ബുധനാഴ്‌ച, ഒക്‌ടോബർ 25, 2006

ആദ്യാനുരാഗം(ങ്ങള്‍)


എല്ലാവരും പ്രേമിച്ചിട്ടുണ്ടാവും ഇല്ലേ? ന്താ..? ഇല്യാന്നൊ? ചുമ്മാ നുണ പറയണ്ടാട്ടൊ... പക്ഷെ ആദ്യം ആരെയാണെന്ന് ഓര്‍മ്മയുണ്ടോ? പ്രേമ വിവാഹിതനൊ വിവാഹിതയോ ആണെങ്കില്‍ ഉടന്‍ പറയും..ദേ ഇരിക്കുന്ന മൊതല് തന്നെ...ഉവ്വ ഉവ്വ.... ആ പോട്ടെ..ഞാന്‍ വിവാഹിതനല്ലാത്തതിനാല്‍ ആ ടെന്‍ഷനില്ല...

ഒന്ന്
പശ്ചാത്തലം - ഏഴാം ക്ലാസ്സ്
എവിടുന്നു തുടങ്ങണം..എന്നാലൊചിക്കുവാ..കാരണം ഇതു വളരെ ചെറിയ ഒരു സംഭവമായതിനാലും ഈയുള്ളവന്റെ വാചക വിചാരങ്ങള്‍ മണ്ട പോയ തെങ്ങു പോലെയായതിനാലും സഹിക്കുക...
ഓണപ്പരീക്ഷയോടുകൂടിയാണു ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...കാരണം എന്തെന്നൊ... ക്ലാസ്സില്‍ ഞാന്‍ രണ്ടാമനായി...ഒന്നാമത് അവളായിരുന്നു..ലിപി...പിന്നത്തെ ദിവസങ്ങള്‍ വാശിയുടേതായിരുന്നു... ഹും, ഈ പെണ്ണുങ്ങള്‍ക്കിത്ര അഹങ്കാരം പാടില്യ...ഭാവം കണ്ടാല്‍ അവളേകഴിഞ്ഞുള്ളൂ എന്നാ ഭാവം...

സ്നേഹസേനയുടെ ആഭിമുഖ്യത്തില്‍ മലയാ‍ള ചെറുകഥാമത്സരം...പേരുകൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പൊള്‍ അവള്‍ ചാടിയെഴുന്നേററു..ആഹാ അത്രയ്ക്കായോ..എന്നാല്‍ ഞാനും കഥ എഴുതിയിട്ടേയുള്ളൂ..(ചെറുകഥയെന്നു പറഞ്ഞാല്‍ എന്താണാവോ?..ആ.ആര്‍ക്കറിയാം..) എന്റെ കൈഅക്ഷരമെന്നു പറഞ്ഞാല്‍ എന്തു ഭംഗിയായിരുന്നെന്നോ! (കാക്ക തൂറിയ മാതിരി എന്നു പിള്ളേര്‍..അസൂയകൊണ്ടാണേ...) ആ കൊച്ചിന്റെയാണെങ്കില്‍ ചുമ്മാ ഉരുട്ടി ഉരുട്ടിയങ്ങനെ എഴുതാ..കഷ്ടം...കഥാ വിഷയം വളരേ ഏളുപ്പം....അമ്മയും കുഞ്ഞും...തലേ ആഴ്ചയിലെ സ്നേഹസേനയില്‍ അമ്മയും കുഞ്ഞിനേയും പററി ഒരുകഥയുണ്ടായിരുന്നു....അതങ്ട് കലക്കി...(പാത്രങ്ങളുടെ പേരു മാറ്റീട്ടൊ..എന്റെയൊരു ബുദ്ധി..) പെട്ടെന്ന് എഴുതിത്തീര്‍ന്നു... തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചിരുന്നു ആലോചിക്കുവാ..
ഉച്ച കഴിഞ്ഞു റോസിലിചേച്ചി(പ്യൂണ്‍ ആണെന്നു പിന്നീട് മനസ്സിലായി) വന്നു ഡയാന സിസ്റ്റര്‍ ഞങ്ങളെ വിളിക്കുന്നെന്നു പറഞ്ഞു, എനിക്കാണെങ്കില്‍ സിസ്റ്റര്‍ വിളിക്കുന്നെന്നു പറഞ്ഞാല്‍ ഭയങ്കര സന്തോഷം..കാരണമെന്തെന്നാ... മേശപ്പുറത്തെ മിഠായി ഭരണി.... നിനക്കാ കഥാരചനയില്‍ ഫസ്റ്റ്, ഈശ്വരാ..ഭാഗ്യം..ഇവരൊന്നും സ്നേഹസേന വായിക്കാറേയില്ല... ലിപിയ്ക്കു രണ്ടാം സ്ഥാനം... നല്ല ആശയം, പക്ഷേ കൈയ്യക്ഷരം പോര കേട്ടൊ.. എനിക്കു രണ്ടു മിഠായി കിട്ടി..അവള്‍ക്കൊന്നും.. ഗുസ്തിക്കാരുടെ പോലെ എയറും പിടിച്ചുകൊണ്ട് ക്ലാസ്സിലെയ്ക്ക്(കണ്ടൊ കണ്ടോ ഞാന്‍ വല്യ പുള്ളിയാ... )... നമുക്കും കിട്ടും ഫസ്റ്റ് എന്ന ഒരു നോട്ടം അവള്‍ക്ക്...പിന്നെ എല്ലാ മത്സരങ്ങളും ഞങ്ങള്‍ തമ്മിലായി.. യാത്രകളും..
സ്ക്കൂളില്‍ നിന്നുള്ള എല്ലാ യാത്രകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു, രണ്ടു ദിവസത്തേയ്ക്ക് അവള്‍ ക്ലാസ്സില്‍ വന്നില്ല...എനിക്കു ഭയങ്കര ടെന്‍ഷന്‍...അന്നു വൈകുന്നേരം വീട്ടിലെത്തിയ ഉടനെ അയല്‍പ്പക്കത്തെ സൈക്കിളെടുത്ത് നേരെ വിട്ടു... അവളുടെ വീട്ടിലേയ്ക്ക്... പകുതിയായപ്പൊഴാണ് വീട് എനിക്കറിയില്ലല്ലൊ എന്നോര്‍ത്തത്..ആകെയറിയാവുന്ന പള്ളിയുടെയടുത്തെത്തി, അരോടെങ്കിലും ചോദിച്ചാലോ?....അല്ലേല്‍ വേണ്ട..ആരേലും തെററിദ്ധരിച്ചാലോ?? എന്നാലും കാണാന്‍ പറ്റില്യാ എന്നറിഞ്ഞപ്പൊള്‍ ഒരു വിഷമം..അതു വരെയില്യാത്ത ഒരു ഫീലിംഗ് (ഡാക്കിട്ടര്‍മാര് പറേണത് ഹാര്‍മാണിന്റെയാന്നാ...)..തിരിച്ചു പോന്നു...
പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയ പാടെ ആദ്യം നോക്കിയത് അവളുടെ ബഞ്ചിലേയ്ക്കായിരുന്നു..പക്ഷേ കിം ഫലം...ശ്ശെടാ ഇനി എന്തു ചെയ്യും??? ഒന്നാമത്തെ പിര്യഡ്(തെറ്റിദ്ധരിക്കല്ലേ..) കഴിയുന്നതിനു മുന്‍പ് അവള്‍ കയറി വന്നു, കൂടെ അവളുടെ അമ്മയുണ്ടായിരുന്നു..പനിയാത്രേ... ആശൂത്രീന്നാ വരണത്..അമ്മ പറഞ്ഞു...ക്ലാസ്സിലാക്കിയിട്ടു അമ്മ പോയി... ഇടവേളസമയത്ത് ഞാന്‍ ഓടിയവളുടെ അടുത്തെത്തി... ആദ്യം പറഞ്ഞത് ഇന്നലത്തെ യാത്രയെക്കുറിച്ചായിരുന്നു...അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു...ആരു പറഞ്ഞു വഴിയറിയാതെ വരാന്‍......പള്ളി കഴിഞ്ഞു ഒരു കലുങ്കുണ്ട്..അവിടുന്നു വലത്തോട്ട് പോണം...ഞാന്‍ തലകുലുക്കി....
അങ്ങിനെ ഏഴാം ക്ലാസ്സ് തീരുകയാണ്..
ഇനി എട്ടാം ക്ലാസ്സ് ഈ സ്ക്കൂളിലില്ല...യുപിയില്‍ നിന്ന് ഹൈസ്ക്കൂളിലേയ്ക്ക് പോകുകയാണ്..വല്യ ചെക്കനായി...വെക്കേഷനവളുടെ വിട്ടില്‍ പോണമെന്നു വിചാരിച്ചു..എവിടെ സമയം.... എല്ലാ അമ്മായിമാരുടേയും വീടു വീടാന്തരം കയറിയിറങ്ങിയപ്പൊള്‍ പിന്നെ സമയമില്ലേയില്ല... സാരമില്ല സ്ക്കൂള്‍ തുറക്കാറായല്ലൊ..(ആശ്വാസം..)
അങിനെ ജൂണ്‍ മാസം പിറന്നു..പുതിയ ഉടുപ്പുകള്‍..ചെരിപ്പ്..ബാഗ്..ഒരു പുത്തന്‍ മയം... വലിയ ചെക്കനായില്ലെ? അതുകൊണ്ടു വേഷം ഒറ്റ മുണ്ട്(ഷര്‍ട്ടും ഉണ്ട്ട്ടൊ..രണ്ടും വെള്ള, ചേട്ടന്‍മാര്‍ ചൊദിച്ചു എന്താടാ നിന്റെ കല്യാണമാണോന്ന്)...ക്ലാസ്സില്‍ ചെന്നിരുന്നു...എല്ലാവരും എത്തി...
പക്ഷെ ലിപി മാത്രം......അവള്‍ മാത്രം വന്നില്ല...പിന്നീടാണറിഞ്ഞത് അവള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള വേറെ സ്ക്കൂളില്‍ ചേര്‍ന്നു....പിന്നെ കുറേ നാള്‍ എല്ലാ അവധിദിവസവും സൈക്കിളുമെടുത്ത് പള്ളിയുടെയടുത്തുള്ള കലുങ്കിന്റെയടുത്തു ചെന്നു നില്ക്കും...
ഒരിക്കലും അവളെ അങ്ങോട്ട് കണ്ടില്ല...വീട്ടില്‍ ചെല്ലാന്‍ ധൈര്യമില്ലായിരുന്നു...(ഇന്നാണെങ്കിലോ? എപ്പ പോയീന്നു ചോദിച്ചാ മതി...)പുതിയ കൂട്ടുകാരും കൂട്ടുകാരികളെയും കിട്ടിയപ്പോള്‍ പതുക്കെ പതുക്കെ അവളെ മറക്കാന്‍ തുടങ്ങി...(മറക്കുക എന്നു പറഞ്ഞാല്‍ നമ്മളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെന്നിപ്പോള്‍ മനസ്സിലായി...)ഇപ്പൊള്‍ എനിക്കറിയില്ല അവളെവിടെയാണെന്ന്..ചിലപ്പൊള്‍ വഴിയില്‍ വച്ചു കാണാറുണ്ടാവാം...തിരിചറിയാന്‍ സാധ്യത വളരേ വിരളം...അഞ്ചാറു പിള്ളേരും കെട്ട്യോനുമായി പോകുമ്പോള്‍ അന്നത്തെ ആ കൂട്ടുകാരനെ അവള്‍ തിരിച്ചറിയുമോ?അതല്ല ഈ കൂട്ടുകാരന്‍ അവളേ തിരിച്ചറിയുമോ?
ആ..എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ എത്ര നന്നായിരുന്നു??

ശനിയാഴ്‌ച, ഒക്‌ടോബർ 21, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി...അവസാനഭാഗം

ടീ പാര്‍ട്ടി കഴിഞ്ഞു, ഇനിയുള്ള വിവരണം അവന്‍ തന്നെയാവട്ടേ അല്ലേ?
എല്ലാവരും ബി ബ്ലോക്കിനു മുന്‍പിലെ മുററത്ത് ഒത്തുകൂടി, ഞാനും കുറച്ചുകൂട്ടുകാരും കൂടി അടുത്ത ക്ലാസ്സില്‍ നിന്നും ഒന്നു രണ്ടു ബഞ്ചുകളും ഡസ്കുകളും ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം നിരത്തിയിട്ടു. ആദ്യം എ ഡിവിഷന്റെ ഊഴമായിരുന്നു, ഉയരമനുസരിച്ച് എല്ലാവരും ഡസ്കിലും ബെഞ്ചിലുമായി നിരന്നു, മുന്‍പിലെ കസേരകളില്‍ ടീച്ചര്‍മാരും... എല്ലാത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സംവിധായക റോളില്‍ ഞാനും...
ബി ഡിവിഷനും കഴിഞ്ഞു, ഇനി സിക്കാരായ ഞങ്ങളുടെ ഊഴം... പഴയതു പോലെ എല്ലാവരേയും ക്രമീകരിക്കല്‍ നമ്മുടെ പണി തന്നെ...

അതിനു ശേഷം ചെറിയ ഒരു തട്ടിപ്പ് എന്ന് വേണമെങ്കില്‍ പറയാം, ആരോടും പറയരുതു കേട്ടൊ!, നമ്മുടെ ഒരു കുട്ടിയുണ്ടായിരുന്നു, പേരു വേണ്ട, നമുക്കവളെ കൊക്ക് എന്നു വിളിക്കാം. കുയിലിന്റെ ശബ്ദവും കൊക്കിന്റെ രൂപവും...അയ്യോ! കൊക്കെന്നു ഞാന്‍ വിളിച്ചതല്ല കേട്ടോ, എനിക്കങ്ങനെ വിളിക്കാന്‍ പറ്റോ?
അങ്ങിനെ വിളിച്ചാലേ അരെങ്കിലും അറിയൂ..നല്ല വെളുത്തു മെലിഞ്ഞ കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി...
ക്ഷമിക്കൂ, ഞാന്‍ വിഷയത്തീന്നു പോയതല്ല, അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കറിയാലോ...നിര്‍ത്താന്‍ വല്യ പാടാ... അതു ഞാന്‍ പിന്നത്തേയ്ക്കു മാററി വച്ചിരിക്കുന്നു...ഇനി വിഷയത്തിലേയ്ക്കു വരാം
പൊക്കം കൂടുതലായതുകൊണ്ട് രണ്ടാം വരിയിലാണ് അവളുടെ നില്പ്, ഞാന്‍ പതുക്കെ പിന്നിലൂടെ ഡസ്കില്‍ കയറി ഒന്നുമറിയാത്തവനേപ്പോലെ അവളുടെ തൊട്ടുപിന്നില്‍ നിലയുറപ്പിച്ചു, ഫോട്ടോഗ്രാഫര്‍ റെഡി പറഞ്ഞയുടനേ ഇവിടെ നല്ല ഇടയുണ്ടല്ലൊ എന്നു പറഞ്ഞുകൊണ്ട് നേരെ അവളുടെ ഇടതുവശത്തേയ്ക്ക്... ആരും കാണുന്നതിനു മുന്‍പേ കാമറക്കണ്ണുകള്‍ തുറന്നടഞ്ഞു...ഹാവൂ...പരീക്ഷയ്ക്കു റാങ്കു കിട്ടിയപോലെ....
അതിനുശേഷം എല്ലാവരും പല പല ഗ്രൂപ്പുകളായി നിന്നു സംസാരിക്കാന്‍ തുടങ്ങി... ഞാന്‍ പല ഗ്രൂപ്പുകളിലായി ഓടി നടന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ കൂട്ടുകാരികളെയൊന്നിനേയും കാണാനില്ല, അവസാനം അവരെ കണ്ടെത്തി...
എന്താ പരിപാടി ഇവിടെ എന്നു ചോദിച്ചുകൊണ്ട് കേറിചെന്ന ഞാന്‍ കാണുന്നതെന്താണെന്നോ? എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് നിന്നു വിതുമ്പുന്നു, ഹേയ്, നിങ്ങള്‍ക്കെന്താ വട്ടായോ? പരീക്ഷയ്ക്കു ഇനിയും കാണാനുള്ളതല്ലേ? പിന്നെന്താ...മോശം... എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അവരുടെയിടയിലേയ്ക്ക് ചെന്നു..ഒന്നു നിര്‍ത്തുന്നുണ്ടോ ? എന്താ ഇത്? ഞാന്‍ അവരെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അപ്പോഴും ഞാന്‍ കൊക്കിനെ തേടുകയായിരുന്നു.. ആ കൂട്ടത്തിനിടയില്‍ കലങ്ങിചുവന്ന കണ്ണുകളുമായി ഡസ്കില്‍ തല ചായ്ച്ചിരിക്കുന്ന അവളെ ഞാന്‍ കണ്ടു, ഹേയ് എന്താ കൊക്കേ...നാണമാവില്ലെ ഇങ്ങനെ കരയാന്‍?? ഞാന്‍ പതുക്കെ അവളുടെ തോളില്‍ തട്ടി...
പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു, നിനക്കു പറഞ്ഞാല്‍ മനസിലാവില്യ...നിങ്ങള്‍ ആമ്പിള്ളേര്‍ക്കു എപ്പോഴും എവിടെ വച്ചും കാണാം... പക്ഷേ നമ്മള്‍ക്കിനിയെങ്ങനെ....???? ആ മറുപടി ശരി വയ്ക്കുന്നതായിരുന്നു ബാക്കിയുള്ളവരുടേയും മുഖങ്ങള്‍...മനസ്സില്‍ ഒരു കൊളുത്തു വീണപോലെ... അവര്‍ പറഞ്ഞ കാര്യം ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു എന്നല്ല എനിയ്ക്ക് ചിന്തിക്കാനേ വയ്യായിരുന്നൂ...സാരമില്ല അതൊക്കെ ശരിയാവും എന്നു പറഞ്ഞ് ഞാനെഴുന്നേററു,
പക്ഷെ എനിക്കെന്താണു സംഭവിക്കുന്നത്? ആകെ ഒരിരുട്ടു പോലെ...ഞാന്‍ പുറത്തേയ്ക്കു നടന്നു...ഇല്ല എനിക്കു നടക്കാന്‍ വയ്യ, ഞാന്‍ തിരിച്ചു ക്ലാസ്സിലെയ്ക്കു വന്നു, ആണ്‍കുട്ടികളുടെ ഭാഗത്തെ ബെഞ്ചില്‍ ഇരുന്നു..അല്ല..തല ഡസ്കിലേയ്ക്കു ചായ്ച്ചു കിടന്നു...രണ്ടു കൈകൊണ്ടും മുഖം മറയ്ക്കാന്‍ ശ്രമിച്ചു... അത്രയും നേരത്തെ ഞാനേ അല്ലായിരുന്നൂ അത്... ഞാനാകെ തളരുന്ന പോലെ... ആ പത്താം ക്ലാസ്സുകാരന്റെ ചിന്തയില്‍ ഒതുങ്ങാത്തതായിരുന്നു ആ വേര്‍പാട്, ആ സ്ക്കൂളായിരുന്നു എന്റെ ലോകം, ആ കൂട്ടുകാരായിരുന്നു എനിക്കെല്ലാം..അവരെ പിരിയുകയോ?? ഇല്ല...ഇല്ല... എത്ര ശ്രമിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല... ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു...
അപ്പൊഴേയ്ക്കും അവള്‍ ഓടി അരികിലെത്തി...അതെന്നും അങ്ങിനെയായിരുന്നല്ലോ... എന്താടാ...എന്തു പററി നിനക്ക്??? ഞാന്‍ മുഖമുയര്‍ത്താന്‍ കൂട്ടാക്കിയില്ല, അവള്‍ പിന്നേയും എന്നെകുലുക്കിവിളിച്ചു..എന്താടാ?? അതുകണ്ട് ബാക്കി എല്ലാവരും അരികിലേയ്ക്കു വന്നു.... ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ കാണുന്നത് വേവലാറ്റി നിറഞ്ഞ അവളുടെ മുഖമാണ്...ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി... അതു കണ്ട് അവരും കരയാന്‍ തുടങ്ങി...കരഞ്ഞുകൊണ്ടും അവര്‍ പറഞ്ഞത് കരയല്ലേടാ..എന്നായിരുന്നു..അതു കേള്‍ക്കുന്തോറും എന്റെ കരച്ചിലിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നു... അതിനിടയിലും ഞാനലറി..പൊയ്ക്കൊ..എനിക്കാരേയും കാണണ്ട...വേണ്ട...ആരെയും കാണണ്ട...ആരും വേണ്ട....
എന്റെ ശരീരം തളരുകയായിരുന്നു...എനിക്കു തല ചുററുന്നതു പോലെ തോന്നി, ഞാന്‍ ബഞ്ചിലേയ്ക്കു വീണു...ഉടന്‍ ആരൊ സ്റ്റാഫ് റൂമിലേയ്ക്കോടി, ജോസ് മാഷും ഗ്രേസിടീച്ചറും മററും ഓടി വന്നു...അവരെല്ലാം എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...മാഷ് ചോദിച്ചു..എന്താ ..... ഇത്?? ഈ പരിപാടിക്കെല്ലാം മുന്‍പില്‍ നിന്നിട്ട് അവസാനം..ദേ നോക്കിക്കേ, നീ കരയുന്ന കാരണമല്ലേ ഇവരെല്ലാം കരയുന്നത്..ഒന്ന് നിര്‍ത്തൂ... എനിക്കും ആഗ്രഹമുണ്ടായിരുന്നു ഒന്നു നിര്‍ത്താന്‍ ..ഇത്രയും കുട്ടികളുടെ മുന്‍പില്‍ വച്ചിങ്ങനെ..പക്ഷേ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല....
അവര്‍ എന്നെ താങ്ങിയെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് കൊണ്ടുപോയി... ഫാനിന്റെ കീഴെക്കിടത്തി...മാഷ് പറയുന്നുണ്ടായിരുന്നു... എന്തിനും മുന്‍പില്‍ നിന്ന പോലെ അവനിതും സഹിക്കാന്‍ പററുന്നില്ല, സാരമില്ല ഒരു പാടു നാളു കഴിയുമ്പോള്‍ ഓര്‍ത്തു ചിരിക്കാന്‍ കഴിയും....
കുറെ സമയം കഴിഞ്ഞു മാഷ് വിളിച്ചു, എങ്ങിനേയുണ്ട്??? എനിക്കൊരു ചമ്മല്‍, അയ്യേ..! എന്നാലും ഞാന്‍..... മാഷ് പറഞ്ഞു, എണീറ്റു ചെല്ലൂ, കൂട്ടുകാരെല്ലാം കാത്തിരിക്കുന്നു...
ഞാന്‍ പതുക്കെ നടന്ന് ക്ലാസ്സില്‍ കയറിയപ്പോള്‍ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിക്കാന്‍ ശ്രമിച്ചു...കണ്ണീരുണങ്ങിയ മുഖത്തോടെ...
ഞാനിരുന്നപ്പോള്‍ അവളും കൂട്ടുകാരും അടുത്തുവന്നിരുന്നു.. ഒരു പൊതിയെടുത്തു ഡസ്കില്‍ വച്ചു...ഞാന്‍ മാററി വച്ച ആ ഐസ്ക്രീം പെട്ടി.. ഞാന്‍ തല വെട്ടിച്ചു...വേണ്ട!...അവളതു ശ്രദ്ധിച്ചില്ല.... അതില്‍ നിന്നൊരു കപ്പ് പുറത്തെടുത്തു തുറന്നു... സ്പൂണെടുത്ത് അലിയാന്‍ തുടങ്ങിയ ഐസ്ക്രീം വായിലേയ്ക്ക്... ആ സ്നേഹത്തിന്റെ കുളിരിലും എന്റെ കണ്ണ് പിന്നെയും നിറയുകയായിരുന്നു...വരാന്‍ പോകുന്ന വേര്‍പാടിനെയോര്‍ത്ത്...


- വേര്‍പാടുകള്‍ പിന്നേയും തുടരുന്നു..എങ്കിലും തല്‍ക്കാല്‍ം നിര്‍ത്തുന്നു....-


കുറിപ്പ്: ഞാനനുഭവിച്ചവ മുഴുവനായി എനിക്കക്ഷരങ്ങളാക്കി മാററുവാന്‍ കഴിഞ്ഞോ എന്നെനിക്കുറപ്പില്ല..പക്ഷെ ഇപ്പോഴും ഇതൊരാവര്‍ത്തികൂടി വായിച്ച് തിരുത്തുവാന്‍ ഞാന്‍ അശക്തനാണ്..സദയം ക്ഷമിക്കുക...

ചൊവ്വാഴ്ച, ഒക്‌ടോബർ 17, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി... 2

നാളെയാണു പരിപാടി, നാളെ ഇടേണ്ട ഡ്രസ്സിനേക്കുറിച്ചായിരുന്നു അവന്‍ ആലൊചിച്ചിരുന്നത്. കുറച്ചു നാള്‍ മുന്‍പ് ഗള്‍ഫില്‍ നിന്നു വന്ന ഒരു ബന്ധു സമ്മാനിച്ച ഒരു ടീഷര്‍ട്ട് അവന്‍ തിരഞ്ഞെടുത്തു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നാളത്തെ പരിപാടിയില്‍ പറയേണ്ട വാചകങ്ങള്‍ മനസ്സില്‍ ഒന്നുകൂടി ഉരുവിടുകയായിരുന്നു... നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ...കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ചപ്പോഴാണ് ഇനിയും ഒരാള്‍ക്കുകൂടിയുള്ള വലിപ്പമതിനുണ്ടെന്നു മനസ്സിലായത്. ആരു ശ്രദ്ധിക്കുന്നു???? നേരേ ബേക്കറിക്കാരനെ വിളിക്കാന്‍ ഓടി... അവിടേ നിന്നു പലഹാരങ്ങളുമായി സ്ക്കൂളിലെയ്ക്ക്... ഷാജന്‍ ചേട്ടന്‍ പറഞ്ഞു...ഐസ്ക്രീം പിന്നെ കൊടുത്തയയ്ക്കാം, അല്ലെങ്കില്‍ അലിഞ്ഞു പോകും...

അന്നൊരു ശനിയാഴ്ചയായിരുന്നു..സ്ക്കൂളില്‍ പത്താം ക്ലാസ്സുകാര്‍ മാത്രം.. എല്ലാവരും എത്തി തുടങ്ങി... പലവിധ വര്‍ണ്ണങ്ങളില്‍ മുങ്ങിക്കുളിച്ചുകൊണ്ട്...ഏകദേശം എല്ലാ പെണ്‍ തലകളും മുല്ലപ്പൂവിന്‍ സൌരഭ്യം പരത്തിക്കൊണ്ടിരുന്നു...എല്ലാവരുടെ കയ്യിലും ഓട്ടൊഗ്രാഫുകള്‍..പല നിറങ്ങളില്‍...മിക്കവയിലും സിനിമയിലെ ചോക്ലേററ് നായകന്മാരും നായികമാരും വിലസ്സുന്നുണ്ടായിരുന്നു...

എല്ലാവരോടും ഹാളില്‍ ഒത്തുകൂടാനുള്ള നിര്‍ദ്ദേശവുമായി അവന്‍ ഓടി നടന്നു, ജീവിതത്തിന്റ്റെ ഒരു ഘട്ടം ഇവിടെ തീരുകയാണെന്നും നിങ്ങളെ തല്ലിയതും തലോടിയതും നിങ്ങള്‍ നന്നായിക്കാണാന്‍ മാത്രമാണെന്നും പ്രസ്താവിച്ചുകൊണ്ട് കൊമ്പന്‍.. മനസ്സിലായില്ലേ? ഹെഡ് മാസ്റ്റര്‍ ആന്റ്റണി മാഷ്.. പക്ഷേ പേരു പറഞ്ഞാല്‍ ഒരു പക്ഷേ അദ്ധ്യാപകര്‍ പോലും അറിഞ്ഞെന്നു വരില്ല... മേലോട്ടു പിരിച്ചു വച്ചിരിക്കുന്ന രണ്ടു കൊമ്പുകള്‍...സന്തതസഹചാരിയായ ചൂരല്‍. ഇങ്ങിനെയുള്ള മാഷില്‍നിന്നു വന്ന മധുരഭാഷണം കേട്ടവര്‍ക്കെല്ലാം അത്ഭുതം...
പിന്നെ ബാക്കി ചടങ്ങുകള്‍...കൊച്ചു കൊച്ചു കലാപരിപാടികള്‍... അവസാനം നന്ദിപ്രകടനം... കൂട്ടുകാര്‍ക്കിടയില്‍ നിന്നും അവനെഴുന്നേററു, വെദിയിലേയ്ക്കു നടക്കുമ്പോള്‍ മുന്‍പില്ലാത്ത വിധം ഒരു വിറ... സദസ്സിനെ അഭിമുഖീകരിച്ചപ്പോള്‍ പറയാന്‍ പഠിച്ചതെല്ലാം മറന്ന പോലെ... ചെവിയില്‍ തിരയടിക്കുന്ന പോലെ... വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ തുടങ്ങി, ബഹുമാനപ്പെട്ട......, എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടും എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും അവന്‍ നിര്‍ത്തി...
അടുത്തതായി ടീ പാര്‍ട്ടി... ഫോട്ടോ എടുക്കല്‍...
അവന്‍ ഐസ്ക്രീം വച്ചിരിക്കുന്ന തണുപ്പാറാ പെട്ടിയുടെ അടുത്തേയ്ക്കോടി... അതില്‍ നിന്നും ഒരു പെട്ടിയെടുത്തു മാററി വച്ചു.....
തുടരും....

തിങ്കളാഴ്‌ച, ഒക്‌ടോബർ 16, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി...

എപ്പോഴെങ്കിലും ഓര്‍മ്മയുടെ തേരിലേറി പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞുപൊകുമ്പോള്‍ ചിലയിടങ്ങളില്‍ നാമറിയാതെതതന്നെ ബ്രേക്കിട്ടു പോകാറില്ലേ? പലപ്പൊഴും അയ്യേ! എന്നു നമ്മള്‍ ഇപ്പോള്‍ ചിന്തിക്കാറുള്ള ചില സംഭവങ്ങള്‍... ഒരുപാടു ചിരിച്ചവ...ഒത്തിരി കരഞ്ഞവ...
ഞാനും ഒരു യാത്ര പോവുകയാണ്...ഒരു പഴയ വേര്‍പാടിന്‍ കണ്ണുനീരിലേയ്ക്ക്...
നിങ്ങള്‍ക്കവിടെ ഒരു പത്താം ക്ലാസ്സുകാരനെ കാണാം, കോലന്‍ മുടിയും മെലിഞ്ഞ ശരീരവും ഇത്തിരി വെകിളിയുമായി നിങ്ങള്‍ക്കവനെ എവിടെയും കാണാം..തേച്ചു നിവര്‍ത്തിയ ഒരിക്കലും മടക്കികുത്താത്ത ഒററ മുണ്ടുമായി ടീച്ചര്‍മാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി ഒത്തിരി കുട്ടുകാരുമായി അവനവിടെ ജീവിതം ആഘോഷമാക്കുകയായിരുന്നു..സ്ക്കൂളും കൂട്ടുകാരുമല്ലാതേ ഒരു ലോകമുണ്ടെന്നു അവനോര്‍ത്തതേയില്ല...
വാടിയ പനിനീര്‍പുഷ്പത്തിന്‍ ദളങ്ങള്‍ പോലെ ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിയുകയായിരുന്നു, ബ്ലാക്ക് ബോര്‍ഡില്‍ ഭീഷണിയുമായി പരീക്ഷയിലേക്കുള്ള ദൂരം ദിനങ്ങളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി...അതിനും നിയോഗം അവനായിരുന്നു.. പക്ഷേ ആ അക്കങ്ങള്‍ക്ക് പരീക്ഷയിലേയ്ക്കുള്ള ദൂരമെന്നല്ലാതെ ഒരു വേര്‍പാടിനേക്കുറിച്ച് ആരും അപ്പോഴും സങ്കല്പിച്ചതേയില്ല.
ഒരു ദിവസം ജോസ് മാഷ് വന്നയുടനേ ചൊദിച്ചു, എല്ലാ വര്‍ഷത്തേയും പോലെ ഒരു യാത്രയയപ്പു ദിനാഘോഷം വേണ്ടേ എന്ന്... എല്ലാവരും ഒരേ ഈണത്തില്‍ പറഞ്ഞു, പിന്നേ...വേണ്ടേ...??? അടിപൊളിയാക്കണം. ഒരു നല്ല ടീ പാര്‍ട്ടിയായിരുന്നു മനസ്സില്‍.
ദിവസം നിശ്ചയിച്ചു, അടുതതത് ..പിരിവു തന്നെ.. ആരാണു നേതാവ്? വീണ്ടും മാഷ്... പതിവു പോലെ കോറസ്സ്, എല്ലാ നാവും ഒരു പോല്‍ ആ പേര്‍ വിളിച്ചു പറഞ്ഞു, അഭിമാനപൂര്‍വ്വം അവനെഴുന്നേററു, ഉതതരവാദിത്ത്വങ്ങള്‍ എന്നുമവനൊരു ലഹരിയായിരുന്നുവല്ലോ!
നന്ദിപ്രകടനം, ഫോട്ടൊഗ്രാഫറെ ഏര്‍പ്പെടുത്താനും അവന്‍ നിയുക്തനായി...
കണ്ണുനീര്‍ത്തുള്ളികള്‍
(തുടരും...)