന്ന് ചിത്രം പറഞ്ഞുതരുന്നു. മിനിമം 50 ശതമാനം ഭര്‍ത്താക്കന്മാരെങ്കിലും ഈ സിനിമ കണ്ടതിനുശേഷം ഒരു പുനര്‍വിചിന്തനം നടത്തിയിരിക്കും. പുറമേയ്ക്കു പറഞ്ഞില്ലെങ്കില്‍ പോലും!

ഒരു സിനിമയുടേതായ യാതൊരു അതിഭാവുകത്വവുമില്ലാതെയുള്ള സംഭാഷണങ്ങള്‍ യഥാര്‍ഥ ജീവിതത്തോ‍ട് അത്ര മാത്രം അടുത്തു നില്‍ക്കുന്നു. ഒരു സീനില്‍ മത്രം വന്നു പോകുന്ന റഹ്മാന്റെ എസ് പി കഥാപാത്രം പോലും ഇന്നു നമ്മുടെ സമൂഹത്തിനു വേണ്ട ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളിലൊന്നാണ് നല്‍കുന്നത്.

സുഗുണനായ ജയറാമും ബിന്ദുവായ ഗോപികയും അഞ്ജനയായ നിവേദിതയുമെല്ലാം തങ്ങളുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. സമൂഹത്തിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാണ്‍ സുരാജിനേയും സംവിധായകന്‍ വളരേ നന്നായി ഉപയോഗിച്ചിരിക്കുന്നു. ഓരോ ഡയലോഗിനും പിന്നാലെ തിയ്യേറ്ററില്‍ മുഴങ്ങുന്ന കുണുങ്ങിച്ചിരികള്‍ അതോരോന്നും നമ്മുടെയുള്ളില്‍ തട്ടിയെന്നുള്ളതിന് അല്ലെങ്കില്‍ ഞാനുമങ്ങിനെയല്ലേ എന്നതിന് തെളിവാകുന്നു.

സാങ്കേതികപരമായി കുറ്റങ്ങളും കുറവുകളും ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ ഒരു കാര്യമെനിക്കറിയാം. നിങ്ങള്‍ക്കൊരു മൂന്നു മണിക്കൂര്‍ മാറ്റിവയ്ക്കാനുണ്ടെങ്കില്‍ സകുടുംബം അടുത്ത തിയ്യേറ്ററില്‍ പോയി ഈ ചിത്രമൊന്നു കാണൂ‍. നിങ്ങളെയൊരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്നീട് നിങ്ങള്‍ വീട്ടില്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ഇതിലെ പല സംഭാഷണ ശകലങ്ങളും നിങ്ങളുടെ മനസ്സില്‍ തെളിയും.

ഇതിനോടൊപ്പം ചിത്രത്തിന്റെ ഛായാഗ്രാഹകനെപ്പറ്റി ഒരു വാക്കുകൂടി പറയാതിരിക്ക്കുന്നതെങ്ങിനെ. ഷാജി അത്രയും മനോഹരമായി കാമറ കൈകാര്യം ചെയ്തിരിക്കുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച സാലൂ ജോര്‍ജിനേയും എടുത്തു പറയേണ്ടതാണ്. പാട്ടുകളും സന്ദര്‍ഭോചിതവും കേള്‍ക്കാന്‍ കൊള്ളാവുന്നതുമാണ്

സുഗുണനും ബിന്ദുവും അഞ്ജനയും നമ്മുടെ മനസ്സിലുണ്ടെങ്കില്‍ അതിനു നമ്മള്‍ കെ ഉണ്ണികൃഷ്നനോടും അക്കു അക്ബറിനോടും കടപ്പെട്ടിരിക്കുന്നു.

ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008

സംവരണവും സാഹചര്യവും

സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ബസ്സിലേയ്ക്ക് ചാടിക്കയറി. വല്യ തിരക്കില്ല. ഒരു സീറ്റില്‍ ഒരു വല്യപ്പന്‍ മാത്രേയുള്ളൂ. സീറ്റിനടുത്തത്തെത്തിയപ്പോള്‍ കണ്ടു, സ്ത്രീകള്‍ക്കു മാത്രം!

ചുറ്റിലും കണ്ണോടിച്ചു, ബസ്സിനകത്തുള്ള സകല നാരീ‍മണികളും ഇരിക്കുകയാണ്. ഇവിടെയിരുന്നാലോ? അല്ലേല്‍ വേണ്ട വഴിയില്‍ നിന്നാരേലും കയറിയാല്‍ പിന്നെ എണീക്കേണ്ടി വരും. ഞാന്‍ പുറകിലോട്ട് നടന്നു. പിറകിലെ സീറ്റില്‍ ശകലം സ്ഥലമുണ്ട്. ഒന്നു ചിരിച്ചു കാണിച്ചപ്പോള്‍ രണ്ടുപേരുടെ ഇടയില്‍കിട്ടിയ സ്ഥലത്ത് ആസനം ഉറച്ചു ഉറച്ചില്ലാ എന്ന മട്ടിലിരുന്നു. നാലഞ്ച് ഹെയര്‍പിന്നുകളുള്ളതാണ്.

തുടര്‍ച്ചയായ മഴയില്‍ തണുത്തു വിറച്ച കാറ്റ് ശകലം ചൂടിനായി ബസ്സിനകത്തേക്ക് നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്നു. കാറ്റിന്റെ കുളിര്‍തലോടലേറ്റപ്പോള്‍ കൈയ്യിലെ രോമങ്ങളെല്ലാം ഐ ജീനെ കണ്ട പോലീസുകാരെപ്പോലെ അറ്റന്‍ഷനിലായി.

ബസ്സ് രണ്ടാമത്തെ സ്റ്റോപ്പിലെത്തി, മഴയുടെ ആലസ്യം കൊണ്ട് അധികമാരെയും പുറത്തു കാണാനില്യ. രണ്ടു പേര്‍ ആ സ്റ്റോപ്പില്‍ നിന്നു കയറി. പിറകില്‍ കയറിയ ആള്‍ മടക്കിയ കുട വെള്ളം തോരാനായി ചെറുതായൊന്നു കുടഞ്ഞു. ആ തണുപ്പില്‍ പീന്നെയും ഐസ് പോലുള്ള വെള്ളത്തുള്ളികള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ പെട്ടെന്നു കലിപ്പ് തോന്നി. ഇവനൊക്കെ.. അല്ലേല്‍ വേണ്ട പറഞ്ഞിട്ടെന്താ, കൈ കൊണ്ട് മുഖം തുടച്ച് ഒന്നും സംഭവിക്കാത്ത പോ‍ലെയിരുന്നു.

മുന്‍പില്‍ കയറിയ തരുണീമണി അപ്പോഴേയ്കും വല്യപ്പന്‍ മാത്രമിരിക്കുന്ന സീറ്റിനടുത്തെത്തി. സ്ത്രീകള്‍ എന്നെഴുതിയ സ്ഥലത്തേയ്ക്കും വല്യപ്പന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കാന്‍ തുടങ്ങി. സ്ഥലം പോരാഞ്ഞിട്ടാണൊ എന്നറിയാതെ വല്യപ്പന്‍ സീറ്റിന്റെ ഒരു മൂലയിലേക്കൊതുങ്ങി. അവള്‍ അപ്പോഴേയ്ക്കും നോട്ടം കണ്ടക്ടറിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു.

ഇതു സ്ത്രീകള്‍ക്കുള്ള സീറ്റല്ലേ? ചോദ്യം വല്യപ്പനോടാണെങ്കിലും ഉന്നം കണ്ടക്ടറിലായിരുന്നു. ഇവള്‍ക്കെന്താ ആ ഒഴിഞ്ഞ സീറ്റിലീരുന്നാല്‍ എന്നു മനസ്സില്‍ പറഞ്ഞെങ്കിലും സ്ത്രീകളുടെ സീറ്റ് മാറിക്കൊടുക്കൂ എന്നാണ് പുറത്ത് വന്നത്. വല്യപ്പന്‍ കേട്ടില്ലാന്നു തോന്നുന്നു, അതോ തന്നോടല്ലെന്നു വിചാരിച്ചിട്ടാണോ എന്തോ, ഒരു പ്രതികരണവുമുണ്ടായില്യ.

ആഹാ അത്രയ്ക്കായോ! ആണുങ്ങളെ സ്തീകള്‍ക്കുള്ള സീറ്റില്‍ നിന്നെഴുന്നേല്പിക്കാന്‍ അവള്‍ കണ്ടക്ടറോ‍ടാവശ്യപ്പെട്ടു. പ്രായമായ ആളല്ലേ? കൊച്ചിനടുത്തിരുന്നു കൂടെ? മ്, ഞാനോ, ഇല്ലില്ല, അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റാണ്, മാത്രല്ല വയസനാണെങ്കിലും ആണുങ്ങളുടെയടുത്ത് ഞാനീരിക്കില്ല.

നിവൃത്തിയില്യാതെ കണ്ടക്ടര്‍ പുള്ളിയോടെഴുന്നേല്‍ക്കാനവശ്യപ്പെട്ടു. എന്തിനാണെന്നു മനസിലായില്യെങ്കിലും കണ്ടക്ടര്‍ പറഞ്ഞപ്പോ വല്യപ്പന്‍ എഴുന്നേറ്റു. തറവാട്ടുവക സ്വത്തെന്ന പോലെ അവള്‍ സീറ്റിലേക്കമര്‍ന്നു. സീറ്റിന്റെ നടുക്കായി ഇരുന്ന അവള്‍ ബാഗ് ഇപ്പുറത്തെ സീറ്റിലും വച്ചു, ഇനി ആരെങ്കിലും വന്നിരുന്നാലോ!

ബസ് ഹെയര്‍പിന്നുകള്‍ പിന്നിട്ടു കൊണ്ടിരുന്നു. എനിക്കിറങ്ങാനുള്ള സ്ഥലമായി. ഇനിയുള്ള സ്ഥലത്തേയ്ക്ക് ബസ്സ് ഇല്ല. ട്രിപ്പ് ജീപ്പുകളാണാശ്രയം. ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. എന്തിനാണെന്നറിയാതെ ആ മഹതിയുടെ നേരെ ഒന്നു കണ്ണോടിച്ചു. ഓഹോ ഇവളും എന്റെ സ്റ്റോപ്പില്‍ തന്നെയാണല്ലോ ഇറങ്ങാന്‍ പോകുന്നത്!

ബസ്സില്‍ നിന്നിറങ്ങി ജീപ്പ് പാര്‍ക്കു ചെയ്യുന്നിടത്തേയ്ക്ക് നടന്നു. ഇപ്പൊഴും മഴ വെള്ളിനൂലു പോലെ പെയ്യുന്നുണ്ട്. ജീപ്പ് ഡ്രൈവറ് ആളുകളെ വിളിച്ച് കയറ്റിക്കൊണ്ടിരിക്കുന്നു. ഞാനെത്തുമ്പോള്‍ തന്നെ ജീപ്പ് സാമാന്യം നിറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ മാക്സീമം ആളുകളെ തള്ളിക്കയറ്റിയിട്ടേ പോകൂ. മഴയില്ലെങ്കില്‍ പിറകില്‍ തൂങ്ങാമായിരുന്നു.

ശരീരത്തിന്റെ കുറച്ചുഭാഗം വെളിയിലാണെങ്കിലും പിറകില്‍ കഷ്ടി ഇരിക്കാന്‍ പറ്റി. ആഹാ നമ്മുടെ തരുണീമണിയും ജീപ്പിനു നേര്‍ക്കാണല്ലോ. ഏയ് ആവാന്‍ വഴിയില്യ. സംവരണമില്ലാത്ത ഇതില്‍ എങ്ങിനെ??

ഡ്രൈവര്‍ ഇറങ്ങിവന്ന് പിറകിലെ ഡോര്‍ തുറന്നു, അവള്‍ ഡ്രൈവര്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു, അദ്ദേഹം തിരിച്ചും! ഓഹോ അപ്പോള്‍ ഇവര്‍ പരിചയക്കാരാണല്ലേ? ആണുങ്ങള്‍ മാത്രം തിങ്ങിയിരിക്കുന്ന പുറകിലേയ്ക്ക് അവള്‍ ചിരര്‍പരിചിതയെപ്പോലെ നൂണ്ടു കയറി.

കാലുകളും കൈകളും ജീപ്പിനകത്തും ഉടല്‍ പുറത്തുമായി ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിക്കെതിരേയുള്ള സീറ്റില്‍ രണ്ടാണുങ്ങളുടെ മടിയീലെന്ന പോലെ കൂളായി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍ കമ്പിയില്‍ ബലം പിടിച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ ചിത്രം മനസില്‍ തെളിഞ്ഞു വന്നു, കൂടെ പുച്ഛരസം നിറഞ്ഞ ഒരു പുഞ്ചിരി മുഖത്തും...

----------------------------
ഓടോ: പണ്ട് കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളിലൊന്നില്‍, വനിതാ സീറ്റിലിരുന്നിരുന്ന എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ ദേ ആണുങ്ങളുടെ സീറ്റിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ എഴൂന്നേറ്റാല്‍ ഞാനുമെഴുന്നേല്‍ക്കാം എന്നു പറഞ്ഞതും, പിന്നീടതിന്റെ ഗുട്ടന്‍സ് മനസിലായപ്പോ ക്ലാസ് പോയാലും വേണ്ടില്യാന്നു വച്ച് ചമ്മലു സഹിക്കാനാവാതെ ഇടയ്ക്കുള്ള സ്റ്റോപ്പില്‍ ചാടിയിറങ്ങിയതും ചരിത്രം.

ബുധനാഴ്‌ച, ഓഗസ്റ്റ് 13, 2008

മനസ്സുകള്‍ അടിമകളായ പൂമ്പാറ്റകള്‍

ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്....
----------------------------------------

അന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു. അവള്‍ കൂട്ടുകാരോടു പറഞ്ഞു, കാബില്‍ ഒരു തെലുങ്കന്‍ ചെക്കന്‍, അവന്‍ മനുഷ്യനെ വെറുതേ കളിയാക്കുവാ. എനിക്കൂ സഹിക്കാന്‍ പറ്റണില്യ.

അവളുടെ സ്വഭാവമറിയാവുന്ന അവര്‍ ചിരിച്ചു, മഹാനഗരത്തില്‍ വന്നിട്ട് രണ്ടുമാസമായെങ്കിലും ഇപ്പോഴും ഒരു നാട്ടിന്‍ പുറത്തുകാരി. ആരെങ്കിലും തമാശപറഞ്ഞാല്‍ പൊട്ടി പൊട്ടിച്ചിരിക്കുകയും കളിയാക്കിയാല്‍ കണ്ണു നിറയുകയും ചെയ്യുന്നവള്‍. ആണ്‍കുട്ടികളോട് കൂട്ടുകൂടുന്നത് നല്ലതല്ല എന്ന് പറഞ്ഞ് സഹമുറിയത്തിമാര്‍ രാത്രികളെ പകലാക്കുമ്പോള്‍ അതില്‍നിന്നെല്ലാം അകന്നു നിന്നവള്‍.

ആ ചെറുക്കന്‍ വെറുതേ വല്ല ഡയലോഗും പറഞ്ഞതാരിക്കും, ഇവള്‍ക്കെന്തോരം വേണമെന്ന്‍ നമുക്കറിഞ്ഞൂടെ.(ഒരു കോറസ് കൂട്ടച്ചിരി). അല്ലാ എന്നെ ശെരിക്കും കളിയാക്കുവാ. ഞാന്‍ വേണ്ടാന്നു പറഞ്ഞിട്ടും കേള്‍ക്കണില്യ. അവള്‍ മുഖം വീര്‍പ്പിച്ചുകൊണ്ട് നൈട്ട് ഷിഫ്റ്റിന്റെ ആലസ്യത്തില്‍ കിടക്കയിലേയ്ക്ക് ചെരിഞ്ഞു.

ദിവസങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒരു ദിവസം കയറി വന്നുടനെ അവള്‍ പറഞ്ഞു, ആ ചെറുക്കനെ കൊണ്ടു തോറ്റു, മനുഷ്യനെ അവന്‍ കളിയാക്കി കൊല്ലും, ആ സമയത്ത് അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. ആ കളിയാക്കല്‍ ആസ്വദിച്ചെന്ന പോലെ.

അടുത്ത ദിവസങ്ങളില്‍ കിലുക്കാമ്പ്പെട്ടിയെപ്പോലെ കിലുങ്ങിക്കൊണ്ടവള്‍‍ പറഞ്ഞു, ആചെറുക്കന്റെ കാര്യം ബഹുരസാട്ടോ, വെറുതേയിങ്ങനെ കളിയാക്കികൊണ്ടിരിക്കും. മുഖത്തൊരു തിങ്കളുദിച്ചപോലുള്ള പുഞ്ചിരിയുമായവള്‍ ഉറക്കത്തിലേക്കലിഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ അവന്റെ വിശേഷങ്ങള്‍ മാത്രമായി. ഈ പെണ്ണിനെന്തുപറ്റി? കൂട്ടുകാരികള്‍ അത്ഭുതപ്പെട്ടു. കണ്‍പോളകളെ ഉറക്കം കീഴ്പെടുത്തും വരെ, ശബ്ദം പതറിയില്ലാതാവുന്നതു വരെ അവളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവന്‍ ഇങ്ങനെ പറഞ്ഞു, കണ്ണു തുറന്നാല്‍ പിന്നേയും തുടങ്ങും, ഉണ്ണുമ്പോഴും ടി വി കാണുമ്പോഴെല്ലാം അവളവനെ വര്‍ണിച്ചു കൊണ്ടിരുന്നു.

കളിയാക്കാന്‍ തുടങ്ങിയ കൂട്ടുകാരോടവള്‍ ഒരു ദിവസം പറഞ്ഞു, അയ്യേ! അവനെന്റെ നല്ല ഫ്രണ്ടാ, അല്ലാതെ കണ്ട തെലുങ്കന്‍ ചെക്കനെയുമൊന്നും ഞാന്‍.... ഞാനെ നല്ല തറവാട്ടീ പിറന്നതാ.

കണ്ട തെലുങ്കന്മാരെയൊന്നും വിശ്വസിക്കരുതെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അയ്യോ ഇവന്‍ അങ്ങിനെയൊന്നുമല്ല, എന്നോടല്ലാതെ വേറെ പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്യ. ഞാന്‍ മിണ്ടിയില്ല്ലേല്‍ പാവം വേറെ ആരോടാ സംസാരിക്കുക? കഷ്ടല്ലേ?? മാത്രമല്ല അവനൊരു ഗേള്‍ഫ്രണ്ടുണ്ടല്ലോ, എപ്പഴും വിളിക്കണത് ഞാന്‍ കാണാറുണ്ടല്ലോ!

പിറ്റേ ദിവസം ജോലി കഴിഞ്ഞെത്തിയ അവളുടെ മുഖത്ത് കുഞ്ഞു കാര്‍മേഘങ്ങള്‍, എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവനിന്ന് ലീവായിരുന്നെടീ. എനിക്ക് ഓഫീസില്‍ ഇരിക്കാനെ പറ്റണില്യായിരുന്നു. ഇപ്പോ അവനില്ലാത്ത ഓഫീസ് എനിക്കാലോചിക്കാനേ പറ്റുന്നില്യ. ഇതെത്ര കണ്ടതാണെന്ന മട്ടില്‍ കൂട്ടുകാര്‍ ചിരിച്ചത് അവള്‍ക്ക് മനസിലയില്യ.

ഓഫീസില്‍ ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ പലരും പലതും പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അവര്‍ക്കെന്നെ അറിയാത്തോണ്ടാ, എനിക്കവനെ അറിയാലോ, ഞങ്ങള്‍ നല്ല ഫ്രണ്ട്സ് മാത്രമാണ്. അവനില്ലാതെ അവള്‍ക്കു ഭക്ഷണവും കാപ്പിയുമില്ലാതായി.

അന്നവള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. വന്നുകയറിയ പാടെ അവള്‍ പറഞ്ഞു, എടീ അവനെന്നെ പിന്നേയും പറ്റിച്ചു,അവനു ഗേള്‍ഫ്രണ്ടൊന്നുമില്ല്ലെന്നേ, അവനെന്നെ പറ്റിക്കാന്‍ പറഞ്ഞതാ, അതവന്റെ വെറും ഫ്രണ്ടാ. അവന്‍ ഞാന്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞതാ.

ജോലിയിലെ ഇടവേളകളില്‍ അവള്‍ അവനോട് കൊഞ്ചി, എന്തേലും പറ, ഒരു കഥ പറയൂന്നേ. അവന്‍ പറഞ്ഞു, ഞാന്‍ അത്ര നല്ലവനല്ല, എന്റെ കഥകള്‍ കേട്ടാല്‍ നീയെന്നോടു മിണ്ടുക പോലുമില്യ. ഇല്ലാ അങ്ങിനൊയൊന്നുമില്ലാ, പറയൂന്നേ. ശരി എന്നാല്‍ പറയാം, ഞാന്‍ ഒരു കുട്ടിയെ പ്രേമിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ എല്ലാ ബന്ധവുമുണ്ടായിരുന്നു, എല്ലാം എന്നു പറഞ്ഞാല്‍ അല്ലെങ്കില്‍ വേണ്ട, അതൊന്നും കേള്‍ക്കാനുള്ള പ്രായമായിട്ടില്ല നിനക്ക്.

ഉവ്വ്, ഉവ്വ്, പറയൂന്നേ, പ്ലീസ്...

ഞങ്ങള്‍ പല തവണ ശാരീരികമായും ബന്ധപ്പെട്ടിട്ടുണ്ട്. കുറേ നാള്‍ ശരിക്കും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെയായിരുന്നു. പക്ഷേ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ല എന്നെനിക്കറിയാരുന്നു. അതോണ്ട് ഞാനവളോടു പറഞ്ഞു, വേറെ കല്യാണം കഴിച്ചോളാന്‍. എന്നാലും അവളെ എനിക്കെന്തിഷ്ടമായിരുന്നെന്നോ!. അവന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട് അവളുടെ മനസാര്‍ദ്രമായി.

അന്നവള്‍ വന്നപ്പോള്‍ പറഞ്ഞു, എടീ ഇന്നെനിക്കവനോടുള്ള ഇഷ്ടം ശരിക്കും കൂടി, എന്തു പാവമാടീ അവന്‍. എല്ലാം എന്നോടു പറഞ്ഞു. നല്ല കൂട്ടുകാരന്‍ തന്നെ.

അവന്‍ പറഞ്ഞു, നീയണെന്റെ അടുത്ത ഫ്രണ്ട്, നിന്റടുത്തെനിക്കിപ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുള്ള പോലെ.പിന്നല്ലാതെ, നല്ല ഫ്രണ്ട്സ് എന്നു പറഞ്ഞാ പിന്നെന്താ, നിനക്കെന്തു വേണേലും എന്റടുത്ത് പറയാം.

അന്നു കാന്റീനിലിരിക്കുമ്പോള്‍ ജീന്‍സിലും ടീഷര്‍ട്ടിലും കടന്നു പോയവളുടെ പിന്നാലെ അവന്റെ കണ്ണുകള്‍ പോകുന്നത് കണ്ടപ്പോള്‍ അവള്‍ ചോദിച്ചു, എന്താടാ ഇത്ര നോക്കാന്‍? അതൊന്നും നിന്നോടു പറയാന്‍ പറ്റില്യാ. അപ്പോ നമ്മള്‍ നല്ല ഫ്രണ്ട്സാണ്, എന്തും പറയാന്നു പറഞ്ഞിട്ട്? വേണ്ട എന്നോടു മിണ്ടണ്ട. ഓക്കെ ഞാന്‍ പറയാം, അല്ലാ അത്തൊന്നൂലാ. ആ പോയവളെ കണ്ടാ നല്ല സെക്സിയായിരിക്കുന്നു. സെക്സീന്നു പറഞ്ഞാ?? ‘അവളുടെ നിഷ്കളങ്കമായ‘ ചോദ്യം.

അതൊന്നൂല,

പറയൂന്നെ..

അല്ല അവളുടെ ചിലഭാഗങ്ങള്‍ കണ്ടാല്‍ നന്നായിരിക്കുന്നു. ചില ഭാഗങ്ങള്‍ എന്നു പറഞ്ഞാ?? അവന്‍ കൈ ചൂണ്ടിയപ്പോള്‍ അവളുടെ മുഖം ചുവന്നു. ദേ ഇങ്ങിനെയുള്ള വൃത്തികേടൊന്നും എന്നോടു പറയരുത്. ഓഹോ ഇപ്പോ അങ്ങിനെയായോ? ഞാന്‍ അപ്പോഴേ പറഞ്ഞതാ പറയില്യാന്ന്. അപ്പോ ആരാ പറയാന്‍ പറഞ്ഞേ? മ്മ്മ്, ശരി ശരി.

പിറ്റേ ദിവസം അവനവളുടെ കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡിലേയ്ക്ക് സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോ എന്നാ കണ്ടോ എന്നു പറഞ്ഞവള്‍ അതു ഊരി നല്‍കാന്‍ തുടങ്ങി, അപ്പോള്‍ അവന്‍ പറഞ്ഞൂ, എനിക്കതവിടെക്കിടന്നു കണ്ടാല്‍ മതി! അതാ രസം. പിന്നേയും അവളുടെ മുഖം ചുമന്നു, കള്ള ഗൌരവത്തോടെ പറഞ്ഞു, വൃത്തിക്കെട്ടവന്‍!

അവന്‍ അവളോടവന്റെ ലൈഫ് സ്റ്റോറി പങ്കുവയ്ക്കുവാന്‍ തുടങ്ങി. എ സിയുടെ തണുപ്പ് കൂടിയ ഒരു ദിവസം അവള്‍ പറഞ്ഞു, ഹൊ എന്തൊരു തണുപ്പ്, വാ നമുക്കൊരു കാപ്പി കുടിക്കാം. കാപ്പി കുടിക്കുമ്പോള്‍ അവന്‍ അവളുടെ കയ്യെടുത്തവന്റെ കൈക്കുള്ളില്‍ വച്ചു. ഹായ്, നിന്റെ കൈക്കെന്തു ചൂടാ. പിന്നെ തണൂക്കുമ്പോഴെല്ലാം അവളവന്റെ കൈ തേടാന്‍ തുടങ്ങി.

ഒരു ദിവസം അവള്‍ പറഞ്ഞു, ഞാന്‍ നിന്നെ കെട്ടിയാലോ എന്നാലോചിക്കുവാ. അയ്യോ നിന്നെ ഞാന്‍ അങ്ങിനെയൊന്നുമല്ല കാണുന്നേ, എന്റെ നല്ല ഫ്രണ്ടായിട്ടാ. അയ്യടാ അല്ലേല്‍ ഇപ്പോ കെട്ടും. ഞാന്‍ വെറുതേ തമാശ പറഞ്ഞതാ. പിന്നെ അവര്‍ തമാശയ്ക്ക് കാമുകീകാമുകന്മാരായി. ചോദിച്ച കൂട്ടുകാരികളോടവള്‍ പറഞ്ഞു, ഞങ്ങള്‍ ചുമ്മാ
തമാശയ്ക്കല്ലേ? ഞാന്‍ തമാശ പറയുന്നതാണെന്നവനറിയാം. അല്ലെങ്കിലും ഞാന്‍ ഒരു തെലുങ്കനെ.... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?

ഒരു ശനിയാഴ്ച അവളവനെ വിളിച്ചപ്പോള്‍ അവന്‍ സഭ്യതയുടെ ഒരതിര്‍വരമ്പുമില്ലാതെ സംസാരിച്ചു. അവള്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേ ദിവസം അവല്‍ അവനോട് മിണ്ടിയില്ല. അവളുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അവന്‍ പറഞ്ഞു, ഞാന്‍ ഒരു പാര്‍ട്ടിയിലായിരുന്നു. കുടിച്ചിട്ട് ബോധമുണ്ടായിരുന്നില്യ. അതിനു നീ‍യിത്ര മാത്രം വിഷമിക്കാനെന്താ? ഞാന്‍ നിന്റടുത്തല്ലേ പറഞ്ഞത്? എനിക്കെന്താ പറയാനുള്ള സ്വാതന്ത്ര്യമില്ലേ? അവള്‍ക്കു സമ്മതിക്കാതെ വയ്യാരുന്നു.

അവന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അവന്റെ കൂട്ടുകാര്‍പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ടെന്നും അവന്‍ മാത്രം അതിലൊന്നും പെടാറില്യ എന്നും പറഞ്ഞപ്പോള്‍ അവളവനെ കൂടുതല്‍ വിശ്വസിച്ചു.

അവന്റെ പല മുഖങ്ങള്‍ അവള്‍ക്ക് മനസിലാവാന്‍ തുടങ്ങി, പക്ഷേ എന്നത്തേയും പോലെ അവള്‍ വഴക്കുകളില്‍ പരാജയപ്പെട്ടു. അവനോടവള്‍ക്ക് വാദമുഖങ്ങില്ലായിരുന്നു.

വാക്കുകളിലെ അതിരുകള്‍ ലംഘിക്കപ്പെടുന്നതവള്‍ അറിഞ്ഞു. അവള്‍ പലവട്ടം പിണങ്ങി. ഒരിക്കല്‍ പോലും ഒരു സോറി പറയാന്‍ പോലും അവനവളുടെ അരികിലേയ്ക്ക് ചെന്നില്ല, പക്ഷേ ഒരു ദിവസത്തില്‍ കൂടുതല്‍ അവനോട് മിണ്ടാതിരിക്കാന്‍ അവള്‍ക്കാവ്വില്യായിരുന്നു.

ഒരു ദിവസം അവന്‍ പറഞ്ഞു, നിന്നെ ഞാനൊരു ദിവസം എന്റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടു പോകാം, അവിടെ എന്റെ ഒരു പാട് പഴയ ഫോട്ടോസും കാര്യങ്ങളുമുണ്ട്. അതെല്ലാം കാണണ്ടേ?

അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ...

അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

എന്നെ മറക്കരുതേ - MP3

എന്നെ മറക്കരുതേ..
എന്നെ വെറുക്കരുതേ..
കണ്മണിയൊരു നാളും..
നീയെന്റെ ജീവനല്ലേ....
ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.

ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2008

ചാലക്കുടിക്കാരന്‍.. ഒരു പുതിയ പഴയ ബ്ലോഗ്

ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. ഒരു ബ്ലോഗില്‍ തന്നെ ഒന്നുമെഴുതാനില്യാത്തവനു എന്തിനേ വേറൊരു ബ്ലോഗ് എന്നു വച്ച് അടച്ചു വച്ചിരിക്കുവായിരുന്നു.

ദേ ആ കട തുറന്നു. ഒന്നു പോയി നോക്കൂ പ്ലീസ്...

ചാലക്കുടിക്കാ‍രന്‍

അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ഓണക്കളിപാട്ടുകള്‍ക്കും ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്.

പുതിയ ഒരു പോസ്റ്റ് അവിടുണ്ടേ, വായിച്ചഭിപ്രായം പറയൂട്ടോ...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥ

പ്രിയരെ,
ദേ നമ്മുടെ രസികന്‍ അയച്ചുതന്ന എല്ലാം മലയാളം ബൂലോകസംഭവത്തിലേയ്ക്കുള്ള കഥ.
വായിക്കൂ, അഭിപ്രായം പറയൂ.

-------------------------------------
താനേ മുഴങ്ങുന്ന കുന്തം...

പുലർച്ചക്കോഴിയുടെ പച്ചയായ കൂവൽ ഇവിടെ ( പ്രവാസ ലോകത്തിൽ) ഇല്ലാത്തതുകൊണ്ട്‌, താക്കോൽ കൊടുക്കാൻ മറന്നുപോയാൽ അരുണോദയത്തിൽ താനെ മുഴങ്ങാത്ത മണിയൊന്നു വാങ്ങി വച്ചു.
എന്റെ കഷ്ടകാലത്തിനൊ എന്റെ അറബിയുടെ നല്ല കാലത്തിനൊ എന്നൊന്നും എനിക്കു നിശ്ചയമില്ല തലേദിവസത്തെ തിരക്കിനിടയിൽ ( ദൂരദർശ്ശനിലെ തമാശപ്പരിപാടികൾ കണ്ട്‌ ചിരി വരാതെ ചിരിക്കാൻ പ്രയാസപ്പെട്ട്‌ തളർന്നുറങ്ങിപ്പോയി എന്നതായിരുന്നു മറയില്ലാത്ത സത്യം ) പ്രഭാതമണിയുടെ താക്കോൽ തിരിക്കാൻ മറന്നുപോയി .
സഹപ്രവർത്തകർ തൊട്ടടുത്ത മുറികളിൽ നിന്നും ഇറങ്ങിപ്പോക്കു നടത്തുമ്പോൾ. മടിപിടിച്ചു ജോലിക്കു പോവാതിരിക്കൽ ഒരു കലാരൂപമായി ഏറ്റെടുത്ത എന്നെ ആരും വിളിച്ചു സമയം കളയാനും മെനക്കെട്ടില്ല.
പുറം ലോകത്തെ വെളിച്ചം ലവലേശം കടക്കാൻ പഴുതില്ലാത്ത എന്റെ കുടുസ്സു മുറിയിൽ ഏതു സമയവും നിലാവു തന്നെയായിരുന്നു ( നിലാവും , പകൽ വെളിച്ചവുമെല്ലാം വൈദ്യുതവിളക്കിൽ നിന്നും ).
ഉറക്കത്തിന്റെ ഏതോ പണ്ടാരമടങ്ങിയ ഘട്ടത്തിൽനിന്നുമുണർന്ന് ഘടികാരത്തിൽ നോക്കിയ ഞാൻ തുടർച്ചയായി ഞെട്ടിയത്‌ എട്ടു തവണ.
സമയം ഒരു ഉച്ച ഉച്ചേകാലായിരിക്കുന്നു. പുറത്തിറങ്ങിയാൽ ഉച്ചിയിൽ പതിക്കുന്ന അർക്ക കിരണങ്ങളെക്കുറിച്ചോർത്തപ്പോൾ.
വീണ്ടൂം പുതപ്പിനടിയിലേക്ക്‌ സ്വപ്നവും തേടി ഊളിയിട്ടു.
എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണർന്ന ഞാൻ എന്റെ വിദൂരഭാഷിണി മണിയടിച്ചുകൊണ്ട്‌ ഉറഞ്ഞുതുള്ളുന്നതായിരുന്നു കണ്ടത്‌.
അങ്ങേത്തലക്കൽ സുഖവിവര കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ട്‌ എന്റെ സഹപ്രവർത്തകൻ.
" നീയെന്തിനാ മണ്ടാ ഇന്ന് ജോലിക്കു വരാതിരുന്നത്‌" ( അവന്റെ അഭിപ്രായത്തിൽ എനിക്കു യോജിച്ച നാമം )" ഞാൻ ഉറങ്ങിപ്പോയെടാ എന്തു ചെയ്യാനാ ..."
" ഒന്നും ചെയ്യാനില്ല നീ വരാതിരുന്നത്‌ ഞങ്ങളുടെ ഭാഗ്യം"
" എന്താടാ" " നമ്മുടെ അറുപിശുക്കൻ മുതലാളിയുടെ വക എല്ലാവർക്കും വിരുന്നുണ്ടായിരുന്നു ഇന്ന്.... നീ യില്ലാത്തതുകൊണ്ട്‌ എല്ലാവർക്കും മര്യാദക്കു കഴിക്കാൻ കഴിഞ്ഞു"അവൻ പറഞ്ഞതു ശരിയാണ്‌ ഞാനുണ്ടെങ്കിൽ തീറ്റ നടക്കില്ല എല്ലാവരേയും പല വിഷയങ്ങൾ കൊടുത്ത്‌ പരസ്പരംസംസാരിപ്പിച്ചിരുത്തി ആ തക്കത്തിനു വയറു വിലക്കുന്നത്‌ വരെ ഞാൻ വെട്ടി വിഴുങ്ങാറാണല്ലൊ പതിവ്‌.
പിശുക്കൻ മുതലാളിക്കും എന്റെ ഒരാളുടെ തീറ്റ കുറഞ്ഞുകിട്ടിയല്ലൊ ( പിന്നെ അയാളെന്തിനാ വിരുന്നു നടത്തുന്നത്‌ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല ).
സമയം വീണ്ടും നാഴികകളായി പകുത്തു നീങ്ങാൻ തുടങ്ങി ഒപ്പം എന്റെ വയറ്റിലെ കൊക്കപ്പുഴുക്കൾ ഒച്ചവെക്കാനും തുടങ്ങി
കഠിനമായ വിശപ്പ്‌ വല്ലതും ഉണ്ടാക്കിക്കഴിക്കാൻ അടുക്കളയിലെത്തിച്ചു.
പാത്രങ്ങൾ മോറി , അരിയെടുത്തു പാചകവാതകക്കുറ്റി തുറന്ന്പ്പോൾ ആ സത്യവും മനസ്സിലായി . ലവൻ ശൂന്യനാണ്‌ .............
കൊക്കപ്പുഴുക്കളുടെ സന്ധിയില്ലാസമരം ഭോജനശാലയിലേക്കു നടക്കാനുള്ള ധീര വീര കൃത്യത്തിനു എന്നെ നിർബന്ധിതനാക്കി
അതിനിടയിൽത്തന്നെ പ്രഭാത കൃത്യമായ പല്ലുതേപ്പ്‌ സുഘടനീയമായ കുപ്പിയിൽ വരുന്ന കുഴച്ച മാവുകൊണ്ട്‌ ഒരു വിധം ചെയ്തെന്നു വരുത്തി. ബാക്കിയുള്ള കുളി തുടങ്ങിയ വകകൾ പിന്നത്തേക്കു മാറ്റി ( ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടിട്ടെങ്കിലും ഞങ്ങളുടെ കൂടെ താമസിക്കുന്ന കുളിക്കാത്തവർ കുളിക്കട്ടെ)
ഉച്ചിയിൽ പതിക്കുന്ന സൂര്യകിരണങ്ങളേയും പേറി പൊള്ളുന്ന വീഥിയിലൂടെ നടക്കുമ്പോൾ, താക്കോൽകൊടുക്കാതരുണോദയത്തിൽ താനെ മുഴങ്ങുന്ന ഒരു കുന്തം എവിടെ കിട്ടുമെന്നായിരുന്നു എന്റെ ചിന്ത.
ഒരു വിധം ഭോജനശാലയിലെത്തിയപ്പോൾ തളർന്നവശനായ ഞാൻ അവിടെ തീൻ മേശയിൽ കണ്ട വെള്ളം നിറച്ച കൂജയെടുത്ത്‌ വായിലേക്കു കമഴ്ത്തിയ ശേഷം " ഹാവൂ ..." എന്നൊരു ശബ്ദം പുറപ്പെടുവിയിച്ചപ്പോൾ വായിൽ നിന്നും തെറിച്ച ചില്ലുകൾ തൊട്ടടുത്ത കസേരയിലിരുന്ന മാന്യന്റെ മുഖത്തു പതിച്ചപ്പോൾ ആ മഹാ മനസ്കന്റെ അടക്കമില്ലാത്ത കൈകൾ എന്റെ മുഖത്തും പതിച്ചു.
ചുറ്റും നോക്കി, തൊട്ടടുത്ത തീന്മേശയിൽ വട്ടമിട്ടിരുന്നവർ ഇതൊന്നു മറിയാതെ തട്ടിവിടുകയാണ്‌ ഭാഗ്യം ആരും കണ്ടില്ല പലതരം പാത്രങ്ങളിൽ നിരത്തിയ വിഭവങ്ങൾ കൊക്കപ്പുഴുക്കൾക്കുവേണ്ടി സമർപ്പിച്ചു.
രസീതിന്റെ കൂടെ പണവുംകൊടുത്ത്‌ പല്ലിൽ കുത്തുന്ന കോലുമെടുത്ത്‌ വീണ്ടും തിരിച്ചു പാർപ്പിടത്തിലേക്കു നടക്കുമ്പോൾ. താനെ മുഴങ്ങുന്ന മണി വാങ്ങുന്നതു തന്നെയായിരുന്നു ചിന്ത.
നാട്ടിലായിരുന്നെങ്കിൽ ഇഷ്ടം പോലെ പൂവൻ കോഴികളെ കിട്ടുമായിരുന്നു താക്കോലും കൊടച്ചക്രവുമൊന്നുമില്ലാതെ അവ കൂവി കൃത്യ സമയത്തു തന്നെ ഉണർത്തുകയും ചെയ്യും.
എന്തുണ്ടൊരു വഴിയെന്നാലോചിച്ച്‌ നടക്കുമ്പോൾ ചുറ്റുപാടും സമ്പവിക്കുന്നതൊന്നുമറിഞ്ഞിരുന്നില്ല അതുകൊണ്ടാണല്ലൊ ഏതോ തുരുമ്പിച്ച ശകടം ചീറിപ്പാഞ്ഞുവന്ന് തട്ടിയിട്ടു പോയിട്ടും ഞാൻ അറിയാൻ വൈകിയത്‌. ആശുപത്രിയിലെ വെളുത്ത പങ്ക കറങ്ങുന്നത്‌ കണ്ടപ്പോഴാണു എല്ലാം ഓർമ്മവന്നത്‌.
മലയാളമറിയില്ലെന്നു നടിക്കുന്ന മലയാളി വൈദ്യർ മുറി മലയാളത്തിൽ എന്തൊക്കെയോ പറഞ്ഞു . മരുന്നിനു കുറിച്ചുതന്നു. ശരീരത്തിൽ അങ്ങിങ്ങുള്ള ചെറിയ കെട്ടുകൾ സാരമില്ലെന്നും പറഞ്ഞ്‌ ആ മഹാൻ എന്റെ മുറിയുടെ പടിയിറങ്ങി. അയാൾക്കു സാരമില്ലാ എങ്കിലും മുറിവു പറ്റിയ എനിക്കത്‌ സാരമായിരുന്നു. വല്ലാത്ത നീറ്റലും പുകച്ചിലും. ഭാഗ്യത്തിനു സൂജി വച്ചില്ല.
വിദൂരഭാഷിണിയിലൂടെ കൂട്ടുകാരെ വിളിച്ചു വിവരം പറഞ്ഞു. അവർ വന്നപ്പോഴേക്കും സമയം ഇരുട്ടിയിരുന്നു. വാടക ശകടത്തിൽ ഒരു വിധം വീടു പിടിച്ചപ്പോൾ ഏതൊ ദുഷ്ടൻ വിളിച്ചു ചോദിച്ചു " എന്തു പറ്റിയതാ?"
അതറിഞ്ഞാൽ അവൻ സുഖപ്പെടുത്തിത്തരും . തികട്ടി വന്ന അരിശം ഒട്ടും അരിക്കാതെ തന്നെ വിറച്ചുകൊണ്ട്‌ ശബ്ദമുയർത്തി അവനോട്‌ മൊഴിഞ്ഞു.
"പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നതാണേ "
പിന്നീടൊരിക്കലും അവന്റെ സംശയം മാറിയിട്ടില്ല എന്നെ കാണുമ്പോഴെല്ലാം അവൻ ഒരേയൊരു ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു " അല്ല എന്താ ഈ പ്രഭാതമണി" ഞാനെന്തുപറയാനാ. പതിവുപോലെ കേട്ടില്ലെന്നു നടിച്ച്‌ പരാതിക്കെട്ടുകണ്ട മന്ത്രിമാരെപ്പോലെ ഒരു നടത്തമങ്ങുകൊടുക്കും.
വാൽക്കഷണം: പിന്നീടിതുവരെ പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നിട്ടില്ല.
- രസികന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 02, 2008

വിവാദങ്ങള്‍ വരുന്ന വഴികള്‍‍ - ഇതുമൊരു തലതിരിഞ്ഞ ചിന്ത

ഞാനൊരു ജനപ്രിയബ്ലോഗറാണു കേട്ടോ..
ഒന്നു രണ്ടു കൊല്ലായി ഈ കലാപരിപാടിതുടങ്ങീട്ട്...

ഇന്നലെ.....

ആദ്യം എന്റെ കുറേ പ്രേമകഥകളെഴുതി...
കുറേ പേര്‍ കമന്റിട്ടു...
കൊള്ളാലോ സംഗതി എന്നെനിക്കും തോന്നി..
പിന്നെ എല്ലാ ചവറും എഴുതാന്‍ തുടങ്ങി...
പിന്നെയല്ലേ പ്രശ്നം തുടങ്ങിയത്..
എന്താന്നല്ലേ? ആശയദാരിദ്ര്യം...
എത്ര തലപുകച്ചിട്ടും ഒന്നും വരണില്യ...
എന്നാ പിന്നെ കുറച്ചൌ ഫോര്‍വേഡ് മെയിലുകളായാലോ...
അപ്പോഴും കിട്ടി കമന്റുകള്‍... ആ സ്റ്റോക്കും തീര്‍ന്നു...
പിന്നെ ചൂടന്‍ വാര്‍ത്തകള്‍ പോസ്റ്റുകളായി.. കട: മനോരമ, റിഡിഫ്

ഇന്ന്...

തലമണ്ട ശൂന്യം...
ഫോര്‍വേഡ്സ് മെയിലുകള്‍ തപ്പി...
എല്ലാം ഇന്നലെ മുളച്ച തകരകള്‍ പോസ്റ്റാക്കിയിരിക്കുന്നൂ...
ഈ ബൂലോഗാക്കാദമിയുടെ ഒരു കാര്യം.....
ഇനി ബാക്കിയുള്ളത് വാര്‍ത്തകള്‍...
ചാലക്കുടിക്കടുത്ത് സൈക്കിളിടുച്ച് ചാക്കുമാമന്റെ കൈമുട്ടിന്റെ തൊലി പോയി...
പബ്ലീഷ് ചെയ്തതേയുള്ളൂ, ദേ അതിനു മുമ്പേ...
ഇന്നലെ മുളച്ച തകരകളുടെ വക നൂറ് പോസ്റ്റുകള്‍..
അതേ വിഷയം... നോ കമ്മന്റ്സ്...
അപ്പോ അതും ചീറ്റി...

ഇനി..

ആഹാ കിട്ടിപ്പോയ്...
വിമര്‍ശനം:ആണവകരാര്‍, പാഠപുസ്തകവിവാദം...
അതും വിവരമുള്ള ആമ്പിള്ളേരുടെ നൂറുപോസ്റ്റുകള്‍..
അതിനും നോ കമന്റ്സ്...
ഇനിയൊന്നേ ബാക്കിയുള്ളൂ... അറ്റകൈ പ്രയോഗം..
വിവാദം...

പക്ഷേ അതിപ്പോ ചില പടംവരക്കാരും ചാര്‍ലിമാരൂം ഹോള്‍സെയില്‍ എടുത്തേക്കണൂ
അതിനിടക്കു അന്വേഷണാത്മക ബ്ലോഗിങ്ങുമായി ചില വിരൂപികളും കമന്റ് മൊത്തം നേടുന്നു...
എത്ര തപ്പിയിട്ടും ഒരു വിവാദോം കിട്ടണില്യ...
അതിനു മാത്രമേ ഇപ്പോ ഡിമാന്റൊള്ളൂ താനും...

പുതിയ പേരില്‍ പുതിയ ബ്ലോഗുണ്ടാക്കി...
കാട്ടാളന്‍.......
കുറെ പഴയ ബൂലോകപുലികളുടെ കഥേം കവിതേം അടിച്ചുമാറ്റി മിക്സ് ചെയ്ത് പോസ്റ്റുകളിട്ടു..

വീണ്ടും പഴയ ബ്ലോഗിലേയ്ക്ക്...
പുതിയ പോസ്റ്റിട്ടു... ബ്ലോഗ് മോഷണം...
തെളിവുകള്‍ നിരത്തി...
കാട്ടാളന്റെ ക്രൂരത, മാപ്പു പറയൂ...
തിരിച്ചു കാട്ടാളന്റെ തെറിക്കമന്റ്..

ബൂലോകപ്പോലീസേ ഇതു കാണുന്നില്ലേ...
ഹിറ്റുകള്‍ കൂടാന്‍ തുടങ്ങിയ ലക്ഷണം....
ഏതോ അലവലാതി(തൂലികാ നാമം) സംഗതി ഏറ്റുപിടിച്ചു..
കാട്ടാളന്റെ ക്രൂരത... മാനിഷാദ.......
കമന്റുകള്‍ കുമിയാന്‍ തുടങ്ങി...
സംഗതി ഇച്ചിരി തണുക്കുമ്പോള്‍ തെറിവിളിയുമായ് പിന്നേയും കാട്ടാളന്‍..
കമന്റുകള്‍ 100... 200......
കാട്ടാളനെതിരെ പ്രതിഷേധിക്കുക...
ഞാന്‍ പിന്നേയും തല പുകയ്ക്കാന്‍ തുടങ്ങി...
പുതിയൊരു വിവാദത്തിനായി...

ഡിസ്ക്ലെയ്മര്‍: ഈ പോസ്റ്റിലെ ഞാന്‍ ഞാനല്ലേ എന്നു ഇതു വായിക്കുന്ന ഏതെങ്കിലും ബ്ലോഗര്‍ക്കു തോന്നിയാല്‍ അതൊരു തോന്നല്‍ മാത്രമാണെന്നും ദിദ് വെറും സാങ്കല്‍പ്പികമായ ഒരു പോസ്റ്റാണെന്നും ഇതിനാല്‍ പ്രസ്താവിച്ചുകൊള്ളുന്നു.