തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥ

പ്രിയരെ,
ദേ നമ്മുടെ രസികന്‍ അയച്ചുതന്ന എല്ലാം മലയാളം ബൂലോകസംഭവത്തിലേയ്ക്കുള്ള കഥ.
വായിക്കൂ, അഭിപ്രായം പറയൂ.

-------------------------------------
താനേ മുഴങ്ങുന്ന കുന്തം...

പുലർച്ചക്കോഴിയുടെ പച്ചയായ കൂവൽ ഇവിടെ ( പ്രവാസ ലോകത്തിൽ) ഇല്ലാത്തതുകൊണ്ട്‌, താക്കോൽ കൊടുക്കാൻ മറന്നുപോയാൽ അരുണോദയത്തിൽ താനെ മുഴങ്ങാത്ത മണിയൊന്നു വാങ്ങി വച്ചു.
എന്റെ കഷ്ടകാലത്തിനൊ എന്റെ അറബിയുടെ നല്ല കാലത്തിനൊ എന്നൊന്നും എനിക്കു നിശ്ചയമില്ല തലേദിവസത്തെ തിരക്കിനിടയിൽ ( ദൂരദർശ്ശനിലെ തമാശപ്പരിപാടികൾ കണ്ട്‌ ചിരി വരാതെ ചിരിക്കാൻ പ്രയാസപ്പെട്ട്‌ തളർന്നുറങ്ങിപ്പോയി എന്നതായിരുന്നു മറയില്ലാത്ത സത്യം ) പ്രഭാതമണിയുടെ താക്കോൽ തിരിക്കാൻ മറന്നുപോയി .
സഹപ്രവർത്തകർ തൊട്ടടുത്ത മുറികളിൽ നിന്നും ഇറങ്ങിപ്പോക്കു നടത്തുമ്പോൾ. മടിപിടിച്ചു ജോലിക്കു പോവാതിരിക്കൽ ഒരു കലാരൂപമായി ഏറ്റെടുത്ത എന്നെ ആരും വിളിച്ചു സമയം കളയാനും മെനക്കെട്ടില്ല.
പുറം ലോകത്തെ വെളിച്ചം ലവലേശം കടക്കാൻ പഴുതില്ലാത്ത എന്റെ കുടുസ്സു മുറിയിൽ ഏതു സമയവും നിലാവു തന്നെയായിരുന്നു ( നിലാവും , പകൽ വെളിച്ചവുമെല്ലാം വൈദ്യുതവിളക്കിൽ നിന്നും ).
ഉറക്കത്തിന്റെ ഏതോ പണ്ടാരമടങ്ങിയ ഘട്ടത്തിൽനിന്നുമുണർന്ന് ഘടികാരത്തിൽ നോക്കിയ ഞാൻ തുടർച്ചയായി ഞെട്ടിയത്‌ എട്ടു തവണ.
സമയം ഒരു ഉച്ച ഉച്ചേകാലായിരിക്കുന്നു. പുറത്തിറങ്ങിയാൽ ഉച്ചിയിൽ പതിക്കുന്ന അർക്ക കിരണങ്ങളെക്കുറിച്ചോർത്തപ്പോൾ.
വീണ്ടൂം പുതപ്പിനടിയിലേക്ക്‌ സ്വപ്നവും തേടി ഊളിയിട്ടു.
എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണർന്ന ഞാൻ എന്റെ വിദൂരഭാഷിണി മണിയടിച്ചുകൊണ്ട്‌ ഉറഞ്ഞുതുള്ളുന്നതായിരുന്നു കണ്ടത്‌.
അങ്ങേത്തലക്കൽ സുഖവിവര കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ട്‌ എന്റെ സഹപ്രവർത്തകൻ.
" നീയെന്തിനാ മണ്ടാ ഇന്ന് ജോലിക്കു വരാതിരുന്നത്‌" ( അവന്റെ അഭിപ്രായത്തിൽ എനിക്കു യോജിച്ച നാമം )" ഞാൻ ഉറങ്ങിപ്പോയെടാ എന്തു ചെയ്യാനാ ..."
" ഒന്നും ചെയ്യാനില്ല നീ വരാതിരുന്നത്‌ ഞങ്ങളുടെ ഭാഗ്യം"
" എന്താടാ" " നമ്മുടെ അറുപിശുക്കൻ മുതലാളിയുടെ വക എല്ലാവർക്കും വിരുന്നുണ്ടായിരുന്നു ഇന്ന്.... നീ യില്ലാത്തതുകൊണ്ട്‌ എല്ലാവർക്കും മര്യാദക്കു കഴിക്കാൻ കഴിഞ്ഞു"അവൻ പറഞ്ഞതു ശരിയാണ്‌ ഞാനുണ്ടെങ്കിൽ തീറ്റ നടക്കില്ല എല്ലാവരേയും പല വിഷയങ്ങൾ കൊടുത്ത്‌ പരസ്പരംസംസാരിപ്പിച്ചിരുത്തി ആ തക്കത്തിനു വയറു വിലക്കുന്നത്‌ വരെ ഞാൻ വെട്ടി വിഴുങ്ങാറാണല്ലൊ പതിവ്‌.
പിശുക്കൻ മുതലാളിക്കും എന്റെ ഒരാളുടെ തീറ്റ കുറഞ്ഞുകിട്ടിയല്ലൊ ( പിന്നെ അയാളെന്തിനാ വിരുന്നു നടത്തുന്നത്‌ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല ).
സമയം വീണ്ടും നാഴികകളായി പകുത്തു നീങ്ങാൻ തുടങ്ങി ഒപ്പം എന്റെ വയറ്റിലെ കൊക്കപ്പുഴുക്കൾ ഒച്ചവെക്കാനും തുടങ്ങി
കഠിനമായ വിശപ്പ്‌ വല്ലതും ഉണ്ടാക്കിക്കഴിക്കാൻ അടുക്കളയിലെത്തിച്ചു.
പാത്രങ്ങൾ മോറി , അരിയെടുത്തു പാചകവാതകക്കുറ്റി തുറന്ന്പ്പോൾ ആ സത്യവും മനസ്സിലായി . ലവൻ ശൂന്യനാണ്‌ .............
കൊക്കപ്പുഴുക്കളുടെ സന്ധിയില്ലാസമരം ഭോജനശാലയിലേക്കു നടക്കാനുള്ള ധീര വീര കൃത്യത്തിനു എന്നെ നിർബന്ധിതനാക്കി
അതിനിടയിൽത്തന്നെ പ്രഭാത കൃത്യമായ പല്ലുതേപ്പ്‌ സുഘടനീയമായ കുപ്പിയിൽ വരുന്ന കുഴച്ച മാവുകൊണ്ട്‌ ഒരു വിധം ചെയ്തെന്നു വരുത്തി. ബാക്കിയുള്ള കുളി തുടങ്ങിയ വകകൾ പിന്നത്തേക്കു മാറ്റി ( ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടിട്ടെങ്കിലും ഞങ്ങളുടെ കൂടെ താമസിക്കുന്ന കുളിക്കാത്തവർ കുളിക്കട്ടെ)
ഉച്ചിയിൽ പതിക്കുന്ന സൂര്യകിരണങ്ങളേയും പേറി പൊള്ളുന്ന വീഥിയിലൂടെ നടക്കുമ്പോൾ, താക്കോൽകൊടുക്കാതരുണോദയത്തിൽ താനെ മുഴങ്ങുന്ന ഒരു കുന്തം എവിടെ കിട്ടുമെന്നായിരുന്നു എന്റെ ചിന്ത.
ഒരു വിധം ഭോജനശാലയിലെത്തിയപ്പോൾ തളർന്നവശനായ ഞാൻ അവിടെ തീൻ മേശയിൽ കണ്ട വെള്ളം നിറച്ച കൂജയെടുത്ത്‌ വായിലേക്കു കമഴ്ത്തിയ ശേഷം " ഹാവൂ ..." എന്നൊരു ശബ്ദം പുറപ്പെടുവിയിച്ചപ്പോൾ വായിൽ നിന്നും തെറിച്ച ചില്ലുകൾ തൊട്ടടുത്ത കസേരയിലിരുന്ന മാന്യന്റെ മുഖത്തു പതിച്ചപ്പോൾ ആ മഹാ മനസ്കന്റെ അടക്കമില്ലാത്ത കൈകൾ എന്റെ മുഖത്തും പതിച്ചു.
ചുറ്റും നോക്കി, തൊട്ടടുത്ത തീന്മേശയിൽ വട്ടമിട്ടിരുന്നവർ ഇതൊന്നു മറിയാതെ തട്ടിവിടുകയാണ്‌ ഭാഗ്യം ആരും കണ്ടില്ല പലതരം പാത്രങ്ങളിൽ നിരത്തിയ വിഭവങ്ങൾ കൊക്കപ്പുഴുക്കൾക്കുവേണ്ടി സമർപ്പിച്ചു.
രസീതിന്റെ കൂടെ പണവുംകൊടുത്ത്‌ പല്ലിൽ കുത്തുന്ന കോലുമെടുത്ത്‌ വീണ്ടും തിരിച്ചു പാർപ്പിടത്തിലേക്കു നടക്കുമ്പോൾ. താനെ മുഴങ്ങുന്ന മണി വാങ്ങുന്നതു തന്നെയായിരുന്നു ചിന്ത.
നാട്ടിലായിരുന്നെങ്കിൽ ഇഷ്ടം പോലെ പൂവൻ കോഴികളെ കിട്ടുമായിരുന്നു താക്കോലും കൊടച്ചക്രവുമൊന്നുമില്ലാതെ അവ കൂവി കൃത്യ സമയത്തു തന്നെ ഉണർത്തുകയും ചെയ്യും.
എന്തുണ്ടൊരു വഴിയെന്നാലോചിച്ച്‌ നടക്കുമ്പോൾ ചുറ്റുപാടും സമ്പവിക്കുന്നതൊന്നുമറിഞ്ഞിരുന്നില്ല അതുകൊണ്ടാണല്ലൊ ഏതോ തുരുമ്പിച്ച ശകടം ചീറിപ്പാഞ്ഞുവന്ന് തട്ടിയിട്ടു പോയിട്ടും ഞാൻ അറിയാൻ വൈകിയത്‌. ആശുപത്രിയിലെ വെളുത്ത പങ്ക കറങ്ങുന്നത്‌ കണ്ടപ്പോഴാണു എല്ലാം ഓർമ്മവന്നത്‌.
മലയാളമറിയില്ലെന്നു നടിക്കുന്ന മലയാളി വൈദ്യർ മുറി മലയാളത്തിൽ എന്തൊക്കെയോ പറഞ്ഞു . മരുന്നിനു കുറിച്ചുതന്നു. ശരീരത്തിൽ അങ്ങിങ്ങുള്ള ചെറിയ കെട്ടുകൾ സാരമില്ലെന്നും പറഞ്ഞ്‌ ആ മഹാൻ എന്റെ മുറിയുടെ പടിയിറങ്ങി. അയാൾക്കു സാരമില്ലാ എങ്കിലും മുറിവു പറ്റിയ എനിക്കത്‌ സാരമായിരുന്നു. വല്ലാത്ത നീറ്റലും പുകച്ചിലും. ഭാഗ്യത്തിനു സൂജി വച്ചില്ല.
വിദൂരഭാഷിണിയിലൂടെ കൂട്ടുകാരെ വിളിച്ചു വിവരം പറഞ്ഞു. അവർ വന്നപ്പോഴേക്കും സമയം ഇരുട്ടിയിരുന്നു. വാടക ശകടത്തിൽ ഒരു വിധം വീടു പിടിച്ചപ്പോൾ ഏതൊ ദുഷ്ടൻ വിളിച്ചു ചോദിച്ചു " എന്തു പറ്റിയതാ?"
അതറിഞ്ഞാൽ അവൻ സുഖപ്പെടുത്തിത്തരും . തികട്ടി വന്ന അരിശം ഒട്ടും അരിക്കാതെ തന്നെ വിറച്ചുകൊണ്ട്‌ ശബ്ദമുയർത്തി അവനോട്‌ മൊഴിഞ്ഞു.
"പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നതാണേ "
പിന്നീടൊരിക്കലും അവന്റെ സംശയം മാറിയിട്ടില്ല എന്നെ കാണുമ്പോഴെല്ലാം അവൻ ഒരേയൊരു ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു " അല്ല എന്താ ഈ പ്രഭാതമണി" ഞാനെന്തുപറയാനാ. പതിവുപോലെ കേട്ടില്ലെന്നു നടിച്ച്‌ പരാതിക്കെട്ടുകണ്ട മന്ത്രിമാരെപ്പോലെ ഒരു നടത്തമങ്ങുകൊടുക്കും.
വാൽക്കഷണം: പിന്നീടിതുവരെ പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നിട്ടില്ല.
- രസികന്‍

6 അഭിപ്രായങ്ങൾ:

 1. പ്രിയരെ,
  ദേ നമ്മുടെ രസികന്‍ വണ്ടര്‍ലാന്റ് അയച്ചുതന്ന എല്ലാം മലയാളം ബൂലോകസംഭവത്തിലേയ്ക്കുള്ള കഥ.
  വായിക്കൂ, അഭിപ്രായം പറയൂ...

  താനേ മുഴങ്ങുന്ന കുന്തം...

  മറുപടിഇല്ലാതാക്കൂ
 2. . എന്റെ കഥ എല്ലാം മലയാളം ബൂലോകസംഭവത്തിൽ ഉൾപ്പെടുത്തിയ നിഷാദ് ഭായ്ക്ക് ഒരായിരം നന്ദി ...

  സസ്നേഹം രസികന്‍

  മറുപടിഇല്ലാതാക്കൂ
 3. മസാല ചേര്‍ക്കാത്ത പ്രവാസ ജീവിതം..
  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. Thank you for submiting the post URL. Your post is being listed by www.keralainside.net.
  Under "narmam" category When ever you write new blog posts , submit your blog post details to us. Thank You..

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...