ബുധനാഴ്‌ച, ഒക്‌ടോബർ 25, 2006

ആദ്യാനുരാഗം(ങ്ങള്‍)


എല്ലാവരും പ്രേമിച്ചിട്ടുണ്ടാവും ഇല്ലേ? ന്താ..? ഇല്യാന്നൊ? ചുമ്മാ നുണ പറയണ്ടാട്ടൊ... പക്ഷെ ആദ്യം ആരെയാണെന്ന് ഓര്‍മ്മയുണ്ടോ? പ്രേമ വിവാഹിതനൊ വിവാഹിതയോ ആണെങ്കില്‍ ഉടന്‍ പറയും..ദേ ഇരിക്കുന്ന മൊതല് തന്നെ...ഉവ്വ ഉവ്വ.... ആ പോട്ടെ..ഞാന്‍ വിവാഹിതനല്ലാത്തതിനാല്‍ ആ ടെന്‍ഷനില്ല...

ഒന്ന്
പശ്ചാത്തലം - ഏഴാം ക്ലാസ്സ്
എവിടുന്നു തുടങ്ങണം..എന്നാലൊചിക്കുവാ..കാരണം ഇതു വളരെ ചെറിയ ഒരു സംഭവമായതിനാലും ഈയുള്ളവന്റെ വാചക വിചാരങ്ങള്‍ മണ്ട പോയ തെങ്ങു പോലെയായതിനാലും സഹിക്കുക...
ഓണപ്പരീക്ഷയോടുകൂടിയാണു ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...കാരണം എന്തെന്നൊ... ക്ലാസ്സില്‍ ഞാന്‍ രണ്ടാമനായി...ഒന്നാമത് അവളായിരുന്നു..ലിപി...പിന്നത്തെ ദിവസങ്ങള്‍ വാശിയുടേതായിരുന്നു... ഹും, ഈ പെണ്ണുങ്ങള്‍ക്കിത്ര അഹങ്കാരം പാടില്യ...ഭാവം കണ്ടാല്‍ അവളേകഴിഞ്ഞുള്ളൂ എന്നാ ഭാവം...

സ്നേഹസേനയുടെ ആഭിമുഖ്യത്തില്‍ മലയാ‍ള ചെറുകഥാമത്സരം...പേരുകൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പൊള്‍ അവള്‍ ചാടിയെഴുന്നേററു..ആഹാ അത്രയ്ക്കായോ..എന്നാല്‍ ഞാനും കഥ എഴുതിയിട്ടേയുള്ളൂ..(ചെറുകഥയെന്നു പറഞ്ഞാല്‍ എന്താണാവോ?..ആ.ആര്‍ക്കറിയാം..) എന്റെ കൈഅക്ഷരമെന്നു പറഞ്ഞാല്‍ എന്തു ഭംഗിയായിരുന്നെന്നോ! (കാക്ക തൂറിയ മാതിരി എന്നു പിള്ളേര്‍..അസൂയകൊണ്ടാണേ...) ആ കൊച്ചിന്റെയാണെങ്കില്‍ ചുമ്മാ ഉരുട്ടി ഉരുട്ടിയങ്ങനെ എഴുതാ..കഷ്ടം...കഥാ വിഷയം വളരേ ഏളുപ്പം....അമ്മയും കുഞ്ഞും...തലേ ആഴ്ചയിലെ സ്നേഹസേനയില്‍ അമ്മയും കുഞ്ഞിനേയും പററി ഒരുകഥയുണ്ടായിരുന്നു....അതങ്ട് കലക്കി...(പാത്രങ്ങളുടെ പേരു മാറ്റീട്ടൊ..എന്റെയൊരു ബുദ്ധി..) പെട്ടെന്ന് എഴുതിത്തീര്‍ന്നു... തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചിരുന്നു ആലോചിക്കുവാ..
ഉച്ച കഴിഞ്ഞു റോസിലിചേച്ചി(പ്യൂണ്‍ ആണെന്നു പിന്നീട് മനസ്സിലായി) വന്നു ഡയാന സിസ്റ്റര്‍ ഞങ്ങളെ വിളിക്കുന്നെന്നു പറഞ്ഞു, എനിക്കാണെങ്കില്‍ സിസ്റ്റര്‍ വിളിക്കുന്നെന്നു പറഞ്ഞാല്‍ ഭയങ്കര സന്തോഷം..കാരണമെന്തെന്നാ... മേശപ്പുറത്തെ മിഠായി ഭരണി.... നിനക്കാ കഥാരചനയില്‍ ഫസ്റ്റ്, ഈശ്വരാ..ഭാഗ്യം..ഇവരൊന്നും സ്നേഹസേന വായിക്കാറേയില്ല... ലിപിയ്ക്കു രണ്ടാം സ്ഥാനം... നല്ല ആശയം, പക്ഷേ കൈയ്യക്ഷരം പോര കേട്ടൊ.. എനിക്കു രണ്ടു മിഠായി കിട്ടി..അവള്‍ക്കൊന്നും.. ഗുസ്തിക്കാരുടെ പോലെ എയറും പിടിച്ചുകൊണ്ട് ക്ലാസ്സിലെയ്ക്ക്(കണ്ടൊ കണ്ടോ ഞാന്‍ വല്യ പുള്ളിയാ... )... നമുക്കും കിട്ടും ഫസ്റ്റ് എന്ന ഒരു നോട്ടം അവള്‍ക്ക്...പിന്നെ എല്ലാ മത്സരങ്ങളും ഞങ്ങള്‍ തമ്മിലായി.. യാത്രകളും..
സ്ക്കൂളില്‍ നിന്നുള്ള എല്ലാ യാത്രകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു, രണ്ടു ദിവസത്തേയ്ക്ക് അവള്‍ ക്ലാസ്സില്‍ വന്നില്ല...എനിക്കു ഭയങ്കര ടെന്‍ഷന്‍...അന്നു വൈകുന്നേരം വീട്ടിലെത്തിയ ഉടനെ അയല്‍പ്പക്കത്തെ സൈക്കിളെടുത്ത് നേരെ വിട്ടു... അവളുടെ വീട്ടിലേയ്ക്ക്... പകുതിയായപ്പൊഴാണ് വീട് എനിക്കറിയില്ലല്ലൊ എന്നോര്‍ത്തത്..ആകെയറിയാവുന്ന പള്ളിയുടെയടുത്തെത്തി, അരോടെങ്കിലും ചോദിച്ചാലോ?....അല്ലേല്‍ വേണ്ട..ആരേലും തെററിദ്ധരിച്ചാലോ?? എന്നാലും കാണാന്‍ പറ്റില്യാ എന്നറിഞ്ഞപ്പൊള്‍ ഒരു വിഷമം..അതു വരെയില്യാത്ത ഒരു ഫീലിംഗ് (ഡാക്കിട്ടര്‍മാര് പറേണത് ഹാര്‍മാണിന്റെയാന്നാ...)..തിരിച്ചു പോന്നു...
പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയ പാടെ ആദ്യം നോക്കിയത് അവളുടെ ബഞ്ചിലേയ്ക്കായിരുന്നു..പക്ഷേ കിം ഫലം...ശ്ശെടാ ഇനി എന്തു ചെയ്യും??? ഒന്നാമത്തെ പിര്യഡ്(തെറ്റിദ്ധരിക്കല്ലേ..) കഴിയുന്നതിനു മുന്‍പ് അവള്‍ കയറി വന്നു, കൂടെ അവളുടെ അമ്മയുണ്ടായിരുന്നു..പനിയാത്രേ... ആശൂത്രീന്നാ വരണത്..അമ്മ പറഞ്ഞു...ക്ലാസ്സിലാക്കിയിട്ടു അമ്മ പോയി... ഇടവേളസമയത്ത് ഞാന്‍ ഓടിയവളുടെ അടുത്തെത്തി... ആദ്യം പറഞ്ഞത് ഇന്നലത്തെ യാത്രയെക്കുറിച്ചായിരുന്നു...അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു...ആരു പറഞ്ഞു വഴിയറിയാതെ വരാന്‍......പള്ളി കഴിഞ്ഞു ഒരു കലുങ്കുണ്ട്..അവിടുന്നു വലത്തോട്ട് പോണം...ഞാന്‍ തലകുലുക്കി....
അങ്ങിനെ ഏഴാം ക്ലാസ്സ് തീരുകയാണ്..
ഇനി എട്ടാം ക്ലാസ്സ് ഈ സ്ക്കൂളിലില്ല...യുപിയില്‍ നിന്ന് ഹൈസ്ക്കൂളിലേയ്ക്ക് പോകുകയാണ്..വല്യ ചെക്കനായി...വെക്കേഷനവളുടെ വിട്ടില്‍ പോണമെന്നു വിചാരിച്ചു..എവിടെ സമയം.... എല്ലാ അമ്മായിമാരുടേയും വീടു വീടാന്തരം കയറിയിറങ്ങിയപ്പൊള്‍ പിന്നെ സമയമില്ലേയില്ല... സാരമില്ല സ്ക്കൂള്‍ തുറക്കാറായല്ലൊ..(ആശ്വാസം..)
അങിനെ ജൂണ്‍ മാസം പിറന്നു..പുതിയ ഉടുപ്പുകള്‍..ചെരിപ്പ്..ബാഗ്..ഒരു പുത്തന്‍ മയം... വലിയ ചെക്കനായില്ലെ? അതുകൊണ്ടു വേഷം ഒറ്റ മുണ്ട്(ഷര്‍ട്ടും ഉണ്ട്ട്ടൊ..രണ്ടും വെള്ള, ചേട്ടന്‍മാര്‍ ചൊദിച്ചു എന്താടാ നിന്റെ കല്യാണമാണോന്ന്)...ക്ലാസ്സില്‍ ചെന്നിരുന്നു...എല്ലാവരും എത്തി...
പക്ഷെ ലിപി മാത്രം......അവള്‍ മാത്രം വന്നില്ല...പിന്നീടാണറിഞ്ഞത് അവള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള വേറെ സ്ക്കൂളില്‍ ചേര്‍ന്നു....പിന്നെ കുറേ നാള്‍ എല്ലാ അവധിദിവസവും സൈക്കിളുമെടുത്ത് പള്ളിയുടെയടുത്തുള്ള കലുങ്കിന്റെയടുത്തു ചെന്നു നില്ക്കും...
ഒരിക്കലും അവളെ അങ്ങോട്ട് കണ്ടില്ല...വീട്ടില്‍ ചെല്ലാന്‍ ധൈര്യമില്ലായിരുന്നു...(ഇന്നാണെങ്കിലോ? എപ്പ പോയീന്നു ചോദിച്ചാ മതി...)പുതിയ കൂട്ടുകാരും കൂട്ടുകാരികളെയും കിട്ടിയപ്പോള്‍ പതുക്കെ പതുക്കെ അവളെ മറക്കാന്‍ തുടങ്ങി...(മറക്കുക എന്നു പറഞ്ഞാല്‍ നമ്മളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെന്നിപ്പോള്‍ മനസ്സിലായി...)ഇപ്പൊള്‍ എനിക്കറിയില്ല അവളെവിടെയാണെന്ന്..ചിലപ്പൊള്‍ വഴിയില്‍ വച്ചു കാണാറുണ്ടാവാം...തിരിചറിയാന്‍ സാധ്യത വളരേ വിരളം...അഞ്ചാറു പിള്ളേരും കെട്ട്യോനുമായി പോകുമ്പോള്‍ അന്നത്തെ ആ കൂട്ടുകാരനെ അവള്‍ തിരിച്ചറിയുമോ?അതല്ല ഈ കൂട്ടുകാരന്‍ അവളേ തിരിച്ചറിയുമോ?
ആ..എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ എത്ര നന്നായിരുന്നു??

16 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്‌..
    ഇങ്ങള്‌ ആള്‌ കൊള്ളാല്ലോ.... ഏഴം ക്ലാസ്സില്‍ തന്നെ പ്രേമം... അല്ല, ഇപ്പോഴത്തെ കാലത്താണെങ്കില്‍ പോട്ടെ... പണ്ട്‌ അതിനുമാത്രം ഹോര്‍മോണ്‍ വികാസ സാദ്ധ്യതകളൊക്കെ ഉണ്ടോ? അല്ല, ഈ ടി.വി., ഇന്റര്‍നെറ്റ്‌ തുടങ്ങിയവയൊക്കെ... ;-)

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എഴുതിയിരിക്കുന്നല്ലോ...



    -പാര്‍വതി.

    മറുപടിഇല്ലാതാക്കൂ
  3. നല്ല എഴുത്ത്.
    നന്നായി പുത്രാ സൂര്യപുത്രാ.
    സൂര്യ ഇതു എഴാം ക്ലാസ്സ് അല്ലെ. ഞാന്‍ മൂന്നേല്‍ തുടങ്ങിയതാ.

    മറുപടിഇല്ലാതാക്കൂ
  4. സുകുമാരപുത്രാ,
    അങ്ങനെ എത്ര വേര്‍പാടുകള്‍. മറക്കുന്നു എന്ന ലേബല്‍ നല്‍കി നമ്മള്‍ ആ ഓര്‍മ്മകളെ മനസ്സിലെ ചില്ല് ഭരണിയില്‍ സൂക്ഷിക്കുന്നു. എന്നും എടുത്ത് പൊടി തട്ടാന്‍, ഇടയ്ക്കിടയ്ക്ക് നോക്കി ഭംഗി ആസ്വദിയ്ക്കാന്‍.... അല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. നന്ദി..സത്യത്തില്‍ എനിക്കാകപ്പാടെ പേടിയായിരുന്നു...
    പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്റെ തൂലികയിലെ മഷിയായ് മാറുന്നു...
    പിന്നെ സൂര്യൊദയത്തോട്... ആ വികാരത്തെ പ്രേമമെന്നു വിളിക്കാമോ എന്നെനിക്കിപ്പൊഴും സംശയമാണ്..നിങ്ങള്‍ തീരുമാനിക്കൂ....

    മറുപടിഇല്ലാതാക്കൂ
  6. അടിപോളി കഥ മോനെ.. സത്യത്തില്‍ ഇങ്ങനെ ഒക്കെ നടന്നതാണോ? എന്നിട്ട് ഇതൊന്നും മുമ്പ് പറഞ്ഞു കേട്ടിട്ടില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  7. സുകുമാരപുത്രാ... കാലം സമ്മാനിച്ച ഒത്തിരി സൌഹൃദങ്ങള്‍ കാലം തന്നെ കവര്‍ന്നെടുക്കുന്നു അല്ലേ... നന്നായിരിക്കുന്നു കെട്ടോ.

    മറുപടിഇല്ലാതാക്കൂ
  8. നല്ല വിവരണം,ഒരു വേള ഞാനും തിരിച്ചു പോയി സ്കൂളിലേക്ക്

    മറുപടിഇല്ലാതാക്കൂ
  9. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ എത്ര നന്നായിരുന്നു?
    മനോഹരമായ രചന.
    അനുമോദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  10. നന്ദി...
    പിന്നെ മഞ്ഞുതുള്ളീ, കഥ ഒള്ളതു തന്നെ കേട്ടോ? പിന്നെ മുന്‍പ് പറയാതിരുന്നത് ഞാന്‍ നേരത്തെ പറഞ്ഞല്ലോ..പല ബ്ലോഗുകളും വായിച്ചപ്പോഴാ ധൈര്യം വന്നത്..അതുപോലെതന്നെ നല്ല ഒരു മാഷ്യമത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയും...
    ഇനിയെന്തെല്ലാം വരാനിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  11. കഥ രസായീട്ടോ. കുട്ടികള്‍ കഥ പറയുന്നത് പോലെ ഉണ്ട്. കേട്ടിരിക്കാനുള്ള സുഖം തന്നെ വായിക്കുമ്പോഴും കിട്ടുന്നു. നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട് ഓര്‍മ്മ...
    ഇതു പോലെ ഇനിയും വരാനുണ്ടല്ലേ.. വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  13. പോരട്ടേ, പോരട്ടെ ഇനിയും കഥകള്‍ പോരട്ടേ!!
    കാത്തിരിപ്പിച്ച് ഞങ്ങളെ മുഷിപ്പിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  14. അടുത്തത് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്....

    മറുപടിഇല്ലാതാക്കൂ
  15. സൈക്കിളോടിച്ച്‌ കൂടെപ്പഠിച്ച പെമ്പിള്ളാരുടെ വീട്ട്‌ പരിസരം കറങ്ങാത്ത ചെക്കാന്മാര്‍ വിരളം.
    നന്നായിരിക്കുന്നു, സുകുമാരന്‍.

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...