വെള്ളിയാഴ്‌ച, നവംബർ 03, 2006

ഒരു കഥയും മണ്ട പോയ തെങ്ങും....

ഒരു കഥാകാരന്റെ പ്രസവ വേദനയെക്കുറിച്ചുകേട്ടിട്ടുണ്ടോ? ... ഞാന്‍ കുറച്ചു നാള്‍ മുന്‍പു കേട്ടതാ..പക്ഷേ ഇത് അതിനൊക്കെ മുന്‍പാ...

കാലചക്രത്തിന്റെ ഗിയറു നേരേ റിവേഴ്സിലങ്ട് ഇടാ..ന്നട്ടങ്ട് കുറേ പോയിക്കഴിയുമ്പോ ഒരു സഡന്‍ ബ്രേക്ക്...

അപ്പോള്‍ എനിക്കു വയസ്സ് 14, പഠനം ഒമ്പതാം ക്ലാസ്സ്...

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവെന്ന് പറയുന്നതു പോലെ ക്ലാസ്സില്‍ ലെങ്ങനയോ പഷ്ട്..അതിന്റെ ഒടുക്കത്തെ അഹങ്കാരം..(ദേ ചുമ്മാ പറയാതെ..ഇപ്പഴും കൊറവില്യാന്നല്ലേ?)ഭയങ്കര ബുജിയാന്നാ വെപ്പ്(സ്വയം)...അന്നേ ഒരു ബുള്‍ഗാന്‍ വേണ്ടതായിരുന്നു..എന്നാ പറയാനാ..ദിപ്പളാ ഒത്തത്

അപ്പോഴാണ് കഥ എഴുതിയാല്‍ ബുജിയുടെ ഡെപ്ത് കൂടും എന്ന ഒരു തോന്നല്‍, ആലൊചിച്ചപ്പോല്‍ സംഗതി ശരിയാ.. എന്നാ ഒരെണ്ണം ഒപ്പിച്ചേക്കാം എന്നു തീരുമാനിച്ചു...
വീട്ടിലിരുന്നെഴുതിയാല്‍ ശരിയാവില്ല...കൊറച്ചു സീനറിയും ഏകാന്തതയും ഇല്ലെങ്കില്‍ കഥ വരില്യാത്രെ...(ഞാന്‍ പറഞ്ഞതല്ല കേട്ടോ..വല്യ വല്യ ആള്‍ക്കാര്‍ പറഞ്ഞതാ...) അതുകൊണ്ട് ഉദ്യമം ഒരു ശനിയാഴ്ചത്തേയ്ക്കു മാറ്റി വച്ചു....
ശനിയായി...രാവിലെത്തെന്നെ എല്ലാ അലമ്പന്മാരും (മ്മടെ കൂട്ടുകാരന്നെ...) വീടിന്റെ മുമ്പില്ണ്ട്...പാടത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറാന്‍ പോകുന്നു...എല്ലാ താരങ്ങളുമുണ്ട്..ഞാനാണെങ്കില്‍ ‘ഒടുക്കത്തെ’ കളിക്കാരന്‍...പിള്ളേരുടെയിടയില്‍ ഫയങ്കര അഭിപ്രായല്ലേ! നന്നായിട്ട് രണ്ട് പന്തെറിയാന്നു വച്ചാല്‍ അവരു പറയും മാങ്ങണ്ടിയേറാന്ന്..അതോണ്ട് ആ പരിപാടിയില്ല...പിന്നെ ബാറ്റിംഗ്...നമ്മടെ ധോണി തോറ്റു പോകും, അതുപോലല്ലേ വീശ്..പക്ഷേ എന്തു ചെയ്യാനാ ഒന്നുകില്‍ പന്ത് എത്തണേനു മുന്‍പ്...അല്ലേല്‍ അത് പോയിക്കഴിഞ്ഞ്... പിന്നെ ശിങ്കം ലോട്ടറീടെ കാര്യം പറഞ്ഞ പോലെ വല്ലപ്പോഴും പത്ത് രൂഫാ..സോറി ഒറ്റ അടിയാ..മിക്കവാറും വല്ലവന്റേം കയ്യില്‍...അല്ലേല്‍ ഒറപ്പായിട്ടും ഫോറാ... പക്ഷേ നമ്മടെ പ്രധാനപ്പെട്ട റോളെന്താണെന്നു വച്ചാ (ഇനിയും ഇവനു റോളോ എനല്ലേ..വരട്ടേ പറയാം..) ടീമിടുമ്പോള്‍ എണ്ണം തുല്യമായില്ലേല്‍ വേറൊരുത്തന്‍ പുറത്താവും, അതോണ്ട് ഫുട്ബാളില്‍ പോസ്റ്റിനുള്ള പ്രാധാന്യത്തോടെ എന്നെ ടീമിലെടുക്കും..ഇതാ പതിവ്...
നാലാം ക്ലാസ്സുകാര് പില്ലേര് വരെ നമ്മളെ കളിയാക്കാന്‍ തുടങ്ങിയതുകൊണ്ട് ഞാന്‍ അവരൊടു പറഞ്ഞു..എനിക്കൊരുപാട് പഠിക്കാനുണ്ട്..മക്കള് വിട്ടോ ഞാനില്ല...(അവരൊന്നും പറയാഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി..ഇന്ന് ആള്‍ക്ഷാമമില്ല...) ഇനിയെന്താ പരിപാടി എന്നാലോചിച്ച് ഞാനിരിപ്പായി, പെങ്കൊച്ചുങ്ങള്‍ അപ്പുറത്ത് മേടാസ് കളിക്കുന്നു...കൂടിയാലോ..ഛേ! മോശം..ഇത്രേം വല്യ ചെക്കന്‍..(കഥയെഴുത്ത് പരിപാടി മെമ്മറിയിലേയില്ല...മൊഫൈലുണ്ടായിരുന്നെങ്കില്‍ ഒരു റിമൈന്റര്‍ സെറ്റു ചെയ്യാമായിരുന്നു..) തത്ക്കാലം ശ്രദ്ധ കിഴക്കാപ്രത്തെ മൂവാണ്ടന്‍ മാവിലേയ്ക്കായി...
മാവേല്‍ക്കേറാന്‍ ഭയങ്കര ധൈര്യമായതുകൊണ്ട് തല്‍ക്കാലം കല്ലു തന്നെ ശരണം... ആദ്യത്തെ രണ്ടേറും ഇന്ത്യന്‍ ക്രിക്കറ്റ് ടീ‍മിന്റെ ഫീല്‍ഡിംഗ് പോലെയായിപ്പോയതുകൊണ്ട്...മാങ്ങയുടെ നാലയലത്ത് എത്തണില്ല...മൂന്നാമത്തെ കല്ല് ഫോക്കസ് ചെയ്തോണ്ടിരുന്നപ്പഴാ ബേക്കീന്നൊരലര്‍ച്ച..ടാ....
ഉന്നം വച്ച കല്ല് ഏതിലേപ്പോയീന്നു കണ്ടില്ല...നമ്മടെ കാര്‍ന്നോരാ...രാവിലെത്തെന്നെ ശകലം ഫോമിലാണെന്നാ തോന്നണെ... എടാ .....ന്റെ മോനേ..(എന്താ ചെയ്യാ സ്വയം വിശേഷണം....) നിനക്ക് വേറേ ഒരു പണീം കിട്ടില്യേടാ ? വല്ലപ്പോഴും ഒരു മൊടക്കു കിട്ട്യാല് ഇങ്ങനെ നടന്നോണം..ഒരു പണീം എടുക്കാണ്ട്..നീയെന്താ കണ്ണമ്പിള്ളീലെയാണോ..അതോ നിന്റച്ചനെന്താ കലക്ടറാണോ?(കണ്ണമ്പിള്ളീന്നു പറഞ്ഞാല്‍ നാട്ടിലെ ഭയങ്കര കാശുകാരാത്രേ..) ഞാന്‍ തലകുനിച്ചുനിന്നു കേട്ടു... വായ്ത്താരി പിന്നേയും തുടര്‍ന്നു...നിനക്കെന്താ ആ പശുവിനെക്കൊണ്ടൊന്നു തീറ്റിയാല്...ഇച്ചിരി പച്ച പുല്ല് ചെന്നാല്‍ അത്രേം പാലു കൂടും..എന്നും മോന്തണതല്ലേ? (എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് ഇരു കാലികളേക്കാല്‍ നാല്‍ക്കാലികളോടാണോ മ്മ്ടെ ഡാഡിക്കു പ്രിയം എന്ന്...)
ഒന്നും മിണ്ടാതെ തൊഴുത്തിലേയ്ക്ക്....കയറഴിക്കാന്‍ കുനിഞ്ഞപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ മിനി(പശു തന്നെയാണു കേട്ടോ..അമ്മ ഇട്ട പേരാ..അമ്മ ഏത് ഏരിയേല്‍ നിന്നു വിളിച്ചാലും അപ്പോള്‍ വിളി കേള്‍ക്കും..) തലയും കൊണ്ടു വന്നു..കലിപ്പ് മിണ്ടാ പ്രാണികളോടല്ലേ തീര്‍ക്കാന്‍ പറ്റൂ... അതിന്റെ തലയ്ക്കിട്ട് ഒരു തട്ട് വച്ചു കോടുത്തു..എന്നിട്ടും അത് പിന്നെയും തല ചേര്‍ത്ത് വന്നപ്പോല്‍ ആകെ വിഷമമായി..സാരല്യാട്ടോ.വെറുതേയല്ലേ....
അങ്ങിനെ മിനിയേം കൊണ്ട് താഴത്തെ പറമ്പിലേയ്ക്ക്..പിറകീന്ന് അച്ഛന്റെ വാണിംഗ്...അപ്രത്തെ പറമ്പില് വാഴേം പച്ചക്കറീം ഒള്ളതാട്ടോ...അതെങ്ങാനും കടിച്ചാ...! കേള്‍ക്കാത്ത ഭാവത്തില്‍ പറമ്പിലേയ്ക്ക്....കയറിന്റെ തുമ്പും പിടിച്ച് പുല്ലിലിരുന്നു...ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ തോന്നാതിരുന്ന സമയത്തെ പ്രാകിക്കൊണ്ട്.....
പെട്ടെന്നാണ് തലയില്‍ ബള്‍ബ് കത്തിയത്..ദൈവമേ കഥ....ഇതിലും പറ്റിയ അവസരം ഇനി എപ്പ കിട്ടാനാ...ഞാന്‍ ചാടിയെഴുന്നേറ്റു....നോക്കുമ്പോള്‍ മിനി നല്ല മര്യാദക്കാരിയായി പുല്ലു മാത്രം തിന്നുന്നു..വാഴയിലേയ്ക്ക് നോക്കുന്നേയില്ല...നോക്കാന്‍ തോന്നല്ലേ എന്നു വിചാരിച്ചുകോണ്ട് നേരേ വീട്ടിലേയ്ക്കോടി.. അടുക്കള വഴികേറി റഫ് ബുക്കും പേനയുമെടുത്ത് തിരിച്ചോടി... അപ്പോഴേയ്ക്കും രണ്ട് വാഴ തൈ ഫിനിഷ്ട്....ഈശ്വരാ.....ചുറ്റും നോക്കി..ഭാഗ്യം ആരും കണ്ടില്ല...പിടിച്ചു വലിച്ച് പിന്നെയും പഴയ സ്ഥലത്താക്കി അപ്പുറത്തെ തെങ്ങിന്‍ ചോട്ടിലിരുന്നു...
ആദ്യത്തെ കഥയാണ്, എന്താ എഴുതേണ്ടത്, ആകെ മുന്‍പരിചയം ഏഴാം ക്ലാസ്സിലെ സ്നേഹസനയിലെ കോപ്പിയടി കഥയാണ്, ഇതൊക്കെ ഭയങ്കര ഈസിയല്ലെ എന്നായിരുന്ന് വിചാ‍രം... വായിച്ച പല കഥകളും ഓര്‍ക്കാന്‍ തുടങ്ങി... അപ്പോളാ മനസ്സിലായത്..വല്യ കാര്യായിട്ടുള്ള കഥകളൊന്നും വായിക്കാറില്ലല്ലോ എന്ന്, അങ്നിനെ ഗഹനമായ ആലൊചന തുടങ്ങി..ആകെ ഒരു അസ്വസ്ഥത..ഈ കഥയെഴുത്ത് എന്നു പറഞ്ഞാല്‍ ഇത്ര കഷ്ടപ്പാടാണെന്നാരറിഞ്ഞു? എന്തു കുന്തായാലും ഒരെണ്ണം എഴുതിയിട്ടേയുള്ളൂ....ഗഹനമായ ആലോചനകള്‍..(പശുവിന്റെ കാര്യം മറന്നു പോയി..) പല പല ആശയങ്ങള്‍...പക്ഷേ ഒന്നു കൂടി ചിന്തിക്കുമ്പോല്‍ ഇത് ആ കഥയല്ലേ?? ഛേ! വേണ്ട...സമയം കടന്നു പോയി...ഒരു ആശയം പോലും കിട്ടാതെ ചിന്താ നിമഗ്നനായി ഞാനിരുന്നു...
പെട്ടെന്ന് ഒരു മിന്നല്‍ പോലെ..ഞെട്ടിയുണര്‍ന്ന് മുകളിലേയ്ക്ക് തോന്നി...ആഹാ എത്ര മനോഹരമായ കാഴ്ച്ച! ഇടിവെട്ടി മണ്ട പോയ ഒരു തെങ്ങ്.. ഒരു മിന്നല്‍ കൂടി..ഇപ്പോള്‍ മനസിലായി..മിന്നല്‍ പിറകിലാണ്...തിരിഞ്ഞപ്പോള്‍ അടുത്ത വീശലിന് തയ്യാറെടുത്തുകൊണ്ട് മുഴുത്ത നീരോലിവടിയുമായി അച്ഛന്‍..കരഞ്ഞുകൊണ്ട് പശുവിനെ നോക്കി..കാണാനില്ല! ഞാന്‍ ഓടി..നോക്കുമ്പോളതാ..പശുവിനെ അപ്പുറത്തെ പറമ്പിലെ തെങ്ങില്‍ കെട്ടിയിരിക്കുന്നു...ഇതെങ്ങനെയെന്നു ചിന്തിക്കുമ്പോഴേക്കും ചീത്തവിളിയുടെ ബഹളവുമായി അപ്പുറത്തെ പറമ്പുകാരന്‍ മാണിക്ക്യപാപ്പന്‍. അപ്പോളാണ് കാര്യങ്ങള്‍ വ്യക്തമായത്, പുള്ളീടെ പച്ചക്കറിയുടെ നല്ലൊരുഭാഗം മിനിയുടെ വയറ്റിലായിക്കഴിഞ്ഞിരുന്നു...
പിന്നത്തെ പൂരം പറയേണ്ടല്ലോ...ബഹളമെല്ലാം തീര്‍ന്നപ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കിടന്ന പുസ്തകമേടുത്തു..പതുക്കെ താളുകള്‍ മറിച്ചു...ആ താളുകള്‍ ശൂന്യമായിരുന്നു..മണ്ട പോയതെങ്ങുപോലെ...
ഞാനതില്‍ക്കുറിച്ചു.....
ഒരു കഥാകാരന്റെ അന്ത്യം.......

16 അഭിപ്രായങ്ങൾ:

 1. ഇതൊന്നും ഒരിക്കല്‍കൂടി പറയാന്‍ പറ്റും എന്നു വിചാരിച്ചതല്ല...എന്നാലും..ഇങ്ങിനെയും പഴയകാലത്തേയ്ക്ക് തിരിച്ചുപോകാന്‍ കഴിയുമ്പോള്‍.. ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്നതാണെങ്കില്‍ കൂടി..ഒരു സന്തോഷം.. ബ്ലോഗിനും ബൂലോകര്‍ക്കും നന്ദി....

  മറുപടിഇല്ലാതാക്കൂ
 2. അന്നവരങ്ങനെ ചെയ്തതു കൊണ്ട് ലോക സാഹിത്യതിനു വന്നൊരു നഷ്ടമേ..
  രസകരമായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. നല്ല രസാവഹമായ വിവരണം.കഥകള്‍ തുടങ്ങട്ടെ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. പരീക്ഷയെഴുതിയിട്ട് ഫലം കാത്തിരിക്കുന്നതു പോലെയാ..ഓരോ മറുമൊഴിക്കും വേണ്ടിയിങ്ങനെ...

  മറുപടിഇല്ലാതാക്കൂ
 5. പിറ്റേന്ന് തന്നെ പശു വാഴതിന്ന കഥ എഴുതിയിരുന്നെന്ന്കില്‍ അതൊരു പുത്തന്‍ കഥാകാരന്റെ ഉദയമായി മാറുമായിരുന്നല്ലോ!

  മറുപടിഇല്ലാതാക്കൂ
 6. സുഹൃത്തേ... രസകരമായ വിവരണം... നല്ല ചിത്രം... അര്‍ത്ഥവത്തായ ചിത്രം... :-)

  മറുപടിഇല്ലാതാക്കൂ
 7. വായിച്ചു. ഇഷ്ടപെട്ടു. നല്ല രസം പിടിച്ചുവരുകയായിരുന്നു. വിവരണത്തിന്റെ അവസാനം വളരെ പെട്ടന്നായിപൊയോ എന്നു തൊന്നുന്നു. ആദ്യ ഘട്ടത്തിലെ വിശാലമായ വര്‍ണനയും നര്‍മ്മരസവും അവസാനം വരെ കൊണ്ടുപോകാമായിരുന്നു.

  വീണ്ടും എഴുതണം. ആരുടെ അഭിപ്രായത്തേയും ഭയക്കരുത് . വീണ്ടും കൃതികള്‍ പ്രതീക്ഷിക്കുന്നു.

  കൈപ്പള്ളി

  മറുപടിഇല്ലാതാക്കൂ
 8. അതെന്തായാലും കലക്കി. ഇപ്പൊഴാ അതിന്റെ ഒരു വിഷമം. ആ‍ മാണിക്ക്യപാപ്പന്റെ പച്ചക്കറി കാരണം മലയാള സാഹിത്യത്തിന് നഷ്ടപ്പെട്ടത് എന്താണെന്ന് പുള്ളി അറിയുന്നുണൊ? :)

  പിന്നെ.. കൈപ്പള്ളി സൂക്ഷിച്ചോ.. ഒരു എതിരാളി വന്നിട്ടുണ്ടോ എന്നൊരു സംശയം. ഒരു ബുള്‍ഗാന്‍ മത്സരം നടത്തേണ്ടീ വരുമോ?

  മറുപടിഇല്ലാതാക്കൂ
 9. നന്നായി തന്നെ എഴുതിയിരിക്കുന്നു സുകുമാരാ..

  (അതിപ്പോ രസമായി, ഡെല്‍ഹീലൊക്കെ(മറ്റുള്ളോടൊത്തൊക്കെ അറിയില്ലാട്ടോ, ഞാനീ കൂപത്തിലെ മണ്ഡൂകം)ആ അപ്പോ പറഞ്ഞത്, എല്ലാവരേയും സെക്കണ്ട് നെയിം ആണെ വിളിക്കുക, സ്നേഹത്തിലങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുക, എവന്‍ അപ്പന് വിളിക്കുകയാണല്ലോടേന്നാ..എന്താ ചെയ്ക?)

  അപ്പോ മണ്ട പോയ തെങ്ങ് നന്നായി..ഇനിയും എഴുതട്ടെ.

  -പാര്‍വതി

  മറുപടിഇല്ലാതാക്കൂ
 10. ഓര്‍മ്മകളൊക്കെ നന്നായി. :)

  പക്ഷെ പ്രൊഫൈലിലെ 250 വയസ്സ് കുറച്ച് കടന്നുപോയില്ലേ? ;)

  മറുപടിഇല്ലാതാക്കൂ
 11. സുഹൃത്തേ. വിവരണവും ചിത്രവും നന്നായിരിക്കുന്നു.

  തുടര്‍ന്നും എഴുതുക.

  മറുപടിഇല്ലാതാക്കൂ
 12. വിവരണം അതി ഗംഭീരം.ചിത്രം എവിടേന്നു ഒപ്പിച്ചു?നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 13. കുളിരുള്ള ഒരു പ്രഭാതത്തില്‍, ചാറ്റല്‍ മഴയില്‍നനുത്ത മണ്ണുള്ള ഒരു ഇടവഴിയിലൂടെ, ഇരുവശങ്ങളിലും നിരന്നുനില്‍ക്കുന്ന മരങ്ങല്‍ക്കിടയിലൂടെ കുറച്ചുദൂരം നടന്നതുപോലെ തോന്നി.

  യെന്തേ ഇടയില്‍ വച്ചു നിറുത്തി?

  Seems as if you finished in hurry, remaining is "just wonderful"

  Keep writing.

  മറുപടിഇല്ലാതാക്കൂ
 14. എല്ലാ മറുമൊഴികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു....
  പിന്നേ കൈപ്പള്ളീ, പ്രത്യേകം നന്ദി, താങ്കളുടെ വിലപിടിച്ച നിര്‍ദേശത്തിന്...ഒരു കാരണമെന്തെന്നു വച്ചാല്‍ എനിക്കു സ്വന്തമായി സിസ്റ്റമില്ല..ആപ്പീസിലെ ഒഴിവു സമയത്താണ് (ചിലപ്പോള്‍ തിരക്കിലും) എഴുത്ത്..പലപ്പോഴും തിരക്കുകള്‍ തടസ്സമാവുന്നു.അതു തന്നെയായിരുന്നു പ്രധാന കാരണവും..പിന്നെ കഥയില്‍ പറഞ്ഞ പോലെ പലപ്പോഴും മണ്ട പോയ തെങ്ങാണു ഞാന്‍..എന്തെഴുതണം..എങ്ങിനെയെഴുതണം...അകേ പ്രചോദനം നിങ്ങളുടെ മറുപടികളും ബ്ലോഗുകളും...ഒരിക്കല്‍കൂടി നന്ദി...

  പിന്നെ മഞ്ഞുതുള്ളീ, ഞങ്ങളെ തെറ്റിക്കാന്‍ ശ്രമിക്കണ്ട..ഞാനും കൈപ്പള്ളിയും ഒരേ യൂണിയനാ.. അഖില ലോക ഊശാന്താടി യൂണിയന്‍.. പിന്നെ മാസത്തില്‍ ഒന്നു പോലും മുഖം ഷേവു ചെയ്യാന്‍ കഴിയാത്തവരുടെ (ഒന്നും ഇല്ലാഞ്ഞിട്ടാണേ..) പരിവേദനമായിട്ടേ ഞാനിതിനെ കാണുന്നുള്ളൂ..കൈപ്പള്ളി എന്തു പറയുന്നു?

  പിന്നേ ദില്ലിക്കാരി പാര്‍വ്വതിക്കുട്ടീ...(പ്രൊഫൈലില്‍ നോക്കി കേട്ടോ..ചേച്ചീന്നു വിളിക്കണോന്നറിയാന്‍, എന്നാലും കുട്ടീന്നു വിളിക്കാനുള്ള പ്രായമിവനില്ല..എങ്കിലും അങ്ങിനെ വിളിക്കാന്‍ തോന്നുന്നു..) നന്ദി...അഭിനന്ദനം കിട്ടിയതു എന്റെ അച്ഛനാണേങ്കിലും..കാരണം പുള്ളിയില്ലേല്‍ ഈ കഥയേ ഇല്ലല്ലോ!...എന്നാലും എഴുതിഅ ക്രെഡിറ്റ് എനിക്കു തന്നേക്കണേ....
  പിന്നെ ദേ കണ്ടില്ലേ..സുധീറെന്ന വന്‍പുലീടെ മറുമൊഴി...ആ വര്‍ണ്ണന കണ്ടപ്പോള്‍ ഒരവാര്‍ഡ് കിട്ടിയ പോലെ..നന്ദി...
  സിജുവിനും, വേണുവിനും, കുട്ടേട്ടനും , ഫാര്‍സിക്കും പ്രത്യേകം പ്രത്യേകം നന്ദി....

  പിന്നേ സൂ...എനിക്കറിയില്ലായിരുന്നു..വയസ്സ് തെറ്റായിരുന്നുവെന്ന്..ചൂണ്ടിക്കാട്ടിയതിന് നന്ദി...എന്റെ ഫോട്ടോ കണ്ടാല്‍ തോന്നുമോ അത്രയ്ക്കായെന്ന് (ചൂടാറാത്ത പടമാ കേട്ടോ..)

  ഈ മണ്ടപോയ തെങ്ങിലും ഒരു മുള പൊട്ടുന്നുവെങ്കില്‍ അതിനു വളം ഒന്നു മാത്രം...ഈ മറുമൊഴികള്‍... ഞാനാഷിച്ചു പോകുന്നു.. വളര്‍ന്നു പന്തലിക്കുവാന്‍...ഫലഭൂയിഷ്ടമാകുവാന്‍..

  ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി....

  മറുപടിഇല്ലാതാക്കൂ
 15. സുകുരാ...ചെയ്യ്.. സുകു... സുരുകാ.. ചെയ് ..സുകുമാരപുത്രാ‍ാ...ഹോ..ശരിയായി...

  ആ പറഞ്ഞു വന്നെ... നല്ല രസമായിട്ടെഴുതിയിരിക്കുന്നു. ഉഗ്രന്‍. വന്‍ വിവരണം...

  മറുപടിഇല്ലാതാക്കൂ
 16. വിവരണം ഇഷ്ടപ്പെട്ടു.പിറ്റേന്ന് മിനി അപ്പി ഇട്ടത്‌ ഒരു പോസ്റ്റാക്കാന്‍ വകയുണ്ട്‌.

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...