ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വെറുതേ ഒരു ഭാര്യ - ഓരോ കുടുംബത്തിനും വേണ്ടി

കഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ വീട്ടിലേക്കിറങ്ങുന്നില്യേ എന്ന് സുഹൃത്ത് ചോദിച്ചപ്പോഴേ പറഞ്ഞു, പിന്നില്ലാതെ, വൈകീട്ടാവുമ്പോഴേക്കും എത്താം. മറ്റു കൂട്ടുകാരെ കണ്ടത്തിനുശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍! പുറപ്പെട്ടോ എന്നന്വേഷണം, ദേ ഞാന്‍ ഇപ്പോ എത്തും. വേണ്ട നേരെ സംഗം തിയ്യേറ്ററിലേക്കു പോരെ, നമുക്കൊരു പടം കാണാം.

ഏതു പടം? ‘വെറുതേ ഒരു ഭാര്യ’. അയ്യോ വേണ്ട മാഷേ, ഈ ഫാമിലി സെന്റീ ഞങ്ങള് ബാച്ചീസിന് ശരീയാവൂല, നിങ്ങളു കെട്ട്യോളേം കൂട്ടി പൊയ്ക്കോ. ടിക്കറ്റ് മൂന്നെണ്ണം എടുത്തു പോയി, വരാതെ പറ്റില്യെന്നായി. ശ്ശെടാ സമ്മതിക്കൂല, എന്നാപ്പിന്നെ നേരെ സംഗത്തിലേയ്ക്ക്.

സിനിമ കണ്ടു, തിയ്യേറ്ററില്‍ പ്രതീക്ഷിച്ചതിലും അധികം ആള്‍ക്കാര്‍. ഭൂരിഭാഗവും കുടുംബത്തോടൊപ്പവും. മനസില്ലാ മനസ്സോടെയാണ് ചിത്രം കണ്ടതെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു വരി എഴുതണം എന്നു തോന്നി. നിരൂപണമൊന്നുമല്ലാട്ടോ!

ഒരു സാധാരണ മലയാളകുടുംബത്തിന്റെ നേര്‍ച്ചിത്രം, ഒരു സിനിമയെന്നതിലുപരി ജീവിതത്തോട് വളരേ അടുത്തു നില്‍ക്കുന്ന ചിത്രം. പലവീ‍ടുകളിലും പ്രശ്നങ്ങള്‍ എവിടെ തുടങ്ങുന്നു എന്ന് ചിത്രം പറഞ്ഞുതരുന്നു. മിനിമം 50 ശതമാനം ഭര്‍ത്താക്കന്മാരെങ്കിലും ഈ സിനിമ കണ്ടതിനുശേഷം ഒരു പുനര്‍വിചിന്തനം നടത്തിയിരിക്കും. പുറമേയ്ക്കു പറഞ്ഞില്ലെങ്കില്‍ പോലും!

ഒരു സിനിമയുടേതായ യാതൊരു അതിഭാവുകത്വവുമില്ലാതെയുള്ള സംഭാഷണങ്ങള്‍ യഥാര്‍ഥ ജീവിതത്തോ‍ട് അത്ര മാത്രം അടുത്തു നില്‍ക്കുന്നു. ഒരു സീനില്‍ മത്രം വന്നു പോകുന്ന റഹ്മാന്റെ എസ് പി കഥാപാത്രം പോലും ഇന്നു നമ്മുടെ സമൂഹത്തിനു വേണ്ട ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളിലൊന്നാണ് നല്‍കുന്നത്.

സുഗുണനായ ജയറാമും ബിന്ദുവായ ഗോപികയും അഞ്ജനയായ നിവേദിതയുമെല്ലാം തങ്ങളുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. സമൂഹത്തിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാണ്‍ സുരാജിനേയും സംവിധായകന്‍ വളരേ നന്നായി ഉപയോഗിച്ചിരിക്കുന്നു. ഓരോ ഡയലോഗിനും പിന്നാലെ തിയ്യേറ്ററില്‍ മുഴങ്ങുന്ന കുണുങ്ങിച്ചിരികള്‍ അതോരോന്നും നമ്മുടെയുള്ളില്‍ തട്ടിയെന്നുള്ളതിന് അല്ലെങ്കില്‍ ഞാനുമങ്ങിനെയല്ലേ എന്നതിന് തെളിവാകുന്നു.

സാങ്കേതികപരമായി കുറ്റങ്ങളും കുറവുകളും ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ ഒരു കാര്യമെനിക്കറിയാം. നിങ്ങള്‍ക്കൊരു മൂന്നു മണിക്കൂര്‍ മാറ്റിവയ്ക്കാനുണ്ടെങ്കില്‍ സകുടുംബം അടുത്ത തിയ്യേറ്ററില്‍ പോയി ഈ ചിത്രമൊന്നു കാണൂ‍. നിങ്ങളെയൊരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്നീട് നിങ്ങള്‍ വീട്ടില്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ഇതിലെ പല സംഭാഷണ ശകലങ്ങളും നിങ്ങളുടെ മനസ്സില്‍ തെളിയും.

ഇതിനോടൊപ്പം ചിത്രത്തിന്റെ ഛായാഗ്രാഹകനെപ്പറ്റി ഒരു വാക്കുകൂടി പറയാതിരിക്ക്കുന്നതെങ്ങിനെ. ഷാജി അത്രയും മനോഹരമായി കാമറ കൈകാര്യം ചെയ്തിരിക്കുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച സാലൂ ജോര്‍ജിനേയും എടുത്തു പറയേണ്ടതാണ്. പാട്ടുകളും സന്ദര്‍ഭോചിതവും കേള്‍ക്കാന്‍ കൊള്ളാവുന്നതുമാണ്

സുഗുണനും ബിന്ദുവും അഞ്ജനയും നമ്മുടെ മനസ്സിലുണ്ടെങ്കില്‍ അതിനു നമ്മള്‍ കെ ഉണ്ണികൃഷ്നനോടും അക്കു അക്ബറിനോടും കടപ്പെട്ടിരിക്കുന്നു.

ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

10 അഭിപ്രായങ്ങൾ:

  1. ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം തന്നെ ആണ് കേട്ടത്. കുറേക്കാലത്തിനു ശേഷം ജയറാമിനും ആശ്വസിയ്ക്കാന്‍ ഒരു ചിത്രം.
    :)

    മറുപടിഇല്ലാതാക്കൂ
  3. സിനിമ കാ‍ണണോന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  4. സാര്‍,
    പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ സാര്‍. എന്തെങ്കിലും ഉടനെ ചെയ്യൂ സാര്‍, സാര്‍, ഒരു ഹര്‍ത്താല്‍ എങ്കിലും സാര്‍, സാര്‍ പ്ലീസ് സാര്‍

    കയറു
    അമ്മാളൂന്റെ ഫ്രണ്ട്

    മറുപടിഇല്ലാതാക്കൂ
  5. നല്ല സിനിമയാന്നെന്ന് കേട്ടിരുന്നു താങ്കളും പറഞതിനാൾ തീർച്ചയായും കാണും

    മറുപടിഇല്ലാതാക്കൂ
  6. വളരെ വലിയ ഒരു വിഷയത്തെ കേരളത്തിലെ ഒരു കൊച്ചു കുടുംബത്തിലേക്കും അതിലെ ചെറിയ ഒരാളുടെ മാനസിക പ്രശ്നങ്ങളിലേക്കും ചുരുക്കി സിനിമയെ താഴേ തട്ടിലെത്തിക്കാന്‍ സം‌വിധായകനു കഴിഞ്ഞു.നായകന്‍റെ മാനസിക വൈകല്യം കൈകാര്യം ചെയ്യുന്നതിലും സം‌വിധായകനു പിഴച്ചു.ഇതേ ജനുസ്സില്‍ പെട്ട മുന്‍പേ വന്ന വടക്കു നോക്കി യന്ത്രമെങ്കിലും സം‌വിധായകന് ഊര്‍ജ്ജം പകരേണ്ടതായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. സത്യമാണ് ഒരോ വീടിന്റെയും അകത്തളങ്ങളില്‍ എത്തിയ പോലെ

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...