ബുധനാഴ്‌ച, ജൂലൈ 02, 2008

കളഞ്ഞുപോയ കാഴ്ചകള്‍

ഓട്ടോക്കാരനുമായി ഒന്നു തര്‍ക്കിക്കേണ്ടി വന്നു, സാധാരണ കൊടുക്കുന്നതിനേക്കാള്‍ ഇരുപതു രൂപ കൂടുതല്‍ വേണമത്രെ, പെട്രോളിനു വില കൂടീയെന്ന്. ഈശ്വരാ ഇവിടേം ചെന്നൈ പോലെയായോ‍?

കുറച്ചു നാളുകള്‍ക്കുശേഷം നാട്ടിലെത്തിയതാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഇലകളിലെല്ലാം രാത്രി പെയ്ത മഴയുടെ ബാക്കി. വാതിലടുത്തത്തും മുന്‍പേ അമ്മ വതില്‍ തുറന്നു. ബാഗ് അമ്മേടെ കയ്യില്‍ കൊടുത്തിട്ട് കാലിലെ ചെരുപ്പഴിക്കുന്നതിനിടെ ചോദിച്ചു, ഇന്നലെ രാത്രി നല്ല മഴയാരുന്നോ അമ്മേ? ഏയ് അതിനു മാത്രൊന്നൂല്യ, ഇപ്രാശ്യം മഴയേ ഇല്യാലോ. ഇന്നലെയാ ഇച്ചിരി പെയ്തേക്കണെ.

അമ്മ കട്ടന്‍ ചായയുമായ് വന്നു. അനിയത്തി ഇപ്പോഴും നല്ല ഉറക്കമാണ്, മഴയുടെ ആലസ്യത്തില്‍ വെളുപ്പിനേ മൂടിപ്പുതച്ച് ചൂണ്ടക്കൊളുത്തുമാതിരി കിടന്നുറങ്ങാനുള്ള സുഖം. അമ്പടീ, അങ്ങിനെയിപ്പോ ഉറങ്ങണ്ട. ഞാനൊരു തട്ടു വെച്ചു കൊടുത്തു. പിന്നേ എന്നോടാണോ എന്നു ചോദിക്കും പോലെ മൂളിക്കൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു. ടീ... ഞാന്‍ നീട്ടി വിളിച്ചു.

നീ ഇനി ഉറങ്ങണുണ്ടോ? അമ്മ ചോദിച്ചു, ഓ ഇനി എന്നാ ഒറങ്ങാനാ? നേരം വെളുത്തില്ലേ? ഉറങ്ങുന്നില്ലേല്‍ ഒന്നമ്പലത്തില്‍ പോയേച്ചും വാടാ. എത്ര നാളായി പോയിട്ട്. ഞാന്‍ മൂ‍ളി.

ശരിയാ, എത്ര നാളായി കോതേശ്വരത്തപ്പനെ കണ്ടിട്ട്? പണ്ട് ശനിയാഴ്ചയായാല്‍ അതിരാവിലെ തന്നെ അയല്പക്കത്തെ എല്ലാ അവന്മാരേം കൂട്ടി ഒരു ജാഥയായി ഒറ്റ പോക്കാണ്. അമ്പലക്കുളത്തിലേയ്യ്ക്ക്. എപ്പോഴും വെണ്‍ താമരകള്‍ നിറഞ്ഞുനിന്ന ക്ഷേത്രക്കുളം. പണ്ടത്തെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടിഞ്ഞുപോയങ്കിലും ആഢ്യത്വം നഷ്ടപ്പെടാത്ത കല്‍പ്പടവുകള്‍. ഇപ്പോ വീഴും എന്ന പോലെ കടവിലേയ്ക്ക് ചാഞ്ഞു നിക്കണ ചില്ലത്തെങ്ങ്.

കുളത്തില്‍ ഏഴുകിണറുണ്ട് എന്നു പറഞ്ഞു പേടിപ്പിച്ചതു കാരണം കടവു വിട്ട് ഇറങ്ങാം എല്ലാര്‍ക്കും പേടിയാണ്. എന്നാലും ചിലപ്പോഴൊക്കെ വിടരാന്‍ വെമ്പി നില്‍ക്കുന്ന താമരമൊട്ട് ഞങ്ങളെ ഇച്ചിരി റിസ്ക്കെടുക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്യും. മുട്ടറ്റം വരെ താഴുന്ന ചെളിയില്‍ ഓരോരുത്തരായ് കൈ കോര്‍ത്ത് പിടിച്ച് ആ മൊട്ടിനെ മാസ്ക്സിമം നീ‍ളത്തിലുള്ള തണ്ടുമായി ഒടിച്ചെടുക്കും. അവസാനം പൂക്കള്‍ പങ്കു വെയ്ക്കുല്‍ എന്നും പിണക്കത്തിലേ കലാശിക്കാറുള്ളൂ‍. രണ്ടു ദിവസം ആ പൂക്കള്‍ കുപ്പിയിലെ വെള്ളത്തില്‍ വാടാതെ വിശ്രമിക്കും. തിങ്കളാഴ്ച ഇതുമായി ചെന്നിട്ട് വേണം സ്ക്കൂളില്‍ ആളാവാന്‍. ഓരോരുത്തരും കൊതിയോടെ ആ പൂവിലേക്ക് നോക്കുമ്പോള്‍ നമ്മടെ എയറുപിടുത്തം കൂടാ‍ന്‍ തുടങ്ങും.

അന്നൊക്കെ ക്ഷേത്രത്തില്‍ പോകുന്നതിനേക്കാള്‍ ആവേശം നല്‍കിയിരുന്നത് ആ അമ്പലക്കുളവും താമരയും ആര്‍മാദിച്ചുള്ള ആ കുളിയുമെല്ലാമായിരുന്നു. അതിരാവിലെ പച്ച പുതച്ചപാടത്തിന്റെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാടവരമ്പിലൂ‍ടെ മഞ്ഞുകണങ്ങള്‍ അണിഞ്ഞ് വെട്ടിത്തിളങ്ങി നില്‍ക്കുന്ന പുല്ലില്‍ ചവിട്ടി ബാലന്‍സ് തെറ്റാതെയുള്ള ഒരോട്ടമുണ്ട്. മിക്കപ്പോഴും പുസ്തകലേബലില്‍ കാണുന്ന സൂപ്പര്‍മാന്‍ സ്റ്റൈലില്‍ തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടിയിട്ടുണ്ടാവും.

കടവില്‍ വല്യ ചേട്ടന്മാര്‍ ആരേലുമുണ്ടേല്‍ ഞങ്ങളെ ഇറങ്ങാന്‍ സമ്മതിക്കില്യ. അപ്പോ ഞങ്ങള്‍ നല്ല അച്ചടക്കമുള്ള കുട്ടികളാവും. വെള്ളത്തിന് വേദനിക്കാതിരിക്കാനെന്നപോലെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒറ്റടി വെക്കും. വെള്ളം കലക്കരുതൂട്ട്രാ... പുറകീന്ന് വാണിങ്ങ്. മുകളിലേക്കുയരുന്ന വെള്ളത്തിന്റെ കുളിരില്‍ ഇക്കിളിയെടുത്തുകൊണ്ട് വെള്ളം അരയ്ക്കു മുകളില്‍ എത്തുമ്പോള്‍ ഒറ്റ മുങ്ങല്‍! ഞാനിപ്പോഴുമോര്‍ക്കുന്നു. ഒന്നു മുങ്ങിനിവര്‍ന്നാല്‍ ഏതു വെളുപ്പിനും കുളത്തിലെ വെള്ളത്തിന് ഇളം ചൂടാണ്.

ആദ്യത്തെ മുങ്ങലോടെ മര്യാദയെല്ലാം പമ്പ കടക്കും. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ക്കയറിയ അവസ്ഥയാണ്. നല്ല കണ്ണുനീരുകണക്കേ കിടന്ന വെള്ളം പതുക്കെ നിറം മാറാന്‍ തുടങ്ങും. ഇനി കലങ്ങാല്‍ ഒന്നുമില്ല എന്നാവുമ്പോള്‍ ഞങ്ങള്‍ കരയ്ക്കു കയറും. പതുക്കെ അപ്പുറത്തെ കടവിലേയ്ക്ക്. ദേഹത്തെ ചെളിമുഴ്ഹുവന്‍ കളയണ്ടേ?

ചെറിയ കടവില്‍ മുങ്ങിയതിനുശേഷം ഈറനോടു കൂടി നേരെ അമ്പലത്തിലേയ്ക്ക്. പടികള്‍ കയറുമ്പോള്‍ ഞങ്ങള്‍ പരമാവധി വലത്തോട്ട് നോക്കാറില്യ. കാരണം അവിടം ഇടിഞ്ഞൂപൊളിഞ്ഞതാണെങ്കിലും അതൊരു സര്‍പ്പക്കാവായിരുന്നു. അവിടെ മറിഞ്ഞു കിടന്നിരുന്ന സര്‍പ്പ പ്രതിമകള്‍ കാണുമ്പോള്‍ അമ്മയും അമ്മൂമ്മയും പറഞ്ഞിട്ടുള്ള ഒരുപാടു കഥകള്‍ മനസിലേക്കോടി വരും.

അന്ന് കോതേശ്വരത്തപ്പനേക്കാളും ഞങ്ങളെ ആകര്‍ഷിച്ചിരുന്നത് പ്രസാദമായി ലഭിച്ചിരുന്ന അവില്‍ വിളയച്ചതായിരുന്നു. ഇന്നും അത്രയും രുചികരമായ ഒരു പ്രസാദം എനിക്കു കിട്ടിയിട്ടില്യ. പല വട്ടം ഞാന്‍ അമ്മയോട് അതു പോലെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഒരിക്കലും അമ്മയുണ്ടാക്കിയതിന് ആ പ്രസാദത്തിന്റെ നാലയല്പക്കത്തു നില്‍ക്കാനുള്ള രുചിപോലുമില്ലായിരുന്നു. പരാതി പറയുമ്പോള്‍ അമ്മ പറയും, അതു ഭഗവാന്റെ പ്രസാദമായത് കൊണ്ടാണെന്ന്. ഞാനതു വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്നു.

പഴയ ഓര്‍മ്മകള്‍ മുന്നില്‍തെളിഞ്ഞപ്പോള്‍ ഒന്നു തിരിച്ചു പോകാന്‍ തോന്നി.
അമ്മേ അമ്പലത്തില്‍ പോവാം. കുളത്തില്‍ കുളിച്ചാലോ, ഞാന്‍ ചോദിച്ചു,
വേണ്ട, ഇപ്പോ ആരും അവിടെ കുളിക്കാറില്യ, എല്ലാരും വീട്ടില്‍ കുളിച്ചാ പോണെ. ഉപയോഗിക്കാതെ കിടന്ന് ഇപ്പോ കുളത്തില്‍ നിറയെ ചണ്ടിയും പായലുമൊക്കെ നിറഞ്ഞ് കടവൊന്നുമില്യ.

എന്നാ ശരി, ഇവിടെ കുളിച്ചേക്കാം, കുളികഴിഞ്ഞ് അമ്മ തന്ന വെള്ളമുണ്ട് ഉടുത്തപ്പോള്‍ എന്തോ ഉറയ്ക്കാത്ത പോലെ, പിന്നേം പിന്നേം അഴിച്ചുടുക്കുമ്പോള്‍ മനസ്സിലോര്‍ത്തു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിമാനത്തോടെ മുണ്ടുടുത്ത് സ്കൂളില്‍ പോയവനാ!

അനിയത്തിയോടു പോരുന്നോ എന്നു ചോദിച്കപ്പോള്‍ അവള്‍ കഴിഞ്ഞ ദിവസം പോയതാന്നു പറഞ്ഞു. വണ്ടിയെടുക്കുന്നില്യേടാ, അമ്മ ചോദിച്ചു. അതെന്താ പാടത്തേക്കൂടി പോയാല്‍ പോരേ? പിന്നേ ഇപ്പോ ആരാ പാടത്തുകൂടി നടന്നു പോണെ? എല്ലാരും റോട്ടീക്കൂടെ അല്ലേ പോണെ? പാടത്തുകൂടെ പോകുന്നതിലും മൂന്നിരട്ടിയെങ്കിലും ദൂരമുണ്ട് റോ‍ഡിലൂടെ, പണ്ട് വളരെ അപൂര്‍വ്വമായേ ആ വഴി പോകാറുള്ളൂ, മഴ മൂലം പാടം മുങ്ങി കിടക്കുമ്പോഴും മറ്റും. പണ്ടത്തെ ഓട്ടം മനസില്‍ തെളിഞ്ഞപ്പോള്‍ പാടവരമ്പ് തന്നെ മതിയെന്നു തീരുമാനിച്ചു.

റോഡില്‍ നിന്നും പാടത്തേക്കുള്ള വഴിയേ എത്തിയപ്പോഴേ കണ്ടു, ഇടുങ്ങിയ വഴി വലുതായിരിക്കണു, ആഹാ കൊള്ളാലോ, മുന്നോട്ടു നടന്നപ്പോള്‍ പണ്ട് പച്ച പുതച്ച് കിടന്ന നെല്വയലിന്റെ സ്ഥാനത്തെ കുറേ കുലയ്ക്കാറായ തെങ്ങുകള്‍. ഒറ്റയടി വരമ്പുകളുടെ സ്ഥാനത്ത് കരിങ്കല്പാളികള്‍ അതിര്‍ത്തി തീര്‍ത്തിരിക്കുന്നു. പാടത്ത് അല്ല പറമ്പില്‍ ചുമര്‍പ്പൊക്കം എത്തിനില്‍ക്കുന്ന രണ്ടു വീടുകള്‍. വികസിക്കുന്ന നാടിന്റെ മുഖം! മനസ്സിലോര്‍ത്തു.

കുറച്ചുദൂരെയായി കാണാറുള്ള പഴമയുടെ ആഢ്യത്വവുമായി നിന്നിരുന്ന ഒരു നായര്‍ത്തറവാടിന് കോണ്‍ക്രീറ്റിന്റെ പുതുമ. അവിടുത്തെ മക്കളെല്ലാവരും വിദേശത്താണെന്നമ്മ പറഞ്ഞതോര്‍ത്തു. മഴക്കാലത്ത് അതിസാഹസികമായി ചാടിക്കടന്നിരുന്ന തോടിനു കുറകേ കോണ്‍ക്രീറ്റ് പാലം.
പക്ഷേ പല അവധി ദിനങ്ങളും ഇല്ലിക്കൊമ്പില്‍ തീര്‍ത്ത ചൂണ്ടയുമായി ദിവസം മുഴുവന്‍ ചിലവഴിച്ച തോട്ടില്‍ മീനിന്റെ പൊടി പോലുമില്യ.

തോടിനപ്പുറമുള്ള പാടം വെറും തരിശായി കിടക്കുന്നു. കാലങ്ങളായി കൃഷി ചെയ്യാറില്ലേന്നതിന്റെ തെളിവായി വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍. കൊയ്ത്തു കഴിഞ്ഞ് പാടം ഒഴിഞ്ഞുകിട്ടാനായി എത്ര കാത്തിരിന്നിട്ടുണ്ട്. നാട്ടിലെ കൊച്ചു കൊച്ചു ടെന്‍ഡുല്‍ക്കര്‍മാരും ഐ എം വിജയന്മാരും തകര്‍ത്താടിയ കേളീസ്ഥലം തരിശായിട്ടും ഒഴിഞ്ഞു കിടന്നു.

കുളത്തിനടുത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞതു ശരിയാണെന്നു മനസിലായി. ആഫ്രിക്കന്‍ പായലിനാല്‍ തിങ്ങി നിറഞ്ഞ കുളം, വിജനമായ കുളിക്കടവ്, അല്ലെങ്കില്‍ തന്നെ കടവ് എന്ന് പറയാന്‍ അവിടെ പ്രത്യേകിച്ചൊന്നും തന്നെയില്യ. ആ തെങ്ങ് ഇപ്പോഴും കുളത്തീലേയ്ക്ക് ചാഞ്ഞു നില്പുണ്ട്, തലയില്ലാതെ!

കഴിഞ്ഞ കാലം പിന്നേയും മനസിലൂടെ മിന്നിമറഞ്ഞു. റോഡിലൂടെ പോയാല്‍ മതിയാരുന്നു. എങ്കില്‍ പഴയ കാഴ്ചകളെങ്കിലും മനസ്സില്‍ നിന്നേനെ. ഇനിയീ കുളത്തിനെ വെണ്‍ താമരകള്‍ നിറഞ്ഞുനില്‍ക്കുന്നതായിട്ടെനിക്കോര്‍ക്കാന്‍ കഴിയുമോ? ഈ പാടം ഇനിയും പച്ച പുതക്കുന്നത് സങ്കല്പിക്കാമോ? പാടത്തെ കറുത്ത മണ്ണില്‍ നിന്ന് വീദഗ്ദമായി പിടിച്ച മണ്ണിരയേയും നനയന്‍ ചാത്തനേയും (അങ്ങിനാ പറയുക, അതിന്റെ ശരിക്കും പേരറിയില്യ) സൂക്ഷ്മതയോടു കൂടി ചൂണ്ടയില്‍ കോര്‍ത്ത് ഒരു കൊത്തിനു വേണ്ടി കാത്തിരിക്കാന്‍ പറ്റുമോ?

എല്ലാം നഷ്ടപ്പെട്ടുപോയ കാഴ്ചകളാണെന്ന് ആരെല്ലാമോ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

പടികള്‍ കയറി അമ്പലത്തിലെത്തി, അമ്പലം ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്. പൊളിഞ്ഞുകിടന്ന പഴയ കരിങ്കല്ലും വെട്ടുകല്ലും ചേര്‍ന്നുള്ള ചുറ്റുമതിലിനു പകരം ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍. വഴിപാടിനുള്ള ചീട്ടുമായ് അമ്പലത്തിനകത്തേയ്ക് കയറി. ഭഗവാനെ തൊഴുതു. ഇപ്പോ പ്രസാദം നടയില്‍ നിന്ന് നല്‍കുന്നില്ലാത്രെ. തിടപ്പള്ളിയുടെ മുന്നില്‍ വേറെ ഒരു ശാന്തി കൂടി. പ്രസാദം നല്‍കാന്‍.

പ്രസാദം വാങ്ങി നാണയത്തുട്ടുകള്‍ തട്ടിലേയ്ക്കിട്ട് ആളുകള്‍ പൊയ്ക്കൊണ്ടിരിന്നു. ഞാനും കൈ നീട്ടി, തീര്‍ത്ഥവും ചന്ദനവും പൂവും കിട്ടി. പിന്നേയും കൈ നീട്ടി നില്‍ക്കുന്ന എന്നെ ശാന്തി സൂക്ഷിച്ചു നോക്കി. ഇനിയും ഇവനെന്താ വേണ്ടേ?

എന്തോ മറന്നതുപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എന്റെ നാവില്‍ അന്നത്തെ അവില്‍ വിളയച്ചതിന്റെ സ്വാദ് അപ്പോഴുമുണ്ടയിരുന്നു...

22 അഭിപ്രായങ്ങൾ:

  1. അതിരാവിലെ പച്ച പുതച്ചപാടത്തിന്റെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാടവരമ്പിലൂ‍ടെ മഞ്ഞുകണങ്ങള്‍ അണിഞ്ഞ് വെട്ടിത്തിളങ്ങി നില്‍ക്കുന്ന പുല്ലില്‍ ചവിട്ടി ബാലന്‍സ് തെറ്റാതെയുള്ള ഒരോട്ടമുണ്ട്. മിക്കപ്പോഴും പുസ്തകലേബലില്‍ കാണുന്ന സൂപ്പര്‍മാന്‍ സ്റ്റൈലില്‍ തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടിയിട്ടുണ്ടാവും

    അക്ഷരപ്പിശാശുകളുണ്ടേല്‍ ക്ഷമിക്കണേ, രണ്ടാമതു വായിക്കാന്‍ എനിക്കു പറ്റില്യ!

    ഈ പോസ്റ്റ് ഞാന്‍ തുളസിക്കു സമര്‍പ്പിക്കുന്നു, ഞാനിതെഴുതാന്‍ കാരണം ഈ ഭൂതകാലക്കുളിരാണ്!

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എഴുതി നിസ്.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  3. നിസ്‌, എന്റെ തന്നെ അനുഭവം ആണോ ഇതെന്നു് തോന്നിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  4. നിസ്..

    നമ്മള്‍ ഇങ്ങനെ പറയുമ്പോള്‍ നമുക്ക് മുന്‍‌പുള്ള തലമുറയുടെ വേദന എന്തായിരിക്കും..?

    ചില കാര്യങ്ങള്‍ കാണാതെയും കേല്‍ക്കാതേയുമിരുന്നാല്‍ അവ നമ്മുടെ മനസ്സില്‍ നിത്യഹരിതങ്ങളായി നിലനില്‍ക്കും..!

    അമ്മ പറയാറുണ്ട് പണ്ടത്തെ കാലത്തെപ്പറ്റി, അതു കേള്‍ക്കുമ്പോള്‍ പുശ്ചമായിരുന്നു നടന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ പഠിച്ചതും, പ്രസവത്തിന് വഞ്ചിയില്‍ പോയതും, പള്ളിപ്പെരുന്നാളും ശിവരാത്രിയും വരാന്‍ കാത്തിരിക്കുന്നതും.. പക്ഷെ..ഇന്ന് എന്റെ മകന്റെ ചുണ്ട് ഒരു വശത്തേക്ക് പിടിക്കും പണ്ട് ഞാന്‍ ചെയ്ത കാര്യങ്ങള്‍ പറയുമ്പോള്‍..!

    അപ്പോള്‍ റോഡില്‍ക്കൂടിപ്പോകുന്നതു തന്നാ നല്ലത്..!

    മറുപടിഇല്ലാതാക്കൂ
  5. വളരെ നന്നായി എഴുതിയിരിയ്ക്കുന്നു, നിസ്.
    എഴുത്തുകാരി ചേച്ചി പറഞ്ഞതു പോലെ വായിച്ചപ്പോള്‍ എനിയ്ക്ക് ഇത് എന്റെ അനുഭവം പോലെ തോന്നി. (അമ്മ വീടിനടുത്തുള്ള അമ്പലത്തിലേയ്ക്ക് പോകുന്നത് ഇതേ പോലെ പാടവരമ്പത്തു കൂടി നടന്ന്, ഇടയ്ക്കുള്ള തോടു ചാടിക്കടന്ന്, ഒരു കുഞ്ഞു തോട്ടവും മൈതാനവും കടന്ന്, അമ്പലക്കുളത്തിനരികിലൂടെ തന്നെ ആയിരുന്നു.)
    ഇതെല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദി.
    [ഞങ്ങളും നനയന്‍ ചാത്തനെന്നു തന്നെ ആണ് പറയാറ്]

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം നഷ്ടപ്പെട്ടുപോയ കാഴ്ചകളാണെന്ന് ആരെല്ലാമോ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

    :-))

    മറുപടിഇല്ലാതാക്കൂ
  7. നിസ്സേ എല്ലാകൊല്ലവും അവധിക്ക് വരുമ്പോള്‍ അമ്പലത്തിലൊക്കെ ഒന്നു പോകണം. എങ്കില്‍ ഇത്ര പുതുമ തോന്നുകയില്ല.

    മറുപടിഇല്ലാതാക്കൂ
  8. സത്യം പറയാമല്ലോ, വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആകെ ഒരു ശൂന്യത.

    ഒന്നു മുങ്ങിനിവര്‍ന്നാല്‍ ഏതു വെളുപ്പിനും കുളത്തിലെ വെള്ളത്തിന് ഇളം ചൂടാണ്. ഈ സത്യം ഞാനും അനുഭവിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ പാടത്തും മറ്റും കളിച്ച് നടന്ന കന്നാലി ചെക്കനായി. കഴിഞ്ഞപ്പൊ ഞാന്‍ വീണ്ടും.....

    മറുപടിഇല്ലാതാക്കൂ
  10. ഒരു നിമിഷം മനസ്സ് ഗ്രാമത്തിന്റെ നിഷ്കളങ്കമായ സൌന്ദര്യത്തിലേക്ക് മടങ്ങി പോയി

    മറുപടിഇല്ലാതാക്കൂ
  11. ഹൊ മനസ്സിനൊരു കുളിര്....നന്നായിട്ടുണ്ട് നിസ്.............

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട്...മനസ്സിനൊരു കുളിര്....

    മറുപടിഇല്ലാതാക്കൂ
  13. കളഞ്ഞുപോയ കാഴ്ചകള്‍
    വായിച്ചപ്പോള്‍ ഗൃഹാതുരത്വം ഫീല്‍ ചെയ്തു മനസ്സില്‍...

    എഴുത്ത് വളരെ നന്നായിരുന്നു... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  14. ഒരെ ഒരു ചോദ്യം... ഈ പച്ചപ്പും, ഗ്രാമീണതയും നിലനിര്‍ത്താന്‍ നമ്മളെ പോലുള്ളവര്‍ എന്തു ചെയ്തു? എന്തു ചെയ്യാന്‍ പറ്റും എന്നെങ്കിലും ചിന്തികാരുണ്ടോ..നമ്മുടെ ഇതിരി പോന്ന മുറ്റത്ത് എങ്കിലും എന്തെങ്കിലും ആകാമല്ലോ...വളരെ സുന്ദരമായി നിസ് എഴുതിയിട്ടുണ്ടു ട്ടൊ... നല്ല കയ്യൊതുക്കം ഉള്ള രീതി..

    മറുപടിഇല്ലാതാക്കൂ
  15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍ജൂലൈ 16, 2008 9:57 PM

    നിഷാദ്’
    വയലാറിന്റെ ‘ഗ്രാമദര്‍ശനം’ എന്ന കവിതയിലെ വരികള്‍ കടമെടുക്കട്ടെ.
    ഞാനീ ഗ്രീഷ്മസരോവരത്തില്‍ വിടരും
    ചെന്താമരപ്പൂവിനും
    നാണിച്ചീവഴി നൃത്തമാടിയൊഴുകും
    കാട്ടാറിനും കാറ്റിനും
    ഈ നഗ്നപ്രകൃതിക്കു പൂന്തുകിലുകള്‍
    നെയ്യും നിലാവിന്നു-മെന്‍
    ഗാനത്താല്‍ കുളിരേകി;നിത്യ ഹരിത-
    സ്വപ്നങ്ങള്‍ ഗ്രാമത്തിനും

    ഗ്രാമം മാനവസംസ്കൃതിക്കു കനക-
    പ്പൂന്തൊട്ടില്‍നിര്‍മ്മിച്ചൊരെന്‍
    ഗ്രാമം, പോയയുഗങ്ങള്‍തന്‍ മെതിയടി-
    പ്പാടുള്ളൊരാത്മാവുമായ്
    ഈ മന്വന്തരശില്പശാലകളിലൂ-
    ടെന്നാന്തരാന്വേഷണ-
    പ്രേമത്തിന്‍ വിരലും പിടിച്ചു കണികാ-
    ണിക്കുന്നു സത്യങ്ങളെ.
    നന്ദി, നിങ്ങളുടെ ഗ്രാമത്തിലേക്കു വിളിച്ചുകൊണ്ടു പോയതിന്...

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍ജൂലൈ 16, 2008 10:02 PM

    Anonymous ഞാനാ ലതിച്ചേച്ചി.
    കമന്റ് പബ്ലിഷ് ചെയ്യാന്‍ എന്തോ
    പ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  19. nannaayitttooo.......orupadu.....

    ithu vayichappooll nangall pandu cricket kallichirunna paadam orthu poyi.......
    orikkalum thirichu varatha nalla kaalam.....manassu evideyoo vingunnu.......

    nandi.......

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...