ശനിയാഴ്‌ച, ഒക്‌ടോബർ 21, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി...അവസാനഭാഗം

ടീ പാര്‍ട്ടി കഴിഞ്ഞു, ഇനിയുള്ള വിവരണം അവന്‍ തന്നെയാവട്ടേ അല്ലേ?
എല്ലാവരും ബി ബ്ലോക്കിനു മുന്‍പിലെ മുററത്ത് ഒത്തുകൂടി, ഞാനും കുറച്ചുകൂട്ടുകാരും കൂടി അടുത്ത ക്ലാസ്സില്‍ നിന്നും ഒന്നു രണ്ടു ബഞ്ചുകളും ഡസ്കുകളും ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം നിരത്തിയിട്ടു. ആദ്യം എ ഡിവിഷന്റെ ഊഴമായിരുന്നു, ഉയരമനുസരിച്ച് എല്ലാവരും ഡസ്കിലും ബെഞ്ചിലുമായി നിരന്നു, മുന്‍പിലെ കസേരകളില്‍ ടീച്ചര്‍മാരും... എല്ലാത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സംവിധായക റോളില്‍ ഞാനും...
ബി ഡിവിഷനും കഴിഞ്ഞു, ഇനി സിക്കാരായ ഞങ്ങളുടെ ഊഴം... പഴയതു പോലെ എല്ലാവരേയും ക്രമീകരിക്കല്‍ നമ്മുടെ പണി തന്നെ...

അതിനു ശേഷം ചെറിയ ഒരു തട്ടിപ്പ് എന്ന് വേണമെങ്കില്‍ പറയാം, ആരോടും പറയരുതു കേട്ടൊ!, നമ്മുടെ ഒരു കുട്ടിയുണ്ടായിരുന്നു, പേരു വേണ്ട, നമുക്കവളെ കൊക്ക് എന്നു വിളിക്കാം. കുയിലിന്റെ ശബ്ദവും കൊക്കിന്റെ രൂപവും...അയ്യോ! കൊക്കെന്നു ഞാന്‍ വിളിച്ചതല്ല കേട്ടോ, എനിക്കങ്ങനെ വിളിക്കാന്‍ പറ്റോ?
അങ്ങിനെ വിളിച്ചാലേ അരെങ്കിലും അറിയൂ..നല്ല വെളുത്തു മെലിഞ്ഞ കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി...
ക്ഷമിക്കൂ, ഞാന്‍ വിഷയത്തീന്നു പോയതല്ല, അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കറിയാലോ...നിര്‍ത്താന്‍ വല്യ പാടാ... അതു ഞാന്‍ പിന്നത്തേയ്ക്കു മാററി വച്ചിരിക്കുന്നു...ഇനി വിഷയത്തിലേയ്ക്കു വരാം
പൊക്കം കൂടുതലായതുകൊണ്ട് രണ്ടാം വരിയിലാണ് അവളുടെ നില്പ്, ഞാന്‍ പതുക്കെ പിന്നിലൂടെ ഡസ്കില്‍ കയറി ഒന്നുമറിയാത്തവനേപ്പോലെ അവളുടെ തൊട്ടുപിന്നില്‍ നിലയുറപ്പിച്ചു, ഫോട്ടോഗ്രാഫര്‍ റെഡി പറഞ്ഞയുടനേ ഇവിടെ നല്ല ഇടയുണ്ടല്ലൊ എന്നു പറഞ്ഞുകൊണ്ട് നേരെ അവളുടെ ഇടതുവശത്തേയ്ക്ക്... ആരും കാണുന്നതിനു മുന്‍പേ കാമറക്കണ്ണുകള്‍ തുറന്നടഞ്ഞു...ഹാവൂ...പരീക്ഷയ്ക്കു റാങ്കു കിട്ടിയപോലെ....
അതിനുശേഷം എല്ലാവരും പല പല ഗ്രൂപ്പുകളായി നിന്നു സംസാരിക്കാന്‍ തുടങ്ങി... ഞാന്‍ പല ഗ്രൂപ്പുകളിലായി ഓടി നടന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ കൂട്ടുകാരികളെയൊന്നിനേയും കാണാനില്ല, അവസാനം അവരെ കണ്ടെത്തി...
എന്താ പരിപാടി ഇവിടെ എന്നു ചോദിച്ചുകൊണ്ട് കേറിചെന്ന ഞാന്‍ കാണുന്നതെന്താണെന്നോ? എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് നിന്നു വിതുമ്പുന്നു, ഹേയ്, നിങ്ങള്‍ക്കെന്താ വട്ടായോ? പരീക്ഷയ്ക്കു ഇനിയും കാണാനുള്ളതല്ലേ? പിന്നെന്താ...മോശം... എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അവരുടെയിടയിലേയ്ക്ക് ചെന്നു..ഒന്നു നിര്‍ത്തുന്നുണ്ടോ ? എന്താ ഇത്? ഞാന്‍ അവരെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അപ്പോഴും ഞാന്‍ കൊക്കിനെ തേടുകയായിരുന്നു.. ആ കൂട്ടത്തിനിടയില്‍ കലങ്ങിചുവന്ന കണ്ണുകളുമായി ഡസ്കില്‍ തല ചായ്ച്ചിരിക്കുന്ന അവളെ ഞാന്‍ കണ്ടു, ഹേയ് എന്താ കൊക്കേ...നാണമാവില്ലെ ഇങ്ങനെ കരയാന്‍?? ഞാന്‍ പതുക്കെ അവളുടെ തോളില്‍ തട്ടി...
പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു, നിനക്കു പറഞ്ഞാല്‍ മനസിലാവില്യ...നിങ്ങള്‍ ആമ്പിള്ളേര്‍ക്കു എപ്പോഴും എവിടെ വച്ചും കാണാം... പക്ഷേ നമ്മള്‍ക്കിനിയെങ്ങനെ....???? ആ മറുപടി ശരി വയ്ക്കുന്നതായിരുന്നു ബാക്കിയുള്ളവരുടേയും മുഖങ്ങള്‍...മനസ്സില്‍ ഒരു കൊളുത്തു വീണപോലെ... അവര്‍ പറഞ്ഞ കാര്യം ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു എന്നല്ല എനിയ്ക്ക് ചിന്തിക്കാനേ വയ്യായിരുന്നൂ...സാരമില്ല അതൊക്കെ ശരിയാവും എന്നു പറഞ്ഞ് ഞാനെഴുന്നേററു,
പക്ഷെ എനിക്കെന്താണു സംഭവിക്കുന്നത്? ആകെ ഒരിരുട്ടു പോലെ...ഞാന്‍ പുറത്തേയ്ക്കു നടന്നു...ഇല്ല എനിക്കു നടക്കാന്‍ വയ്യ, ഞാന്‍ തിരിച്ചു ക്ലാസ്സിലെയ്ക്കു വന്നു, ആണ്‍കുട്ടികളുടെ ഭാഗത്തെ ബെഞ്ചില്‍ ഇരുന്നു..അല്ല..തല ഡസ്കിലേയ്ക്കു ചായ്ച്ചു കിടന്നു...രണ്ടു കൈകൊണ്ടും മുഖം മറയ്ക്കാന്‍ ശ്രമിച്ചു... അത്രയും നേരത്തെ ഞാനേ അല്ലായിരുന്നൂ അത്... ഞാനാകെ തളരുന്ന പോലെ... ആ പത്താം ക്ലാസ്സുകാരന്റെ ചിന്തയില്‍ ഒതുങ്ങാത്തതായിരുന്നു ആ വേര്‍പാട്, ആ സ്ക്കൂളായിരുന്നു എന്റെ ലോകം, ആ കൂട്ടുകാരായിരുന്നു എനിക്കെല്ലാം..അവരെ പിരിയുകയോ?? ഇല്ല...ഇല്ല... എത്ര ശ്രമിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല... ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു...
അപ്പൊഴേയ്ക്കും അവള്‍ ഓടി അരികിലെത്തി...അതെന്നും അങ്ങിനെയായിരുന്നല്ലോ... എന്താടാ...എന്തു പററി നിനക്ക്??? ഞാന്‍ മുഖമുയര്‍ത്താന്‍ കൂട്ടാക്കിയില്ല, അവള്‍ പിന്നേയും എന്നെകുലുക്കിവിളിച്ചു..എന്താടാ?? അതുകണ്ട് ബാക്കി എല്ലാവരും അരികിലേയ്ക്കു വന്നു.... ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ കാണുന്നത് വേവലാറ്റി നിറഞ്ഞ അവളുടെ മുഖമാണ്...ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി... അതു കണ്ട് അവരും കരയാന്‍ തുടങ്ങി...കരഞ്ഞുകൊണ്ടും അവര്‍ പറഞ്ഞത് കരയല്ലേടാ..എന്നായിരുന്നു..അതു കേള്‍ക്കുന്തോറും എന്റെ കരച്ചിലിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നു... അതിനിടയിലും ഞാനലറി..പൊയ്ക്കൊ..എനിക്കാരേയും കാണണ്ട...വേണ്ട...ആരെയും കാണണ്ട...ആരും വേണ്ട....
എന്റെ ശരീരം തളരുകയായിരുന്നു...എനിക്കു തല ചുററുന്നതു പോലെ തോന്നി, ഞാന്‍ ബഞ്ചിലേയ്ക്കു വീണു...ഉടന്‍ ആരൊ സ്റ്റാഫ് റൂമിലേയ്ക്കോടി, ജോസ് മാഷും ഗ്രേസിടീച്ചറും മററും ഓടി വന്നു...അവരെല്ലാം എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...മാഷ് ചോദിച്ചു..എന്താ ..... ഇത്?? ഈ പരിപാടിക്കെല്ലാം മുന്‍പില്‍ നിന്നിട്ട് അവസാനം..ദേ നോക്കിക്കേ, നീ കരയുന്ന കാരണമല്ലേ ഇവരെല്ലാം കരയുന്നത്..ഒന്ന് നിര്‍ത്തൂ... എനിക്കും ആഗ്രഹമുണ്ടായിരുന്നു ഒന്നു നിര്‍ത്താന്‍ ..ഇത്രയും കുട്ടികളുടെ മുന്‍പില്‍ വച്ചിങ്ങനെ..പക്ഷേ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല....
അവര്‍ എന്നെ താങ്ങിയെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് കൊണ്ടുപോയി... ഫാനിന്റെ കീഴെക്കിടത്തി...മാഷ് പറയുന്നുണ്ടായിരുന്നു... എന്തിനും മുന്‍പില്‍ നിന്ന പോലെ അവനിതും സഹിക്കാന്‍ പററുന്നില്ല, സാരമില്ല ഒരു പാടു നാളു കഴിയുമ്പോള്‍ ഓര്‍ത്തു ചിരിക്കാന്‍ കഴിയും....
കുറെ സമയം കഴിഞ്ഞു മാഷ് വിളിച്ചു, എങ്ങിനേയുണ്ട്??? എനിക്കൊരു ചമ്മല്‍, അയ്യേ..! എന്നാലും ഞാന്‍..... മാഷ് പറഞ്ഞു, എണീറ്റു ചെല്ലൂ, കൂട്ടുകാരെല്ലാം കാത്തിരിക്കുന്നു...
ഞാന്‍ പതുക്കെ നടന്ന് ക്ലാസ്സില്‍ കയറിയപ്പോള്‍ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിക്കാന്‍ ശ്രമിച്ചു...കണ്ണീരുണങ്ങിയ മുഖത്തോടെ...
ഞാനിരുന്നപ്പോള്‍ അവളും കൂട്ടുകാരും അടുത്തുവന്നിരുന്നു.. ഒരു പൊതിയെടുത്തു ഡസ്കില്‍ വച്ചു...ഞാന്‍ മാററി വച്ച ആ ഐസ്ക്രീം പെട്ടി.. ഞാന്‍ തല വെട്ടിച്ചു...വേണ്ട!...അവളതു ശ്രദ്ധിച്ചില്ല.... അതില്‍ നിന്നൊരു കപ്പ് പുറത്തെടുത്തു തുറന്നു... സ്പൂണെടുത്ത് അലിയാന്‍ തുടങ്ങിയ ഐസ്ക്രീം വായിലേയ്ക്ക്... ആ സ്നേഹത്തിന്റെ കുളിരിലും എന്റെ കണ്ണ് പിന്നെയും നിറയുകയായിരുന്നു...വരാന്‍ പോകുന്ന വേര്‍പാടിനെയോര്‍ത്ത്...


- വേര്‍പാടുകള്‍ പിന്നേയും തുടരുന്നു..എങ്കിലും തല്‍ക്കാല്‍ം നിര്‍ത്തുന്നു....-


കുറിപ്പ്: ഞാനനുഭവിച്ചവ മുഴുവനായി എനിക്കക്ഷരങ്ങളാക്കി മാററുവാന്‍ കഴിഞ്ഞോ എന്നെനിക്കുറപ്പില്ല..പക്ഷെ ഇപ്പോഴും ഇതൊരാവര്‍ത്തികൂടി വായിച്ച് തിരുത്തുവാന്‍ ഞാന്‍ അശക്തനാണ്..സദയം ക്ഷമിക്കുക...

1 അഭിപ്രായം:

  1. എനിക്ക് പറയാനുള്ളതെന്തൊ, പറയാന്‍ കാഴിയാത്തതെന്തൊ,സുകുമാരന്‍ പറഞ്ഞിരിക്കുന്നു, ‍ഒരൊറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍തു, ഇനിയൊരിക്കല്‍ കുടി വായിക്കാന്‍ എനിക്ക് കഴിയില്ല, കരയാന്‍ എനിക്കിപ്പൊള്‍ സ്വാതന്ത്ര്യമില്ല, സത്യം,

    നന്ദി,

    -അബ്ദു-

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...