ശനിയാഴ്‌ച, നവംബർ 25, 2006

അംബിയുടെ മറുപടി - Ramayana Bridge

എന്റെ മുന്‍ പോസ്റ്റിന്നു വന്ന മറു മൊഴിയാണിത്.. പക്ഷേ ഇത് ഒരു പോസ്റ്റാക്കേണ്ടത് എന്റെ ഉത്തരവാദിത്ത്വമാണെന്നെനിക്കു തോന്നുന്നു...
അന്ധകാരത്തെ മാറ്റി വെളിച്ചം തരുന്നതാണ് യതാര്‍ഥ അറിവ്... എനിക്കു പിടിവാശികളില്ല..ഇത്രയും അറിയാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥത മാത്രം...

ഇത്രയും ആഴമുള്ള മറുപടി തന്ന അംബിക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാനിത് പ്രസിദ്ധീകരിക്കുന്നു...

അംബി പറയുന്നു....
ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമുള്ളത് ആദ്യമായികിട്ടുന്ന അറിവാണെന്ന് തോന്നുന്നില്ല.
അങ്ങ് കാണിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡഡ് ഈ- എഴുത്തുകളായി കാണുന്നുണ്ട്.
ശരിയ്ക്കും പറയുകയാണെങ്കില്‍ പാക് കടലിടുക്കില്‍ സ്വാഭാവികമായോ അല്ലാതേയോ ചെറു ചെറു ദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്ന ഒരു പാലം പണ്ടു മുതലേ കണ്ടിട്ടുണ്ട്..പണ്ട് മുതലേ എല്ലാവര്‍ക്കും അറിയാവുന്നതാണിത്
(മദ്രാസ് പ്രസിഡന്‍സിയിലെ Robert Palk,(1755-1763 എന്ന ഗവര്‍ണര്‍ ജനറലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ കടല്ലിടുക്കിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.).
.ആ ദ്വീപുകളില് രാമേശ്വരം ദ്വീപു മുതല്‍ ആ ദ്വീപിന്റെ മുനമ്പായ ധനുഷ്കോടി വരെ ഭാരതത്തില്‍ ഉള്ളവര്‍ക്ക് പ്രാപ്യമാണ് താനും.രാമേശ്വരം വരെ നാം പാമ്പന്‍ പാലം എന്ന പേരില്‍ റോഡ് ഗതാഗതവും ഉണ്ടാക്കിയിട്ടുണ്ട്.

അവിടുന്നങ്ങോട്ട് ശ്രീലങ്ക വരെ ചെറുചെറു ദ്വീപുകളും ആഴം കുറഞ്ഞ സമുദ്രഭാഗവും പവിഴപ്പുറ്റുകളും ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗത്തിനേയാണ് നാം രാമന്റെ പാലമെന്നോ ആഡംസ് പാലമെന്നോ ഒക്കെ പറയുന്നത്.
ഈ പാലം മനുഷ്യനിര്‍മ്മിതമായാലും അല്ലെങ്കിലും ഭാരതത്തിലേയും ശ്രീലങ്കയിലേയും ജീവിതത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ മത്സ്യബന്ധനം, കാലാവസ്ഥ, വേലിയേറ്റവും വേലിയിറക്കവും വഴിയുണ്ടാകുന്ന സമുദ്രത്തിലേയും കരയിലേയും വ്യതിയാനങ്ങള്‍ ഇതിനെയൊക്കെ ഈ കടലിടുക്കിലെ പാലം പോലെയുള്ള ആഴം കുറഞ്ഞ ഭാഗം സ്വാധീനിയ്ക്കുന്നു.

വികിപീഡിയയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഭാരതീദാസന്‍ സര്‍വകലാശാല ഈ കടലിടുക്കിന് ഏതാണ്ട് 3500 വര്‍ഷത്തെ പഴക്കമെ കാണുന്നുള്ളൂ.അതിനും മുന്നേ ഉള്ളതാണെന്നും അല്ല ഇതു സ്വാഭാവികമായ ആഴം കുറഞ്ഞ കടലിടുക്കാണെന്നുമൊക്കെ വാദങ്ങളുണ്ട്.

ഇതിന് നാസയാണോ ആഡംസ് പാലം എന്നു പേരുകൊടുത്തതെന്ന് നാം ഒന്നുകൂടി ആലോചിയ്ക്കേണ്ടതുണ്ട്.എന്റെ പ്രാഥമിക പഠനകാലം മുതല്‍ക്കേ ഈ ആഡംസ് പാലത്തിനേപറ്റി കേള്‍ക്കുന്നതാണ്.

ഇതിഹാസങ്ങള്‍ക്കും മറ്റും ചരിത്രപരമായ തെളിവുകണ്ടുപിടിയ്ക്കുന്നത് നല്ലതു തന്നെ.പക്ഷേ കിട്ടുന്ന വിവരങ്ങള്‍ ആദ്യം ശരിയാണൊ എന്നു നാം പരിശോധിയ്ക്കേണ്ടതുണ്ട്. മറ്റൊന്ന് ഭാരതീയ ഇതിഹാസങ്ങളോടും ചിന്താരീതിയോടുമൊക്കെ നാം സമരസപ്പെടേണ്ടത് അതിനെ ശരിയായി മനസ്സിലാക്കുക എന്ന ഒരൊറ്റ കാര്യം ചെയ്തുകൊണ്ട് മാത്രമാണ്.പതിനേഴു ലക്ഷം കൊല്ലം മുന്‍പ് നടന്നതെന്നു പറയപ്പെടുന്ന ഒന്നല്ല രാമായണത്തിന്റെ സാംഗത്യം.അതു പ്രേതകഥകള്‍ പറയുന്ന പോലെ പറയാനുള്ള ഒന്നുമല്ല (എന്റെ അഭിപ്രായം.)

ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നതൊക്കെ മനസ്സിലാക്കുന്നത് അതിന്റേതായ ഒരു രീതിശാസ്ത്രമുപയോഗിച്ചു വേണം.ആ രീതിശാസ്ത്രം പഠിയ്ക്കേണ്ടത് ഒരു സദ്ഗുരുവിന്റടുത്തുനിന്നും വേണം താനും..അത് ഏതു മതക്കാരനായാലും കുഴപ്പമില്ല.മനുഷ്യന്‍ പോലുമാകണമെന്നില്ല.

അല്ലാതെ പണ്ട് രാമനെന്ന ഒരു രാജകുമാരന്‍ രാവണനെന്ന ഒരു തെമ്മാടിയെ തന്റെ പെണ്ണുമ്പിള്ളയെ തട്ടിക്കൊണ്ടുപോയ ദേഷ്യത്തിന് ചെന്ന് കൊന്ന് കൊലവിളിച്ചതാണീ രാമകഥ എന്നു പറഞ്ഞിരുന്നാലെന്തു ചെയ്യാന്‍?

ഗൂഗിളിലോ,.വിക്കിപീഡിയയിലോ Palk Strait, Rama's Bridge, എന്നുള്ള താക്കോല്‍ വാക്കുകളുപയോഗിച്ച് പരതിയാല്‍ ഇതിനേപ്പറ്റിയുള്‍ല പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിയ്ക്കും.
സമയം കിട്ടുമ്പോള്‍ രാമേശ്വരം വരെ പോയി മഹാദേവനെ തൊഴുത്, സമുദ്രത്തിന്റെ തീരത്ത് വച്ച് സകല മറകളും കളയുന്ന ആചാരമായി മനസ്സൊന്ന് മുണ്ഡനം ചെയ്താല്‍ അത്രയുമായി...നേരിട്ട് കാണുകയും ചെയ്യാം
അതിനല്ലാതെയെന്തിനാണൊരു രാമായണം?

പിന്നെ ഇതിന്റെയൊരു പാരിസ്ഥിതിക വശമുണ്ട്..നേരത്തേ പറഞ്ഞതുപോലെ ഈ രാമ-വാനരപ്പാലം (പേരിന്റെ പേരിലൊരു വഴക്കു വേണ്ടാ) ഇടിച്ചു നിരത്തി ഒരു കപ്പല്‍ച്ചാല് പാക് കടലിടുക്കില്‍ക്കൂടെയുണ്ടാക്കാന്‍ ഒരു പരിപാടി ഉത്ഘാടം ചെയ്തു കഴിഞ്ഞു. സേതുസമുദ്രം കപ്പല്‍ ചാനല്‍ പ്രൊജക്റ്റ്..
അത് കേരളം തമിഴ്നാട് ഉള്‍പ്പേടെയുള്ള തീരദേശത്ത് വമ്പന്‍ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. സുനാമി പോലുള്ള വലിയ സമുദ്രക്കെടുതികളില്‍ നിന്ന് കേരളം ഉള്‍പ്പേടെയുള്ള തീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായ ആഴം കുറഞ്ഞ ഈ പാലമാണത്രേ.
തൂത്തുക്കുടി മുഖ്യമായും മറ്റു ചെറു തുറമുഖങ്ങളുടേയും വളര്‍ച്ച ലക്ഷ്യമിട്ടുണ്ടാക്കുന്ന ഈ കപ്പല്‍ ചാനല്‍ വന്നാല്‍(പണി തുടങ്ങി എന്നു തോന്നുന്നു?) ഹോങ്ങ് കോങ്ങിലും മറ്റുമടുക്കുന്ന കപ്പലുകളൊക്കെ തൂത്തുക്കുടിയിലടുക്കുമെന്നും ഭാരതത്തിന് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാകുന്നതെന്നും പറയപ്പെടുന്നു.
പക്ഷേ ഇത് തീരദേശത്തെ വളരേയേറെ പാരിസ്ഥിതികമായി ബാധിയ്ക്കുമെന്ന് ലോകത്തെ വലിയ ശാസ്ത്രജ്ഞന്മാര്‍ വളരെയേറെപ്പേര്‍ മുന്നറിയിപ്പ് തരുന്നുമുണ്ട്.
സത്യമ്പറഞ്ഞാല്‍ ആരെ വിശ്വസിയ്ക്കണമെന്നറിയില്ല. ശാസ്ത്രജ്ഞന്മാര് പറഞ്ഞതാണ് കാര്യമെന്നൊക്കെ വിശ്വസിച്ചിരിയ്ക്കുമ്പോഴായിരിയ്ക്കും ഭാരതത്തിന്റെ വികസനം തടയാനായി സീ ഐ എ കാശു കൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് അറിയുന്നത്.:)
പക്ഷേ ഒരു നല്ലകാര്യവും ഈ രാഷ്ട്രീയക്കാര് ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ട് എനിയ്ക്കീ ശാസ്ത്രജ്ഞര്‍ പറയുന്നത് വിശ്വസിയ്ക്കാനാണിഷ്ടം.കാരണം പട്ടിണിയോ വിദ്യാഭ്യാസമില്ലായ്മയോ ഒന്നും മാറ്റാനില്ലാത്ത തിടുക്കമായിരുന്നു അവര്‍ക്കീ സേതു സമുദ്രം പ്രൊജെക്റ്റ് നടപ്പിലാക്കാനുണ്ടായിരുന്നത്.(പുതിയ സേതുസമുദ്രം പ്രൊജെക്റ്റ്..എന്നു വായിയ്ക്കണം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നൂറ്റമ്പത് കൊല്ലത്തോളമായി..ബ്രട്ടീഷുകാരാണീ വിദ്യ ആദ്യം പറഞ്ഞു തുടങ്ങിയത്..)
ഗൂഗിള്‍ വിക്കിപീഡിയ താക്കോല്‍ വാക്കുകള്‍-Sethusamudram Shipping Canal Project

3 അഭിപ്രായങ്ങൾ:

  1. ഒരു കമന്റ് പോസ്റ്റാക്കുകയാണ്.. അറിവിനു വേണ്ടി മാത്രം...
    നാം അറിഞ്ഞതൊന്നും ഒന്നുമല്ല എന്നറിയാമെങ്കിലും...
    എന്തറിഞ്ഞാലും ഒന്നുമില്ല എന്നാകിലും....
    ഇനിയുമിനിയുമറിയാനായി തുടരുന്ന യാത്ര....

    മറുപടിഇല്ലാതാക്കൂ
  2. പോസ്റ്റിക്കഴിഞ്ഞപ്പോഴാണ് അംബിയുടെ ബ്ലോഗില്‍ ചെന്നത്..http://kaliyambi.blogspot.com/ അപ്പോ ദേ എനിക്കൂ തന്ന കമന്റ് അവിടെയും പ്രസിദ്ധീകരിച്ചിരിക്കുന്നു... നല്ല കാര്യം..

    മറുപടിഇല്ലാതാക്കൂ
  3. :)
    കമന്റില്‍ ഭൂപടം കൊടുക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഞാനതൊരു തപാലാക്കിയത്.

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...