വ്യാഴാഴ്‌ച, മേയ് 15, 2008

റിസല്‍റ്റ് വന്നേ...

ഞാന്‍ ഇന്നു രാവിലെ മുതന്‍ ഗൂഗിളിന്റെ മുന്നിലായിരുന്നു, സെര്‍ച്ച് ചെയ്യുന്നത് ഒരേയൊരു വാക്കും, ‘കേരള ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട്’. പക്ഷേ എന്നും എന്നെ നേര്‍വഴിക്കു നയിക്കുന്ന ഗൂഗിള്‍ ഭഗവാന്‍ ഇന്നു പ്രസാദിക്കുന്നില്ല. 2006 ലെ ലിങ്ക് ഒക്കെയാണു വരുന്നത്.

അപ്പോഴാണ് നമ്മടെ കൊണ്ടോട്ടിക്കാരന്‍ ബീരാങ്കുട്ടിക്കാടെ ബ്ലോഗിലെ ലിങ്കുകളെ ഓര്‍ത്തത്, നേരെ അങ്ങോട്ടോടി. അവിടേം ക്ലിക്കി നോക്കി, കിം ഫലം!

പിന്നെ അവസാനം ഞാന്‍ മലയാളിയുടെ സുപ്രഭാതത്തെക്കുറിച്ചോര്‍ത്തത്, ഭാഗ്യം! അവിടെ വാര്‍ത്തയുണ്ട്, റിസല്‍ട്ട് 12 നു വരും എന്ന് പറഞ്ഞിട്ടുണ്ട്. ഹാവൂ അപ്പോ ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നമ്മടെ സിനിമേല്‍ കാണാറുള്ള ലേബര്‍ റൂമിന്റെ പുറത്തെ കാഴ്ചയൊക്കെ ഓര്‍മ്മ വരുന്നത്.

ഹൊ! നമ്മളു പരീക്ഷയെഴുതിയപ്പോ ഇത്രേം ടെന്‍ഷനടിച്ചിട്ടില്ല, എന്തുകൊണ്ടാണ് അമ്മമാരും അച്ഛന്മാരുമൊക്കെ ഇത്രേം ടെന്‍ഷനടിക്കണേന്നിപ്പൊ മനസിലായി, അവസാനം എല്ലാ റോഡും റോമിലേയ്ക്കെന്നു പറഞ്ഞ പോലെ ഞാനുമെത്തി കേരള റിസല്‍ട്സ്.നിക്.ഇന്നിലേക്ക്. അവിടെ ചെന്നപ്പോഴൊ ആടു കിടന്നിടത്ത് പൂട പോലുമില്ലാ എന്ന അവസ്ഥ. മൂന്നു ദിവസം മുമ്പത്തെ പത്താം ക്ലാസ്സുകാരുടെ ഫലത്തിലേയ്ക്കുള്ള ഒരു ലിങ്കു മാത്രം, ദൈവമേ എനിക്കിനി ദിവസം മാറിപ്പോയോ? ഈ ഹയര്‍സെക്കന്‍ഡറീഡെ റിസല്‍റ്റ് ഇന്നു തന്നെയല്ലേ?

ഉടന്‍ വീട്ടിലേയ്ക്കു വിളിച്ചു, എടീ ഇന്ന് തന്നെയാണാ റിസല്‍റ്റ്, അതോ നിനക്കു ഡേറ്റ് മാറിയോ? അനിയത്തി പറഞ്ഞു, പിന്നേ ഡേറ്റ് ഇന്നു തന്നെയാണെന്ന്. ഓകെ എങ്കില്‍ നമുക്കു കാത്തിരിക്കാം എന്നു ഞാനും.

പിന്നത്തെ പരിപാടി F5..F5..F5..F5..F5..F5..F5..F5..F5 എവടെ എത്ര റിഫ്രഷ് ചെയ്തിട്ടും ഒന്നും വരണില്യ. ദൈവമേ പതിനൊന്നു കഴിഞ്ഞല്ലോ! കുറെ നേരത്തെ റിഫ്രഷിനു ശേഷം പേജില്‍ പത്തിനു മുകളിലായി പന്ത്രണ്ടിന്റേം ലിങ്കു വന്നു. ചാടി ക്ലിക്കി. പേജ് കാന്‍ നോട്ട് ബി ഡിസ്പ്ലേയ്ഡ് >> ബാക്ക് >> പിന്നേം ക്ലിക്കി.

ദാ വരണൂ, രജി. ന. പറയൂ.. പറഞ്ഞു.. ക്ലിക്കി.. എക്സ്പ്ലോററിനൊരു വലിച്ചില്, ദാ വന്നു പോയ്, ഗ്രേഡുകളിലൂടെ കണ്ണുകള്‍ ഓടിപ്പാഞ്ഞു പോയ്. കൊള്ളാം നല്ല റിസല്‍റ്റ്. ടെന്‍ഷനിടിച്ചാലും കൊഴപ്പമില്ല. എന്റനിയത്തികൊച്ച് നന്നായി പെര്‍ഫോമന്‍സ് ചെയ്തിട്ടുണ്ട്. ഒരെണ്ണത്തില്‍ മാത്രം A, ബാക്കിയെല്ലാത്തിലും A+.(എന്റെ മാര്‍ക്കുകള്‍ വച്ചു നോക്കുമ്പം ഒന്നുമല്ല, എന്നാലും..)

വിജയങ്ങള്‍ എപ്പോഴും മാധുര്യമുള്ളതാണ്, അതു നമ്മുടെ പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ പ്രത്യേകിച്ചൂം!

വ്യക്തിപരമായ വിജയം ചിലപ്പോ മറ്റുള്ളവരുടെ കണ്ണില്‍ ചെറുതായേക്കാം, പക്ഷേ എനിക്കതു വലുതാണ്, കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്ന് പറഞ്ഞപോലെ....

ഈ ചെന്നെയിലെ ചൂടത്ത്, അതും ആപ്പീസിലിരുന്ന് എങ്ങനാ ഈ സന്തോഷം പ്രകടിപ്പിക്കാ എന്നാലോചിച്ചിട്ടൊരു വഴീം കണ്ടില്യ, എന്നാ പിന്നെ ഈ സന്തോഷം ഒരു പോസ്റ്റാക്കാം എന്നു വിചാരിച്ചു, പോസ്റ്റാവുമ്മോ അങ്കോം കാണാം താളീം ഒടിക്കാം. ഹൊ! എന്റൊരു ബുദ്ധി.(ഡേറ്റും ഓര്‍ക്കാം പിന്നെ ഇടക്കു വായിക്കുവേം ചെയ്യാമല്ലൊ!.. അത്രേ ഒള്ളു കേട്ടാ..)

അപ്പോ ഏട്ടാ ഒറ്റക്ക് ഇവിടെ എന്തൊരു ബോറാണെന്നും പറഞ്ഞും, ബോറഡി മാറ്റാന്‍ അച്ഛനോടും അമ്മയോടും തല്ലും കൂടി നടന്ന് ഈ പണി പറ്റിച്ച എന്റെ പ്രിയപെട്ട ഉണ്ടുവിന് ഏട്ടന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ചെലവൊക്കെ നാട്ടീ വന്നിട്ട്, ഓക്കെ?

4 അഭിപ്രായങ്ങൾ:

  1. അപ്പോ ഏട്ടാ ഒറ്റക്ക് ഇവിടെ എന്തൊരു ബോറാണെന്നും പറഞ്ഞും, ബോറഡി മാറ്റാന്‍ അച്ഛനോടും അമ്മയോടും തല്ലും കൂടി നടന്ന് ഈ പണി പറ്റിച്ച എന്റെ പ്രിയപെട്ട ഉണ്ടുവിന് ഏട്ടന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍!

    ചെലവൊക്കെ നാട്ടീ വന്നിട്ട്, ഓക്കെ?

    മറുപടിഇല്ലാതാക്കൂ
  2. അങ്കം കാണാന്‍ പോകുമ്പോള്‍ താളി നുള്ളുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു.
    പിന്നെ അനിയത്തി ജയിച്ചതിനാല്‍ ക്ഷമിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ആശംസകള്‍ അനിയത്തിയ്ക്ക്‌..

    മറുപടിഇല്ലാതാക്കൂ
  4. അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
    akberbooks@gmail.com
    mob:09846067301

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...